Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവാക്കുകള്‍ സൂക്ഷിക്കുക

വാക്കുകള്‍ സൂക്ഷിക്കുക

text_fields
bookmark_border
laws
cancel

‘ദേശവിരുദ്ധം’, ‘ഭരണകൂടവിരുദ്ധം’, ‘ഭരണവിരുദ്ധം’ എന്നീ പദങ്ങൾക്കുള്ളത് വ്യത്യസ്തമായ അർഥങ്ങളാണെന്ന യാഥാർഥ്യം പലപ്പോഴും അലക്ഷ്യമായോ കരുതിക്കൂട്ടിയോ വിസ്മരിക്കപ്പെടുന്നു. ഇവ തമ്മിലുള്ളത് വ്യക്തമായി മനസ്സിലാക്കേണ്ട നിർണായക വ്യത്യാസമാണ്. മൂന്ന് പ്രയോഗങ്ങളും-വിശേഷിച്ച് ഒന്നും രണ്ടും പ്രയോഗങ്ങള്‍-ചിലപ്പോൾ ഓവർലാപ് ചെയ്യാമെങ്കിലും, അവ അടിസ്ഥാനപരമായി വ്യത്യസ്തമായ പ്രവർത്തനങ്ങളെയും പ്രചോദനങ്ങളെയും പരാമർശിക്കുന്നവയാണ്‌. മാത്രമല്ല, ഇവയെല്ലാം ആന്തരികമായി വൈരുധ്യങ്ങള്‍ പേറുന്നവയുമാണ്. ഇവ തമ്മിൽ വേർതിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത് രാഷ്ട്രീയവിയോജിപ്പ്, ക്രിമിനൽപ്രവർത്തനം, ഭരണവിരുദ്ധത, ഭരണകൂടവിരുദ്ധത, ഭരണകൂടവിമര്‍ശനം, സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പ്, രാജ്യദ്രോഹം തുടങ്ങിയ വാക്കുകളുടെ തെറ്റായ ധാരണയിലേക്കും ദുരുപയോഗത്തിലേക്കും നയിക്കുകയും ചെയ്യുന്നു.

ജനാധിപത്യത്തിന്‍റെ അടിവേരുമാന്തുന്ന ഭൂരിപക്ഷമതവാദം സ്വന്തം പാര്‍ലമെന്‍ററി ഭൂരിപക്ഷം നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുന്ന ഹീനകാലത്ത് സൂക്ഷ്മതയില്ലാത്ത വാക്കും പ്രയോഗവും രാഷ്ട്രപിതാവിന്‍റെ നെഞ്ചില്‍തറച്ച വെടിയുണ്ടകള്‍പോലെ ആപത്കരങ്ങളാണ്.

ദേശരാഷ്ട്രവും ഭരണകൂടവും

ദേശരാഷ്ട്രമെന്ന സാങ്കൽപിക സമൂഹത്തിന്‍റെ അതിരുകളെക്കുറിച്ചുള്ള ആശങ്കയില്‍ രാജ്യത്തിന്‍റെ സുരക്ഷ, അഖണ്ഡത, പരമാധികാരം എന്നിവയെ ഭീഷണിയിലാക്കുന്നതാണ് ദേശവിരുദ്ധപ്രവർത്തനങ്ങൾ. ഒരു രാഷ്ട്രത്തിന്‍റെ കൂട്ടായ അസ്തിത്വത്തെ അടിസ്ഥാനപരമായി ദുർബലപ്പെടുത്തുന്ന പ്രവൃത്തികളാണിവ. സായുധതീവ്രവാദം, ചാരവൃത്തി, ദേശീയ അസ്ഥിരതയിലേക്ക് നയിച്ചേക്കാവുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് വിദേശ രാജ്യങ്ങളുമായി സഹകരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ദേശവിരുദ്ധപ്രവർത്തനങ്ങൾ പലപ്പോഴും ദേശരാഷ്ട്രത്തിന്‍റെ കൂട്ടായ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. അത് അശാന്തി സൃഷ്ടിക്കുന്നതിനോ ദേശീയസുരക്ഷ അപകടപ്പെടുത്തുന്നതിനോ ലക്ഷ്യമിടുന്നു.

