രാഷ്ട്രീയ ജ്യോതിഷികളെ തോൽപിച്ച ബംഗാൾ
text_fieldsമുഹമ്മദ് റിയാസ്
രാജ്യഭരണം സ്വന്തമാക്കാൻ ലോക്സഭതെരഞ്ഞെടുപ്പ് വേളയിൽ പുലർത്തുന്ന വാശിയോടെ സകലസന്നാഹങ്ങളും ഉപയോഗപ്പെടുത്തിയും കേന്ദ്ര ഭരണകൂടത്തെ കുറെയേറെ ആഴ്ചകൾ ബംഗാളിലേക്ക് പറിച്ചു നട്ടും പഠിച്ച പണികൾ പതിനെട്ടും പയറ്റിയിട്ടും മമത ബാനർജി മൂന്നാംവട്ടവും മുഖ്യമന്ത്രിയാവുന്നത് തടയാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായിരിക്കുന്നു. ബംഗാൾ ജനതയുടെ പ്രിയപ്പെട്ട ദീദി വിജയക്കൊടി പാറിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പിന് മുമ്പും ദീർഘമായ ഇടവേളയിട്ട് നടന്ന തെരഞ്ഞെടുപ്പിനിടയിലും ഡൽഹിയിൽനിന്നും രാജ്യത്തിെൻറ പലഭാഗങ്ങളിൽനിന്നും ബംഗാളിലേക്ക് പറന്നിറങ്ങി റിപ്പോർട്ടിങ്ങും വിശകലനവും നടത്തിയ പല വിദഗ്ധരും പറഞ്ഞിരുന്നത് സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ്.
അംഫൻ പുനരധിവാസത്തിനുവെച്ച ഫണ്ട് വകമാറ്റിയെന്നും അടിമുടി അഴിമതിയാണെന്നും അതിലേറെ മുസ്ലിം പ്രീണനമാണെന്നുമൊക്കെയായിരുന്നു സർക്കാറിന് ജനങ്ങൾ എതിരാണെന്ന് വാദിച്ചവരുടെ ന്യായങ്ങൾ. ചില പ്രീപോൾ സർവേകളും എക്സിറ്റ് പോൾ ഫലങ്ങളും മമതക്ക് മേൽകൈ പ്രവചിച്ചപ്പോഴും ബി.ജെ.പിയും ടി.എം.സിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് വിലയിരുത്തിയത്.
പക്ഷേ, രണ്ടാം തീയതി വോട്ടെണ്ണിത്തീർന്നപ്പോൾ ആ ന്യായങ്ങളും വിശകലനങ്ങളുമെല്ലാം പാഴായിരുന്നുവെന്ന് തെളിയിച്ചു മമത. കഷ്ടിച്ച് കടന്നുകൂടുകയല്ല മറിച്ച് അതി ഗംഭീര വിജയം നേടിക്കൊണ്ട്. സീറ്റുകളുടെ എണ്ണം 211ൽനിന്ന് 213 ആയി ഉയർന്നു. തൃണമൂൽ കോൺഗ്രസിന്റെ വോട്ടിങ് ശതമാനം 2011ൽ 44.91 ആയിരുന്നത് 48ലേക്ക് വളർന്നു. (സ്ഥാനാർഥികൾ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ജംഗിപുർ, സംസേർഗഞ്ജ് സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഈ മാസം 16ലേക്ക് മാറ്റിയിരിക്കുകയാണ്).
മമത v/s മറ്റുള്ളവരെല്ലാം
മമതക്ക് ആദ്യ ഊഴം ലഭിക്കാൻ വഴിതെളിയിച്ച നന്ദിഗ്രാം പ്രക്ഷോഭം മുതൽ നിഴൽപോലെയുണ്ടായിരുന്ന സുവേന്ദു അധികാരി പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്ന് തനിക്കെതിരെ മത്സരിക്കാൻ വെല്ലുവിളിച്ചതോടെ തന്റെ മണ്ഡലമായ ഭബാനിപുർ വിട്ട് നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു മമത. അവിടുത്തെ ഫലപ്രഖ്യാപനം ഏറെ അവ്യക്തത നിറഞ്ഞതായി. ഒന്നാമത് വോട്ടെണ്ണൽ ഒച്ചിഴയുംവേഗത്തിലാണ് പുരോഗമിച്ചത്. ഏറെ റൗണ്ടുകൾ എണ്ണിയപ്പോഴും പിന്നിലായിരുന്ന മമത ജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. പിന്നെ അധികാരി ജയിച്ചെന്നായി. പിന്നെക്കേട്ടു വോട്ടെണ്ണൽ തുടരുന്നു മമത മുന്നിട്ടു നിൽക്കുന്നുവെന്ന്. ഒടുവിൽ പ്രഖ്യാപിക്കപ്പെട്ടു ബാലറ്റ് പേപ്പറുകൾ കൂടി എണ്ണിയപ്പോൾ സുവേന്ദു അധികാരിയാണ് ജയിച്ചതെന്ന്. റീകൗണ്ടിങ് വേണമെന്ന തൃണമൂലിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളുകയും ചെയ്തു.
