അേൻറാണിയോ ഗ്രാംഷി @130
text_fieldsകഴിഞ്ഞ നൂറ്റാണ്ടിെൻറ രണ്ടാം പകുതിയിൽ ഏറ്റവും ബഹുജനസ്വാധീനമുള്ള മുഖ്യ രാഷ്ട്രീയകക്ഷികളിലൊന്നായി ഇറ്റലിയിലെ കമ്യൂണിസ്റ്റ് പാർട്ടി വളർന്നു. 34 ശതമാനം വരെ വോട്ട് പാർലമെൻറ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി നേടി. 2014ൽ ഇന്ത്യയിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 30 ശതമാനം വോട്ടുനേടിയ നരേന്ദ്ര മോദിയും ബി.ജെ.പിയും കൂട്ടുകെട്ടിലൂടെ ഗവൺമെൻറ് രൂപവത്കരിച്ചത് താരതമ്യപ്പെടുത്തിയാൽ ഇറ്റാലിയൻ അനുഭവത്തിെൻറ പ്രാധാന്യം വ്യക്തമാവും.
1922ൽ ആ രാജ്യത്ത് ആധിപത്യം സ്ഥാപിച്ച െബനിറ്റോ മുസോളിനിയുടെ ഫാഷിസ്റ്റ് കിരാതത്വത്തിനെതിരായ ചെറുത്തുനിൽപു സമരങ്ങൾക്ക് ത്യാഗപൂർവം നേതൃത്വം കൊടുത്തുകൊണ്ടാണ് അവിടെ കമ്യൂണിസ്റ്റുകാർ പുരോഗമനവാദികളായി ജനങ്ങളെ അണിനിരത്തിയത്.
രണ്ടാം ലോകയുദ്ധത്തിെൻറ പര്യവസാനത്തിൽ സോവിയറ്റ് യൂനിയെൻറ ചുവപ്പുസേനയും ബ്രിട്ടനും ഫ്രാൻസും അമേരിക്കയും അടങ്ങുന്ന സഖ്യശക്തികളും വിജയശ്രീലാളിതരായതോടെ കമ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വമ്പിച്ച സ്വീകാര്യത ജനങ്ങളിൽ രൂപമെടുത്തു. ഈ പശ്ചാത്തലത്തിൽ ഇറ്റലിയിലും ഗ്രീസിലും പോർചുഗലിലും ഫ്രാൻസിലും സ്പെയിനിലും കമ്യൂണിസ്റ്റ് ഇടതുപക്ഷശക്തികൾ സ്വാധീനം വർധിപ്പിക്കുകയും ജർമനിയുടെ പകുതി മുതൽ സോവിയറ്റ് യൂനിയൻ വരെയുള്ള ഭൂവിഭാഗങ്ങളിലെ ഹംഗറി, ചെക്കോസ്േലാവാക്യ, റുമേനിയ, അൽബേനിയ, ബൾഗേറിയ, യൂഗോസ്ലാവ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ സോഷ്യലിസ്റ്റ് കൂട്ടായ്മയായി പരിണമിക്കുകയും ചെയ്തു.
ലോകത്തെ അഗാധമായി സ്വാധീനിച്ച ഈ സംഭവവികാസങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുവഹിച്ച ഭരണാധികാരികളും വിപ്ലവകാരികളായ പ്രസ്ഥാന സ്ഥാപകരുമുണ്ട്. അതിൽ ശാസ്ത്രീയമായ സോഷ്യലിസ്റ്റ് പ്രപഞ്ചവീക്ഷണം അവതരിപ്പിച്ച കാൾ മാർക്സും െഫ്രഡറിക് എംഗൽസും ഒരുതലത്തിൽ നിലകൊള്ളുന്നു.