അത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തോടോ സര്‍ക്കാറിനോടോ ഉള്ള രാഷ്‌ട്രീയവിയോജിപ്പുകൾക്കും ഭരണവിരുദ്ധപ്രവർത്തനങ്ങൾക്കും അപ്പുറത്തേക്ക് പോവുകയും രാഷ്ട്രത്തിന്‍റെ നിലനിൽപിനെയോ ഐക്യത്തെയോ നേരിട്ട് വെല്ലുവിളിക്കുകയും ചെയ്യുന്നു. എന്നാല്‍, ‘ദേശീയത’ എന്ന സാംസ്കാരിക-രാഷ്ട്രീയ പരികല്പനയോടുള്ള ദാര്‍ശനികമോ മതപരമോ ആയ എതിര്‍പ്പിനെ ഈ ഗണത്തില്‍പെടുത്താന്‍ കഴിയില്ല. ജാതിയും വംശവും മതവും ദേശവുമെല്ലാം നമുക്ക് ചുറ്റുമുള്ള സാമൂഹിക വിഭജനങ്ങളാണ്. എന്നാല്‍, ഇത്തരം സങ്കുചിതത്വങ്ങള്‍ നിരാകരിക്കുന്ന പ്രാപഞ്ചിക നിലപാടുകള്‍ കമ്യൂണിസ്റ്റ്, ലിബറല്‍, അരാജക, ദൈവശാസ്ത്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കൈക്കൊള്ളുന്നതിനെ ദേശദ്രോഹം എന്നുപറയാന്‍ പറ്റില്ല. ഇവയെ വിമര്‍ശിക്കുന്നത് കേവലം ആധുനികതയുടെ ദേശീയസങ്കുചിതത്വമാണെന്ന് കണക്കാക്കാനും കഴിയില്ല. അത് വേറിട്ടൊരു വ്യാവഹാരികതലമാണ്. ചിന്താപരമായ സൂക്ഷ്മതകള്‍ പൂര്‍ണമായും കൈവെടിയുന്ന ഒരു സാമൂഹികമാധ്യമകാലം പ​ക്ഷേ, നമ്മുടെ ആലോചനാശേഷികളെ പരിമിതപ്പെടുത്തുന്നു എന്നത് ഇത്തരം വ്യവഹാരങ്ങളെ അവയുടെ ജ്ഞാനപരിധിയില്‍ മനസ്സിലാക്കുന്നതില്‍നിന്ന് നമ്മെ തടയുന്നുണ്ട്‌.

നിയമങ്ങളുടെ ആപേക്ഷികത

നിലവിലുള്ള നിയമസംവിധാനങ്ങളെയോ ഭരണഘടന ചട്ടക്കൂടുകളെയോ കലാപങ്ങളിലൂടെ വെല്ലുവിളിക്കാനോ അട്ടിമറിക്കാനോ ശ്രമിക്കുന്നവയാണ് ഭരണകൂടവിരുദ്ധ പ്രവർത്തനങ്ങൾ. അത്തരം പ്രവര്‍ത്തനങ്ങളെ നിലനില്‍ക്കുന്ന ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നേരിടണമെന്ന് പറയുന്ന മനുഷ്യാവകാശ സമീപനത്തോട് അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് മാധ്യമങ്ങളും രാഷ്ട്രീയസമൂഹവും വെച്ചുപുലര്‍ത്തുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തനംതന്നെ ദേശദ്രോഹമാക്കി ചിത്രീകരിച്ച രാഷ്ട്രീയവ്യവഹാരത്തിന്‍റെ നിര്‍ലജ്ജരായ അപ്പോസ്തലന്മാരായി നാം മാറിയിട്ടുണ്ട്. ‘ദേശ’ത്തെ ‘രാഷ്ട്ര’മാക്കുന്നത് അതിന്‍റെ അതിരുകള്‍ സൂക്ഷിക്കുന്ന ഒരു ഭരണകൂടത്തിന് ലെജിറ്റിമസി പൊതുബോധത്തില്‍ അതിനുള്ള സാധൂകരണം ഉള്ളതുകൊണ്ടാണ്. എല്ലാ ‘ദേശ’ങ്ങള്‍ക്കും ‘രാഷ്ട്ര’മാവാന്‍ കഴിയാറില്ലല്ലോ. ഈ ലെജിറ്റിമസിയെ തകര്‍ക്കുന്ന ഇടപെടലുകള്‍ ഭരണകൂടവിരുദ്ധമാണ്. എന്നാല്‍, ഏത് ഭരണകൂടവിരുദ്ധതയും ചരിത്രപരമാണ്.

