ബെന്യാമിൻ ഡേയ്സ്
text_fieldsവി.കെ.എന്നിനോട് ചോദ്യം:
ഒരു വി.കെ.എൻ ശൈലി ഉണ്ടായതെങ്ങനെയാണ്?
ഉത്തരം: പോക്കറ് റടിച്ചാണ്.
വി.കെ.എന്നിെൻറ ഇങ്ങേതലമുറയിൽ, ‘പോക്കറ്റടി’ ആരോപണം നേരിട്ട എഴുത്തുകാരൻ ബെന്യാമിനാണ്. നജീബ് എന്ന പ്രവാസിയുടെ ജീവിതം പോക്കറ്റടിച്ചു. (അതിലൂടെ ശൈലി മാത്രമല്ല, പണവും പ്രശസ്തിയുമുണ്ടാക്കിയെന്ന വ്യംഗ്യവും). എന്നാൽ, നജീബ് അപഹരിക്കപ്പെടാതെ നമുക്കിടയിലുണ്ട്. ലോക കേരള സഭയിൽ എഴുത്തുകാരനൊപ്പം പ്രവാസിയായ ഇൗ കഥാപാത്രവുമുണ്ടായിരുന്നു. ‘വിസ തീരുകയാണ്, നാട്ടിലൊരു തൂപ്പുകാരെൻറയെങ്കിലും പണി കിട്ടിയാൽ മതിയായിരുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്. കഥാപാത്രത്തെ നേരിൽ കാണാൻ ഏറെ വായനക്കാരെത്തി. പേക്ഷ, ആ കൗതുകം ഒറ്റനോട്ടത്തിലൊടുങ്ങി. മുന്നിൽ നിൽക്കുന്നത് താൻ അനുഭവിച്ച നജീബ് അല്ലല്ലോ എന്ന വായനക്കാരെൻറ തിരിച്ചറിവിൽ ബെന്യാമിൻ എന്ന എഴുത്തുകാരനും കൃതിയും വിജയിക്കുന്നു.
ക്ലേശഭരിതമായ അതിജീവനസമരത്തെ അനുതാപമുള്ള ഏതൊരു മനുഷ്യെൻറയും സ്വന്തമാക്കിത്തീർക്കുകയാണ് ഇൗ ‘പോക്കറ്റടി’യിലൂടെ ബെന്യാമിൻ ചെയ്തത്. നൂറു പതിപ്പുകൾ പിന്നിട്ടു എന്നതിലല്ല, നൂറുനൂറു മനുഷ്യരിലൂടെ ജീവിക്കുന്നു എന്നതാണ് ‘ആടുജീവിത’ത്തിെൻറ പ്രാധാന്യം. ആ ജീവിതത്തിെൻറ ഉടമയായ നജീബിനുപോലും കഴിയാത്തത്, ഒരു എഴുത്തുകാരനുമാത്രം കഴിയുന്നത്.
ആത്മഹത്യയിൽക്കൂടി പോലും രക്ഷനേടാൻ കഴിയാതെ ജീവിതം അനുഭവിച്ചുതീർക്കാൻ വിധിക്കപ്പെട്ട ഒരനാഥനിൽ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു എന്ന് ബഷീറിെൻറ ‘ശബ്ദങ്ങ’ളെക്കുറിച്ച് എം.എൻ വിജയൻ എഴുതി. ഒരുപക്ഷേ, ജീവിതത്തെ അത്രമേൽ സാഹസികമായ സത്യസന്ധതയോടെ പുതുതലമുറയിൽ ആവിഷ്കരിക്കുന്ന എഴുത്തുകാരനാണ് ബെന്യാമിൻ. ക്ലാസിക്കൽ റിയലിസത്തിെൻറ ഒരുതരം പുതുഭാവുകത്വപരീക്ഷണം. ബഷീറിനെയും പാറപ്പുറത്തിനെയും കാരൂരിനെയും വിദൂരമായെങ്കിലും കണ്ണിചേർക്കാൻ കഴിയുന്ന സഞ്ചാരഗതി, ‘ആടുജീവിതം’ മാത്രമല്ല, ‘മഞ്ഞവെയിൽ മരണങ്ങ’ളും ‘മുല്ലപ്പൂനിറമുള്ള പകലു’കളും എഴുതിയ ബെന്യാമിനിലുമുണ്ട്.
