കടൽക്കൊള്ളയും കുത്തകനയങ്ങളും
text_fieldsഇന്ത്യയിൽ പലപ്പോഴും ആദിവാസികളെക്കാൾ കഷ്ടത്തിൽ ജീവിക്കുന്ന ജനവിഭാഗമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കടലിലും ഉൾനാടൻ ജലാശയങ്ങളിലും മത്സ്യബന്ധനത്തിലും അനുബന്ധമേഖലകളിലുമായി ഉപജീവനം കണ്ടെത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അടിസ്ഥാനപരമായി ദുരിതപർവമാണ് ജീവിതം. തുടരത്തുടരെയുള്ള പ്രകൃതിക്ഷോഭങ്ങളും നിത്യവാർത്തയാവുന്ന കടലാക്രമണങ്ങളും തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം ഒട്ടും സുരക്ഷിതമല്ലാതാക്കിയിട്ടുണ്ട്. കെട്ടുറപ്പുള്ള വീടോ നിലവാരമുള്ള വിദ്യാഭ്യാസപദ്ധതികളോ മെച്ചപ്പെട്ട ജീവിതമോ ഈ വിഭാഗത്തിന് ഉറപ്പുവരുത്താനായിട്ടില്ല. അത് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന മുഴുവൻ അധികാരികളുടെയും ഉത്തരവാദിത്തമാണ്.
സ്വാതന്ത്ര്യം മുതലേ മത്സ്യബന്ധനവും അനുബന്ധമേഖലയും രാജ്യത്തിെൻറ സമ്പദ്ഘടനക്ക് ഏറെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞതാണ്. കാലാകാലം ഈ മേഖലയിൽനിന്നുള്ള വരുമാനം വർധിച്ചെങ്കിലും അടിസ്ഥാന വിഭാഗത്തിന് മെച്ചമുണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ. ദുരിതക്കയങ്ങളിൽനിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെടുക്കാൻ വേണ്ട ക്ഷേമനയങ്ങൾ കൊണ്ടുവരുന്നതിനു പകരം അവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഫിഷറീസ് നയത്തിന് രൂപം കൊടുത്തിരിക്കുകയാണ് മോദി സർക്കാർ.
ഇന്ത്യയുടെ ജി.ഡി.പിയുടെ 1.12 ശതമാനം ഫിഷറീസ് മേഖലയിൽനിന്നാണ്. ഏകദേശം 28 ദശലക്ഷം ആളുകൾ ഈ മേഖലയിൽ ഉപജീവനം കണ്ടെത്തുന്നു. ഇതിൽ നാല് ദശലക്ഷം തീരദേശ മത്സ്യബന്ധനത്തെയും ബാക്കിയുള്ളവർ ഉൾനാടൻ മത്സ്യബന്ധന മേഖലയെയും ആശ്രയിക്കുന്നു. മത്സ്യബന്ധനം കൂടാതെ ഫിഷറിസ് മേഖലയിൽ ഉപജീവനം കണ്ടെത്തുന്നവരിൽ 70 ശതമാനത്തോളം സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. അതിലേറെ പേരും മത്സ്യവിപണനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 8000 കിലോമീറ്റർ നീണ്ടുകിടക്കുന്ന തീരപ്രദേശവും 30 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ താഴെ കടൽ ഭാഗവുമുള്ളതാണ് ഇന്ത്യയുടെ കടൽ കേന്ദ്രീകൃത മത്സ്യബന്ധനമേഖല. ഇന്ത്യയിലെ നദികളും കനാലുകളും വലിയ ഡാമുകളും പരിഗണിച്ചാൽ ഏകദേശം രണ്ടു ലക്ഷത്തിലധികം നീണ്ടുകിടക്കുന്നതാണ് ഉൾനാടൻ മത്സ്യബന്ധന മേഖല. കൂടാതെ, ഏകദേശം 40 ദശലക്ഷം ഹെക്ടർ വ്യാപിച്ചുകിടക്കുന്ന റിസർേവായറുകളും ചെറുഡാമുകളും കൂടി ഇതിൽ ചേരും. രാജ്യത്തിന് വർഷാവർഷം ഏകദേശം 47,000 കോടി രൂപയുടെ വിദേശ നാണ്യമാണ് മേത്സ്യാൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന മത്സ്യബന്ധന മേഖലക്കു പുറമെ, മത്സ്യഫാമുകളും അലങ്കാര മത്സ്യകൃഷിയും ഇന്ത്യയിൽ വ്യാപകമാണ്. രാജ്യത്തിെൻറ സാമ്പത്തികവളർച്ച 7.16 ശതമാനമാണെങ്കിൽ ഫിഷറീസ് മേഖലയുടെ വളർച്ച 10.87 ശതമാനം വരും.
