ചാറ്റ്ഗേറ്റ്
text_fieldsകൃത്യം ഒരു വർഷം മുമ്പ്, ഇൻഡിഗോയുടെ മുംബൈ-ലഖ്നോ വിമാനത്തിലിരുന്ന് കുനാൽ കമ്ര എന്ന സ്റ്റാൻഡപ് കൊമേഡിയൻ അർണബിനുനേരെ തൊടുത്തുവിട്ട ചോദ്യശരങ്ങൾ ഒാർമയില്ലേ? ''അർണബ് ഇപ്പോൾ ഭീരുവാണോ അതോ ദേശസ്നേഹിയാണോ എന്ന് പ്രേക്ഷകർക്ക് അറിയാൻ താൽപര്യമുണ്ട്. ഇത് രാജ്യതാൽപര്യത്തിനുവേണ്ടിയാണ്. രാജ്യത്തിെൻറ എല്ലാ ശത്രുക്കളെയും നിങ്ങൾ നേരിടണം. രാജ്യം നരേന്ദ്ര മോദിയുടെ സുരക്ഷിത കരങ്ങളിലാണെന്ന് നിങ്ങൾ ഉറപ്പുവരുത്തണം''. അർണബിെൻറ 'ദേശീയത'യും 'രാജ്യസ്നേഹ'വുമൊന്നും ലവലേശമില്ലാത്ത ഏത് ഇന്ത്യക്കാരനും ടിയാനെ ചാനൽ സ്റ്റുഡിയോക്ക് പുറത്തുകിട്ടിയാൽ മുഖത്തുനോക്കി ചോദിക്കാനിരുന്നതാണ് കമ്ര പറഞ്ഞതത്രയും. പക്ഷേ, ഒരു സൺഗ്ലാസും ഇയർ ഫോണുംവെച്ച് മുഖംമറച്ച് മൗനിയായിരുന്നു അർണബ്. അതിനാൽ, 'രാജ്യം കേൾക്കാൻ ആഗ്രഹിച്ച' ഉത്തരങ്ങെളാന്നും അന്ന് കേൾക്കാതെ പോയി. പക്ഷേ, ആ ചോദ്യങ്ങളൊക്കെ കാവിപാളയത്തിൽ ശരിക്കുംകൊണ്ടു. വർഷങ്ങളായി സംഘ്പരിവാറിനുവേണ്ടി അവരുടെ പ്രതിയോഗികൾക്കുനേരെ യുദ്ധം ചെയ്യുന്ന പോരാളിയാണല്ലോ അർണബ്. അതുകൊണ്ടാണ് വ്യോമയാന മന്ത്രി നേരിട്ടിടപെട്ട് കമ്രക്ക് ആകാശയാത്രക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട്, സ്വന്തം സ്റ്റുഡിയോ മോടി പിടിപ്പിച്ചയാൾക്ക് പണം നൽകാതെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് അറസ്റ്റിലായപ്പോഴും, ഇതേ സംഘം പാഞ്ഞെത്തി. മുംബൈ െപാലീസിനും മഹാരാഷ്ട്ര സർക്കാറിനുമെതിരെ അമിത് ഷാ മുതലുള്ള കേന്ദ്ര മന്ത്രിമാരെത്തി. പക്ഷേ, ഇക്കുറി ആ സംഘം പിൻവലിഞ്ഞുവോ എന്നൊരു സംശയം. 'ചാനൽ സിംഹ'ത്തിെൻറ വാട്സ്ആപ് ചാറ്റുകൾ പുറത്തായി മാനവും ദേശസ്നേഹവുമൊക്കെ കപ്പലുകേറിനിൽക്കുേമ്പാൾ, 'നമ്മളെന്തിന് അനാവശ്യ കാര്യങ്ങളിൽ ഇടപെടണ'മെന്ന നിലപാടിലാണ് സംഘ് നേതാക്കളും അണികളും.