1917ലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നൽകിയ ലെനിനും അദ്ദേഹത്തിെൻറ സൈദ്ധാന്തിക സംഭാവനകളുമാണ് മാർക്സിനും എംഗൽസിനും തൊട്ടടുത്തുനിൽക്കുന്നത്. ചൈനയുടെ മാവോ സെ തൂങ്ങും വിയറ്റ്നാമിെൻറ ഹോചിമിനും ക്യൂബയുടെ ഫിദൽ കാസ്ട്രോയും വിശ്വവിപ്ലവകാരി ചെ ഗുവേരയും അതിെൻറ തുടർച്ചയായി വരുന്നു. (ഗുരുതരമായ ചില പിശകുകൾക്ക് ഉത്തരവാദിയാണെങ്കിലും) രണ്ടാം ലോകയുദ്ധത്തിൽ ഫാഷിസ്റ്റുകളെ അടിതകർത്തു തോൽപിക്കുന്നതിൽ മർമപ്രധാനമായ നേതൃപങ്കുവഹിച്ച ജോസഫ് സ്റ്റാലിെൻറ സംഭാവനകളും പ്രധാനമാണ്.
എന്നാൽ, വിപ്ലവത്തെ വിജയകരമായി നയിക്കുകയോ ഭരണാധികാരിയാവുകയോ ചെയ്യാതെതന്നെ ലോക വിപ്ലവപ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ മായ്ച്ചുകളയാനാവാത്ത സ്ഥാനം നേടിയ, ഒരേയൊരു സമരനായകൻ അേൻറാണിയോ ഗ്രാംഷിയാണ്.
ഇറ്റലിയിലെ വിപ്ലവകാരികളായ സോഷ്യലിസ്റ്റുകൾ കമ്യൂണിസ്റ്റ് പാർട്ടിയായി സ്വയം പുനഃസംഘടിപ്പിച്ചതിെൻറ നൂറാം ആണ്ടിൽത്തന്നെയാണ് ഗ്രാംഷിയുടെ 130ാം ജന്മദിനവും. ഗ്രാംഷിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇറ്റാലിയൻ പരിഭാഷ വരുന്നത്. 1895ൽ മരിക്കുന്നതിന് രണ്ടുവർഷം മുമ്പ് 1893ൽ മാനിഫെസ്റ്റോയുടെ ഇറ്റാലിയൻ പതിപ്പിന് എംഗൽസ് തനിച്ച് മുഖവുര എഴുതി.
(അതിന് 10 വർഷം മുമ്പ് 1883ൽ അദ്ദേഹത്തിെൻറ ഉറ്റ സഖാവ് കാൾ മാർക്സ് മരിച്ചുകഴിഞ്ഞുവല്ലോ) മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ട് 45 വർഷം കഴിഞ്ഞിരുന്നു. ആ കാലയളവിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ കൈവരിച്ച ജയാപചയങ്ങളുടെ അവലോകനം ഹ്രസ്വമായാണെങ്കിലും പതിവുപോലെ, ഈ മുഖവുരയിലും എംഗൽസ് നടത്തി. എന്നിട്ട് തെൻറ വരികൾ എംഗൽസ് ഇപ്രകാരം ഉപസംഹരിച്ചു: ''...ഈ മാനിഫെസ്റ്റോയുടെ പ്രഥമ പ്രസിദ്ധീകരണം സാർവദേശീയ വിപ്ലവത്തിന് എങ്ങനെയായിരുന്നുവോ അതുപോലെ ഈ പരിഭാഷയുടെ പ്രസിദ്ധീകരണം ഇറ്റലിയിെല തൊഴിലാളിവർഗത്തിെൻറ വിജയത്തിനുള്ള ശുഭശകുനമാകട്ടെ... ഒന്നാമത്തെ മുതലാളിത്ത രാജ്യം ഇറ്റലിയായിരുന്നു.
ഇറ്റലിയുടെ സന്താനവും പരമോന്നതനുമായ ഡാെൻറയാണ്- മധ്യകാല കവികളിൽ അവസാനെത്തയും ആധുനിക കവികളിൽ ആദ്യത്തേയുമായിരുന്നു അദ്ദേഹം- ഫ്യൂഡൽ മധ്യകാലത്തിെൻറ അന്ത്യവും ആധുനിക മുതലാളിത്തത്തിെൻറ ആരംഭവും കുറിച്ചത്. 1300ലെന്നപോലെ ഇന്നും പുതിയൊരു ചരിത്രകാലഘട്ടം ആസന്നമായിരിക്കുന്നു. ഈ പുതിയ തൊഴിലാളിവർഗ കാലഘട്ടത്തിെൻറ ഉദയമുഹൂർത്തം കുറിക്കുന്ന പുതിയൊരു ഡാെൻറയെ ഇറ്റലി നമുക്ക് പ്രദാനംചെയ്യുമോ?'
