കോവിഡ് കാലത്ത് നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ?
text_fieldsകോവിഡ് എന്ന മഹാമാരിയുമായി പടപൊരുതാൻ തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു. നാമെല്ലാവരും കോവിഡ് വാക്സിനിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ഉടൻതന്നെ വാക്സിൻ ലഭ്യമാകുമെന്നും മുൻഗണനക്രമമനുസരിച്ചു ജനങ്ങളിലേക്ക് എത്തിക്കുമെന്നുമാണ് ഈയൊരു വാക്സിനെ കുറിച്ച് ഇപ്പോഴത്തെ അറിവ്.
ക്വാറൻറീൻ, ലോക്ഡൗൺ, രോഗപ്പകർച്ച, കോവിഡ് മരണങ്ങൾ എന്നിവയൊക്കെ നെമ്മ ഒരുപാട് വേട്ടയാടിയ കാലഘട്ടം. കൂടിക്കാഴ്ചകൾക്ക് നിയന്ത്രണങ്ങളുണ്ടായി. പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ ഒരു വിധേനയും പുറത്തിറങ്ങരുതെന്ന സർക്കാർ ഉത്തരവുണ്ടായി. അതിെൻറ ഭാഗമായി മറ്റു രോഗങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്ന പ്രതിരോധ കുത്തിവെപ്പുകളും തൽക്കാലം നിർത്തലാക്കി.
ലോക്ഡൗൺ കഴിഞ്ഞതിൽ പിന്നെ, എല്ലാവരും സാവധാനം പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി. മാസ്ക്, സാമൂഹിക അകലം, സോപ്പിട്ട് കൈകഴുകൽ എന്നിവ പാലിച്ച് നിത്യജീവിതത്തിനായുള്ള നെട്ടോട്ടം തുടരുകയാണ്. കുട്ടികളെയും കൂട്ടി കടകളിലും മറ്റും ഇറങ്ങുന്ന അച്ഛനമ്മമാരുടെ എണ്ണവും ഒരുവിധം പഴയതുപോലെയായി. എങ്കിലും പ്രതിരോധ കുത്തിവെപ്പുകളെടുക്കാൻ കുട്ടികളുമായി ആശുപത്രിയിൽ പോകാൻ അച്ഛനമ്മമാർക്ക് ഇപ്പോഴും ഭയമാണ്. കോവിഡ് ബാധിച്ചാലോ എന്ന ഭയം.
ലോക്ഡൗൺ കാലത്ത് തൽക്കാലം കുത്തിവെപ്പുകൾ നിർത്തിവെച്ചതുകൊണ്ട് കുട്ടികളെ ദോഷകരമായി ബാധിക്കുമായിരുന്നില്ല. എല്ലാവരും വീട്ടിനകത്തുതന്നെയായതുകൊണ്ട് കുട്ടികൾക്ക് രോഗാണുക്കളുമായി സമ്പർക്കമില്ലാത്തതും തന്മൂലം അസുഖം പിടിപെടാനുള്ള സാധ്യതയും വളരെ കുറവായിരുന്നു. എന്നാൽ, ഇപ്പോൾ മക്കളൊക്കെ പുറത്തിറങ്ങാൻ തുടങ്ങിയിരിക്കുന്നു. ഈയവസരത്തിൽ പ്രതിരോധ കുത്തിവെപ്പുകളെ മാറ്റിനിർത്തിയാൽ നമ്മുടെ കുട്ടികൾക്ക് ഡിഫ്ത്തീരിയ, പോളിയോ, വില്ലൻചുമ, ടെറ്റനസ്, മീസിൽസ്, മെനിഞ്ചൈറ്റിസ് മുതലായ അസുഖങ്ങൾ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവയൊക്കെ പലപ്പോഴും കോവിഡിനെക്കാൾ ഭയാനകമാണുതാനും.
ഈയിടെയായി കുത്തിവെപ്പെടുക്കാൻ വരുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് പ്രകടമാണ്. 80-100 കുട്ടികൾ വരുന്നിടത്ത് 40-50 ഒക്കെയായി ചുരുങ്ങിയിരിക്കുന്നു. ഈ ശതമാനം കുറയുമ്പോൾ എന്താണ് പ്രശ്നമെന്നുംകൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു സമൂഹത്തിൽ നല്ലൊരു പങ്ക് കുത്തിവെപ്പെടുത്ത ആൾക്കാരുണ്ടായാൽ മാത്രമേ ആ സമൂഹത്തിൽ Herd Immunity ഉണ്ടാവുകയും അവിടെ രോഗങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യൂ.
