'നിയമനായ' കർമണാ ശ്രീഃ
text_fieldsജനുവരിയിലെ ഒരു ദിനം. കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസർ നിയമന ഇൻറർവ്യൂവിനായി കാത്തിരിക്കുകയാണ് എയ്ഡഡ് കോളജ് അധ്യാപിക. ചില സംഘടനകളുടെ സമരം നടക്കുന്നതിനാൽ സർവകലാശാല കവാടം അടച്ചിട്ടിരിക്കുന്നു. ചേർത്തുപിടിച്ച ഫയലിൽ സർട്ടിഫിക്കറ്റുകളും ഗവേഷണ പ്രബന്ധങ്ങളുടെ പകർപ്പുകളും. ബിരുദത്തിന് റാങ്ക്, ബിരുദാനന്തര ബിരുദത്തിന് ഡിസ്റ്റിങ്ഷൻ, പി.ജി ഡിേപ്ലാമക്ക് ഒന്നാം റാങ്ക്, എം.ഫിൽ, പിഎച്ച്.ഡി, നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. അഞ്ച് ജേണലുകളിൽ പ്രബന്ധമെഴുതി. 15 ദേശീയ സെമിനാറുകളിലും ഒരു അന്താരാഷ്ട്ര സെമിനാറിലും പേപ്പറുകൾ അവതരിപ്പിച്ചു. 20 ദേശീയ സെമിനാറുകളിൽ പങ്കെടുത്തു. പത്തു വർഷമായി എയ്്ഡഡ് കോളജ് അധ്യാപികയും. എന്നിട്ടും രക്ഷകിട്ടിയില്ല എന്നതാണ് കഥയുടെ പര്യവസാനം. അസിസ്റ്റൻറ് പ്രഫസർ നിയമനത്തിൽ ഇവർ തഴയപ്പെട്ടു. ജോലിക്ക് കയറിയതാകട്ടെ ഇവരേക്കാൾ വളരെ കുറഞ്ഞ യോഗ്യതയുള്ളവരും. അവരുടെ അധിക യോഗ്യതയോ, ഉന്നത രാഷ്ട്രീയ ബന്ധങ്ങളും. നിയമനക്കാര്യത്തിൽ കാലിക്കറ്റിൽ ഇതാണ് പതിവെന്നത് അങ്ങാടിപ്പാട്ടായ കാര്യം.
ഇൻറർവ്യുവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കുകയാണ് ആദ്യ പടി. തുടർന്ന് അഭിമുഖത്തിലെ പ്രകടനം വിലയിരുത്തും. ഇവിടെയാണ് എല്ലാ അട്ടിമറിയും നടക്കുന്നത്. സംഗതി വിവാദമായാൽ യു.ജി.സി ചട്ടപ്രകാരമാണ് കാര്യങ്ങളെന്ന പതിവു വിശദീകരണം വരും.
മിടുക്കിെൻറ മാനദണ്ഡം വിദ്യാർഥി സംഘടനയുടെ 'പ്രകടനത്തിൽ' പങ്കെടുത്തതാണോയെന്നാണ് ഇക്കുറി അഭിമുഖത്തിൽ പങ്കെടുത്തവർ ചോദിക്കുന്നത്. വിദ്യാർഥി യൂനിയെൻറ സജീവപ്രവർത്തകരായിരുന്നവർ പലരും ജോലിയിൽ കയറിപ്പറ്റി. നിയമനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആഘോഷവുമായിരുന്നു. ഇൻറർവ്യൂവിന് മുറിയിൽ കയറിയപ്പോൾ തന്നെ പ്രതീക്ഷകൾ അസ്തമിച്ചതായി ഉദ്യോഗാർഥികൾ പറയുന്നു. എല്ലാം നേരത്തേ തീരുമാനിക്കപ്പെട്ട അന്തരീക്ഷമായിരുന്നുവത്രെ. കാര്യമായ ചോദ്യങ്ങളുണ്ടായില്ല. ഒരു വിഷയത്തിെൻറ ഇൻറർവ്യൂ ബോർഡിലുള്ളവർക്ക് വല്ലാത്ത ധിറുതിയായിരുന്നു. ഗവേഷണപ്രബന്ധങ്ങളുടെ ആധികാരികതപോലും പരിശോധിച്ചില്ല. സമയമില്ല, പെട്ടെന്ന് ആകട്ടെ' എന്നായിരുന്നുവത്രെ ഒരു വകുപ്പ് മേധാവിയുടെ നിലപാട്.