നന്ദിഗ്രാമിൽ തോറ്റെങ്കിലും പഴയ സഹകാരിക്കെതിരെ മത്സരിക്കാൻ മമതയെടുത്ത തീരുമാനം തെറ്റായിരുന്നില്ല. അവരുടെ വരവ് തെക്കൻ ബംഗാളിലെമ്പാടും പാർട്ടി അണികൾക്കിടയിൽ ഉണർവുണ്ടാക്കി, അവർ ഉഷാറായി ഇറങ്ങി പ്രവർത്തിച്ചു, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുകുറഞ്ഞയിടങ്ങളിൽപോലും പ്രകടനം മെച്ചപ്പെടുത്താനുമായി. എല്ലാ അർഥത്തിലും അതിതീവ്രമായ പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. കോവിഡ് പ്രതിസന്ധി രാജ്യത്ത് ശക്തമായി പിടിമുറുക്കുേമ്പാഴും ഉത്തരവാദിത്തപ്പെട്ട അധികാരികളെല്ലാം ബംഗാളിൽ വോട്ടുപിടിക്കുന്ന തിരക്കിലായിരുന്നു.
പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി പ്രസിഡൻറ് ജെ.പി. നഡ്ഡ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യു.പി മുഖ്യമന്ത്രി ആദിത്യനാഥ്... എന്നിങ്ങനെയുള്ള താരപ്രചാരകരല്ലൊം ഒരു വശത്തും മമത ഒറ്റക്ക് മറുവശത്തും നിന്നായിരുന്നു പോരാട്ടം എന്ന് പറയാം. അടിക്കടി വന്നുപോയിക്കൊണ്ടിരിക്കുന്ന നേതാക്കൾക്ക് താമസസൗകര്യമൊരുക്കാൻ സംസ്ഥാന തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലുകൾ മിക്കതും ബി.ജെ.പി ബുക്ക് ചെയ്തിട്ടിരിക്കുകയായിരുന്നു എന്നാണ് കേട്ടിരുന്നത്. തലസ്ഥാനത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ മുക്കുമൂലകളിലെ ജില്ലകളിൽ നേതാക്കൾ വന്ന് തമ്പടിച്ച് പ്രചാരണം നയിക്കുകയായിരുന്നു.
പാർട്ടിക്ക് സഹായകമാംവിധത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കാൻ ഐ.ടി സെൽ 24 മണിക്കൂറും മുടക്കമില്ലാതെ പണിയെടുത്തു. ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യക്ക് ബംഗാളിനെച്ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങൾ പടച്ചുണ്ടാക്കാനുള്ള ചുമതല തന്നെ ഏൽപിച്ചു കൊടുത്തിരുന്നു.
താമരയുടെ തണ്ടൊടിഞ്ഞതിങ്ങനെ
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ മമതയുടെ കൂടെ പരിണിത പ്രജ്ഞനായ പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ഊർജസ്വലരായ ഐപാക് സംഘവുമുണ്ടായിരുന്നു.