സോണിയ പറഞ്ഞതുതന്നെയാണ് കാര്യം: മറ്റുള്ളവർക്ക് ദേശസ്നേഹത്തിെൻറയും ദേശീയതയുടെയും സർട്ടിഫിക്കറ്റ് നൽകിയിരുന്നയാളിെൻറ തനിനിറമാണ് വ്യക്തമായിരിക്കുന്നത്. അതിനാൽ, പാർലമെൻറിെൻറ സംയുക്ത സമിതി കാര്യങ്ങൾ അന്വേഷിക്കെട്ടയെന്നാണ് സോണിയയുടെയും കോൺഗ്രസിെൻറയും ആവശ്യം. സോണിയ അടക്കമുള്ള പാർട്ടിനേതാക്കളെ കുറെ വെള്ളം കുടിപ്പിച്ചതിെൻറ പക മാത്രമല്ല ഇങ്ങനെയൊരു ആവശ്യം. സംഗതി െചറിയ വിഷയമല്ല. 'ഇൗ ആക്രമണം ഞങ്ങൾക്ക് തകർപ്പൻ ജയം' -റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമി, 'ബാർക്' (ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസേർച്ച് കൗൺസിൽ) മുൻ തലവൻ പാർഥ ദാസ് ഗുപ്തക്ക് അയച്ച വാട്സ്ആപ് സന്ദേശമാണിത്. ചാറ്റിലെ വിഷയം, ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരമല്ല; 40 ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണമാണ്. ചാറ്റിലെ 'ഞങ്ങൾ' എന്നത് 'ഇന്ത്യ' എന്നർഥത്തിലുമല്ല. സംഘ്പരിവാറിെൻറ വിജയം എന്നു തന്നെയാണ് അർണബ് പറയാതെ പറയുന്നത്. 2019 ഫെബ്രുവരിയിലായിരുന്നല്ലോ പുൽവാമ ആക്രമണം. രാജസ്ഥാനും മധ്യപ്രദേശും കർണാടകയുമൊക്കെ നഷ്ടപ്പെട്ട് നിൽക്കക്കള്ളിയില്ലാതെ കാവി രാഷ്ട്രീയം ഉഴലുന്ന സന്ദർഭം. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കുമെന്ന ഘട്ടത്തിൽ സംഭവിച്ച 'പുൽവാമ' പിടിവള്ളിയായി എന്നാണീ സന്ദേശത്തിെൻറ അർഥം. തീർന്നില്ല, അതിനുശേഷം നടന്ന ബാലാകോട്ട് പ്രത്യാക്രമണവും അർണബ് മറ്റൊരു സന്ദേശത്തിൽ പ്രവചിക്കുന്നുണ്ട്. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളയാനുള്ള തീരുമാനം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അറിയുന്നതിനു മുേമ്പ അർണബ് അറിഞ്ഞുവെന്നും ചാറ്റ് രേഖകളിലുണ്ട്. അപ്പോൾ, ആരാണ് നമ്മുടെ 'സുരക്ഷ ഉപദേഷ്ടാവ്'? അർണബും സംഘവും ചാനൽ ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നുണ്ടോ എന്നന്വേഷിച്ച മുംബൈ െപാലീസിന് ലഭിച്ചത് അതിനുമപ്പുറമുള്ള കാര്യങ്ങളാണ്. 'ദേശീയത'യുടെ മൊത്തക്കച്ചവടക്കാരെൻറ 'ദേശസ്നേഹം' 500 പേജ് വരുന്ന ആ ചാറ്റുകളിൽ നിറഞ്ഞൊഴുകുന്നുണ്ട്. കാര്യങ്ങൾ അൽപം കൈവിട്ടുവെന്ന തോന്നലിൽനിന്നായിരിക്കാം, ഇക്കുറി നേതാക്കളാരും രക്ഷക്കെത്താത്തത്.