ഒരു കൈനോട്ടക്കാരൻ അബദ്ധത്തിൽ പോലും ‘നീ എഴുത്തുകാരനാകും’ എന്ന് പത്തനംതിട്ടക്കാരനായ ബെന്നി ഡാനിയേൽ എന്ന പോളിടെക്നിക് ഡിപ്ലോമക്കാരനോട് പറഞ്ഞിട്ടില്ല. ഇഷ്ടവിഷയം മലയാളമല്ല. വായനപോലും പരിമിതം. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ടാക്സിഡ്രൈവറുടെയും സാധാരണക്കാരിയായ വീട്ടമ്മയുടെയും മകൻ എങ്ങനെ വായനക്കാർക്ക് പ്രിയപ്പെട്ടവനായി? ‘ഞാനെന്തായിത്തീരാൻ നീ ആഗ്രഹിക്കുന്നുവോ എന്നെ നീ അതാക്കിത്തീർക്കണമേ’ എന്ന നിക്കോസ് കസൻദ് സാക്കീസിെൻറ പ്രാർഥനയായിരിക്കും ബെന്യാമിെൻറ മറുപടി.വലിയ കശുമാവിൻ തോട്ടത്തിനു നടുവിലെ കൊച്ചുവീട്ടിൽ രാത്രി മണ്ണെണ്ണവിളക്കിെൻറ വെളിച്ചത്തിലിരുന്ന് വായിക്കുന്ന ഒരു അമ്മച്ചിയിലൂടെയാണ് വായനയോടുള്ള ആസക്തി വന്നത്. കൂടെയുള്ള ഏക സഹോദരി മുതിർന്നതായതിനാൽ ഒറ്റക്കിരുന്ന് സ്വപ്നം കാണുന്ന ശീലമുണ്ടായി. അമ്മയുടെ വയറ്റിൽെവച്ച് മരിച്ചുപോയ മൂന്ന് സഹോദരങ്ങൾ ബെന്യാമിെൻറ എഴുത്തിന് ഒരുക്കപ്പെട്ട ബലിയായിരുന്നു.
ബെന്യാമിെൻറ പ്രധാന രചനകൾക്കെല്ലാം ഇത്തരമൊരു നിയോഗത്തിെൻറ ഫലശ്രുതിയുണ്ട്. ക്രിസ്തുവിനെ താൻ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിെൻറ ദൈവഭാവത്താലൊന്നുമല്ല, അദ്ദേഹവും തെൻറ അപ്പച്ചനും ഒരേപോലെ തച്ചന്മാരായതുകൊണ്ടാണെന്ന് ബെന്യാമിൻ എഴുതിയിട്ടുണ്ട്. പള്ളിവഴക്കിലും തമ്മിൽത്തല്ലലിലും അഭിരമിച്ചുകഴിഞ്ഞ അച്ചാച്ചെൻറ വീട്ടുകഥയുടെ കോമഡി രൂപമായി ‘അക്കപ്പോരിെൻറ ഇരുപത് നസ്രാണിവർഷങ്ങൾ’ എന്ന നോവലുണ്ടായത് അങ്ങനെയാണ്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ പ്രീഡിഗ്രിക്കുശേഷം തിരുപ്പൂരിൽ പോളി ടെക്നിക് പഠനം. മറ്റൊരാൾക്കുവേണ്ടി പറഞ്ഞുെവച്ച വിസയിൽ ബഹ്റൈനിലേക്ക്. ഒറ്റപ്പെടലിൽനിന്ന് രക്ഷതേടി വായനയിലേക്ക്. 16 മണിക്കൂർ നീണ്ട ഭയാനകമായ ശൂന്യത നികത്താൻ മനാമയിലെ ഒരു സ്വകാര്യ ലൈബ്രറിയിലേക്ക്... അവിടം ഭ്രാന്തമായ വായന വീണ്ടെടുത്തുനൽകി. അങ്ങനെ ഉറങ്ങിക്കിടന്ന വാക്കുകൾ ഉയിർത്തെഴുന്നേറ്റു.
തനിച്ചായിപ്പോകുന്ന പ്രവാസിയുെടത് താനും ദൈവവും മാത്രമുള്ള ഒരു ജീവിതമാണ്. അങ്ങനെയൊരാളുടെ പ്രാർഥനകളുടെ അർഥശൂന്യതയിൽനിന്നാണ് ബെന്യാമിെൻറ എഴുത്ത് പുതിയ തലത്തിലേക്ക് പ്രവേശിക്കുന്നത്. എഴുത്തുകാരനുമുന്നിലേക്ക് നജീബ് വന്നുപെടുകയായിരുന്നു. ഒരു വർഷം ബെന്യാമിൻ നജീബിനെ പിന്തുടർന്നു. ഒരു സാങ്കൽപിക കഥാപാത്രത്തെ സൃഷ്ടിച്ചെടുക്കാൻ എഴുത്തുകാരൻ എടുക്കുന്ന മാനസിക തയാറെടുപ്പുകളെക്കാൾ ദുഷ്കരമായിരുന്നു ജീവിച്ചിരിക്കുന്ന ഒരാളിലേക്കുള്ള പരകായപ്രവേശം. ജീവിച്ചിരിക്കുന്ന നജീബ് അല്ല, ‘ആടുജീവിത’ത്തിലെ നജീബ് എന്ന് നാം അറിയുന്നു. 1992 ഏപ്രിൽ നാല്, നജീബ് റിയാദിൽ കാലുകുത്തിയ നിമിഷം മാത്രമല്ല, ബെന്യാമിൻ ബഹ്റൈനിലെത്തിയ ദിവസം കൂടിയായി മാറുകയാണ്. രോഗങ്ങൾ തീണ്ടിയ ബാല്യത്തിെൻറ യും ഏകാന്തമായ സ്വപ്നങ്ങൾ നിറഞ്ഞ കൗമാരത്തിെൻറയും തുടർച്ചയിൽ, ഒരു പുതുജന്മം.