ഒരു ഭാഷ പഠനവകുപ്പിലെ ഇൻറർവ്യു ബോർഡിൽ കാലിക്കറ്റിലെ ഉന്നതൻ മുമ്പ് േജാലിചെയ്ത സർവകലാശാലയുമായി ബന്ധപ്പെട്ട രണ്ട് പേരുണ്ടായിരുന്നു. ഇതിലൊരാളുടെ ശിഷ്യനാണ് ജോലി കിട്ടിയത്. മുമ്പ് ഒരു കോളജിലും പഠിപ്പിക്കാത്ത ഈ ഉദ്യോഗാർഥിക്ക് പി.എസ്.സി ഹയർെസക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ പരീക്ഷയിൽ 154ാം റാങ്കായിരുന്നു. ഇൻറർവ്യു നടത്തിയവർ ഗവേഷണകാര്യമൊന്നും ചോദിച്ചില്ലെന്ന് ഇക്കണോമിക്സ് പഠനവകുപ്പ് ഇൻറർവ്യുവിൽ പങ്കെടുത്തവർ സിൻഡിക്കേറ്റിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. സ്വന്തം കഴിവുകളും പ്രവർത്തന പരിചയവും അവതരിപ്പിക്കാനും സമയം നൽകിയില്ല. അന്തർദേശീയ, ദേശീയ സ്കോളർഷിപ്പുകളടക്കം ലഭിച്ചവർക്കാണ് അഭിമുഖത്തിൽ ഇങ്ങനെ അവഗണന നേരിട്ടത്. വിഷയ വിദഗ്ധനായ ഒരു പ്രഫസറുടെ കീഴിൽ ഗവേഷണം നടത്തിയ യുവതിയും ഇൻറർവ്യൂവിനുണ്ടായിരുന്നു. സ്വന്തം വിദ്യാർഥിനിയെ തെരഞ്ഞെടുക്കാൻ ഈ പ്രഫസർ ശ്രമിക്കുമെന്ന് ഇൻറർവ്യൂവിൽ പെങ്കടുത്ത 20 പേർ സിൻഡിക്കേറ്റിന് പരാതി നൽകി. അങ്ങനെത്തന്നെ സംഭവിച്ചു. നിയമനം ലഭിച്ചവരുടെ കൂട്ടത്തിൽ ഈ യുവതിയുമുണ്ടായിരുന്നു. പാർട്ടി യുവജന നേതാക്കളുടെ ഭാര്യമാരെ തെരഞ്ഞെടുക്കുന്ന പതിവിന് കാലിക്കറ്റിലും കളെമാരുക്കിയിരുന്നെങ്കിലും വിവരങ്ങൾ പുറത്തായതോടെ ഒരു നേതാവിെൻറ ഭാര്യ മൂന്നാം സ്ഥാനക്കാരിയായി. മറ്റൊരു നേതാവിെൻറ ഭാര്യക്കാണ് നിയമനം ലഭിച്ചത്.
കാത്തിരുന്നു , ഒടുവിൽ ഇങ്ങനെ.....
കഴിഞ്ഞ വർഷമാണ് കാലിക്കറ്റിലെ അധ്യാപക ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2019 ഡിസംബർ 31 ആയിരുന്നു വിജ്ഞാപന തീയതിയെങ്കിലും പ്രായപരിധി കണക്കാക്കിയത് 2020 ജനുവരി ഒന്ന് അനുസരിച്ചായിരുന്നു. ഇതിനെതിരെ ചിലർ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാണ് അപേക്ഷ അയച്ചത്. ആറ് വർഷം മുമ്പ് ചില പഠനവകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അന്ന് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം നിയമന നടപടി നിർത്തിവെക്കുകയായിരുന്നു. ഇൻറർവ്യൂ കഴിഞ്ഞ ശേഷമാണ് നിയമന നടപടി നിർത്തിവെക്കുന്നതായി അറിയിച്ചത്. അധികൃതർ നിയമനം വൈകിച്ചതിന് ഉദ്യോഗാർഥികൾ ബലിയാടായി. രണ്ട് തവണയായി 1500 രൂപ അപേക്ഷ ഫീസായി വാങ്ങിയതും തിരിച്ചു നൽകിയിട്ടില്ല. ഈയിനത്തിൽ എട്ടു ലക്ഷത്തിലേറെ രൂപ സർവകലാശാല 'കൊള്ളയടിച്ചു'. 2009ലാണ് അവസാനമായി അധ്യാപക നിയമനം നടന്നത്. ഇതിനിടയിൽ പ്രായപരിധി കഴിഞ്ഞവർക്ക് അവസരം നഷ്ടമായി. റീ നോട്ടിഫിക്കേഷനിലൂടെ മുമ്പ് അപേക്ഷിച്ചവർക്കും അവസരം നൽകുന്നതാണ് മറ്റ് സർവകലാശാലകളുടെ പതിവ്. കാസർകോട് കേന്ദ്ര സർവകലാശാലയിലും കേരള സർവകലാശാലയിലും ഈ രീതി പിന്തുടർന്നിരുന്നു. എന്നാൽ, കാലിക്കറ്റിൽ പ്രായപരിധി കഴിഞ്ഞവർക്ക് ഇത്തവണ അവസരം നൽകിയില്ലെന്ന് പരാതിയുയർന്നു.
