ചൈനീസ് കുതിപ്പിന്റെ സൂത്രവാക്യങ്ങൾ
text_fieldsസിറ്റി ബ്രെയിൻ ഡേറ്റ സെന്റർ
അടുത്തിടെ ചൈനയിലെ രണ്ട് സർവകലാശാലകളിൽ പ്രഭാഷണം നടത്താനും അവിടത്തെ രണ്ട് ഉന്നത നിർമിതബുദ്ധി ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കാനും അവസരം ലഭിച്ചിരുന്നു. നിർമിതബുദ്ധി രംഗത്തെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങൾ ബുദ്ധിപരമായി നിരീക്ഷിക്കുന്നത് സംബന്ധിച്ച പ്രോജക്ടിൽ സഹകരിക്കുന്നതിനെക്കുറിച്ചും അവിടത്തെ ഗവേഷകരുമായി സംസാരിക്കാനുമായി. എ.ഐയിൽ മാത്രമല്ല, ഫലത്തിൽ സമസ്ത മേഖലകളിലും ആ രാജ്യം പുരോഗമിക്കുന്ന രീതി അതീവ ശ്രദ്ധേയവും അനുകരണീയവുമായി തോന്നി.
എന്റെ പശ്ചാത്തലം സിവിൽ എൻജിനീയറിങ്ങാണെങ്കിലും (കമ്പ്യൂട്ടേഷനൽ മോഡലിങ്ങിൽ പിഎച്ച്.ഡി ചെയ്തു) എയറോസ്പേസ് എൻജിനീയറിങ്ങിൽ കുറേ വർഷം ജോലി ചെയ്തിരുന്നു. മറ്റ് മേഖലകളെ വെച്ചുനോക്കുമ്പോൾ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ സിവിൽ എൻജിനീയറിങ് അത്രകണ്ട് മുന്നേറിയിട്ടില്ലെന്നാണ് എന്റെ നിരീക്ഷണം. ഉദാഹരണത്തിന്, ആധുനിക കെട്ടിടങ്ങളും പാലങ്ങളും 50 വർഷം മുമ്പ് നിർമിച്ചവയുമായി താരതമ്യപ്പെടുത്തുമ്പോൾ, കാര്യമായ മാറ്റങ്ങളൊന്നും കാണാൻ കഴിയില്ല. മറുവശത്ത്, എയ്റോസ്പേസ് പോലെയുള്ള മറ്റ് വ്യവസായങ്ങൾ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും നൂതനാശയങ്ങളുടെയും കാര്യത്തിൽ അവിശ്വസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ, ചൈന യാത്രക്കുശേഷം എന്റെ കാഴ്ചപ്പാടാകെ മാറി.
ചൈനയിൽ ആദ്യം സന്ദർശിച്ച നഗരമായ ചോംഗ്ഖ്വിങ്ങിൽ ചില ഗംഭീര അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നു. നഗരത്തിൽ നിലവിലുള്ള ഒരു കെട്ടിടത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മനോഹരമായ ഒരു മെട്രോ സംവിധാനമുണ്ട്, ഞാൻ ഒരിക്കലും സങ്കൽപിക്കാത്ത ഒന്ന്.അതേ നഗരത്തിൽ, ഒരു ഭൂഗർഭ മെട്രോ സ്റ്റേഷനുണ്ട്, മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള എസ്കലേറ്റർ ഉപയോഗിച്ചുവേണം ആ സ്റ്റേഷനിൽ എത്താൻ.
എങ്ങനെയാണ് ചൈന അടിസ്ഥാനസൗകര്യ വികസനത്തിൽ അതിരുകൾ തള്ളിത്തുറന്ന് മുന്നേറുന്നതെന്ന് മനസ്സിലാക്കാൻ പകരം വെക്കാനില്ലാത്ത ഈ സ്വപ്നപദ്ധതികൾ വിശകലനം ചെയ്താൽ ബോധ്യമാവും. ബെയ്ജിങ്ങിൽനിന്ന് 60 മൈൽ തെക്കുള്ള ഷിയോങാനും സന്ദർശിക്കാൻ അവസരമുണ്ടായി. നിർമാണത്തിലിരിക്കുന്ന ഹൈടെക്, പരിസ്ഥിതി സൗഹൃദ നഗരമാണിത്. സ്മാർട്ട് സിറ്റിയെന്നാൽ ‘ഡിജിറ്റൽ ട്വിൻ’ എന്ന ആശയമാണ്. അത് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ ഡിജിറ്റൽ മോഡൽ ആവശ്യമാണ്.