വിദേശജീവി എന്നും അതിക്രമിച്ചുകയറിയവനാണ്, ഏതു സമൂഹത്തിലും. മതത്തിെൻറയും നിറത്തിെൻറയും ഭാഷയുടെയും പേരിൽ അയാൾ നോട്ടപ്പുള്ളിയായിരിക്കും. അപകടകരമായ ജീവിതമായിരിക്കും അയാളുടെത്. ‘മുല്ലപ്പൂ നിറമുള്ള പകലു’കളിലെ സമീറ പർവീൺ എന്ന പാകിസ്താനി സുന്നി മുസ്ലിം യുവതിയുടെ ജീവിതവും അത്തരത്തിലുള്ളതാണ്. പേരില്ലാത്ത ഗൾഫ് നഗരത്തിൽ തീർത്തും അന്യ, അപര. പലതരം െഎഡൻറിറ്റികളുടെ പേരിൽ വേട്ടയാടപ്പെടുന്ന ലോകമനുഷ്യരാണ് ബെന്യാമിെൻറ പ്രമേയം. പാർശ്വവത്കരിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും... അപരിചിതമായ അനവധി സ്വത്വങ്ങളും ദേശീയതകളും ഉൾച്ചേർന്ന, മലയാളിക്ക് പരിചിതമല്ലാത്ത സ്ഥലികളെ ആവാഹിക്കുന്ന വിദ്യകൊണ്ടാണ് ബെന്യാമിൻ എഴുത്തിൽ ഇടം നേടുന്നത്. ബഹുഭാഷാ- സാംസ്കാരിക സമൂഹങ്ങളിൽ ജീവിക്കുന്ന മലയാളികളടക്കമുള്ളവരെ ഇത്ര സൂക്ഷ്മമായി കേരളീയ പുതുതലമുറയിലെ മറ്റൊരു സർഗക്രിയയും ആവിഷ്കരിച്ചിട്ടില്ല.
രണ്ടു പതിറ്റാണ്ടിെൻറ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി എഴുത്തിന് ജീവിതം സമർപ്പിക്കാനുള്ള തീരുമാനം തെറ്റിയില്ല. പ്രമേയത്തിലും ക്രാഫ്റ്റിലും പുതുപരീക്ഷണം നടത്താനായി. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകി. ‘കഴുത്ത്’ നോക്കാതെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞു. രാജ്യത്ത് ഏറ്റവും വലിയ സമ്മാനത്തുകയാണ് ആദ്യ ജെ.സി.ബി സാഹിത്യപുരസ്കാരത്തിലൂടെ ബെന്യാമിന് സ്വന്തമാകുന്നത്; 25 ലക്ഷം രൂപ. അക്രമങ്ങൾക്കെതിരായ ഉൾക്കാഴ്ചയുള്ള കൃതി എന്നാണ് ഷഹനാസ് ഹബീബ് വിവർത്തനം ചെയ്ത ‘ജാസ്മിൻ ഡെയ്സി’നെ ജൂറി അംഗം വിവേക് ഷാൻബാഗ് വിശേഷിപ്പിച്ചത്. പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പായ ജെ.സി.ബി ഇൗ വർഷമാണ് അവാർഡ് ഏർപ്പെടുത്തിയത്. കേന്ദ്ര പ്രവാസികാര്യ വകുപ്പിെൻറ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടി. പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് കഴിഞ്ഞ ദശകത്തിലെ മികച്ച എഴുത്തുകാരനായി തെരഞ്ഞെടുത്തു. അബീശഗിൻ, അൽ അറേബ്യൻ നോവൽ ഫാക്ടറി, മാന്തളിരിലെ ഇരുപത് നസ്രാണിവർഷങ്ങൾ, യുത്തനേസിയ, ഇ.എം.എസും പെൺകുട്ടിയും എന്നിവ പ്രമുഖ കൃതികൾ. ബഹ്റൈൻ ആരോഗ്യവകുപ്പിൽ നഴ്സായ ആശ മാത്യുവാണ് ഭാര്യ. മക്കൾ: റോഷൻ ഡാനിയേൽ, കെസിയ ഡാനിയേൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.