പ്രതിപക്ഷത്തിെൻറ കൊടുങ്കാറ്റ് ചായക്കോപ്പയിൽ
text_fieldsഇതാദ്യമായി മുന്നണികൾ ഏറ്റുമുട്ടുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് അസമിൽ നടക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഴവിൽ സഖ്യവും കോൺഗ്രസ് നയിക്കുന്ന വിശാലസഖ്യവും പുതുതായി രൂപംകൊണ്ട പ്രാദേശികപാർട്ടികളുടെ മൂന്നാം മുന്നണിയുമാണ് മത്സരരംഗത്ത്. മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിൽ നടക്കുന്ന തെരഞ്ഞെടുപ്പിെൻറ ഫലം മേയ് രണ്ടിനായിരിക്കുമെന്ന് കമീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പർ അസമിലെ 12 ജില്ലകളിൽ നീണ്ടുകിടക്കുന്ന 47 നിയമസഭ മണ്ഡലങ്ങളിലെ 80 ലക്ഷം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ സമ്മതിദാനം വിനിയോഗിക്കുന്നത്. ഇവിടെ നാമനിർദേശം സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് ആറ് ആണെങ്കിലും ഇതുവരെയും മുന്നണികളിൽ സീറ്റുധാരണ എങ്ങുമെത്തിയിട്ടില്ല.
ബി.ജെ.പിയും അസം ഗണപരിഷത്തും യുനൈറ്റഡ് പീപ്ൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ) കക്ഷിയും ചേർന്നതാണ് മഴവിൽ സഖ്യം. കോൺഗ്രസ്, ഹഗ്രാമ മൊഹിലാരി നയിക്കുന്ന ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ട് (ബി.പി.എഫ്), ഒാൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.െഎ.യു.ഡി.എഫ്), ഇടതുകക്ഷികൾ എന്നിവയാണ് വിശാലസഖ്യത്തിലെ ഘടകങ്ങൾ. പൗരത്വഭേദഗതി നിയമത്തെ തുടർന്ന് രാജ്യദ്രോഹക്കേസിൽ വിചാരണ തടവിൽ കഴിയുന്ന കൃഷക് മുക്തി സംഗ്രാം സമിതി നേതാവും വിവരാവകാശ ആക്ടിവിസ്റ്റുമായ അഖിൽ െഗഗോയിയുടെ മുൻകൈയിൽ രൂപംകൊണ്ട റായ്ജർ ദളും അസം ജാതീയ പരിഷത്തും ചേർന്നതാണ് മൂന്നാം മുന്നണി.
പൗരത്വനിയമത്തിനുശേഷമുള്ള ആദ്യ വിധിയെഴുത്ത്
വിവിധ സാമൂഹിക വംശീയ വിഭാഗങ്ങൾ അടങ്ങുന്ന അസമിലെ രാഷ്ട്രീയം പ്രാദേശികവാദവും ഉപദേശീയതകളും ചേർന്ന് രൂപപ്പെടുത്തിയതാണ്. അയൽരാജ്യമായ ബംഗ്ലാദേശിൽനിന്നുള്ള 'അനധികൃത കുടിയേറ്റ'ത്തിെൻറ അസ്വസ്ഥതകളാൽ ഭരിതമാണ് ഇൗ വടക്കുകിഴക്കൻ സംസ്ഥാനം. പൗരത്വഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രക്ഷോഭമുയർന്നത് അസമിൽനിന്നാണ്. മൂന്ന് അയൽരാജ്യങ്ങളിൽനിന്നുള്ള അമുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതോടുകൂടി അസമിെൻറ സ്വത്വവും സംസ്കാരവും ജനസംഖ്യാനിലയും അപകടത്തിലാക്കുമെന്ന് അസമുകാർ ഉറച്ചുവിശ്വസിക്കുന്നു. അസമിലെ തദ്ദേശീയജനതക്ക് ഹാനികരമായ നിയമത്തിനെതിരെ അടങ്ങിയിരിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.