ഹിന്ദുത്വ രാഷ്ട്രീയത്തിനുവേണ്ടി, തെരുവിൽ ആൾക്കൂട്ടക്കൊല നടത്തുന്ന ഉന്മാദികളെ കണ്ടിട്ടില്ലേ? ആ ആൾക്കൂട്ടത്തിെൻറ 'ചാനൽ വേർഷൻ' എന്നാണ് അർണബിനെ ഏറ്റവും ലളിതമായി വിശേഷിപ്പിക്കാനാവുക. മൺമറഞ്ഞുപോയ കുൽദീപ് നയാറുമായോ ജീവിച്ചിരിക്കുന്ന രാജ്ദീപ് സർദേശായി, പരഞ്ജോയ് താക്കുർത്ത, എം.കെ. വേണു തുടങ്ങിയവരുമായൊന്നും ചേർത്തുവെക്കാവുന്ന പേേര അല്ല അർണബിേൻറത്. പയറ്റിത്തെളിഞ്ഞൊരു ജേണലിസ്റ്റ് കരിയർ അവകാശപ്പെടാനില്ലാത്ത ക്ഷിപ്രകോപി മാത്രമാണയാൾ. വ്യാജ വാർത്ത ചമക്കുക, രേഖകൾ മോഷ്ടിക്കുക തുടങ്ങിയ കലാപരിപാടികളും കൂട്ടിനുണ്ട്. എന്തിനേറെ, 2017ൽ റിപ്പബ്ലിക് ചാനൽ തുടങ്ങുന്നതുതന്നെ, മുമ്പ് ജോലി ചെയ്ത 'ടൈംസ് നൗ'വിലെ രേഖകൾ അടിച്ചുമാറ്റിയായിരുന്നു. ശശി തരൂരിനെതിരെയായിരുന്നു അതിലൊന്ന്. തരൂരിന് അർണബിനേക്കാൾ ലോകവിവരമുള്ളതുകൊണ്ട് അതദ്ദേഹം പൊളിച്ചു കൈയിൽകൊടുത്തു. ആ വകയിൽ ഒരു കേസുണ്ട്. പാൽഘറിൽ ഹിന്ദു സന്യാസിമാർ ആക്രമിക്കപ്പെട്ടപ്പോൾ അത് മുസ്ലിംകൾ ചെയ്തതാണെന്നു വരുത്തിത്തീർക്കാൻ പ്രത്യേക ബുള്ളറ്റിനുകൾ ചെയ്തു. അതിൽ സോണിയ ഗാന്ധിയെ കുടുക്കാനും ശ്രമിച്ചു. പക്ഷെ, കോൺഗ്രസ് പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ച് രാജ്യത്തിെൻറ പല ഭാഗങ്ങളിലായി കേസ് കൊടുത്തതോടെ ആള് കുടുങ്ങി. അന്ന് രക്ഷക്കെത്തിയത് സുപ്രീംകോടതിയാണ്. എല്ലാ കേസുകളും ഏകീകരിച്ച് ഒറ്റ എഫ്.െഎ.ആർ ആക്കി അർണബിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തു പരമോന്നത നീതിപീഠം. ഇൗ ആനുകൂല്യം തനിക്കും വേണമെന്ന് പൗരത്വസമര നേതാവ് ശർജീൽ ഇമാം അപേക്ഷിച്ചേപ്പാൾ പോയി പണിനോക്കാനും പറഞ്ഞു കോടതി. തെൻറ വാദമുഖങ്ങൾക്ക് (അത് സംഘ്പരിവാറിേൻറതായിരിക്കും) എതിരെ വാ തുറക്കുന്നവരെല്ലാം രാജ്യദ്രോഹിയും തീവ്രവാദിയുമാക്കി േലബലൊട്ടിക്കുന്ന ഹിന്ദുത്വയുടെ പ്രചാരകൻ മാത്രമാണിയാൾ. കൂടങ്കുളം സമരനായകൻ എസ്.