രാഷ്ട്രീയ വിയോജിപ്പുകൾ, ഭരണഘടന ലംഘനം ലക്ഷ്യമിട്ടുള്ള പ്രസ്ഥാനങ്ങൾ, അല്ലെങ്കിൽ മോഷണം, കള്ളക്കടത്ത്, നികുതിവെട്ടിപ്പ്, മയക്കുമരുന്നുകടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾപോലും ഇതിൽ ഉൾപ്പെട്ടേക്കാം. കാരണം ആഭ്യന്തരസുരക്ഷിതത്വം എന്ന സങ്കല്‍പമാണ് ഇത് തിരിച്ചറിയുന്നതിനുള്ള മുഖ്യമാനദണ്ഡം. എന്നാല്‍, എല്ലാ ഭരണവിരുദ്ധപ്രവർത്തനങ്ങളും രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയല്ല. നിലവിലെ ഗവൺമെന്‍റിന്‍റെ നിയമങ്ങളോ നയങ്ങളോ ലംഘിക്കുന്ന പ്രവർത്തനങ്ങളാണെങ്കില്‍ അവയില്‍ കേവലമായ ഭരണകൂടവിരുദ്ധത ആരോപിക്കുന്നതില്‍ അർഥമില്ല.

ഉദാഹരണത്തിന്, 1990 കളിലെ ഇന്ത്യയുടെ ഉദാരവത്കരണനയങ്ങൾക്കുമുമ്പ്, ഇലക്ട്രോണിക് സാധനങ്ങളോ വാച്ചുകളോ കടത്തുന്നത് ഭരണകൂടവിരുദ്ധ പ്രവർത്തനമായി കണക്കാക്കപ്പെട്ടിരുന്നു. കാരണം അത് രാജ്യത്തിന്‍റെ അക്കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന വ്യാപാരനിയമങ്ങൾ ലംഘിക്കുന്ന പ്രവൃത്തിയായിരുന്നു. എന്നാല്‍, നിയോലിബറലിസം പ്രാവര്‍ത്തികമായതോടെ, ഒരിക്കൽ കയറ്റുമതിത്തീരുവ ചുമത്തുകയോ ഇറക്കുമതി നിരോധിക്കുകയോ ചെയ്തിരുന്ന ഉല്‍പന്നങ്ങൾ നിയമപരമായി കൊണ്ടുവരുന്നത് അനുവദനീയമായിത്തീർന്നു. അതുപോലെ, നികുതിവെട്ടിപ്പ് അല്ലെങ്കിൽ കള്ളപ്പണം പൂഴ്ത്തിവെക്കൽപോലുള്ള പ്രവർത്തനങ്ങൾ സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ രാഷ്ട്രവിരുദ്ധമെന്ന് മുദ്രകുത്തപ്പെടുന്നു.

കള്ളപ്പണം എന്നത് അധികൃതര്‍ക്ക് റിപ്പോർട്ട് ചെയ്യപ്പെടാത്തതും നിയമപരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത പ്രവർത്തനങ്ങളിലൂടെ സമ്പാദിക്കുന്നതോ നികുതി ഒഴിവാക്കുന്നതിനായി സർക്കാറിൽനിന്ന് മറച്ചുവെച്ചതോ ആയ വരുമാനത്തെയോ സമ്പത്തിനെയോ സൂചിപ്പിക്കുന്നതാണ്. ഇതെല്ലാം ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും നിരക്കുകള്‍ക്കും അനുസൃതമായാണ് നിയമലംഘനമാവുന്നത്. നികുതിയായി കൊടുത്താല്‍ സര്‍ക്കാര്‍ ചെലവാക്കും. കൊടുക്കുന്നില്ലെങ്കില്‍ സ്വകാര്യവ്യക്തികള്‍ ചെലവാക്കും. ഇക്കാര്യത്തില്‍ പ്രായോഗികവും സൈദ്ധാന്തികവുമായ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും, അടിസ്ഥാനപരമായി രാഷ്ട്രത്തിന്‍റെ മാക്രോ സമ്പദ് വ്യവസ്ഥയില്‍ ഇത് വലിയ മാറ്റം ഉണ്ടാക്കുന്നില്ല.

