സി.പി.എം അടിവേരറുക്കുന്ന അടവുനയത്തിലേക്കോ?
text_fieldsപുതിയൊരു അടവുനയത്തിെൻറ പണിപ്പുരയിലാണ് സി.പി.എം: കോൺഗ്രസിനെ ഇല്ലായ്മ ചെയ്ത്, പകരം ബി.ജെ.പിയെ പ്രതിപക്ഷത്തു കൊണ്ടെത്തിക്കുക. സമീപകാല സമീപനങ്ങൾ അതാണ് വ്യക്തമാക്കുന്നത്. പ്രതിപക്ഷത്ത് കോൺഗ്രസിനെക്കാൾ വലിയ കക്ഷിയായി മുസ്ലിം ലീഗിനെ ചിത്രീകരിക്കുന്നതും ഇൗ അടവുനയത്തിെൻറ ഭാഗമായേ കരുതാനാകൂ. ലീഗിനു ലഭ്യമാക്കുന്ന പ്രാമുഖ്യം ബി.ജെ.പിക്ക് ഗുണകരമാകുമെന്നും അതുവഴി കോൺഗ്രസിനെ ഉന്മൂലനം ചെയ്യാമെന്നുമുള്ള കണക്കുകൂട്ടലിലാണ് അതെങ്കിൽ മതേതര കേരളത്തോട് സി.പി.എം ചെയ്യുന്ന ഏറ്റവും വലിയ പാതകമാകും അതെന്നാണ് കരുതേണ്ടത്. ഒരിക്കലും തിരുത്താനാകാത്ത വലിയ തെറ്റായി അതിനെ ചരിത്രം രേഖപ്പെടുത്തുമെന്നതിൽ സംശയം വേണ്ട.
മതേതര ജനാധിപത്യ ചേരികളായിരുന്നു കേരളത്തിെൻറ ഏറ്റവും വലിയ പ്രത്യേകത. ഇടതും വലതും പക്ഷമായി അത് മാറിമാറി ഭരണത്തിൽ വന്നു. കേരളത്തിെൻറ വളർച്ചയിലും മതനിരപേക്ഷ സ്വഭാവത്തിലും ഇൗ ചേരികളുടെ സംഭാവന വലുതാണ്. ഇന്ത്യയിൽ പലേടത്തും വർഗീയത വേരുപിടിച്ചപ്പോൾ കേരളത്തിൽ അതിനെ മുളയിലേ നുള്ളാൻ ഇൗ രണ്ടു ചേരികളും ശക്തമായ നിലപാടെടുത്തു. ഹൈന്ദവ വർഗീയതക്ക് വേരോട്ടമുണ്ടാകുമെന്ന സംശയം വന്നപ്പോെഴാക്കെ ഇൗ രണ്ടു ചേരികളും അതിനെ തുരത്താൻ കൈകോർത്തു. മതനിരപേക്ഷതയിൽ നിലനിന്നുവന്ന ഇൗ സൗഹൃദവും സ്വഭാവഗുണവും താൽക്കാലിക നേട്ടത്തിനായി ഉപേക്ഷിക്കാൻ മുമ്പ് ചിലപ്പോൾ യു.ഡി.എഫ് ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്തു തിരുത്തിച്ച ശക്തിയാണ് ഇടതുപക്ഷവും സി.പി.എമ്മും. യു.ഡി.എഫിെൻറ വടകര-ബേപ്പൂർ മോഡലിനെ തോൽപിച്ചതുവഴി അവർ പൊതുസമൂഹത്തിെൻറ ആഗ്രഹാഭിലാഷങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കുകയും ചെയ്തു. ചില കോൺഗ്രസ് നേതാക്കളുടെ അധികാരമോഹങ്ങൾക്ക് അനുസൃതമായുണ്ടായ മൃദുഹിന്ദുത്വ സമീപനങ്ങളെ ശക്തമായി എതിർത്തും വിവിധ പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങളെ ചേർത്തുനിർത്തിയും കേരളത്തിലെ ഏറ്റവും ശക്തമായ തിരുത്തൽശക്തിയാണ് തങ്ങളെന്നു തെളിയിച്ച പൂർവകാല ചരിത്രം സി.പി.എമ്മിനും എൽ.ഡി.എഫിനുമുണ്ട്.