ആരോപണങ്ങൾ കെട്ടുകണക്കിന് നിലനിന്നപ്പോഴും ഇളക്കംതട്ടാത്ത ജനപ്രീതി ദീദിക്കുണ്ടായിരുന്നു. പത്തു വർഷം ഭരണത്തിലിരുന്നിട്ടും അവരെ വെറുക്കണമെന്നും നീക്കണമെന്നും ജനങ്ങൾക്ക് തോന്നിയില്ല. പകരം, അവരുടെ ക്ഷേമപദ്ധതികൾ പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമം ലക്ഷ്യംവെച്ചുകൊണ്ടുള്ള നടപടികൾ ജനഹൃദയങ്ങളിലവർക്ക് കൂടുതൽ ഇടം നൽകി. സ്വാഷ്തസാഥി എന്ന ഇൻഷുറൻസ് പദ്ധതി, ഉദാരമായ സ്കോളർഷിപ് പദ്ധതികൾ, പൊതുവിതരണ കേന്ദ്രങ്ങൾ വഴി നൽകിയ സൗജന്യറേഷൻ എന്നിവയെല്ലാം സമാനമായ പിന്തുണയാണ് സമ്മാനിച്ചത്. ധ്രുവീകരണത്തിന് ബി.ജെ.പി ആഞ്ഞു ശ്രമിക്കവെ ബി.ജെ.പിക്ക് വോട്ടുനൽകരുത് എന്ന പ്രമേയത്തിലൂന്നി കലാ-സാംസ്കാരിക സമൂഹം നടത്തിയ കാമ്പയിൻ കൊൽക്കത്തയുൾപ്പെടെ നഗരപ്രദേശങ്ങളിൽ മതേതര വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തി.
ബി.ജെ.പി ജയിക്കുമെന്നും അധികാരം പിടിക്കുമെന്നും അതിശക്തമായ രീതിയിൽ നടന്ന പ്രചാരണവും അവകാശവാദവും മുസ്ലിംവോട്ടർമാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചു, ഒപ്പം ജാഗ്രതയും. ഫലമോ ശക്തമായ കോൺഗ്രസ് കോട്ടകൾ എന്ന് കണക്കാക്കപ്പെടുന്ന മാൾഡ-മുർഷിദാബാദ് മേഖലകളിൽപ്പോലും തൃണമൂലിന് അനുകൂലമായി വോട്ട് ഏകീകരണത്തിന് ഇത് കാരണമായി.
2016ൽ മൂന്ന് സീറ്റുണ്ടായിരുന്നിടത്ത് നിന്ന് അഞ്ചു വർഷം കൊണ്ട് 77 സീറ്റിലേക്ക് വളർന്നല്ലോ എന്ന് ബി.ജെ.പിക്ക് വേണമെങ്കിൽ ആശ്വാസം കൊള്ളാം. നന്ദിഗ്രാമിൽ മമതയെ മലർത്തിയടിച്ചെന്ന് സുവേന്ദു അധികാരിക്കും ഊറ്റം കൊള്ളാം.
ബി.ജെ.പി അനുകൂല തരംഗമുണ്ടെന്നും ഹിന്ദുത്വ തരംഗം സംസ്ഥാനത്ത് വീശിയടിക്കുന്നുവെന്നുമൊക്കെയാണ് കേന്ദ്രസർക്കാർ അനുകൂലികളായ ചാനലുകൾ തട്ടിവിട്ടിരുന്നതെന്ന് മറന്നുകൂടാ. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ പിടിച്ചെടുത്ത് സകലരെയും ഞെട്ടിച്ച പാർട്ടിയാണ് ഇക്കുറി അതിലും ഇരട്ടി സന്നാഹങ്ങളുമായി സംസ്ഥാനത്ത് സ്വാധീനമുണ്ടാക്കാൻ ശ്രമിച്ചു നോക്കിയത്.
ഓപറേഷൻ ബംഗാൾ ഒരു അഭിമാനപ്രശ്നമായി കണ്ട് കേന്ദ്രനേതൃത്വം ആഞ്ഞ് ശ്രമിച്ചപ്പോഴും അടിത്തട്ടിൽ സംഘടനാപരമായ ദൗർബല്യം ആവോളമുണ്ടായിരുന്നു. പല മണ്ഡലങ്ങളിലും പോളിങ് ഏജൻറുമാർ പോലുമുണ്ടായിരുന്നില്ല ബി.ജെ.പിക്ക്. കേന്ദ്രത്തിലെ മുൻനിര നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുകയും ഏവരും അവരെ ആശ്രയിക്കുകയും ചെയ്യുന്ന അവസ്ഥവന്നത് സംസ്ഥാന ഘടകത്തെ ഒന്നിനും കൊള്ളാത്തതാക്കി. തൃണമൂലിൽനിന്ന് ഒരുപാട് തലയെടുപ്പുള്ള നേതാക്കൾ പാർട്ടിയിൽ ചേർന്നിട്ടും അവരിലൊരാളെപ്പോലും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കാനും ബി.ജെ.പി ശ്രമിച്ചതുമില്ല.