നിയമങ്ങള്‍ മാറുമ്പോള്‍ പല നിയമലംഘനങ്ങളും നിയമാനുസൃതമാവും. തിരിച്ചും ഉണ്ടാകും. കോര്‍പറേറ്റുകള്‍ നടത്തുന്ന എത്രയോ നിയമലംഘനങ്ങള്‍, ആ നിയമങ്ങള്‍ എടുത്തുമാറ്റി നിയമാനുസൃതമാക്കി നല്‍കുന്നത് നാം കാണുന്നതാണ്. സ്വര്‍ണം കടത്തുന്നത് നിയമവിരുദ്ധമാകുന്നത് വിദേശത്തുനിന്നു കൊണ്ടുവരാവുന്ന സ്വര്‍ണത്തിന് സര്‍ക്കാര്‍ സ്വന്തം മോണിട്ടറി പോളിസിയുടെ കൂടി അടിസ്ഥാനത്തില്‍ പരിധി നിശ്ചയിച്ചിട്ടുള്ളതുകൊണ്ടാണ്. കള്ളപ്പണത്തിന്‍റെ വ്യാപ്തി, നികുതിയുടെ പരിധിയെ അടിസ്ഥാനപ്പെടുത്തി നിരന്തരം മാറാവുന്ന ഒന്നാണ്. ‘കണക്കിൽപെടാത്ത സമ്പത്ത്’ പലപ്പോഴും അനൗപചാരിക സമ്പദ്‌വ്യവസ്ഥയിൽ പ്രചരിക്കുന്നതും, ധനസമ്പാദനത്തിന്‍റെ പരിധികള്‍ മാറുമ്പോള്‍ കുറയുകയോ കൂടുകയോ ഇല്ലാതാവുകയോ ചെയ്യുന്നതാണ്.

വിവിധ സര്‍ക്കാറുകളുടെ ധനകാര്യ-മോണിട്ടറിനയങ്ങളാണ് ഇവയെ നിര്‍ണയിക്കുന്നത്. അതായത് സ്വര്‍ണം കൊണ്ടുവരുന്നതിന് പരിധിയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അപ്പോള്‍ തീരുന്നതാണ് ‘സ്വര്‍ണക്കള്ളക്കടത്ത്’. ഞാന്‍ ആദ്യമായി വിദേശത്തുപോയ സമയത്ത്-25 വര്‍ഷം മുമ്പ്-ഇന്ത്യയിലേക്ക്‌ തിരിച്ചുവരുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ലാപ്ടോപ്പുകളോ മൊബൈല്‍ ഫോണുകളോ കൈയില്‍ കരുതുന്നത് നിയമവിരുദ്ധമായിരുന്നു. മാത്രമല്ല, തിരിച്ചു പോകുന്നില്ലെങ്കില്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പിനുപോലും കസ്റ്റംസ് തീരുവയും കൊടുക്കണമായിരുന്നു. ഇന്ന് സ്ഥിതി അതാണോ? ലാപ്ടോപ്പുകള്‍ ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം എന്നുപറയുന്നതുപോലെയാണ് ‘കള്ളക്കടത്ത് സ്വര്‍ണം’ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും എന്നുപറയുന്നത്.

രണ്ടിലേയും അര്‍ധസത്യം അത് പറയുന്നവരുടെ രാഷ്ട്രീയസൗകര്യം എന്നതിനപ്പുറം ജനാധിപത്യവിരുദ്ധ മാനങ്ങളുള്ളതാണ്. പന്തീരങ്കാവിലെ കുട്ടികളെ പൊലീസ് പിടിച്ചപ്പോള്‍ ലാപ്ടോപ്പില്‍ ഏതോ ലഘുലേഖയുണ്ടായിരുന്നു എന്നുപറഞ്ഞാണ് പരിഹാസ്യമാംവിധം യു.എ.പി.എ ചുമത്തിയത്. ഭൂരിപക്ഷമതവാദത്തിന്‍റെ ജിഹ്വയാകാന്‍ കരുതിക്കൂട്ടി ഇറങ്ങുന്നവര്‍ക്ക് എന്തുംപറയാന്‍ കഴിയുന്ന സാഹചര്യമാണ് ഇന്ന് പക്ഷേ രാജ്യത്ത് നിലനില്‍ക്കുന്നത്. .