ഇതെഴുതുേമ്പാൾ തെൻറ വരികളുടെ പ്രവചനസ്വഭാവം എംഗൽസ് ഒരിക്കലും സങ്കൽപിച്ചിട്ടുണ്ടാവില്ല. കവിയല്ലെങ്കിലും കവിതയും സംസ്കാരവും വഴങ്ങുന്ന, പുതിയ തൊഴിലാളിവർഗ കാലഘട്ടത്തിെൻറ ഉദയമുഹൂർത്തം കുറിക്കുന്ന ഒരു വിപ്ലവചിന്തകനും പോരാളിയും ഇറ്റലിയുടെ ഭാഗമായ സാർഡിനിയയിലെ എലെസിൽ 1891ൽ പിറന്നുകഴിഞ്ഞിരുന്നു. അേൻറാണിയോ ഫ്രാൻസെസ്കോ ഗ്രാംഷി. രണ്ടു വയസ്സുള്ള ആ കുഞ്ഞ് വളർന്ന് ടൂറിൻ സർവകലാശാലയിൽ സാഹിത്യവും ഭാഷാശാസ്ത്രവും പഠിച്ചു.
1913ൽ ഗ്രാംഷി ഇറ്റലിയിലെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1917ലെ റഷ്യൻ വിപ്ലവം ഒരു 26 വയസ്സുകാരനായി ടൂറിനിൽനിന്ന് നോക്കിക്കണ്ടു വിലയിരുത്തി. ടൂറിനിലെ ഫിയറ്റ് ഫാക്ടറി തൊഴിലാളികളുടെ പഠനക്ലാസുകൾക്ക് ഗ്രാംഷി നേതൃത്വം നൽകി. 1919 ഏപ്രിലിൽ മൂന്നാം ഇൻറർനാഷനലിൽ ചേരാൻ സോഷ്യലിസ്റ്റ് പാർട്ടി തീരുമാനിച്ചു. 1921ൽ കമ്യൂണിസ്റ്റ് പാർട്ടിയായി സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്ന് വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു. 1922ൽ ഗ്രാംഷി വിപ്ലവ റഷ്യയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി സഞ്ചരിച്ചു. അവിടെ പരിചയപ്പെട്ട ജൂലിയ അപ്പോലനോവ ഷുശ്ട്ടിനെ (ഒരു വയലിൻ സംഗീതജ്ഞയായിരുന്നു) പ്രണയിച്ച് വിവാഹം കഴിച്ചു.
1922 ൽ ഭരണത്തിേലറിയ ഫാഷിസ്റ്റ് മുസോളിനിയുടെ മർദകവാഴ്ചക്കെതിരായ വിശാലമായ ഐക്യമുന്നണി എന്ന സമരതന്ത്രം ഗ്രാംഷി മുന്നോട്ടുവെക്കുകയും കമ്യൂണിസ്റ്റ് പാർട്ടി അതംഗീകരിക്കുകയും ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറിയായ ഗ്രാംഷി പാർലമെൻറിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ അറസ്റ്റും മർദനനടപടികളും മുസോളിനി ആരംഭിച്ചു.
1926ൽ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും ചെയ്തു. ജയിൽ കാലത്തെഴുതിയ കുറിപ്പുകൾ മാർക്സിസത്തിെൻറ കാലോചിതമായ വളർച്ചക്ക് ഗ്രാംഷി നൽകിയ ഉജ്ജ്വല സംഭാവനയാണ്. ഇന്ന് വിപ്ലവ ചിന്താലോകം ഗ്രാംഷിയൻ ചിന്തയെ അപ്രകാരമാണ് നോക്കിക്കാണുന്നത്.
