ഇന്ത്യയെ ‘താമരക്കുള’മാക്കിയ കൃതാനർഥങ്ങൾ
text_fieldsറിയാദിൽനിന്ന് ദുബൈയിലേക്കുള്ള വിമാനയാത്ര മധ്യേ പരിചയപ്പെട്ട അസോസിയേറ്റഡ് പ്രസിെൻറ മേഖല പ്രതിനിധി ഇറാൻ വംശജനായ ജേണലിസ്റ്റ്, ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ കുറിച്ച് വാചാലനായി. വാജ്പേയിയുമായി നടത്തിയ ഒരഭിമുഖം മധുരോദാരമായ ഓർമയായി അദ്ദേഹം കൊണ്ടുനടക്കുന്നുണ്ടിപ്പോഴും. അര മണിക്കൂർ സമയമാണ് അനുവദിച്ചിരുന്നതെങ്കിലും ഇൻറർവ്യൂ ഒന്നര മണിക്കൂറിലേറെ നീണ്ടത്രേ. കല, സാഹിത്യം, പേർഷ്യൻ ഭാഷ, ആയിരത്തൊന്നു രാവുകൾ, ആലിബാബയും നാൽപത് കള്ളന്മാരും... തെൻറ സാഹിതീ വാസനയും സഹൃദയത്വവും അശേഷം ജാടയില്ലാതെ അദ്ദേഹം അനാവരണം ചെയ്തു. എന്നാൽ, രാഷ്ട്രീയത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഏറെ ദൂരം താണ്ടി ചെന്നിട്ടും എന്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയോട് രാഷ്ട്രീയം ചോദിച്ചില്ല? സുഹൃത്തിെൻറ പ്രതികരണം കൗതുകകരമായിരുന്നു: ‘‘ഇന്ത്യൻ രാഷ്ട്രീയം പ്രവചനാതീതമായി തുടരുകയാണെന്ന് താങ്കൾ മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ; അതുകൊണ്ട് നമുക്ക് രാഷ്ട്രീയം ഒഴിച്ച് മറ്റെന്തും സംസാരിക്കാം എന്ന് മുൻകൂർ ജാമ്യമെടുത്തായിരുന്നു വാജ്പേയി സംഭാഷണത്തിലേക്ക് കടന്നതുതന്നെ’’.
ശരിയാണ്. 1999ൽ ഏതാനും പ്രബലകക്ഷികളുടെ ചങ്ങാത്തം ഉറപ്പിക്കുന്നതു വരെ തങ്ങളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വല്ലതും പറയാൻ ബി.ജെ.പി നേതാക്കൾക്കുപോലും സാധിക്കുമായിരുന്നില്ല. കാവി രാഷ്ട്രീയത്തിെൻറ അധികാര ചരിത്രം തുടങ്ങുന്നതുതന്നെ ആകസ്മികതകളിൽനിന്നും രാഷ്ട്രീയപ്രതിയോഗികളുടെ പിഴവുകളിൽനിന്നുമാണ്. ആദ്യം 13ദിവസം; പിന്നീട് 13മാസം. 1984ൽ കേവലം രണ്ട് അംഗബലവും 7.72 ശതമാനം വോട്ട് വിഹിതവും മാത്രം കൈമുതലുള്ള ഒരു പാർട്ടിക്ക് 1996ൽ അധികാരത്തിെൻറ അയലത്ത് കാലെടുത്തുവെക്കാൻ സാധിച്ചത് 161 സീറ്റോടെ (20.29 ശതമാനം വോട്ട് ) ലോക്സഭയിലെ ഏറ്റവും വലിയ കക്ഷി എന്ന പദവി നേടാൻ സാധിച്ചപ്പോഴാണ്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഒരു കൈപ്പിഴയായിരുന്നു ബി.ജെ.പിയുടെ അല്ലെങ്കിൽ എ.ബി. വാജ്പേയിയുടെ പ്രഥമ അധികാരാരോഹണം.