ആശയക്കുഴപ്പത്തിന്‍റെ അപകടങ്ങള്‍

ഭരണവിരുദ്ധ പ്രവർത്തനങ്ങളെയും ഭരണവിരുദ്ധതയെയും ദേശവിരുദ്ധമായി കണക്കാക്കുമ്പോഴാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്. ഉദാഹരണത്തിന്, കള്ളക്കടത്ത് അല്ലെങ്കിൽ മയക്കുമരുന്ന് കടത്ത് എന്നിവയിൽനിന്നുള്ള പണം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീവ്രവാദത്തിനോ അതിർത്തികടന്നുള്ള പ്രവർത്തനങ്ങൾക്കോ വേണ്ടി ഉപയോഗിക്കുകയാണെങ്കിൽ, രാജ്യവിരുദ്ധരും ദേശവിരുദ്ധരും തമ്മിലുള്ള അതിർത്തി മങ്ങുന്നു എന്നുപറയാം. എന്നിരുന്നാലും, ഈ ബന്ധത്തിന് തെളിവുകൾ ആവശ്യമാണ്. സ്വന്തം രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണെന്ന് വെളിവാക്കിയതായിരുന്നു, കഴിഞ്ഞ ആഴ്ചയിലെ മുഖ്യമന്ത്രിയുടെ അഭിമുഖവും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും.

എല്ലാ ഭരണവിരുദ്ധപ്രവർത്തനങ്ങളെയും ഭരണവിരുദ്ധതയെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തുന്നത് അപകടകരമായ പ്രവണതയാണ്. വ്യാപകമായ സാമാന്യവത്കരണങ്ങൾ ഒഴിവാക്കാൻ സൂക്ഷ്മമായ പരിശോധനകള്‍ ആവശ്യമാണ് വിയോജിപ്പുകളെയോ എതിർപ്പുകളെയോ അടിച്ചമർത്താൻ സർക്കാറുകൾ പലപ്പോഴും ഭരണവിരുദ്ധപ്രവർത്തനങ്ങളെ ദേശവിരുദ്ധതയുമായി കൂട്ടിയിണക്കുന്നു. നിലവിലുള്ള ഭരണകൂട സംവിധാനത്തെ വെല്ലുവിളിക്കുന്നതോ നിയമപരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നതോ ആയ രാഷ്ട്രീയപ്രസ്ഥാനങ്ങൾ രാജ്യത്തിന്‍റെ സുരക്ഷക്ക് നേരിട്ട് ഭീഷണി ഉയർത്താത്തപ്പോൾപ്പോലും ചിലപ്പോൾ ദേശവിരുദ്ധമായി മുദ്രകുത്തപ്പെടുന്നു.

ഈ തെറ്റായ സമീകരണം, ഏതൊരു ഊർജസ്വലമായ ജനാധിപത്യത്തിന്‍റെയും അനിവാര്യഘടകങ്ങളായ, നിയമാനുസൃതമായ രാഷ്ട്രീയവ്യവഹാരങ്ങളെയും വിയോജിപ്പിനെയും നിശ്ശബ്ദമാക്കുന്നതാണ്. ഭരണവിരുദ്ധപ്രവർത്തനങ്ങൾ നിലവിലെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിയമങ്ങളോടും ചട്ടങ്ങളോടും ബന്ധപ്പെട്ട എതിര്‍പ്പുകളാണ്. ഭരണനയങ്ങള്‍, സാമ്പത്തിക നയങ്ങളടക്കം, ഏകപക്ഷീയവും മാറ്റത്തിന് വിധേയവുമാണ്. എല്ലാ സര്‍ക്കാര്‍വിരുദ്ധപ്രവർത്തനങ്ങളെയും-ഭരണകൂടവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പോലും-മുന്‍വിധികളോടെ ദേശവിരുദ്ധമെന്ന് മുദ്രകുത്തുന്നത് അമിത ലളിതവത്കരണം മാത്രമല്ല, ജനാധിപത്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന അപകടകരമായ സമീപനം കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti-National Activities
News Summary - Anti-national activities
Next Story