വ്യാജമായ ആരോപണങ്ങളെ ആസ്പദമാക്കി ഗ്രാംഷിയെ വിചാരണ ചെയ്ത കോടതിയിൽ മുസോളിനിയുടെ വക്താവായ വക്കീൽ വാദിച്ചത് പ്രസിദ്ധം: ''20 വർഷം ഈ തലച്ചോർ പ്രവർത്തിക്കില്ല എന്ന് നമുക്ക് ഉറപ്പുവരുത്തണം.'' ആദ്യം അഞ്ചും പിന്നീട് 20 വർഷത്തെയും കാരാഗൃഹവാസത്തിന് ഗ്രാംഷി ശിക്ഷിക്കപ്പെട്ടു. കഠിനവും യാതനാനിർഭരവുമായ 11 വർഷത്തെ ജയിൽവാസംകൊണ്ട് ഗ്രാംഷി മരണാസന്നനായപ്പോൾ ഒരു സാനിറ്റോറിയത്തിലേക്ക് 1993ൽ മാറ്റി.
പക്ഷേ, ആ ജീവൻ രക്ഷിക്കാനായില്ല. 46ാമത്തെ വയസ്സിൽ, 1937 ഏപ്രിൽ 27ന് ഗ്രാംഷി മരിച്ചു; അല്ല രക്തസാക്ഷിയായി. അധീശത്വം (Hegemony) രാഷ്ട്രീയത്തിെൻറ സാംസ്കാരികതലം, ജൈവബുദ്ധിജീവിതം, ഭരണകൂടവും പൗരസമൂഹവും, ചൂഷക മർദക ഭരണകൂടത്തിെൻറ സമ്മതനിർമാണ സമ്പ്രദായം തുടങ്ങിയ ആശയങ്ങൾ വികസിപ്പിക്കുന്നതിൽ ഗ്രാംഷിയുടെ ശ്രദ്ധേയ സംഭാവനകൾ വ്യാപകമായ ചർച്ചക്കും പലതരത്തിലുള്ള വ്യാഖ്യാനങ്ങൾക്കും വഴിതുറന്നിടുന്നു.
ഇറ്റലിയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1921 മുതൽ ഫാഷിസ്റ്റുകളാൽ അറസ്റ്റ് ചെയ്യപ്പെടുന്ന 1926 വരെ ആറു വർഷക്കാലം മാത്രമാണ് ജനങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രവർത്തനം നടത്താൻ അേൻറാണിയോ ഗ്രാംഷിക്ക് (1891-1937) അവസരം ലഭിച്ചത്. 1913 മുതൽ സോഷ്യലിസ്റ്റ് പാർട്ടിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
എന്നാൽ, അദ്ദേഹത്തിെൻറ ജയിൽക്കുറിപ്പുകളിലൂടെ ലോകമെങ്ങുമുള്ള പുരോഗമനവാദികൾക്ക് അസാമാന്യമായ ഉൾക്കാഴ്ചയുള്ള സമരാശയങ്ങൾ പകരാൻ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രീയ സിദ്ധാന്തത്തിലും സംസ്കാര വിമർശനത്തിലും ഗ്രാംഷിയൻ അപഗ്രഥനരീതി പുതിയ വെളിച്ചം പകരുന്നു.
ബൗദ്ധികദൃഷ്ടിയിൽ ആപത്തു കണ്ടാലും ഇച്ഛാശക്തികൊണ്ട് ശുഭപ്രതീക്ഷ പുലർത്താൻ പോരാളിക്കു കഴിയണമെന്ന് ഗ്രാംഷി ഓർമിപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നേറ്റങ്ങൾക്കിടയിൽ വെല്ലുവിളികളും തിരിച്ചടികളും അഭിമുഖീകരിക്കുന്ന വർത്തമാനകാലത്ത് ഗ്രാംഷിയുടെ അപഗ്രഥനങ്ങളും അവതരണങ്ങളും പുതിയ കാലഘട്ടത്തിൽ നടത്തേണ്ട അന്വേഷണങ്ങൾക്ക് ദിശാസൂചന പകരാൻ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കാം; ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെ കാര്യത്തിൽ വിശേഷിച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.