അരങ്ങിൽ ശ്രീധരൻ: ആദർശമാർഗത്തിലൂടെ സഞ്ചരിച്ച നേതാവ്
text_fieldsപൊതുപ്രവർത്തനത്തിന്റെ തിരക്കിനിടയിൽ കൃത്യസമയത്ത് വീട്ടിൽ കിട്ടാറില്ലാത്ത ഭർത്താവ് 1975 ജൂലൈ 11ന് തന്റെ പിറന്നാൾ തലേന്ന് രാത്രിതന്നെ വീടണഞ്ഞതിൽ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു വടകര താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ടി.കെ. നളിനി.
പക്ഷേ, ആ രാത്രി പുലരുംമുമ്പേ വാതിലിൽ നിരന്തരമായ മുട്ടുകേട്ട് വാതിൽ തുറന്നപ്പോൾ വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരുപറ്റം പൊലീസുകാർ വീട് വളഞ്ഞിരിക്കുന്നു. അരങ്ങിൽ ശ്രീധരനല്ലേ എന്ന പരുക്കൻ ചോദ്യം. അതേ എന്ന് മറുപടി. താങ്കളെ എസ്.പി കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഡിവൈ.എസ്.പി അറിയിച്ചതും അകത്തുപോയി ഷർട്ട് മാറി അരങ്ങിൽ ശ്രീധരൻ ഒരു മടിയുമില്ലാതെ തിരിച്ചെത്തി.
എസ്.പി ഓഫിസിൽനിന്ന് നേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരന്റെ രണ്ടുവർഷം നീണ്ട കാരാഗൃഹവാസത്തിന്റെ തുടക്കമായിരുന്നു അത്. ഡോ.ടി.കെ. നളിനിക്കും അമ്മക്കും കരച്ചിലടക്കാനായില്ല. മരണം വരെ 1975ലെ ജന്മദിനാഘോഷം അവർക്ക് മറക്കാൻ കഴിയുമായിരുന്നില്ല. ജി.പി. മംഗലത്തുമഠവും തമ്പാൻ തോമസുമായിരുന്നു ജയിലിലെ സഹ അന്തേവാസികൾ.
മികച്ച പാർലമെന്റേറിയനും കേന്ദ്രമന്ത്രിയുമായിരുന്ന ഇന്ത്യകണ്ട ഏറ്റവും ശക്തരായ സോഷ്യലിസ്റ്റുകളിലൊരാളായ അരങ്ങിൽ ശ്രീധരന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനമാണ് ഇന്ന്. അരങ്ങിലിന്റെ ജീവിതവും പോരാട്ടവും സംഭവബഹുലമായിരുന്നു. അതിലേറെ ശക്തമായിരുന്നു അദ്ദേഹത്തിന്റെ ആദർശ പ്രതിബദ്ധത.
അത് വ്യക്തമാക്കുന്ന ഒരു സംഭവം നോക്കുക: 1969ൽ പ്രമുഖനായ ഒരു സുഹൃത്ത് അരങ്ങിൽ ശ്രീധരനെയും ഭാര്യ ഡോ. ടി.കെ. നളിനിയെയും ഒരു ഹോട്ടലിൽ അത്താഴത്തിന് ക്ഷണിച്ചു. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസ് രൂപവത്കൃതമായ സമയമാണ്. അരങ്ങിൽ ശ്രീധരനാണെങ്കിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന മികച്ച പാർലമെന്റേറിയനും. അത്താഴത്തിനിടെ ആതിഥേയൻ ഇംഗിതം അറിയിച്ചു.
അരങ്ങിൽ ശ്രീധരനെ കോൺഗ്രസിൽ ചേർക്കാൻ ഇന്ദിര ഗാന്ധിക്ക് താൽപര്യമുണ്ട്. കേന്ദ്രമന്ത്രിപദമാണ് വാഗ്ദാനം. രണ്ടാമതൊന്ന് ആലോചിക്കാതെ ഭക്ഷണം ഇടക്കു നിർത്തി ഭാര്യയെയും കൂട്ടി ഇറങ്ങിപ്പോന്ന അരങ്ങിൽ ശ്രീധരനെ കൂറുമാറ്റത്തിന്റെ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന് മനസ്സിലാവണമെന്നില്ല.