ഹിന്ദുത്വസമീപനത്തിെൻറ പാതയിൽ
എന്നാൽ, സമീപകാല നീക്കങ്ങൾ സി.പി.എമ്മിനെ സംശയനിഴലിൽ നിർത്തുന്നു. എതിരെവന്ന വിവാദങ്ങളിൽനിന്നും ആക്ഷേപങ്ങളിൽനിന്നും രക്ഷപ്പെടാനാകണം, സി.പി.എം ഇേപ്പാൾ ഹിന്ദുത്വ സമീപനത്തിെൻറ പാതയിലാണ്. ഹിന്ദുത്വമാണ് തങ്ങളുടെ തത്ത്വശാസ്ത്രമെന്നു പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന ബി.ജെ.പിയെ പോലും തോൽപിക്കുംവിധത്തിൽ അവർ ആ അജണ്ട പ്രാവർത്തികമാക്കുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ ജനദ്രോഹ നടപടികളെ എതിർക്കുന്നതുപോലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന മട്ടിലേക്ക് ചെറുതാകുന്നു. കോൺഗ്രസിെൻറ കേന്ദ്ര സർക്കാറുകളെ നഖശിഖാന്തം എതിർത്തിരുന്ന സി.പി.എം ഇപ്പോൾ ബി.ജെ.പിയുടെ കേന്ദ്ര സർക്കാറിനെതിരായി പ്രതികരിക്കുന്നതും എതിർക്കുന്നതും കേന്ദ്രവിരുദ്ധ പൊതുജനരോഷത്തെ ലഘൂകരിക്കാനാണെന്നു സംശയിക്കേണ്ടി വന്നിരിക്കുന്നു. സമീപകാലത്ത് സർക്കാറിനെതിരെ ഉണ്ടായ ആക്ഷേപങ്ങളും അന്വേഷണങ്ങളുമാണോ അതോ തുടർഭരണമുൾപ്പെടെ രാഷ്ട്രീയ മോഹങ്ങളാണോ ഇടതുനേതൃത്വത്തെ ഇൗ പതനത്തിലെത്തിച്ചതെന്ന് വ്യക്തമല്ല. എന്തായാലും വലിയൊരു മൂല്യച്യുതിയെയാണ് ഇടതുപക്ഷ മുന്നണി നേരിടുന്നത് എന്നു പറയാതിരിക്കാൻ നിർവാഹമില്ല.
അടവുനയങ്ങളിൽ അഗ്രഗണ്യനാണ് സി.പി.എമ്മിെൻറ അമരക്കാരനായ പിണറായി വിജയൻ. രാഷ്ട്രീയ വിജയത്തിനായും ഗ്രൂപ്പിസത്തിലെ വിജയത്തിനായും അദ്ദേഹം പലകുറി അതുപയറ്റുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പൂർണമായും അധാർമികമായ അടവുനയങ്ങൾക്ക് സി.പി.എം മുതിർന്നിട്ടില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അതും ഉണ്ടാകുമോയെന്ന് ഭയക്കേണ്ട അവസ്ഥയാണ് മുന്നിൽ.
'ഭരണവും സമരവും' പോയ വഴി
'ഭരണവും സമരവു'മാണ് സി.പി.എം എക്കാലവും പുലർത്തിവന്ന രീതി. എല്ലാ കേന്ദ്ര സർക്കാറുകൾക്കെതിരെയും സി.പി.എം ഭരണത്തിലിരിക്കുേമ്പാൾ സമരം ചെയ്തിട്ടുണ്ട്. ഇടതുപക്ഷം പിന്തുണ കൊടുത്ത മൻമോഹൻ സിങ് സർക്കാറിനെതിരെ വരെ പോരാടുകയും നയപരമായ എതിർപ്പിനാൽ പിന്തുണ പിൻവലിക്കുകയും ചെയ്തത് ചരിത്രമാണ്. സംസ്ഥാനങ്ങളിൽ ഗവർണർമാർ വേണ്ടെന്നും അത് വെറും ആലങ്കാരിക പദവിയും അധികെച്ചലവുമാണെന്നും ഫെഡറലിസത്തിനെതിരാണ് ഗവർണർ പദവിയെന്നും വാദിച്ചവരാണ്, ഇടതുപക്ഷം. എന്നാൽ, കഴിഞ്ഞ ദിവസം അവരുടെ രണ്ടു മന്ത്രിമാരാണ് ക്രിസ്മസിന് കേക്കുമായി ഗവർണെറ മണിയടിക്കാൻ രാജ്ഭവനിൽ എത്തിയത്. കേന്ദ്രത്തിനെതിരായ കർഷകസമരവുമായി ബന്ധെപ്പട്ടാണ് ഇെതന്നു വരുേമ്പാൾ ഗൗരവം വർധിക്കുന്നു. കർഷകസമരത്തിന് സി.പി.