പി. ഉദയകുമാറിനെ ഭരണകൂടത്തിന് അമേരിക്കൻ ചാരനാക്കണമെന്നുണ്ടായിരുന്നു. ആ ക്വേട്ടഷൻ ഏറ്റെടുത്ത് ഒരു വനിത റിേപ്പാർട്ടറെ പറഞ്ഞയച്ചുവെങ്കിലും നാണംകെട്ട് തിരിച്ചുപോരേണ്ടിവന്നു. ശബരിമല വിവാദകാലത്ത്, ഇതുപോലെ ശൈലജ ടീച്ചറുമായൊന്നു കൊമ്പുകോർത്തപ്പോഴും അടിതെറ്റി. പ്രളയകാലത്ത് മലയാളികളെ അസഭ്യം പറഞ്ഞപ്പോഴും നല്ല പണികിട്ടി. ചാനൽ റേറ്റ് കുത്തനെ ഇടിഞ്ഞു. ഇങ്ങനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന റേറ്റ് ഉയർത്താനാണ് ടി.പി.ആറിൽ കൃത്രിമം കാണിക്കുന്നത്. അത് തടയാൻ കേന്ദ്രംകൊണ്ടുവന്ന സോഫ്റ്റ്വെയറിെൻറ ബീറ്റാ വേർഷനും ടിയാെൻറ കൈവശമുണ്ട്. എന്തിന്, 'ചാനൽ കാര്യ മന്ത്രി'യെ നിയന്ത്രിക്കുന്നതു വരെ അർണബാണെന്നല്ലെ ചാറ്റുകൾ വ്യക്തമാക്കുന്നത്.
കാൽനൂറ്റാണ്ടു മുമ്പ് 'ടെലിഗ്രാഫ്' പത്രത്തിലൂടെ തുടങ്ങിയ ജേണലിസ്റ്റ് കരിയറാണ്. ഇതിനിടയിൽ അപൂർവമായി വസ്തുതകൾ വിളിച്ചുപറഞ്ഞിട്ടുണ്ട്. രണ്ടുവർഷം മുമ്പ് അസമിൽ എൻ.ആർ.സിയുടെ കരട് പട്ടിക പുറത്തുവിട്ടപ്പോൾ അതിെൻറ അപകടത്തെക്കുറിച്ച് ഒരൊറ്റ ബുള്ളറ്റിനിൽ സംസാരിച്ചിരുന്നു. പിന്നീട് കള്ളി വെളിച്ചത്തായി. ടിയാനുമൊരു അസമിയാണല്ലോ. എത്രയൊക്കെ 'ദേശീയത' വിളമ്പിയാലും ഉള്ളിെൻറയുള്ളിലൊരു ഉപദേശീയതയുണ്ടാകും. അതാണ് അന്നേരം പുറത്തുവന്നത്. കുറച്ചുകഴിഞ്ഞേപ്പാൾ അർണബിന് ബോധം തിരിച്ചുകിട്ടി. പിന്നീട് എല്ലാം തിരുത്തി. 47 വയസ്സായി. എൻ.ഡി.ടി.വിയിലൂടെ തുടങ്ങിയ ചാനൽ കരിയർ എത്തിനിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണ്. പക്ഷേ, ശുഭപ്രതീക്ഷ കൈവിടാനായിട്ടില്ല. മോദിയുടെ ഹീറോയിസം ഉൗട്ടിയുറപ്പിക്കാൻ മൂന്നര വർഷത്തിനിടെ 1779 ചാനൽ ഡിബേറ്റുകൾ സംഘടിപ്പിച്ച അനുയായിയെ അൽപം കഴിഞ്ഞാലും നേതാക്കൾ രക്ഷിക്കാതിരിക്കില്ല. ഭാര്യ സാമ്യാഭ്രദയും കൂടെയുണ്ട്. ചാനൽക്കൂട്ടിലെ വിപ്ലവകാരിയുടെ ഏക മകന് മറ്റൊരു വിപ്ലവകാരിയുടെ പേര് എന്താണെന്നല്ലേ: ചെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.