ജീവൻ പകരുന്ന ഭാഷ
text_fieldsഅറബിഭാഷയുടെ സവിശേഷതകളിലേക്കും അതിെൻറ ആഗോളതലത്തിലെ അനന്തമായ സാധ്യതകളിലേക്കും അത് പ്രസരിപ്പിക്കുന്ന വൈജ്ഞാനിക പ്രകാശത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോ 2010 മുതലാണ് ഡിസംബർ 18 അന്താരാഷ്ട്ര അറബിഭാഷാദിനമായി ആചരിച്ചുപോരുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളായ റഷ്യൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ് എന്നീ ഭാഷകളോടൊപ്പം അറബിയെ ഔദ്യോഗിക ഭാഷയാക്കി 1973 ഡിസംബർ 18നാണ് യു.എൻ ജനറൽ കൗൺസിൽ പ്രഖ്യാപിച്ചത്. ലോകത്തെ 422 മില്യൺ ജനങ്ങളുടെ സംസാരഭാഷയും 24 രാജ്യങ്ങളുടെ മാതൃഭാഷയുമാണ് അറബി എന്നതാണ് ഈ ഒരു അംഗീകാരം യു.എന്നിൽ നേടിക്കൊടുത്തത്.
ഇസ്ലാം മതപ്രമാണങ്ങളുടെ ഉറവിടഭാഷയാണ് അറബി, എന്നാലത് ഒരു വിഭാഗത്തിെൻറയോ മതത്തിെൻറയോ മതഗ്രന്ഥത്തിെൻറയോ മാത്രം ഭാഷയല്ല. ഇസ്ലാം ആരംഭിക്കുന്നത് മുഹമ്മദ് നബിയുടെ പ്രവാചകലബ്ധിയോടെയാണെന്നും അറബി ഭാഷ തുടക്കംകുറിക്കുന്നത് ഖുർആൻ എന്ന വേദഗ്രന്ഥത്തിെൻറ അവതരണത്തോടെയാണെന്നുമൊരു മിഥ്യാധാരണ സമൂഹത്തിലുണ്ട്.
ഏറ്റവും പൗരാണികമായ ഒരു ഭാഷ ശക്തമായി വികാസംപ്രാപിച്ച് മുൻനിരയിലുള്ള ആധുനിക ഭാഷയായി മാറിയതിെൻറ (Modern Language) ഉത്തമ ഉദാഹരണമാണ് അറബി. വളർച്ചയുടെ ഗ്രാഫിൽ എന്നും ഉയർന്നുതന്നെ ഈ ഭാഷ നിലനിൽക്കുന്നത് അതിെൻറ ശക്തമായ വേരുകളും ബലിഷ്ഠമായ ഘടനയും ഉന്നത ചരിത്രപാരമ്പര്യവും ആകർഷകമായ പ്രയോഗശൈലിയും സരളമായ ഉച്ചാരണവും ലളിതമായ ലിപികളും കൊണ്ടുതന്നെയാണ്.
ഭാഷ ഒരു സംസ്കാരമാണ് എന്നത് കൃത്യമായി ബോധ്യപ്പെടുത്തുന്ന ഒരു ഭാഷയാണിത്. സമ്പന്നമായ സാഹിത്യഭാഷ എന്നപോലെതന്നെ ലോകോത്തര വൈജ്ഞാനിക ഭാഷയുമാണ് അറബി. ശാസ്ത്രലോകം അവലംബമായി കാണുന്ന പല ഗ്രന്ഥങ്ങളുടെയും ആദ്യരൂപം അറബിയിലാണ്.
സാഹിത്യസമ്പന്നതയും വൈജ്ഞാനിക കലവറയും പ്രയോഗലാളിത്യവും മനോഹരമായ രചനാരീതിയും അവകാശപ്പെടാനുണ്ട് എന്നതിനാലാണ് അത് ഇന്നും മറ്റു ഭാഷകൾക്കു മുന്നിൽ തലയുയർത്തി നിൽക്കുന്നത്. അറബ് ഒരു സംസ്കാരത്തിെൻറ ഭാഷയാണ്. അതുൾക്കൊള്ളുന്ന സംസ്കാരം നശിച്ചുകാണണം എന്ന് ആഗ്രഹിക്കുന്നവർ അറബി ഭാഷ നശിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ, അങ്ങനെ അനായാസം പിഴുതെറിയാൻ പറ്റുന്നതല്ല അറബി ഭാഷ.
ലോകോത്തര അറബിഭാഷക്ക് കേരളം നൽകിയ സംഭാവനകളും ചെറുതല്ല. ഇന്തോ-അറബ് വ്യാപാരത്തെ മുറിയാത്ത രൂപത്തിൽ വിളക്കിച്ചേർത്ത കണ്ണിയാണിത്. കേരളത്തിെൻറ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ജീവിതംതന്നെ കരുത്തുറ്റതാക്കിയതിൽ നിർണായക പങ്കുവഹിച്ച ഗൾഫ് പ്രവാസവും ഇതിെൻറ തുടർച്ചയാണ്. ബാക്കി, മുൻസിഫ്, കാനോൻ, കീശ, മേശ തുടങ്ങി എത്രയോ അറബിപദങ്ങൾ ഓരോ മലയാളിയും ദിവസേന ഉപയോഗിക്കുന്നു.
ഈ ഭാഷയുടെ അനന്തസാധ്യത ഒന്നേകാൽ നൂറ്റാണ്ട് മുമ്പുതന്നെ കേരളം തിരിച്ചറിഞ്ഞിരുന്നു. കേരള സംസ്ഥാനം രൂപവത്കൃതമാകുന്നതിനു മുമ്പുതന്നെ രാജഭരണത്തിൻ കീഴിൽ തുടക്കംകുറിച്ച അറബി പഠനം ഇന്ന് വിദ്യാഭ്യാസരംഗത്ത് സർവത്ര വ്യാപിച്ചിരിക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഒന്നു മുതൽ 12ാം ക്ലാസ് വരെയും ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ കീഴിൽ ബിരുദ ബിരുദാനന്തര ഗവേഷണ തലം വരെയും അത് ഔദ്യോഗികമായി പഠിപ്പിച്ചുവരുന്നു.
അറബ് ദേശത്ത് ഉള്ളവർപോലും കേരളത്തിലെ അറബി പാഠ്യപദ്ധതിയെ പഠനഗവേഷണവിധേയമാക്കിയിട്ടുള്ളത് കേരളം അറബിഭാഷ മേഖലയിൽ നൽകുന്ന പിന്തുണയും സഹായവും സൂചിപ്പിക്കുന്നതാണ്. കേരളം, ലക്ഷദ്വീപ് ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അറബി ഭാഷ പഠിപ്പിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലേതുപോലെ വ്യവസ്ഥാപിതമായൊരു പാഠ്യപദ്ധതി മറ്റൊരിടത്തുമില്ല. ലോകത്ത് ധാരാളം ഭാഷകൾ മൃതഭാഷകളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള അറബി ഇന്നും കത്തിജ്വലിച്ചുനിൽക്കുന്ന ജീവൽഭാഷയായി നിലകൊള്ളുന്നു. ഒരുപാട് മനുഷ്യർക്ക് ജീവൻ പകരുകയും ചെയ്യുന്നു.
(എസ്.സി.ഇ.ആർ.ടി റിസർച് ഓഫിസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.