കഴിഞ്ഞ ഏപ്രിൽ 16ന് നമ്മുടെ ആരോഗ്യ വകുപ്പ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുത്തിവെപ്പുകൾ വീണ്ടും തുടങ്ങാനുള്ള ഉത്തരവും നിർദേശങ്ങളുമിറക്കി. അതുകൊണ്ടുതന്നെ കുത്തിവെപ്പുകൾ നൽകുന്ന എല്ലാ ആശുപത്രികളിലും, സർക്കാറായാലും പ്രൈവറ്റായാലും കുത്തിവെപ്പിനു വരുന്നവർക്ക് പൂർണമായും സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കുത്തിവെപ്പെടുക്കേണ്ട കുട്ടികളുടെ പട്ടിക ആശാവർക്കറുടെയും ജെ.പി.എച്ച്.എന്നിെൻറയും പക്കലുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന് ഒരു ദിവസത്തെ കുത്തിവെപ്പിന് ഓരോ കുട്ടിക്കും ഓരോ സമയം അവർ ക്രമപ്പെടുത്തും. കുട്ടികളുമായി ആശുപത്രിയിലെത്തേണ്ട സമയം അവർ വിളിച്ചറിയിക്കും. അല്ലെങ്കിൽ കുത്തിവെപ്പ് തീയതിയടുക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ അങ്ങോട്ടുവിളിച്ച് വിശദാംശങ്ങളാരായാം. പ്രൈവറ്റ് ആശുപത്രിയാണെങ്കിൽ അവിടെ കുത്തിവെപ്പിനുള്ള സമയം മുൻകൂട്ടി നിശ്ചയിച്ചാൽ മതി. അംഗൻവാടികളിലും മറ്റും കൃത്യമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചുതന്നെയാണ് ഇപ്പോൾ കുത്തിവെപ്പ് നടത്തുന്നത്. ഏതെങ്കിലും രീതിയിൽ ഒരു ആരോഗ്യ പ്രവർത്തകനു കോവിഡ് സംശയിക്കുന്നുണ്ടെങ്കിൽ അവർ കുത്തിവെപ്പ് പ്രക്രിയയിൽനിന്നു മാറിനിൽക്കുന്നുണ്ട്.
കുഞ്ഞുമായി ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
പോകേണ്ട തീയതിയും സമയവും ഉറപ്പുവരുത്തിയ ശേഷം മാത്രം വീട്ടിൽനിന്നു പുറപ്പെടുക. കഴിയുന്നതും ദൂരയാത്രകളൊഴിവാക്കി വീടിന് ഏറ്റവുമടുത്തുള്ള ആശുപത്രികൾ തെരഞ്ഞെടുക്കുക. കുത്തിവെക്കുമ്പോൾ മക്കൾ കരയുന്നത് താങ്ങാൻ കഴിയില്ലെന്ന കാരണംകൊണ്ട് ഒട്ടുമിക്ക അമ്മമാരും പ്രായമായ അമ്മമ്മമാരെ കൂട്ടിയാണ് പോകാറുള്ളത്. 60 വയസ്സിനു മുകളിലുള്ള ആൾക്കാർ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. കുട്ടിയുടെ കൂടെ ഒരാൾ മാത്രം പോവുക.
കൃത്യമായി വായും മൂക്കും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കുക. ഒരു വയസ്സിനു താഴെയുള്ള കുട്ടിക്ക് മാസ്ക് നിർബന്ധമില്ല. കുഞ്ഞുങ്ങളെ ലാളിക്കാനും ഉമ്മവെക്കാനും പരിചയക്കാരുടെ കൈയിൽ കൊടുക്കുന്നത് ഒഴിവാക്കുക. ഇന്ന് ഒരു കുഴപ്പവുമില്ലാതെ കണ്ടയാൾ നാളത്തെ കോവിഡ് രോഗിയായേക്കാമെന്ന വസ്തുത മറക്കാതിരിക്കുക.
കുത്തിവെപ്പ് മുറിയിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിൽ നിങ്ങളും പങ്കാളിയാവുക. കുത്തിവെപ്പ് കഴിഞ്ഞ് നിരീക്ഷണ സമയം കഴിഞ്ഞയുടനെ വീട്ടിലേക്കു തിരികെപോവുക. വീട്ടിലെത്തിയയുടനെ കുളിച്ചു വസ്ത്രം മാറുക. കുട്ടിയേയും കുളിപ്പിക്കുക.
ജനുവരി 17ന് പോളിയോ തുള്ളിമരുന്ന് വിതരണവുമുണ്ട്. മേൽപറഞ്ഞ നിർദേശങ്ങളെല്ലാം പാലിച്ച് അതിലും എല്ലാവർക്കും പങ്കുചേരാം. കോവിഡാനന്തര ലോകം സുന്ദരമാകണമെങ്കിൽ മറ്റു പകർച്ചവ്യാധികൾക്കും മാറാരോഗങ്ങൾക്കും ഇടംകൊടുക്കാത്ത വിധം നമ്മുടെ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകി ആരോഗ്യമുള്ളവരാക്കേണ്ടതുണ്ട്. കോവിഡ് സംബന്ധിച്ച് ശുഭസൂചകമായ വാർത്തകൾ കേൾക്കാനാവുമ്പോഴേക്കും നമ്മുടെ കുട്ടികൾക്ക് പുറംലോകത്ത് ഓടിനടക്കാനുള്ള മുൻകരുതലുകൾ നൽകി തയാറെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.