’96 മേയ് 12ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ഒരു മതേതര സർക്കാറിന് പിന്തുണ നൽകാനാണ് പ്രമേയം വഴി തീരുമാനിച്ചത്. ബി.ജെ.പി ഭരണത്തിലേക്കടുക്കുന്നത് തടയാൻ കോൺഗ്രസിതര മതേതരകക്ഷികളുടെ കൂട്ടായ്മയായ ദേശീയ മുന്നണിയും ഉറച്ച ചില നിശ്ചയങ്ങളിലെത്തി. പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു ആ നിർണായകസന്ധിയിൽ കേന്ദ്രഭരണത്തിന് നേതൃത്വം നൽകണമെന്നായിരുന്നു സെക്കുലർ ചേരിയുടെ ഏകകണ്ഠമായ ആഗ്രഹം. ബസു സന്നദ്ധനായിരുന്നുതാനും. പക്ഷേ, പാർട്ടിയുടെ മനസ്സലിഞ്ഞില്ല. നിർദേശം തള്ളപ്പെട്ടപ്പോൾ ബസു രോഷം പരസ്യമാക്കി; പാർട്ടി തീരുമാനം ‘ഹിമാലയൻ വങ്കത്തം’ ആണെന്ന് വെട്ടിത്തുറന്നു പറഞ്ഞു.
എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഉണ്ടാക്കാൻ തങ്ങൾ സന്നദ്ധമാണെന്ന് കാണിച്ച് ദേശീയമുന്നണി-ഇടതുകൂട്ടായ്മ മേയ് 14ന് രാഷ്ട്രപതിക്കു കത്ത് നൽകി. എല്ലാവരെയും അമ്പരപ്പിച്ച് മേയ് 15ന് ശങ്കർദയാൽ ശർമ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചത് വാജ്പേയിയെ ആണ്. കേവലഭൂരിപക്ഷം കടക്കാൻ 272 അംഗങ്ങളുടെ പിൻബലം അനിവാര്യമാണെന്നിരിക്കെ, എന്തുകൊണ്ട് ശർമ അത്തരമൊരു തീരുമാനമെടുത്തുവെന്ന ചോദ്യം ജനാധിപത്യപരവും ഭരണഘടനാപരവുമായ ഒട്ടേറെ ചോദ്യങ്ങളുയർത്തി. മതേതരപക്ഷം കൈകോർത്താൽ വൻ ഭൂരിപക്ഷത്തോടെ സർക്കാറുണ്ടാക്കാം എന്നിരിക്കെ പ്രസിഡൻറിെൻറ നടപടി ഇന്ത്യൻ ജനാധിപത്യത്തെ കേവലം അക്കങ്ങളിലൊതുക്കുന്ന ചിന്താവിഹീനമായ നടപടിയായിപ്പോയെന്ന് ചിലരെങ്കിലും ധൈര്യസമേതം വിളിച്ചുപറഞ്ഞു. 30 ശതമാനത്തിൽ താഴെ സീറ്റും 20 ശതമാനം ജനങ്ങളുടെ മാത്രം മാൻഡേറ്റുമുള്ള ഒരു പാർട്ടിയുടെ കൈകളിലേക്ക് രാജ്യഭരണം ഏൽപിച്ചുകൊടുത്തതിലൂടെ ഡോ. ശർമ ജനായത്ത വ്യവസ്ഥിതിക്കേൽപിച്ച പ്രഹരം കനത്തതാണെന്ന് വിലാപങ്ങളുയർന്നു. ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി വാജ്പേയിക്ക് 1996 മേയ് 16ന് സത്യപ്രതിജ്ഞ ചെയ്തുകൊടുത്തത് മേയ് 27, 28 തീയതികളിൽ വിശ്വാസപ്രമേയത്തിലൂടെ ഭൂരിപക്ഷം തെളിയിക്കണം എന്ന നിബന്ധനയോടെയായിരുന്നു.
