Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅനന്തസാധ്യതകളുടെ...

അനന്തസാധ്യതകളുടെ അറബിഭാഷ

text_fields
bookmark_border
അനന്തസാധ്യതകളുടെ അറബിഭാഷ
cancel

ദക്ഷിണ സെമിറ്റിക് ഭാഷയില്‍നിന്നു രൂപപ്പെട്ട അറബി 128 കോടിയോളം ജനങ്ങളില്‍ ഇന്നും ജീവിക്കുന്ന അന്താരാഷ്ട്ര ഭാഷയാണ്. ആറാം നൂറ്റാണ്ടില്‍ അറേബ്യയിലെ കഅ്ബാലയ ഭിത്തിയില്‍ തൂക്കിയിട്ട കവിതകള്‍ ഭാഷയുടെ നാഡീഞരമ്പുകള്‍തന്നെ. ഭാഷയുടെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്നുള്ള പഠനത്തിന് ഈ കവിതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. തുടര്‍ന്ന് പ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരിച്ച ഖുര്‍ആനും ഭാഷയുടെ വളര്‍ച്ചക്കും വ്യാപനത്തിനു സഹായകമായി.

തുടര്‍ന്നുള്ള കാലങ്ങളില്‍ അറബികള്‍ വ്യാപാരം, മതപ്രചാരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലത്തെി. സ്നേഹവും സൗഹൃദവും ജീവിതശൈലിയായി സ്വീകരിച്ച ഈ അറബികളെ കേരളീയ സമൂഹം പൂര്‍ണമായും സ്വീകരിച്ചു. കിങ് സോളമന്‍െറ കാലത്ത് (സുലൈമാന്‍ നബി) അറബികള്‍ കേരളത്തില്‍ വന്നുപോയതിന് ചരിത്ര രേഖകളുണ്ട്. തുടര്‍ന്ന് മലയാള മണ്ണുമായുള്ള ബന്ധങ്ങള്‍ പലവിധത്തിലും ശക്തിപ്പെട്ടുവന്നു. ഇന്ന് കേരളത്തില്‍ അമ്പതു ലക്ഷത്തിലധികം ആളുകള്‍ക്ക് അറബിഭാഷാ സാക്ഷരതയുണ്ട്. നമ്മുടെ നാട്ടില്‍ മലയാളവും ഇംഗ്ളീഷും കഴിഞ്ഞാല്‍ ഏറ്റവും അറിയുന്ന ഭാഷയാണ് അറബി.

തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍, വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, സി.എച്ച്. മുഹമ്മദ് കോയ എന്നിവരുടെ പരിശ്രമങ്ങള്‍ കേരളത്തിലെ കലാലയങ്ങളില്‍ അറബി ഭാഷാപഠനത്തിന് അവസരമൊരുങ്ങി. 15 ലക്ഷം വിദ്യാര്‍ഥികളും 12000 അധ്യാപകരും 200ഓളം കോളജുകളും ഈ രംഗത്ത് സജീവമായി നിലനില്‍ക്കുന്നു.

ലോക ക്ളാസിക് ഭാഷകളില്‍ സഹസ്രാബ്ദങ്ങള്‍ക്കുശേഷവും മരണമില്ലാതെ വിനിമയഭാഷയായും സാഹിത്യഭാഷയായും അവശേഷിക്കുന്ന അപൂര്‍വഭാഷകളിലൊന്നാണ് അറബി. ഭാഷയുടെ പേരില്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ ദേശീയതലത്തില്‍ സക്രിയമായി നിലനില്‍ക്കുന്നതും അറബിയുടെ ഗരിമ തന്നെ. അറബ് ലോകത്തിന്‍െറ പുറത്ത് സര്‍ക്കാര്‍ ചെലവില്‍ അറബി പഠിക്കുന്ന പ്രദേശം കേരളമാണ്.

ഭാഷാപഠനം മെച്ചപ്പെടുത്തുക, നൂതന അറബി ശബ്ദാവലിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക, നൈപുണ്യവും മികവും നിറഞ്ഞ ഭാഷാസ്നേഹികളെ സൃഷ്ടിക്കുക, സാങ്കേതിക സൗകര്യങ്ങളില്‍ നിന്നുമാറി നില്‍ക്കാതെ അവ ഉപയോഗപ്പെടുത്തി പഠനം എളുപ്പമാക്കുക  തുടങ്ങിയവ ഭാഷാരംഗത്ത് ശക്തിപ്പെടേണ്ടതുണ്ട്. ഇതിനായി ലോകനിലവാരത്തില്‍ വിശിഷ്ടമായ ഒരു നേതൃസ്ഥാപനം അഥവാ അറബിക് സര്‍വകലാശാല കേരളത്തിന് അനിവാര്യമാണ്.