ബംഗാളികളും വരുത്തൻമാരുമെന്ന മട്ടിൽ ഈ സാഹചര്യത്തെ തിരിച്ചുവിടുവാനും ഏറ്റവുമെളുപ്പം ഊതിക്കത്തിക്കാൻ കഴിയുന്ന ബംഗാളി ഉപദേശീയ വികാരത്തെ ആവത് മുതലാക്കുവാനുമാണ് തൃണമൂൽ ശ്രദ്ധിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാറിന് സംഭവിച്ച വീഴ്ച അവസാന ഘട്ടങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രതികൂലമായി ബാധിച്ചു. ഏറെ പ്രതീക്ഷയോടെ അണിനിരത്തിയ ബാബുൽ സുപ്രിയോ, ലോക്കറ്റ് ചാറ്റർജി, സ്വപൻ ദാസ് ഗുപ്ത എന്നിവരൊക്കെ തോറ്റമ്പി.
ഇടതുകോട്ടയിലെ ഹിന്ദുത്വക്കൊടിയേറ്റം
ഇതൊക്കെപ്പറഞ്ഞാലും സംസ്ഥാന രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പോടെ സംഭവിച്ചിരിക്കുന്ന നടുക്കുന്ന മാറ്റം കാണാതിരിക്കാനാവില്ല. ഒരുകാലത്ത് ഇടതു കോട്ടയായിരുന്ന ബംഗാളിൽ ഹിന്ദുത്വ പാർട്ടി ഏറ്റവും വലിയ പ്രതിപക്ഷമായി മാറിയിരിക്കുന്നുവെന്ന യാഥാർഥ്യം.
ബംഗാളിനെ പതിറ്റാണ്ടുകളോളം സ്വന്തമാക്കിവെച്ചിരുന്ന കോൺഗ്രസും പിന്നീട് പിടിച്ചെടുത്ത് തങ്ങളുടെ സ്വത്താക്കി മാറ്റിയ ഇടതുപക്ഷവും നിർണായക സ്വാധീന ശക്തിയെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ചേർന്ന സഖ്യത്തിന് സംഭവിച്ച അപരിഹാര്യമായ തകർച്ചയാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച് കളഞ്ഞത്. കോൺഗ്രസിനോ ഇടതുപക്ഷത്തിനോ പേരിനുപോലും ഒരു എം.എൽ.എയെ ജയിപ്പിക്കാനായില്ല. ഐ.എസ്.എഫ് മേധാവി പിർസാദ അബ്ബാസ് സിദ്ദീഖിയുടെ സഹോദരൻ നൗസാദ് സിദ്ദീഖിയാണ് ആകെ ജയിച്ചത്. കാനിങ് ഈസ്റ്റ് മണ്ഡലത്തിൽ 29 ശതമാനം വോട്ട് ഐ.എസ്.എഫ് സ്ഥാനാർഥി പിടിച്ചു, പക്ഷേ അവിടെയും ജയം തൃണമൂലിനൊപ്പമായിരുന്നു.
വർഗീയ, ജനവിരുദ്ധ, ഫാഷിസ്റ്റ് ശക്തികളെ തോൽപിക്കാൻ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പിന്തുണ നൽകിയതു കൂടിയാണ് മൂന്നാമൂഴം ഉറപ്പിക്കാൻ തൃണമൂൽ കോൺഗ്രസിന് തുണയേകിയത്. എന്നാൽ, മുസ്ലിംവോട്ട് മുച്ചൂടും നേടി അധികാരം നിലനിർത്തുേമ്പാഴും നിയമസഭയിലെ മുസ്ലിം പ്രാതിനിധ്യം വല്ലാതെ കുറഞ്ഞിട്ടുണ്ട്. മുസ്ലിം സമൂഹത്തിൽനിന്ന് 46 സ്ഥാനാർഥികളെയാണ് മമത പടക്കിറക്കിയത്. അതിൽ 42 പേർ വിജയം കണ്ടു (രണ്ട് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു). എന്നാൽ, കഴിഞ്ഞ നിയമസഭയിൽ 59 മുസ്ലിം എം.എൽ.എമാരുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറിയത് 43 ആയി പരിമിതപ്പെട്ടു.
(ഗവേഷകനും കൊൽക്കത്ത ആലിയ സർവകലാശാല മാധ്യമ പഠന വിഭാഗം അധ്യാപകനുമാണ് ലേഖകൻ) @journalistreyaz
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.