അധികാരത്തോടുള്ള അത്യാർത്തി
അധികാരത്തോടുള്ള സംഘ്പരിവാറിെൻറ അത്യാർത്തി രാജ്യം കണ്ടത് ആ 13 ദിവസങ്ങളിലാണ്. ഒരിക്കലും ഭൂരിപക്ഷം ഒപ്പിച്ചെടുക്കാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും എണ്ണപ്പെട്ട ദിനങ്ങൾക്കുള്ളിൽ നിർണായക തീരുമാനമെടുക്കാൻ ഒരുമ്പെട്ടു. വിശ്വാസപ്രമേയ ചർച്ച നിർത്തിവെച്ച് മന്ത്രിസഭാ യോഗം ചേർന്ന് മഹാരാഷ്ട്രയിലെ എൻറോൺ താപനിലയത്തിന് അനുകൂലമായ തീരുമാനമെടുത്ത നെറികേട് രാജ്യത്തെ ഞെട്ടിച്ചു. ‘േഫാട്ടോകോപ്പി ഗവൺമെൻറ്’ എന്ന് ചിലർ സർക്കാറിനെ കളിയാക്കി. അതി രഹസ്യസ്വഭാവമുള്ള ഫയലുകളുടെ കോപ്പിയെടുത്ത് ആർ.എസ്.എസ് ആസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുപോകാൻ പദ്ധതിയുണ്ട് എന്ന് അക്കാലത്ത് മുറുമുറുപ്പുണ്ടായിരുന്നു.
തന്നെ ഏറെ അദ്ഭുതപ്പെടുത്തിയത് എ.ബി. വാജ്പേയിയുടെ നിറംമാറ്റമാണെന്ന് ആ ചരിത്രയാമങ്ങൾക്ക് സാക്ഷിയായ സി.പി.എം നേതാവ് സോമനാഥ് ചാറ്റർജി ആത്മകഥയിൽ പറയുന്നുണ്ട്. പാർലമെൻറ് അംഗങ്ങളോട് സംവദിക്കുന്നതിനു പകരം ആർ.എസ്.എസ് ‘പ്രചാരകി’െൻറ ഉത്തരീയമണിഞ്ഞ്, ദൂരദർശനിലൂടെ ലൈവായി സംേപ്രഷണം ചെയ്ത ചർച്ചയെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രസരിപ്പിക്കാനാണ് വാജ്പേയിയും അദ്വാനിയും ഡോ. മനോഹർ ജോഷിയുമൊക്കെ ദുർവിനിയോഗം ചെയ്തത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാർട്ടിക്ക് ഭരണം കൈയിൽ വന്നാൽ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് അസന്ദിഗ്ധമായി പറയുന്നുണ്ടെങ്കിലും ആ വിഷയമൊന്നും സ്പർശിക്കാതെ പോയപ്പോൾ മറുചേരി കടന്നുപിടിച്ച് ആക്രമിച്ചു. തങ്ങൾക്ക് കേവലഭൂരിപക്ഷം കിട്ടട്ടെ, അപ്പോൾ പാർട്ടി മാനിഫെസ്റ്റോയിൽ പരാമർശിക്കുന്ന വിഷയങ്ങൾ നടപ്പാക്കുമെന്ന് വാജ്പേയി പറഞ്ഞുനിർത്തേണ്ട താമസം സി.പി.ഐ നേതാവ് ഇന്ദ്രജിത് ഗുപ്ത ചാടിയെഴുന്നേറ്റ് പറഞ്ഞു; പൂച്ച ചാക്കിൽനിന്ന് പുറത്തുചാടിയിരിക്കുന്നു.