2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട സി.എ.എ വിരുദ്ധ പ്രക്ഷോഭം പിന്നീട് അഞ്ചാളുകളുടെ ജീവനെടുത്ത അതിക്രമങ്ങളിലേക്ക് വളർന്നു.രണ്ടു പ്രമുഖ വിദ്യാർഥി സംഘടനകളായ ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (ആസു), അസം ജാതിയതബാദി യുബ ഛാത്ര പരിഷത്ത് (എ.ജെ.വൈ.സി.പി) എന്നിവ ചേർന്ന് രൂപം നൽകിയതാണ് അസം ജാതീയ പരിഷത്ത് (എ.ജെ.പി). ഇൗ രണ്ടു വിദ്യാർഥിസംഘടനകളും ഇപ്പോൾ രംഗത്തില്ലാത്ത അസം ഗണസംഗ്രാം പരിഷത്തുമായി ചേർന്ന് നടത്തിയ ആറുകൊല്ലക്കാലം നീണ്ട വിദേശിവിരുദ്ധ പ്രക്ഷോഭമായിരുന്നല്ലോ 1985ലെ ചരിത്രപ്രസിദ്ധമായ അസം കരാറിലേക്കും അസം ഗണപരിഷത്ത് എന്ന രാഷ്ട്രീയപാർട്ടിയുടെ ഉദയത്തിനും അവരുടെ അധികാരാരോഹണത്തിനും നിമിത്തമായത്. നിലവിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്തുള്ള അസം ജാതീയ പരിഷത്തും റായ്ജർ ദളും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയത്തോടെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
2014ലെ പൊതുതെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭ തെരെഞ്ഞടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനമാണ് ഇപ്പോൾ പ്രതിപക്ഷം തുറുപ്പുശീട്ടായി എടുത്തുകാട്ടുന്നത്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറന്തള്ളുന്ന കാര്യമൊക്കെ കൈയൊഴിഞ്ഞുവെന്നു മാത്രമല്ല, പകരം പൗരത്വഭേദഗതി നിയമം അടിച്ചേൽപിച്ച് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. അസം കരാർ അനുസരിച്ച് 1971 മാർച്ച് 24 ആണ് പൗരത്വനിർണയത്തിനുള്ള അവസാനതീയതിയായി കുറിച്ചത്. ഇത് അട്ടിമറിക്കുന്ന പൗരത്വഭേദഗതി നിയമം സംസ്ഥാനത്തിെൻറ സാമൂഹികഘടനയെ തന്നെ അസ്ഥിരപ്പെടുത്തുമെന്നാണ് പ്രതിപക്ഷത്തിെൻറ മുന്നറിയിപ്പ്. എല്ലാ അനധികൃത കുടിയേറ്റക്കാരെയും 2014 മേയിൽ പുറന്തള്ളുമെന്നും 1985ലെ അസം കരാർ അക്ഷരത്തിലും ആശയത്തിലും നടപ്പാക്കുമെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ ഉറപ്പ്. എന്നാൽ, സി.എ.എ അസം കരാറിെൻറ കൃത്യമായ ലംഘനമാണെന്ന് അസമുകാർ കക്ഷിഭേദെമന്യേ ചൂണ്ടിക്കാട്ടുന്നു. 1971 മാർച്ച് 24 കുടിയേറ്റനിർണയത്തിനുള്ള അന്തിമതീയതിയായിരുന്നു എന്നിരിക്കെ സി.എ.എ കൊണ്ടുവന്ന് 2014 ഡിസംബർ വരെ ബംഗ്ലാദേശിൽനിന്നു ഇന്ത്യയിെലത്തുന്ന മുഴുവൻ അമുസ്ലിംകൾക്കും പൗരത്വത്തിെൻറ ചുവന്ന പരവതാനി വിരിക്കുന്നത് അസമിെൻറ സ്വത്വവും സംസ്കാരവും നശിപ്പിക്കുമെന്നും രണ്ടു പ്രതിപക്ഷ മുന്നണികളും ഒരുപോലെ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനകം സി.എ.