ഷിയോങ് ഒരു ‘ട്വിൻസിറ്റി’ (സംയോജിത നഗരം) മാത്രമല്ല, അതിനുമപ്പുറത്താണ്. അവർ ഒരു ‘ട്രിപ്പിൾ സിറ്റി’യാണ് നിർമിക്കുന്നത്. ഡിജിറ്റൽ മോഡലിനുപുറമെ സമ്പൂർണമായ ഭൂഗർഭ നഗരം കൂടി നിലവിലെ നഗരത്തിനുതാഴെ നിർമിക്കുന്നു. നഗരം, ഡിജിറ്റൽ മോഡൽ, ഭൂഗർഭ നഗരം എന്നിങ്ങനെ മൂന്നുപാളികൾ ഉണ്ടാകും. ഇവയെല്ലാം ബന്ധിപ്പിച്ച് മികച്ചതും കാര്യക്ഷമവുമായ പരിസ്ഥിതി സൃഷ്ടിക്കും. ഈ ട്രിപ്പിൾ സിറ്റി ചൈനയുടെ അടുത്ത 1000 വർഷത്തെ പദ്ധതിയുടെ ഭാഗമാണെന്നാണ് നേതാക്കൾ പറയുന്നത്. ഈ സഹസ്ര വർഷ പദ്ധതി നഗരത്തിലെ കൃത്രിമ പൂന്തോട്ടത്തിൽ കലാപരമായി വരച്ചിട്ടിരിക്കുന്നു. ഭൂരിഭാഗം ആളുകൾക്കും സങ്കൽപിക്കാൻ കഴിയാത്ത തരത്തിൽ അവർ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. ഗംഭീര ദീർഘവീക്ഷണം.
നഗരത്തിൽ അതിവേഗ റെയിലുണ്ട്. സ്മാർട്ട് സിറ്റിയുടെ ഹൃദയഭാഗത്ത് ‘സിറ്റി ബ്രെയിൻ’ എന്ന് വിളിക്കുന്ന വലിയ ഡേറ്റ സെന്ററുണ്ട്. ഗതാഗതവും പൊതുസേവനങ്ങളുമടക്കം എല്ലാം നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും ഇവിടെനിന്നാണ്. വലിയ കണ്ണിന്റെ ആകൃതിയിലാണ് ഡേറ്റ സെന്ററിന്റെ നിർമിതി.ഗവേഷണത്തിനും വികസനത്തിനും (R&D) വൻതോതിൽ പണം മാറ്റിവെക്കുന്നത് ചൈനയുടെ ദീർഘവീക്ഷണമുള്ള മനോഗതിയാണ് പ്രതിഫലിപ്പിക്കുന്നത്. ചൈനയിലെ സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും വൻതോതിൽ ധനസഹായം ലഭിക്കുന്നു. മികച്ച ഗവേഷണം നടത്താനും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനും ഇത് അവരെ പ്രാപ്തരാക്കുന്നു.
ശ്രദ്ധിച്ച മറ്റൊരു കാര്യം, ആ രാജ്യത്തുടനീളം കണ്ട ഇലക്ട്രിക് വാഹനങ്ങളാണ് (ഇ.വികൾ). പരമ്പരാഗത പെട്രോളിയം കാർ എൻജിൻ നിർമിക്കുന്നതിൽ ഒരിക്കലും മികവു പുലർത്താതിരുന്ന അവർ ഇ.വി സാങ്കേതികവിദ്യയിൽ ലോകത്ത് മുൻനിരയിലാണ്. ഉയർന്ന കാര്യക്ഷമതയുള്ള കാർ എൻജിനുകളും വിമാന എൻജിനുകളും നിർമിക്കാൻ അത്യന്തം കൃത്യമായ എൻജിനീയറിങ് ആവശ്യമാണ്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് തികച്ചും വ്യത്യസ്തമായ സാങ്കേതികവിദ്യയാണുള്ളത്. സങ്കീർണവും അതിസൂക്ഷ്മവുമായ എൻജിൻ ഇവിടെ ആവശ്യമില്ല. പകരം അവ ബാറ്ററിയിൽ പ്രവർത്തിക്കുന്നു. ഗവേഷണത്തിൽ സമയോചിതമായി നിക്ഷേപം നടത്തി ബാറ്ററി സാങ്കേതികവിദ്യയിൽ ചൈന മുന്നിലെത്തി. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ റോഡുകളിൽ കൂടുതൽ ചൈനീസ് ഇ.വികൾ കണ്ടാൽ ഞാൻ അത്ഭുതപ്പെടില്ല. മികച്ച സൗകര്യമുള്ള ആഡംബര/സാധാരണ ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ ചെലവിൽ നിർമിച്ച് ലോകത്തിലെ മികച്ചവയുമായി മത്സരിക്കാൻ അവർക്ക് കഴിയും.
യു.എസ് പോലുള്ള രാജ്യങ്ങൾ ചൈനക്ക് ചില സാങ്കേതികവിദ്യകൾ ലഭിക്കുന്നത് തടയുകയും അന്താരാഷ്ട്ര സഹകരണം കുറക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് നിരവധി രാജ്യങ്ങളും വ്യാപാര തടസ്സങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിഭവങ്ങൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ വെല്ലുവിളികൾ മറികടക്കാനും നൂതന സാങ്കേതികവിദ്യയിൽ ആഗോള നേതാവാകാനും രാജ്യം വഴികണ്ടെത്തിയിട്ടുണ്ട്. വരുംവർഷങ്ങളിൽ, ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കായി ചൈനയെ ആശ്രയിക്കേണ്ടിവന്നേക്കാം. നിർമിതബുദ്ധി ആയാലും സ്മാർട്ട് സിറ്റികളായാലും ഹൈസ്പീഡ് ഗതാഗതമായാലും ചൈന ഭാവിയെ രൂപപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങൾക്ക് കഴിയാത്ത രീതിയിലാണ്. ആസൂത്രണം, ഗവേഷണത്തിൽ നിക്ഷേപിക്കൽ, ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ സംയോജിപ്പിക്കൽ എന്നിവയിൽ അവരുടെ മികവ് മറ്റ് രാജ്യങ്ങൾ പഠിക്കേണ്ടതാണ്.