ചർച്ച അന്ത്യത്തോട് അടുത്തപ്പോൾ താനിതാ രാഷ്ട്രപതിയെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് വാജ്പേയി പുറത്തിറങ്ങി. ഏറ്റവും കുറഞ്ഞ കാലയളവിൽ പ്രധാനമന്ത്രിപദത്തിൽനിന്ന് രാജിവെച്ചൊഴിയേണ്ടിവന്ന നേതാവ് എന്ന ‘ബഹുമതി’ അതോടെ അദ്ദേഹത്തിെൻറ പേരിൽ കുറിച്ചിടപ്പെട്ടു. തുടർന്നു വന്ന എച്ച്.ഡി. ദേവഗൗഡയെയും ഐ.കെ. ഗുജറാലിനെയും സ്വൈരമായി ഭരിക്കാൻ സീതാറാം കേസരി എന്ന കോൺഗ്രസിെൻറ പ്രസിഡൻറ് അനുവദിച്ചില്ല. 23 മാസത്തെ മതേതര പരീക്ഷണം അട്ടിമറിക്കപ്പെട്ടു. 1998ൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ്. ഇത്തവണ ബി.ജെ.പി ഒറ്റക്കല്ലായിരുന്നു. ദേശീയ ജനാധിപത്യ സഖ്യമുണ്ടാക്കാൻ (എൻ.ഡി.എ) ഏതാനും പാർട്ടികളെ വശത്താക്കുന്നതിൽ വിജയിച്ചു.
എ.ഐ.എ.ഡി.കെ, ലോക്ശക്തി, ബിജു ജനതാദൾ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രാദേശികകക്ഷികളുമായി സഖ്യത്തിലേർപ്പെട്ടപ്പോൾ കേവലഭൂരിപക്ഷം സംഭരിക്കാനായെങ്കിലും ജയലളിതയുടെ കോപാഗ്നി എല്ലാ സ്വപ്നങ്ങളും കരിച്ചുകളഞ്ഞു. 13മാസത്തിനുശേഷം വീണ്ടും രാജി. 1999ൽ വീണ്ടും തെരഞ്ഞെടുപ്പ്. അപ്പോഴേക്കും കാർഗിൽ മലകളിലേക്ക് പാകിസ്താൻ പട്ടാളം അതിക്രമിച്ചുകടന്നു കഴിഞ്ഞിരുന്നു. ഇന്ത്യ--പാക് സംഘർഷാന്തരീക്ഷം ഗുണം ചെയ്തത് വാജ്പേയിയുടെ പാർട്ടിക്ക്. 2004വരെ രാജ്യം ഭരിക്കാനുള്ള മാൻഡേറ്റ് ജനം വെള്ളിത്താലത്തിൽ വെച്ചുകൊടുത്തു. 2004ൽനിന്ന് 2014ലേക്ക് രാജ്യം നടന്നകന്നപ്പോഴേക്കും രാഷ്ട്രീയ ഋതുപ്പകർച്ച അനിവാര്യമാക്കും വിധം മതേതര പാർട്ടികൾ ശിഥിലീഭവിക്കുകയും 125 കോടി ജനതയുടെ പ്രതീക്ഷകൾ തകർത്തെറിയുകയും ചെയ്തിരുന്നു. ആ ചാരത്തിൽനിന്നാണ് നരേന്ദ്ര മോദി ഉയിർക്കൊള്ളുന്നത്.
വളർച്ച ആരുടെ ചെലവിൽ?
