പറഞ്ഞറിയിക്കാനാവില്ല ഇൗ സന്തോഷം
text_fieldsരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്ന കാര്യത്തിൽ സംസ്ഥാനസർക്കാറിന് തീരുമാനമെടുക്കാമെന്ന് രാജ്യത്തെ പരമോന്നത കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. സംഭവത്തിെൻറ പേരിൽ പിടിയിലായ മകൻ പേരറിവാളൻ അടക്കമുള്ള നിരപരാധികളുടെ മോചനത്തിനു വേണ്ടി കാൽ നൂറ്റാണ്ടിലേറെയായി കണ്ണീരും കൈയുമായി രാഷ്ട്രത്തിെൻറ കാരുണ്യത്തിനായി കാത്തു കെട്ടിക്കിടക്കുകയായിരുന്നു അർപുതമ്മാൾ. തമിഴ്നാട് സർക്കാർ കനിഞ്ഞിട്ടും അനങ്ങാതിരുന്ന സുപ്രീംകോടതി വ്യാഴാഴ്ച സുപ്രധാനമായ വിധിയിലൂടെ ഇവർക്ക് ജീവിതം തിരിച്ചുകൊടുത്തിരിക്കുന്നു. മകെൻറ പുനരുയിർപ്പിെൻറ ആഹ്ലാദം പറഞ്ഞറിയിക്കുകയാണ് ആ അമ്മ.
അവസാനം 28ാമത്തെ വർഷം തീരുമാനമായിരിക്കുന്നു. സുപ്രീംകോടതി തീർത്തു പറഞ്ഞിരിക്കുന്നു കേസ് അവസാനിച്ചിരിക്കുന്നുവെന്ന്. 28 വർഷം ജയിലിൽ കഴിഞ്ഞ ഇവർക്ക് മോചനം അനുവദിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് കോടതി. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാറിെൻറ തീരുമാനം കോടതി ശരിവെക്കുകയായിരുന്നു. ഇവരെ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാറിന് ഗവര്‍ണറെ സമീപിക്കാമെന്നും കോടതി പറഞ്ഞു. രാജീവ് ഗാന്ധി കേസ് പ്രതികളെ വിട്ടയക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനുള്ള പൂർണ അധികാരം സംസ്ഥാന സർക്കാറിനാണെന്ന് അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീംകോടതി. അതിലെനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
ഇനി കരയരുതെന്ന് ‘അമ്മ’
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത രണ്ടുതവണ ഇവരെ വിട്ടയക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതാണ്. അത് ഇന്നുവെരയും നടന്നില്ല. ആ അമ്മയുടെ പേരിൽ അധികാരത്തിലിരിക്കുന്ന തമിഴ്നാട് സർക്കാർ ഗവർണറെ കണ്ട് ഇവരെ വിട്ടയക്കുന്നതിനുള്ള ഉറപ്പ് വാങ്ങുമെന്നും ഒരാഴ്ചക്കുള്ളിൽ എെൻറ മകൻ വീട്ടിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്, വിശ്വസിക്കുന്നത്. നാല് കൊല്ലങ്ങൾക്ക് മുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രത്യേക നിയമസഭ സമ്മേളനത്തിൽ പേരറിവാളനെയും മറ്റുള്ളവേരയും വിട്ടയക്കാൻ തീരുമാനമെടുത്തത്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് അതിനുവേണ്ടിയുള്ള പ്രമേയം പാസാക്കിയത്. തീരുമാനത്തിൽ നന്ദി പ്രകാശിപ്പിക്കാനായി ഞാൻ അവരെ പോയിക്കണ്ടു. ‘‘നിങ്ങളുടെ മകൻ വരാൻ പോകുകയാണ്. ഇനി കരയരുത്’’ എന്ന് പറഞ്ഞാണ് അന്ന് ജയലളിത എന്നെ ആശ്വസിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ആ തീരുമാനം നടപ്പായില്ല. തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേനയെടുത്ത തീരുമാനം കേന്ദ്രസർക്കാറിനെ അറിയിച്ചെങ്കിലും അന്ന് അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ അംഗീകരിച്ചില്ല.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജയലളിത വീണ്ടും കത്തെഴുതി. അനുകൂല തീരുമാനമുണ്ടായില്ല. പ്രതികളെ വിട്ടയക്കുന്ന കാര്യത്തിൽ സംസ്ഥാനമല്ല, തങ്ങളാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു കേന്ദ്രത്തിെൻറ അഭിപ്രായം. തങ്ങളുടെ അഭിപ്രായം ആരായണമെന്നല്ല, തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറാണ് എന്ന പിടിവാശിയാണ് കേസ് അനന്തമായി നീണ്ടുപോകാൻ ഇടയാക്കിയത്.