എം കേന്ദ്രനേതൃത്വം പരിപൂർണ പിന്തുണ നൽകുേമ്പാഴും സംസ്ഥാന നേതൃത്വവും സർക്കാറും അതു മയെപ്പടുത്തുന്ന സമീപനമാണ് കാഴ്ചെവക്കുന്നത്. നിയമസഭയിൽ പ്രമേയം പാസാക്കുന്നതിനായി ഒരു ദിവസെത്ത സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർക്ക് കത്തുകൊടുക്കുേമ്പാൾ അതിന് വ്യക്തത വേണം. അവ്യക്തമായ കത്ത് കൊടുത്തതിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയം ഉന്നയിച്ച് ഗവർണർ അനുമതി നിഷേധിച്ചപ്പോൾ അതിനെ ശക്തമായി എതിർത്തതും പ്രതിഷേധിച്ചതും പ്രതിപക്ഷമായിരുന്നു. കോൺഗ്രസ് നേതാക്കൾ കാട്ടിയ എതിർപ്പിെൻറ ഒരംശംേപാലും സി.പി.എം നേതൃത്വത്തിൽ നിന്നുണ്ടായില്ല. പകരം ഉണ്ണിയേശു പിറന്നപ്പോൾ കിഴക്കുനിന്ന് പൊന്നും മീറയും കുന്തിരിക്കവുമായി എത്തിയ മൂന്നു ദിവ്യന്മാരെപ്പോലെ ക്രിസ്മസിന് രണ്ടു മന്ത്രിമാർ ഗവർണറെ കാണാനെത്തി. സൗഹൃദം ഉൗട്ടിയുറപ്പിച്ച് നിയമസഭ കൂടാനുള്ള അനുമതിയുമായി അവർ മടങ്ങി.
ഗവർണറുമായി സർക്കാർ രമ്യതയിൽ പോകരുത് എന്നല്ല. ഇടതുപക്ഷം തുടർന്നുവന്ന രീതികളുമായി നോക്കുേമ്പാൾ ഇൗ സമീപനത്തിൽ പൊരുത്തക്കേടുണ്ട്. കേന്ദ്ര സർക്കാറിെൻറ കർഷകവിരുദ്ധ നടപടികളിൽ എതിർപ്പു പ്രകടിപ്പിക്കാനുള്ള ഒരു വേദികൂടിയാണ് ഗവർണറുടെ ഒാഫിസ്. അവിടെ അദ്ദേഹത്തെ പ്രീണിപ്പിക്കുന്ന സമീപനം, ഗവർണർപദവിയെ തന്നെ എതിർക്കുന്നവരിൽ നിന്നുണ്ടായി. ശേഷം സഭ ചേർന്നപ്പോൾ ഇൗ സംശയെത്ത ന്യായീകരിക്കുന്ന നിലപാടാണ് സർക്കാറിൽനിന്നു കണ്ടത്.
കേന്ദ്രവിരോധം അറച്ചറച്ച്
കാർഷിക കരിനിയമങ്ങൾക്കെതിരെ അതിശക്തമായ നിലപാട് പ്രതിപക്ഷത്തുനിന്നുണ്ടായപ്പോൾ ഭരണപക്ഷത്തുനിന്നുള്ള എതിർപ്പ് വഴിപാടുപോലെ നേർത്തു. ഇത്തരം അവസരങ്ങളിൽ കേന്ദ്ര നിയമെത്ത മറികടക്കാനുള്ള ആത്മാർഥത സംസ്ഥാന സർക്കാറിനുെണ്ടങ്കിൽ ബദൽ നിയമം പാസാക്കുകയാണ് ചെയ്യുക. എന്നാൽ, അങ്ങനെ കേന്ദ്രത്തിെൻറ വിരോധം പിടിച്ചുപറ്റാൻ പിണറായി സർക്കാർ തുനിഞ്ഞില്ല. അതും ഇടതുപക്ഷ നയവ്യതിയാനമായേ കാണാനാകൂ. കർഷകദ്രോഹ നടപടികളോ തൊഴിലാളിദ്രോഹ നടപടികളോ കേന്ദ്രത്തിൽ നിന്നുണ്ടായാൽ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പാണ്, ഇടതുപക്ഷവും സി.പി.എമ്മും പ്രകടിപ്പിക്കാറുള്ളത്. എതിർത്താൽ ഭൗതിക സഹായങ്ങൾ കിട്ടിെല്ലന്ന ഭയം ഇടതുസർക്കാറുകൾക്ക് മുെമ്പാരിക്കലും ഉണ്ടായിക്കണ്ടിട്ടില്ല. എന്നാൽ, സമീപകാല വിവാദങ്ങളും അതേത്തുടർന്ന് കേന്ദ്ര ഏജൻസികളിൽ നിന്നുണ്ടായ അന്വേഷണങ്ങളുമാണോ ആവോ, കർഷകസമരത്തിൽ പോലും ശക്തമായ നിലപാടെടുക്കാൻ മടിക്കുകയായിരുന്നു, സംസ്ഥാനസർക്കാർ. കേന്ദ്ര സർക്കാറിനെയോ പ്രധാനമന്ത്രിയെയോ ശക്തമായി വിമർശിക്കാൻ കഴിയാത്ത ഭയമോ സ്നേഹമോ ഇടതുപക്ഷെത്ത ഗ്രസിച്ചുവോ?