എക്കു പുറമെ സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ പ്രശ്നമായിരുന്നു ദേശീയ പൗരത്വപ്പട്ടികയുടെ പ്രസാധനം. സുപ്രീംകോടതി മേൽനോട്ടം വഹിച്ച കമ്മിറ്റി പൗരത്വപ്പട്ടിക പുറത്തിറക്കിയപ്പോൾ ലക്ഷങ്ങൾ പടിക്കുപുറത്തായി. പട്ടികയിൽ തങ്ങൾ കണക്കുകൂട്ടിയ അത്രയും ആളുകൾ പുറത്തുേപായില്ലെന്ന ന്യായം പറഞ്ഞ് ഭരണകക്ഷിയായ ബി.ജെ.പിയും ചില തദ്ദേശീയസംഘടനകളും പൗരത്വപ്പട്ടികയെ ശക്തിയുക്തം എതിർത്തു. പുതിെയാരു പൗരത്വപ്പട്ടികയുമായി വരുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനമെങ്കിൽ പുറന്തള്ളപ്പെട്ട നിയമാനുസൃത ഇന്ത്യക്കാരെ മുഴുവൻ ഉൾപ്പെടുത്തി എൻ.ആർ.സി സമ്പൂർണമായി നടപ്പാക്കുമെന്നാണ് കോൺഗ്രസിെൻറ വാക്ക്. കോൺഗ്രസ് ഭരണകാലത്ത് തുടക്കം കുറിച്ച പൗരത്വപ്പട്ടികയുടെ കരടും അന്തിമ പട്ടികയും കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി അധികാരത്തിലിരിക്കെയാണ് പുറത്തിറക്കിയത്. ഏതായാലും പട്ടികയിൽനിന്നു പുറത്തായ 19.06 ലക്ഷം പേർക്ക് എൻ.ആർ.സി തിരസ്കരണ സാക്ഷ്യപത്രം ലഭിച്ച ശേഷം ഫോറീനർ ട്രൈബ്യൂണലിനെ സമീപിച്ച് വോട്ടർപട്ടികയിൽ ഇടംനേടി വോട്ടു രേഖപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണിപ്പോൾ.
ഇൗ തെരഞ്ഞെടുപ്പിൽ പൗരത്വഭേദഗതി നിയമത്തെ ചൊല്ലി ജനങ്ങൾക്കിടയിൽ നില നിൽക്കുന്ന ആശങ്കയും വൈകാരികതയും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സി.എ.എ സമരത്തിലെ രക്തസാക്ഷികൾക്ക് സ്മാരകം പണിയുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. സി.എ.എ വിരുദ്ധ ഗമോസകൾ (അസമിെൻറ പരമ്പരാഗത ഷാൾ) ശേഖരിച്ചും അസം രക്ഷാ കാമ്പയിനുകൾ സംഘടിപ്പിച്ചും ഇൗ വികാരം പരമാവധി ഉൗതിപ്പെരുപ്പിക്കാനാണ് അവരുടെ ശ്രമം. ഭരണത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം റദ്ദുചെയ്യുമെന്നുവരെ അവർ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ, പാർലമെൻറ് പാസാക്കിയ നിയമം എങ്ങനെ സംസ്ഥാന സർക്കാർ റദ്ദുചെയ്യുമെന്നാണ് ബി.ജെ.പിയുടെ മറുചോദ്യം. പൊള്ളുന്ന സി.എ.എ തൊടാതെനോക്കുകയാണ് ബി.ജെ.പി. 2019ലെ പൊതുതെരഞ്ഞെടുപ്പിലും മുൻവർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിലുമൊന്നും പാർട്ടിയുടെ വിജയത്തെ അത് ബാധിച്ചില്ലല്ലോ എന്നാണ് അവർ ആശ്വാസമായി കാണുന്നത്. അതുകൊണ്ട് മേഖലയിെല സമാധാനത്തിലും വികസനത്തിലും ഉൗന്നുകയാണ് ഭരണകക്ഷി. െതരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ സംസ്ഥാനത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച മൂന്നു പദ്ധതികളിൽ രണ്ടും അസം ദേശീയതയുടെ വിളയിടവും പൗരത്വനിയമവിരുദ്ധ പ്രക്ഷോഭത്തിെൻറ ശക്തികേന്ദ്രവുമായിരുന്ന അപ്പർ അസമിലെ ജില്ലകളെ ഉന്നമിട്ടുള്ളതാണ്.