ഉഗ്രപ്രതാപിയായ പട്ടം താണുപിള്ള കേരള മുഖ്യമന്ത്രിയായിരിക്കുമ്പോൾ അരങ്ങിൽ ശ്രീധരൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഏക സെക്രട്ടറി ആയിരുന്നു. പട്ടം ഏത് കാര്യവും കൂടിയാലോചിച്ചിരുന്നത് അരങ്ങിലിനോടുമാത്രം. അഴിമതിയുടെ ഒരു കറുത്ത കുത്തുപോലും പതിയാത്ത വ്യക്തിജീവിതത്തിനുടമയായ അദ്ദേഹത്തെ പട്ടം താണുപിള്ളക്ക് അത്രക്ക് വിശ്വാസമായിരുന്നു. മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹത്തിന് ഊഷ്മളബന്ധമായിരുന്നു.
അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സി.എച്ചുമായി അദ്ദേഹം രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം വെച്ചുപുലർത്തി. തന്റെ പാർട്ടി നേതാക്കൾ കഴിഞ്ഞാൽ എറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരൻ അരങ്ങിൽ ശ്രീധരനാണെന്ന് സി.എച്ച്. മുഹമ്മദ് കോയ പലവുരു പറഞ്ഞിട്ടുണ്ട്.
1967ൽ ആദ്യമായി പാർലമെൻറിലെത്തിയ അരങ്ങിൽ ശ്രീധരൻ മലയാളത്തിൽ കന്നിപ്രസംഗം നടത്തി ഏവരെയും അത്ഭുതപ്പെടുത്തി. മലയാളത്തേക്കാൾ ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാൻ കഴിവുണ്ടായിരുന്ന അരങ്ങിൽ ആദ്യ കാലഘട്ടത്തിൽ മലയാളത്തിൽ പ്രസംഗിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാർലമെൻറിൽ ഇംഗ്ലീഷും ഹിന്ദിയും അല്ലാത്ത ഭാഷകൾ തർജമ ചെയ്യാൻ ആവശ്യമായ സംവിധാനം ഇല്ലാത്തതിനെ അരങ്ങിൽ കന്നിപ്രസംഗത്തിൽ അതിരൂക്ഷമായി വിമർശിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള തമിഴ് അടക്കമുള്ള ഭാഷകളെ അവഗണിക്കുന്നതിൽ അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഒരു രാഷ്ട്രം, ഒരു ഭാഷ അജണ്ടയെല്ലാം അടിച്ചേൽപിക്കാൻ ഭരണകൂടം തുനിഞ്ഞിറങ്ങുന്ന കാലത്ത് അരങ്ങിലിന്റെ നിലപാടുകളുടെ ഓർമകൾ നമ്മെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ആരെയും കൂസാത്ത പ്രസംഗശൈലിക്കുടമയായിരുന്നു അരങ്ങിൽ. പാർലമെൻറിൽ അതികായനായ വൈ.ബി. ചവാനെ ‘സ്മൈലിങ് കോബ്ര’ (പുഞ്ചിരിക്കുന്ന മൂർഖൻ) എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. അത് ഏറ്റവും ആസ്വദിച്ചത് ചവാൻ തന്നെയായിരുന്നു. ആ പ്രയോഗത്തിലെ മനോഹാരിത താൻ ശരിക്കും ആസ്വദിച്ചുവെന്നാണ് ഇതേക്കുറിച്ച് വൈ.ബി. ചവാൻ ഒരിക്കൽ പറഞ്ഞത്.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് കൊയിലാണ്ടിയിലെത്തിയ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പ്രചാരണ യോഗ നോട്ടീസിന്റെ മറുപുറത്ത് കോഴിക്കോട് യോഗി ബീഡിയുടെ പരസ്യം അച്ചടിച്ചത് പൊക്കിപ്പിടിച്ച് അദ്ദേഹം പ്രധാനമന്ത്രിയെയും കോൺഗ്രസിനെയും കണക്കറ്റ് പരിഹസിച്ചു. പ്രധാനമന്ത്രിയുടെ സമ്മേളനത്തിന്റെ നോട്ടീസ് അച്ചടിച്ചത് യോഗി ബീഡിക്കാരാണെന്ന് ആരോപിച്ചു. ദേശീയ തലത്തിൽ കോൺഗ്രസിനെ നിലനിർത്തുന്നത് എഴുപത്തിയഞ്ചോളം കുത്തക കമ്പനികളാണെന്ന് അദ്ദേഹം പരിഹസിച്ചു.
