പാടാത്ത യേശുദാസ്
text_fieldsഫയലുകളല്ല, ശബ്ദമാണ് ആകാശവാണിക്ക് പ്രധാനപ്പെട്ടതെന്ന് തെളിയിച്ചയാളാണ് സി.പി. രാജശേഖരൻ. ആരെയും ആകർഷിക്കുന്ന ശബ്ദം. ഞാൻ അടുപ്പത്തോടെ തന്നെ വിളിക്കാറുള്ളത് ‘പാടാത്ത യേശുദാസ്’ എന്നാണ്. ഇത്രയേറെ സൗന്ദര്യമുള്ള ശബ്ദത്തിന ുടമ പാടുക കൂടി ചെയ്താലോയെന്ന് പലവട്ടം ആലോചിച്ചിട്ടും പരസ്പരമുള്ള ചർച്ചകളിലും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരിക്കൽ പോലും രാജശേഖരൻ പാടിയിട്ടില്ല, താൻ പാട്ടുകാരനല്ലെന്നായിരുന്നു മറുപടിയും. സാധാരണ അനൗൺസറായി ജോലിയിൽ പ്രവേശിച്ച ് ‘അനൗൺസർ’ ആണ് ആകാശവാണിയുടെ എല്ലാമെന്ന് ജീവിതം കൊണ്ട് തെളിയിച്ചു. മേലാള-കീഴാള സംസ്കാരം നിലനിന്നിരുന്ന ആകാശവാണിയിൽ അത്തരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി ജനകീയവും സൗഹൃദവുമാക്കാൻ കഴിഞ്ഞത് സി.പി. രാജശേഖരെൻറ ഭരണനിർവഹണ മികവുകളിലേതാണ്.
റേഡിയോ എന്ന മാധ്യമത്തെ അതിെൻറ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താം, സാധാരണക്കാരിലേക്ക് എങ്ങനെ എത്തിക്കാനാവും എന്നത് തെളിയിച്ചത് രാജശേഖരൻ എന്ന പ്രക്ഷേപണ കലാകാരെൻറ നേട്ടമാണ്. ചിട്ടവട്ടങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന ആകാശവാണിയുടെ പരിപാടികളിലെ നവീനതയും ജനകീയതയെയും സമന്വയിപ്പിച്ച് സാധാരണക്കാരിലേക്ക് എത്തിക്കുന്ന ശബ്ദത്തെ കലയാക്കി മാറ്റിയ പ്രതിഭ. റേഡിയോ സംസ്കാരത്തിന് പുതിയ പരിവേഷമുണ്ടാക്കുകയായിരുന്നു രാജശേഖരൻ. ഉദയഭാനു, പത്മരാജൻ, തിരുവിഴ ജയശങ്കർ, ജഗതി എൻ.കെ. ആചാരി, രാജകുമാരി, കൗസല്യ, വേണു നാഗവള്ളി തുടങ്ങിയ ആകാശവാണിയുടെ ശബ്ദങ്ങളിൽ പുതിയ തലമുറക്ക് ഏറെ ഹൃദ്യമായ അനുഭവമാകുന്നത് രാജശേഖരേൻറതായിരുന്നു. രാജശേഖരനെ കാണുന്നതിന് മുമ്പ് ഞാൻ അറിയുന്നത് ആ ശബ്ദമായിരുന്നു. ആ ശബ്ദത്തിനോടായിരുന്നു ഏറെ ഇഷ്ടവും.
ശബ്ദംകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ചിരുത്തുന്ന രാജശേഖരേൻറത് സാഹസിക പ്രവർത്തനം കൂടിയായിരുന്നു. ടേപ്പും, മൈക്കുമില്ലാതെ പ്രോഗ്രാം അവതരിപ്പിക്കുന്ന അസാമാന്യത പലപ്പോഴും രാജശേഖരൻ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നാടകങ്ങളടക്കമുള്ളവയിൽ പോലും. എന്തെങ്കിലും നിർദേശിച്ചാൽ പറ്റില്ലെന്ന് പറയില്ല. ഹിമാലയം ആണെങ്കിലും ചാടിക്കടക്കുമെന്ന ദൃഢനിശ്ചയമായിരുന്നു രാജശേഖരെൻറ ജീവിതത്തിലെ സവിശേഷമായത്. നടക്കില്ലെന്ന ചിന്തയും വാക്കും ഒരിക്കലും ആരോടും പങ്കുവെച്ചിട്ടില്ല. സഹപ്രവർത്തകരോടും കലാകാരന്മാർക്കുമെല്ലാം നടക്കുമെന്ന ആത്മവിശ്വാസ പകർച്ച നിരവധി ജീവിതങ്ങൾക്ക് വഴികാട്ടിയുമാണ്. കലാകാരന്മാരോട് പ്രത്യേക സ്നേഹവും സൗഹൃദവും എപ്പോഴും സൂക്ഷിച്ചിരുന്നു. വെളിച്ചം കെട്ടുപോയ നിരവധി കലാകാരന്മാർക്കും വിളക്കായി രാജശേഖരൻ മാറിയിട്ടുണ്ട്. കലാ-സാഹിത്യ-സാംസ്കാരിക രംഗത്തുള്ള വൻ സൗഹൃദത്തിലെ പലരും രാജശേഖരനോട് കടപ്പെട്ടിരിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പേ ആശുപത്രിയിൽ പ്രവേശിച്ച് മടങ്ങിയെത്തിയപ്പോൾ ബന്ധപ്പെട്ടിരുന്നു. വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു. ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് കരുതുന്നയാളാണ് ഞാൻ. റേഡിയോ ദിനം വരാനിരിക്കെ ഫെബ്രുവരിയിൽ തന്നെ രാജശേഖരെൻറ വിയോഗം നിയോഗമായി കാണുന്നു.
(ആകാശവാണി സീനിയർ പ്രോഗ്രാം അനൗൺസറും ഗാന രചയിതാവും ചലച്ചിത്ര സംവിധായകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.