കോൺഗ്രസിെൻറ ശക്തിമണ്ഡലമായ തേയില കർഷകർ എങ്ങോട്ടു നീങ്ങും എന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്്. സംസ്ഥാനത്തെ 126 നിയമസഭ മണ്ഡലങ്ങളിൽ 42 എണ്ണത്തിലും തേയില കർഷകരുടെ വോട്ട് നിർണായകമാണ്. 2014ൽ അധികാരത്തിലെത്തിയതോടെ ബി.ജെ.പിയിലേക്കായിരുന്നു അവരുടെ തൂക്കം. കഴിഞ്ഞ നിയമസഭ, പാർലമെൻറ് െതരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തറപറ്റിച്ചതും അവരാണ്. അതുകൊണ്ടുതന്നെയാണ് ഇത്തവണ പ്രിയങ്ക ഗാന്ധിയുടെ പര്യടനത്തിൽ തേയിലക്കർഷകരെ കാര്യമായി പരിഗണിച്ചത്.
ബദലാവാൻ കഴിയാതെ കോൺഗ്രസ്
2016ലെ തെരഞ്ഞെടുപ്പിൽ 126 അംഗ നിയമസഭയിൽ ബി.ജെ.പി അറുപതും ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ട് (ബി.പി.എഫ്) പന്ത്രണ്ടും അസം ഗണപരിഷത്ത് പതിനാലും സീറ്റുകൾ നേടി. ഇക്കൂട്ടത്തിൽ ഇത്തവണ ബി.പി.എഫ് കോൺഗ്രസിനൊപ്പം പോയപ്പോൾ യു.പി.പി.എല്ലിനെ ബോഡോ മേഖലയിൽനിന്ന് പിടിക്കാൻ ബി.ജെ.പിക്കായി. 2016ൽ കോൺഗ്രസും ബദ്റുദ്ദീൻ അജ്മലിെൻറ എ.െഎ.യു.ഡി.എഫും വെവ്വേറെ മത്സരിച്ചു. കോൺഗ്രസ് 26 സീറ്റും 31ശതമാനം വോട്ടും നേടി. എ.െഎ.യു.ഡി.എഫ് 13സീറ്റും 13ശതമാനം വോട്ടും.
ഇത്തവണ അവർക്ക് 20 സീറ്റാണ് കോൺഗ്രസ് നൽകുന്നത്. ബി.പി.എഫിന് 11 സീറ്റും മൂന്നു ഇടതുപാർട്ടികൾക്കായി നാലു സീറ്റും ആഞ്ചലിക് ഗണമോർച്ചക്ക് രണ്ടും രാഷ്ട്രീയ ജനതാദളിന് ഒരു സീറ്റുമാണ് നൽകിയിരിക്കുന്നത്. പ്രതിപക്ഷത്തെ ഇരുമുന്നണികളും അസമിൽ ബി.ജെ.പിയെ നന്നായി വിയർപ്പിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സ്മാർട്ട്ഫോണുകളിൽ കാണുന്നതല്ല മണ്ണിലെ യാഥാർഥ്യമെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൽബാരി, കാമരൂപ് ജില്ലകളിലും പശ്ചിമ അസമിലും കറങ്ങിയ പ്രമുഖ രാഷ്ട്രീയ ഗവേഷകനായ ബൊനോജിത് ഹുസൈൻ 'മാധ്യമ'ത്തോടു പറഞ്ഞു. ഇത്തവണ കോൺഗ്രസുമായുള്ള സഖ്യത്തിൽനിന്ന് ബദ്റുദ്ദീൻ അജ്മൽ കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് അമർജിത് ബറുവയുടെ അഭിപ്രായം. കോൺഗ്രസിന് ബി.ജെ.പി അസമിനെ താലത്തിൽ വെച്ചുനീട്ടുേമ്പാഴും കോൺഗ്രസിന് അത് ഏറ്റുവാങ്ങാനാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് ഒടുവിൽ വിജയം അവർക്കുതന്നെയാകും എന്നാണ് അദ്ദേഹം നിരൂപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.