ഇത്തവണ 2000 രൂപയായിരുന്നു അപേക്ഷ ഫീസ്. ലോക്ഡൗണും കോവിഡും കാരണം നിയമനം നീണ്ടു. ഒടുവിൽ ഡിസംബറിലും ജനുവരിയിലും ഇൻറർവ്യൂ നടത്തി, 36 അസി. പ്രഫസർമാരെ തിരക്കിട്ട് നിയമിച്ചു. ബാക്കിയുള്ളവർക്ക് ഇൻറർവ്യൂ തുടരുകയാണ്. വെള്ളിയാഴ്ച ചേരുന്ന സിൻഡിേക്കറ്റ് യോഗം ബാക്കി നിയമനങ്ങളും നടത്താനാണ് സാധ്യത.
'നിർമായ' കർമണാ ശ്രീഃ എന്നാണ് കാലിക്കറ്റ് സർവകലാശാലയുടെ പ്രശസ്തമായ ആപ്തവാക്യം. അത് 'നിയമനായ' കർമണാ ശ്രീഃ എന്ന് തിരുത്തേണ്ട സ്ഥിതിയാണിപ്പോൾ.
സംവരണത്തിലെ കളി....
ഹൈകോടതി ഉത്തരവിെൻറ പേരിൽ വിജ്ഞാപന സമയത്ത് തസ്തികകളുടെ സംവരണക്രമം പുറത്തുവിട്ടിരുന്നില്ല. നിയമനസമയത്തുമാത്രം സംവരണം ബാധകമാക്കാമെന്നായിരുന്നു കോടതി ഉത്തരവ്. ഈ വിധിക്കെതിരെ സർവകലാശാല അപ്പീൽ പോയില്ല. ഇത്തവണ 63 അസിസ്റ്റൻറ് പ്രഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ തസ്തികകളുടെ സംവരണം വ്യക്തമാക്കിയില്ല. ഈ നീക്കം ഉദ്യോഗാർഥികളെയും ആശയക്കുഴപ്പത്തിലാക്കി. പലരും അപേക്ഷിക്കാതെ പിന്മാറി. ഏഴ് ഒഴിവുകളിൽ ഉദ്യോഗാർഥികളില്ലാത്തതിനാൽ മാറ്റിവെക്കേണ്ടി വന്നു. നേരത്തേ സംവരണക്രമം അറിഞ്ഞിരുന്നെങ്കിൽ ഈ തസ്തികകളിൽ അപേക്ഷിച്ച് ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ കഴിയുമായിരുന്നു.
സംവരണക്രമത്തിെൻറ വിശദാംശങ്ങൾ സിൻഡിക്കേറ്റ് അംഗത്തിനുപോലും സർവകലാശാല കൈമാറിയില്ല. കോടതിയിൽ മുമ്പ് സമർപ്പിച്ച സംവരണക്രമത്തിൽനിന്ന് വ്യത്യസ്തമായാണ് നിയമനമെന്ന ആരോപണവുമുണ്ട്.
സംവരണവും ബാക്ക് ലോഗ് നികത്തലും കർശനമായി പാലിക്കണമന്ന് യു.ജി.സി ഇടക്കിടെ നിർദേശം നൽകാറുണ്ടെങ്കിലും ഇവിടെ എല്ലാം തോന്നിയ പടിയാണ്.
നാളെ: എംപ്ലോയ്മെൻറ് കുറയുന്ന 'എക്സ്ചേഞ്ച്'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.