ഇന്ത്യ താമരക്കുളമായത് ഹിന്ദുത്വവാദികൾ ചെയ്ത സുകൃതങ്ങൾകൊണ്ടോ ഗരിമയാർന്ന ആശയദാർഢ്യംകൊണ്ടോ ആയിരുന്നില്ല. ജന്മബാധ്യത മറന്ന കോൺഗ്രസിെൻറ കൃതാനർഥങ്ങളിൽനിന്ന്, ദിശാബോധം നഷ്ടപ്പെട്ട സോഷ്യലിസ്റ്റുകളുടെ പാളിച്ചകളിൽനിന്ന്, ഇന്ത്യൻ യാഥാർഥ്യങ്ങളെ തൊട്ടറിയാത്ത കമ്യൂണിസ്റ്റുകളുടെ സൈദ്ധാന്തിക ദുശ്ശാഠ്യങ്ങളിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്ത് ക്രമാനുഗതമായി അവർ വളർന്നുവികസിക്കുകയായിരുന്നു. വിഭജനത്തിെൻറ മുറിപ്പാടുകളിലൂടെ മനുഷ്യച്ചോര കിനിഞ്ഞിറങ്ങിയ 1947--50 കാലഘട്ടത്തിൽപോലും ആർ.എസ്.എസിെൻറ സ്വപ്നസന്തതിയായ ഭാരതീയ ജനസംഘത്തിന് ഈ മണ്ണിൽ വേരിറക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം, നെഹ്റു എന്ന യഥാർഥ ബഹുസ്വരതാവാദിയുടെ മുന്നിൽ ഡോ. ശ്യാമപ്രസാദ് മുഖർജിക്കോ ഗോൾവൽക്കർക്കോ വർഗീയം വിതച്ചുകൊയ്യാൻ ത്രാണിയുണ്ടായിരുന്നില്ല. മഹാത്മജിയെ വെടിവെച്ചുകൊല്ലുന്നതിലൂടെ മാത്രമേ ഇവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിതമാകൂ എന്ന് തെറ്റായി കണക്കുകൂട്ടിയ ‘ഹിന്ദുരാഷ്ട്ര’ പത്രാധിപർ നാഥൂറാം ഗോദ്സെയുടെ നിഷ്ഠുരത ആർ.എസ്.എസിന് മികച്ച സംഭാവനകൾ അർപ്പിക്കുന്നതിനുമുമ്പുതന്നെ സർദാർ വല്ലഭ് ഭായി പട്ടേലിന് ഹൃദയം പൊട്ടി മരിക്കാൻ നിമിത്തമായി.
വലതുപക്ഷ ചിന്താഗതി വെച്ചുപുലർത്തിയ പുരുഷോത്തം ദാസ് ഠണ്ഡനെ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തിരുത്താൻ അനുവദിക്കാത്ത നെഹ്റുവിെൻറ മതേതരമനസ്സ് ആ കാലഘട്ടത്തെ ആർ.എസ്.എസിെൻറ ഗൂഢനീക്കങ്ങളിൽനിന്ന് മുക്തമാക്കിനിർത്തി. 1970ലാണ് ജനസംഘം മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് വാദിക്കുമ്പോഴും പാർലമെൻറിൽ ഗണനീയശക്തിയായി വളരാൻ ഒരിക്കലും അവർക്ക് സാധിച്ചില്ല. ഇന്ദിരയുടെ ആഗമത്തോടെ ദേവീപൂജക്ക് ഒരു വിഗ്രഹം കൈവന്ന ആലസ്യത്തിൽ സർസംഘ്ചാലക് പോലും കോൺഗ്രസിെൻറ അരുമശിഷ്യന്മാരായി. മുസ്ലിംകളുടെ വോട്ട് തങ്ങൾക്കു വേണ്ട എന്ന് 1972 കാലഘട്ടത്തിൽ ഇന്ദിര പരസ്യമായി പ്രഖ്യാപിച്ചതും അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി എടുത്തുകളഞ്ഞതും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചതുമെല്ലാം തങ്ങൾക്ക് കോൺഗ്രസ് മതി എന്ന് ആർ.എസ്.എസിനെക്കൊണ്ട് പറയിപ്പിച്ചു. നിലനിൽപ് അവതാളത്തിലായപ്പോൾ 1975ൽ അടിയന്തരാവസ്ഥയിലൂടെ ഏകാധിപത്യം പുറത്തെടുത്തതും ജയിലിലടക്കപ്പെട്ടവരിൽ ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെട്ടതും നാഗപൂരിലെ ബ്രാഹ്മണമേലാളന്മാരെ മാറി ചിന്തിപ്പിക്കാൻ നിർബന്ധിതരാക്കി.