അടുത്തു വരുന്ന നിയമസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിലാണ് ഇൗ സംഭവവികാസങ്ങൾ കാണേണ്ടത്. കോൺഗ്രസിനെ ക്ഷീണിപ്പിക്കുക ബി.ജെ.പിയുടെ അഖിലേന്ത്യ നയമാണ്. സി.പി.എം അവർക്ക് എതിരാളിയേ അല്ല. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ക്ഷീണിപ്പിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഇനി ഉന്മൂലനം എന്നതാണ് അവരുടെ മനസ്സിലിരിപ്പ്. അതുവഴി മതേതരത്വത്തെ തുടച്ചുനീക്കാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അതിനായി എന്ത് അടവുനയത്തിനും തയാറുള്ള പാർട്ടിയാണ് ബി.ജെ.പി. ആരുമായും നീക്കുപോക്കുണ്ടാക്കാൻ അവർ തയാറാകും. കേരളത്തിലും കോൺഗ്രസാണ് അവരുടെ മുന്നിലെ വലിയ പ്രതിബന്ധം. എല്ലാ ജാതി മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കോൺഗ്രസിനെ ദുർബലമാക്കിയാൽ ഇവിടെ വർഗീയധ്രുവീകരണം എളുപ്പമാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
സി.പി.എം ആകെട്ട, മറ്റെന്തിനെക്കാളും ഭരണത്തുടർച്ചക്ക് പ്രാധാന്യം നൽകുന്നു. വിവാദങ്ങളും ആക്ഷേപങ്ങളും എതിരുനിൽക്കുേമ്പാൾ അവർക്ക് ഭരണത്തുടർച്ച അനിവാര്യമായി മാറുന്നു. ഭരണത്തെക്കാൾ വലുത് പ്രത്യയശാസ്ത്രവും മൂല്യങ്ങളുമാെണന്നു കരുതിയിരുന്ന, അതിനായി ഭരണംപോലും ഉപേക്ഷിക്കാൻ തയാറായ പഴയ സി.പി.എം ഇന്നില്ല. അധികാരത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചക്കും തയാറാകുന്ന സി.പി.എമ്മിനെയാണ് ഇന്നു കാണുന്നത്. അതിനായി അവരും എന്തു നീക്കുപോക്കിനും തയാറായേക്കാം. അഴിമതിപ്പാർട്ടിയെന്ന് സി.പി.എം ആക്ഷേപിച്ചിരുന്ന കേരള കോൺഗ്രസിനെ ഒരു മടിയുംകൂടാതെ മുന്നണിയിലെടുത്തത് ഭരണത്തുടർച്ച ആഗ്രഹിച്ചുതന്നെയായിരുന്നു. മൂല്യങ്ങളല്ല, ഭരണമാണ് വലുതെന്നതിേലക്ക് സി.പി.എം എത്തിയിരിക്കുന്നു. അതിനായി അവർ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട, ആറന്മുള തുടങ്ങിയ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യുന്നപക്ഷം, ഭരണത്തുടർച്ച കിട്ടിയേക്കാം. പക്ഷേ, ആ ഭരണത്തിനു ശേഷമുള്ള രാഷ്ട്രീയം വർഗീയതയുടേതായിരിക്കും. മതനിരപേക്ഷതയും സോഷ്യലിസവും കമ്യൂണിസവും എല്ലാം ഇളകിെത്തറിക്കുന്നത് കാണേണ്ടിവരും^ കോൺഗ്രസ് ഒരിക്കൽ കാട്ടിയ മൃദുഹിന്ദുത്വം കേന്ദ്രത്തിൽ ഹിന്ദുവർഗീയതക്ക് വഴിമാറിയതുപോലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.