1978 നവംബറിൽ ഉജ്ജയിനിൽ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ സാന്നിധ്യത്തിൽ നടന്ന ജനത പാർട്ടി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽവെച്ച് ആർ.എസ്.എസുകാരെ പാർട്ടി അംഗത്വത്തിൽനിന്ന് നീക്കം ചെയ്യണമെന്ന് വാദിച്ചതും അരങ്ങിൽ ശ്രീധരനായിരുന്നു. അവരുടെ അംഗത്വം പാർട്ടിയുടെ മതേതര മുഖം നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു.
1990ൽ വി.പി. സിങ് മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ അദ്ദേഹത്തെ കേന്ദ്ര വാണിജ്യ സഹമന്ത്രിയാക്കി. 1996ൽ അൽപകാലം പാർട്ടിയിൽനിന്ന് ഭിന്നിച്ച് മാറിനിന്നപ്പോഴും പ്രലോഭനങ്ങൾക്കുപിറകെ സഞ്ചരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. തന്റെ പാർട്ടിയായ ലോക് ശക്തിയുടെ നേതാവ് രാമകൃഷ്ണ ഹെഗ്ഡേ എൻ.ഡി.എയിൽ ചേർന്നപ്പോൾ കൂടെച്ചെന്നിരുന്നുവെങ്കിൽ ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നു.
പക്ഷേ നിലപാടിൽ വിട്ടുവീഴ്ചക്ക് തയാറില്ലാതിരുന്ന അരങ്ങിൽ ഹെഗ്ഡേയോട് പിരിഞ്ഞ് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിച്ചു. എം.പി. വീരേന്ദ്രകുമാർ വീട്ടിലെത്തി നേരിട്ട് ക്ഷണിച്ചതോടെ അദ്ദേഹം പാർട്ടിയെ മാതൃപാർട്ടിയിൽ ലയിപ്പിച്ചു.
വർഷങ്ങളായി താമസിച്ചിരുന്ന നടക്കാവിലെ വീട് ഏവരുടെയും അത്താണിയായിരുന്നു. ദേശീയപാതക്ക് വീതികൂട്ടേണ്ടിവന്നപ്പോൾ, താൻ കാരണം ആ വികസനം തടസ്സപ്പെടരുതെന്ന നിർബന്ധബുദ്ധിയാൽ ആ വീടുവിട്ട് മറ്റൊരിടത്തേക്ക് മാറിയ അരങ്ങിൽ ശ്രീധരന്റെ മാതൃക അധികം നേതാക്കൾക്ക് അവകാശപ്പെടാനാവില്ല.
നടക്കാവിലെയും നഗരത്തിലെയും സ്വത്തുക്കൾ വിറ്റ് അദ്ദേഹം പാർട്ടിക്കുവേണ്ടി ചെലവാക്കി. മരണശേഷം വീട്ടിലെത്തിയ ടെലിഫോൺ ബില്ലിന്റെ ജപ്തി നോട്ടീസ് ആ നിസ്വാർഥ ജീവിതത്തിന്റെ സാക്ഷ്യപത്രമായിരുന്നു.
ലേഖകൻ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.