ഇന്ത്യയിലെ ഗവേഷണ ഫണ്ടിങ്ങിലെ ഭൂരിഭാഗവും സർക്കാറിൽനിന്നാണ് വരുന്നത്. നിർഭാഗ്യവശാൽ, സ്വകാര്യ കമ്പനികൾ റിസർച് ആൻഡ് ഡെവലപ്മെന്റിൽ അധികം നിക്ഷേപിക്കുന്നില്ല. ഇത് പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തെ തടയുന്നു. ചൈനയിൽ സർക്കാറും സ്വകാര്യ കമ്പനികളും ഗവേഷണത്തിൽ ഗണ്യമായി സംഭാവന ചെയ്യുന്നു. പല സന്ദർഭങ്ങളിലും സ്വകാര്യ കമ്പനികൾ സർക്കാറിനേക്കാൾ കൂടുതൽ നിക്ഷേപിക്കുന്നു. കമ്പനികൾ സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും ഇടപഴകുന്നു. ഈ സമീപനം ചൈനക്ക് മാത്രമുള്ളതല്ല. അമേരിക്ക വളരെക്കാലമായി ഇത് ചെയ്തുകൊണ്ടിരിക്കുന്നു.
യു.എസിൽ സർക്കാറും സ്വകാര്യ കമ്പനികളും ഗവേഷണത്തിൽ വൻതോതിൽ നിക്ഷേപിക്കുന്നു. ഹാർവാഡ്, സ്റ്റാൻഫോഡ്, എം.ഐ.ടി തുടങ്ങിയ യു.എസിലെ മികച്ച സർവകലാശാലകളിൽ ഭൂരിഭാഗത്തിനും സ്വകാര്യ ഫണ്ടിങ് ലഭിക്കുന്നു. ബിസിനസുകാർ, ജീവകാരുണ്യ പ്രവർത്തകർ, മറ്റു സ്വകാര്യ സ്രോതസ്സുകൾ എന്നിവയിൽനിന്ന് സർവകലാശാലകൾക്ക് വലിയ തുക ലഭിക്കുന്നു. ഇത് അവരെ ലോകത്തിലെ മികച്ച ഗവേഷണം നടത്താനും നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാനും സഹായിക്കുന്നു.
അടുത്തിടെ കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ മുൻ വൈസ് ചാൻസലർ ഗംഗൻ പ്രതാപ് (സയന്റോമെട്രിക്സ് 2025) നടത്തിയ ഗവേഷണ പഠനത്തിൽ പറയുന്നത്, ചൈന ജി.ഡി.പി ഫലപ്രദമായി ഉപയോഗിച്ച് ശാസ്ത്രീയ ഗവേഷണം ശക്തിപ്പെടുത്തി സാങ്കേതികവിദ്യയിൽ മുന്നേറിയെന്നും എന്നാൽ, ഇന്ത്യ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണെങ്കിലും അതേ തോതിലുള്ള വളർച്ച കൈവരിച്ചിട്ടില്ല എന്നുമാണ്.
ഇന്ത്യയിൽ ഇപ്പോഴും ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, സി.എസ്.ഐ.ആർ ലാബുകൾ, മറ്റു സർക്കാർ സർവകലാശാലകൾ എന്നിവയെയാണ് ഗവേഷണത്തിനായി ആശ്രയിക്കുന്നത്. സ്വകാര്യ ഫണ്ടിങ് ലഭിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ ഇല്ല എന്നുതന്നെ പറയാം. ഇത് വലിയൊരു വിടവാണ്. സ്വകാര്യ കമ്പനികൾ ഗവേഷണത്തിന് കൂടുതൽ നിക്ഷേപിക്കാനും സ്വന്തം ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കാനും രാജ്യം പ്രോത്സാഹനം നൽകുകയാണെങ്കിൽ കാര്യങ്ങൾ മാറ്റിയെടുക്കാൻ കഴിയും. ഇത് കൂടുതൽ തൊഴിൽ സൃഷ്ടിക്കും. നൂതന ആവിഷ്കാരങ്ങൾ കൊണ്ടുവരും. ആഗോളതലത്തിൽ മത്സരിക്കാനും യു.എസിനെയും ചൈനയെയും പോലെ സമാനമായ രീതിയിൽ വളർച്ചയുടെ പുതുയുഗത്തിലേക്ക് പ്രവേശിക്കാനും ഇന്ത്യക്കും കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.