നിയമത്തിെൻറ വഴിയും തേടി
ഇതിനിടെ മകൻ അറിവ് (പേരറിവാളൻ) നിയമത്തിെൻറ വഴിയും തേടിക്കൊണ്ടിരുന്നു. മൾട്ടി ഡൈമൻഷനൽ മോണിറ്ററിങ് ഏജൻസി (എം.ഡി.എം.എ) എന്ന സി.ബി.ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഹുതല നിരീക്ഷണ സമിതി അന്വേഷണം തുടരുന്നുണ്ടെന്നും അതിനാൽ പ്രതികളെ വിട്ടയക്കാൻ കഴിയില്ലെന്നുമായിരുന്നു സി.ബി.ഐ അറിയിച്ചത്. എം.ഡി.എം.എയുടെ കേസിെൻറ സ്ഥിതി എന്താണെന്ന് അറിയിക്കണമെന്ന് അറിവ് ആവശ്യപ്പെട്ടുവെങ്കിലും വിശദാംശങ്ങളൊന്നും ലഭിച്ചില്ല. കേസ് തുടരുന്നതിൽ വിരോധമില്ല, ജയിലിൽനിന്ന് വിട്ടയച്ചതിനു ശേഷവും താൻ ഹാജരായിക്കൊള്ളാമെന്ന് അറിവ് കോടതിയെ അറിയിച്ചെങ്കിലും അതിന് ഉത്തരമൊന്നുമുണ്ടായില്ല. ഒരു തീരുമാനവും എടുക്കാതെ കേസ് അനന്തമായി നീണ്ടുപോകുകയായിരുന്നു.
ആധി തിരുത്തിയ വിധി
പ്രസിഡൻറ് ദയാഹരജിയെക്കുറിച്ച് മാത്രമായിരുന്നു ഇതുവരെ സംസാരിച്ചിരുന്നത്. ജീവപര്യന്തം തടവുകാരെക്കുറിച്ചോ അവരുടെ മോചനത്തെക്കുറിച്ചോ രാഷ്ട്രപതി ഇതുവരെ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ദയയല്ല, 28 വർഷങ്ങളായി തടവിൽകഴിയുന്ന തനിക്ക് മോചനം വേണമെന്നായിരുന്നു അറിവിെൻറ ആവശ്യം. തീവ്രവാദികൾക്കും മാവോവാദികൾക്കും രാജീവ് ഗാന്ധി കേസ് പ്രതികൾ പാഠമായിരിക്കണമെന്നും അതിനാൽ ഇവരെ ഒരിക്കലും വിട്ടയക്കേണ്ടെന്ന് ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തതായും അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് ഞങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. വിധിയിൽ ഞങ്ങൾക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
കേരളത്തിന് നന്ദി
ഈ സമയത്ത് പേരറിവാളെൻറ മോചനത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവരെയും ഞാൻ നന്ദി അറിയിക്കുന്നു. എെൻറ മകനുവേണ്ടി നേരിൽ കാണാൻ കഴിയാത്ത നിരവധി പേർ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളോട് എനിക്കുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്. കേരളത്തിൽ ഒരുപാട് പരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. എെൻറ മകെൻറ നിരപരാധിത്വം തെളിയിക്കുന്നതിനുവേണ്ടി പ്രവർത്തിച്ച മലയാളികളോട് എനിക്കുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. മകൻ മോചിതനായ ഉടൻ അവനെ ഇവിടെവന്ന് കാണാൻ നിങ്ങളെ എല്ലാവെരയും ഞാൻ ക്ഷണിക്കുന്നു. അവിടെ എെൻറ മകനെ കൂട്ടിക്കൊണ്ടുവന്ന് ഞങ്ങളെ സഹായിച്ച എല്ലാവരേയും പരിചയപ്പെടുത്തണമെന്നുണ്ട്. എല്ലാം സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തയാറാക്കിയത്: അനുശ്രീ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.