മലയാള അക്ഷരത്തോട് സമാനതയുള്ള 13ഉം അല്‍പം സമാനതയുള്ളതും തീരെ യോജിക്കാത്തതുമായ 15ഉം  അക്ഷരങ്ങളാണ് അറബിഭാഷക്കുള്ളത്. അക്ഷരങ്ങളില്‍ സ്വരങ്ങള്‍ വന്നുചേരുമ്പോള്‍ ‘മാത്ര’കളുടെ എണ്ണം ഒന്നോ രണ്ടോ ആയിത്തീരുന്നു. അറബിഭാഷയില്‍ ദീര്‍ഘം നല്‍കിയുള്ള വ്യത്യാസം മാത്രമാണുള്ളത്. ഉദാ: മ, മാ... മി, മീ.... മു, മൂ.... അതിനാല്‍തന്നെ അറബി വാക്കുകളും വാക്യങ്ങളും തനിമയില്‍തന്നെ സംഗീതത്തിന് വഴങ്ങുന്നതാണ്. മലയാളത്തിലെ മാപ്പിളപ്പാട്ടുകളും സിനിമ ഗാനങ്ങളും അറബി കവിതയോട് ചേര്‍ന്നു നില്‍ക്കുന്നത് ഇതുകൊണ്ടാവാം.

പ്രവാചകന്‍ മുഹമ്മദ് മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത അവസരത്തിലും ബദര്‍ യുദ്ധം കഴിഞ്ഞ സമയത്തും ദഫ്മുട്ടി പാട്ടുപാടി ആഘോഷിച്ചതായി ചരിത്രത്തില്‍ കാണുന്നു. മുസ്ലിംചരിത്രങ്ങള്‍ കഥകളായി അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകള്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മലയാളിക്ക് സമ്മാനിച്ചത് ഇന്നും കനകംപോലെ കാത്തുസൂക്ഷിച്ചുവരുന്നുണ്ട്. മാത്രമല്ല ഇത്തരം പാട്ടുകളില്‍ അറബിഭാഷ ശുദ്ധിയെ കാത്തുസൂക്ഷിച്ചതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.

ഗരിമയില്‍ മറ്റ് ഭാഷകളില്‍നിന്ന് അന്യൂനമാക്കുന്ന തരത്തിലാണ് എഴുത്തുലിപി നിലനില്‍ക്കുന്നത്. അച്ചടിലിപിയില്‍നിന്നു വ്യത്യസ്തമായ അലങ്കാരലിപിയാണ് കാലിഗ്രാഫി. കൊട്ടാരങ്ങളിലും പള്ളികളിലും സ്മാരകങ്ങളിലും ഈ ലിപി നമുക്കു ദര്‍ശിക്കാം. കൂഫി, സുലുസ്, ദീവാനി, റൈഹാനി തുടങ്ങിയവ ഈ അലങ്കാര ലിപിയുടെ വകഭേദങ്ങളാണ്. ഇവ പൂര്‍ണമായും എഴുത്തല്ല, എന്നാല്‍, ചിത്രവുമല്ല മറിച്ച് മഹദ് വാക്യങ്ങളുടെ എഴുത്തിലുള്ള കലാസംസ്കാരമാണിത്. പ്രമുഖ യൂനിവേഴ്സിറ്റികളില്‍ ഇതിന്‍െറ ചരിത്രത്തെയും സാധ്യതയെയും സംബന്ധിച്ച് പഠനം നടന്നുവരുന്നു.

അനന്തമായ ആകാശപ്പരപ്പില്‍ നിലാവൊഴിഞ്ഞ രാത്രികളില്‍ ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ മിന്നക്കളിക്കുന്നതു നോക്കിനിന്നാല്‍ നമുക്കു മതിവരില്ല. ഈ നക്ഷത്രങ്ങളുടെ ആദ്യപേരുകള്‍ അറബിഭാഷയിലാണുള്ളത്. കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കാത്ത ഒരു രാശിയാണ്      Cassiopeia. ഇതില്‍ നാലു നക്ഷത്രങ്ങളാണുള്ളത്. ഇവയുടെ പേരുകള്‍ അറബിയിലാണ് ഷദീര്‍, കാഫ്, റുക്ബ, സിഹ് എന്നീ പേരിലാണ് ഇത് അറിയപ്പെടുന്നത്. നാളുകള്‍ എണ്ണുമ്പോള്‍ ആദ്യത്തെ നക്ഷത്രമായ അശ്വതിയുടെ രാശി മേടത്തിലാണ്. ഇതുപോലെ ഇടവം, മിഥുനം രാശികളാവുന്ന മാസങ്ങളില്‍ രൂപപ്പെടുന്ന നക്ഷത്രങ്ങളുടെ പേര്‍ അറബിഭാഷയില്‍ നിന്നാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അറബികളുടെ യാത്രക്കും പ്രാര്‍ഥനക്കും ദിക്ക് മനസ്സിലാക്കാന്‍ ജ്യോതിഷ ശാസ്ത്രം അനിവാര്യമായതിനാലാണ് ഇപ്രകാരം അറബിപദങ്ങള്‍ വരാന്‍ കാരണമെന്നു വിലയിരുത്തുന്നു.