അടിയന്തരാവസ്ഥ ജനസംഘത്തിെൻ അസ്പൃശ്യതക്ക് അയവുവരുത്തി. സോഷ്യലിസ്റ്റുകളോടൊപ്പം ചേർന്ന് ജനത പാർട്ടിയുണ്ടാക്കി. 1977ൽ വാജ്പേയിയും അദ്വാനിയും കേന്ദ്രമന്ത്രിമാരായി. ആർ.എസ്.എസിെൻറ ഇടങ്കോലിടൽ ജനതാപരീക്ഷണത്തെ അട്ടിമറിച്ചു. ദ്വയാംഗത്വ പ്രശ്നം 1980ൽ ബി.ജെ.പിയുടെ പിറവിയിൽ കലാശിച്ചു. അധികാരത്തിലേക്ക് തിരിച്ചുവന്ന ഇന്ദിരഗാന്ധി ഭൂരിപക്ഷ കാർഡ് പരസ്യമായി ഇറക്കി സിഖ്ഭീകരതക്കെതിരെ ഹിന്ദുക്കളെ തിരിച്ചുവിട്ടു. ‘ഹിന്ദുവോട്ട്ബാങ്ക്’ ഒരു യാഥാർഥ്യമാണെന്ന് കണ്ടെത്തിയതോടെ കാവിരാഷ്ട്രീയത്തിെൻറ ശ്രദ്ധ ആ വഴിക്ക് തിരിഞ്ഞു. ഇന്ദിര ചരിത്രത്തിലേക്ക് വിലയം പ്രാപിച്ചതോടെ ഒഴിഞ്ഞുകിട്ടിയ ഇടം പിടിച്ചെടുക്കാനായി പിന്നീടുള്ള മത്സരം. രാമജന്മഭൂമിയുടെ പേരിൽ സന്യാസിമാർ തുടങ്ങിവെച്ച പ്രക്ഷോഭം പാലംപൂർ പ്രമേയത്തിലൂടെ ബി.ജെ.പി കൈക്കലാക്കി. ഷാബാനുബീഗം കേസിെൻറ വിധി ദുർബലപ്പെടുത്താൻ രാജീവ് ഗാന്ധി കൊണ്ടുവന്ന മുസ്ലിം വനിതനിയമം ‘കൊടുംപ്രീണന’ത്തിെൻറ തെളിവായി മീഡിയ ഉയർത്തിക്കാട്ടി.
ഹിന്ദുരോഷം ശമിപ്പിക്കാൻ രാജീവ് ഗാന്ധി ബാബരിയുടെ പൂട്ടിയ കവാടം പൂജക്കായി തുറന്നുകൊടുത്തു. പിന്നീട് നടന്നതെല്ലാം ഹിന്ദുത്വയിലേക്ക് ആളെ കൂട്ടിക്കൊടുത്തു. വിവാദഭൂമിയിൽ ശിലാന്യാസം, അദ്വാനിയുടെ രഥയാത്ര, ബാബരിയുടെ ധ്വംസനം, രാജ്യമാകെ ന്യൂനപക്ഷവിരുദ്ധ കൂട്ടക്കൊല. ഒപ്പം ബോഫോഴ്സ്, ജെ.എം.എം കോഴക്കേസ്, ഹർഷദ്മേത്ത കുംഭകോണം, 65 കോടിയുടെ ഹവാല... അഴിമതിയുടെ പൂരപ്പറമ്പായ കോൺഗ്രസിന് ഒരു ബദൽ എന്ന ചിന്തയിൽ താമരയിൽ 31 ശതമാനം ജനം പ്രതീക്ഷയർപ്പിച്ചപ്പോഴാണ് മോദി യുഗത്തിന് യവനിക ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.