ലോകത്ത് നിരവധി ഭാഷകള്‍ പിറവിയെടുത്തിട്ടുണ്ട്. എന്നാല്‍, പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച ഭാഷയാണ് അറബി. കാലങ്ങള്‍ കടന്നുപോയപ്പോള്‍ വ്യത്യസ്ത വൈജ്ഞാനിക മേഖലയുടെ സ്രോതസ്സായി ഈ ഭാഷ മാറിയെന്നു മാത്രമല്ല അനന്തസാധ്യതകളുടെ മഹാസമുദ്രമായി തീര്‍ന്നിരിക്കുകയുമാണ്. ഒരുപക്ഷേ, അറബി ഭാഷ ഇല്ലായിരുന്നുവെങ്കില്‍ ഗ്രീക്ക്, പേര്‍ഷ്യന്‍, ഉര്‍ദു, സംസ്കൃതം ഭാഷകളിലുടെ ക്ളാസിക്കല്‍ വിജ്ഞാനങ്ങള്‍ ലോകത്ത് വ്യാപിക്കുമായിരുന്നില്ല. അബ്ബാസിയ്യാ കാലത്ത് അരിസ്റ്റോട്ടിലിന്‍െറ തത്ത്വശാസ്ത്രം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത് ധാരാളം വിജ്ഞാന വിപ്ളവത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
വൈദ്യശാസ്ത്ര പിതാവായ അവിസെന്നാ (ഇബ്നുസീനാ) രചിച്ച അല്‍കാനുനു ഫി ത്വിബ്ബ് (The Canon of Medicine) എന്ന കൃതി ചികിത്സാരംഗത്തെ ഒരു വിശ്വവിജ്ഞാനകോശമാണ്.

ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷ പരിജ്ഞാനവും കഴിവും അനിവാര്യമായി വരുകയാണ്. അതുകൊണ്ടുതന്നെ ജാതി, മത, വര്‍ഗ, വര്‍ണവ്യത്യാസമില്ലാതെ അറബിപഠനം ജീവിതമാര്‍ഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പാശ്ചാത്യ ലോകത്ത് അറബി, ഇംഗ്ളീഷ് ഭാഷാപരിജ്ഞാനമുള്ളവര്‍ക്ക് വിവിധ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ തുറന്നു കിടക്കുന്നു .

കേരളത്തില്‍ അറബിഭാഷ പഠനവും സാഹിത്യമത്സരവും വിവിധ മേഖലയില്‍ സജീവമാണ്. സര്‍ക്കാറിന്‍െറ കീഴില്‍ നടത്തുന്ന ഇത്തരം പരിപാടികളുടെ സജീവ ഗുണഫലങ്ങള്‍ നമ്മുടെ നാടിന് ലഭ്യമാവേണ്ടതുണ്ട്. ഇന്ത്യയിലെ സംസാരഭാഷയല്ലാത്ത അറബിഭാഷക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഒറ്റക്കും കൂട്ടായും ഭാഷാസ്നേഹികള്‍ നിര്‍വഹിക്കേണ്ടതുണ്ട്. അറബിസാഹിത്യമത്സരങ്ങളില്‍ ഭാഷാനൈപുണ്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടു ക്കേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ളോ. വിദ്യാര്‍ഥികള്‍ അറബിയില്‍ സംസാരിക്കാനും അവ അറേബ്യന്‍ ശൈലിയില്‍ പരിശീലിക്കാനും പ്രാപ്തമാവുന്ന തരത്തില്‍ ഭാഷാസ്നേഹികള്‍ വളര്‍ന്നുവരേണ്ടതുണ്ട്.

ഇതിലേക്ക് തടസ്സമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധ്യാപകസംഘടനകളും ഭാഷാസ്നേഹികളും രംഗത്തതുവരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabic language
News Summary - arabic language
Next Story