ഇത്രമേൽ പ്രധാനപ്പെട്ട ഒരു മേഖലയെ സ്വകാര്യകുത്തകകൾക്ക് ഏൽപിച്ചുകൊടുക്കാനാണ് കേന്ദ്രസർക്കാറിെൻറ നീക്കം. പുതിയ ഫിഷറീസ് നയത്തിെൻറ ഏറ്റവും പ്രധാന സവിശേഷത സ്വകാര്യ പങ്കാളിത്തവും കുത്തകപ്രീണനവുമാണ്. സർക്കാറിെൻറ ഇടപെടലുകൾ കുറച്ച് സ്വകാര്യകുത്തകകൾക്ക് മത്സ്യമേഖലയെ തീറെഴുതുകയാണ് കേന്ദ്രസർക്കാർ. ആഴക്കടൽ മത്സ്യബന്ധനത്തിന് ഇന്ത്യൻ തീരങ്ങളിൽ ആയിരക്കണക്കിന് യാനങ്ങൾ വിന്യസിക്കാനുള്ള നീക്കം മോദി സർക്കാർ നേരത്തേ നടത്തിയിരുന്നു. മീനാകുമാരി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ള അത്തരം എല്ലാ നീക്കങ്ങളെയും മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിഷേധമുയർത്തി തോൽപിച്ചു. എന്നാൽ, ഇത്തവണ ബജറ്റിൽ മത്സ്യബന്ധനം തുടങ്ങി, സംസ്കരണം, വിപണനം, ഹാർബറുകളുടെ നിയന്ത്രണം, കയറ്റുമതി എന്നിങ്ങനെ എല്ലാ മേഖലയിലും സ്വകാര്യപങ്കാളിത്തവും മേൽക്കോയ്മയും ഉറപ്പാക്കുന്ന തീരുമാനങ്ങൾ കണ്ടു. അതായത്, കാർഷിക മേഖലയെ ഏൽപിച്ചുകൊടുക്കുന്ന അതേ മാതൃകയിൽ മത്സ്യമേഖലയെകൂടി സ്വകാര്യകുത്തകകളുടെ കാൽക്കീഴിൽ കൊണ്ടുപോയി വെക്കുകയാണ് കേന്ദ്രം.
ഹാർബറുകളുടെ നിയന്ത്രണങ്ങൾ കുത്തകകളെ ഏൽപിക്കുന്നത് മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുമെന്ന് ആർക്കാണ് അറിയാത്തത്? ആഴക്കടലിലെ മത്സ്യസമ്പത്തിനെ പരമാവധി ചൂഷണം ചെയ്യാൻ ആഗോളീകരണത്തിെൻറ പുതിയ സാധ്യതകൾകൂടി കൂട്ടുപിടിക്കണമെന്ന് ആശിക്കുന്ന പുതിയ നയം നമ്മുടെ തീരങ്ങളിൽ സർവകാല വറുതിയുടെ നാളുകൾക്ക് വലവിരിക്കുകയാണ്.
നദികളിലും മറ്റു മത്സ്യവളർത്തൽ കേന്ദ്രങ്ങളിലും പുതിയ പരീക്ഷണങ്ങളിലൂടെ സങ്കരയിനം മത്സ്യങ്ങൾ അടക്കം ഉൽപാദിപ്പിക്കുന്ന ഗവേഷണങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ പറയുമ്പോൾ ഇതെല്ലാം ഒടുക്കം നമ്മുടെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പുനൽകാൻ കൂടി കഴിയണം. ലോകത്തെല്ലായിടത്തും മത്സ്യങ്ങൾക്ക് വംശനാശവും മത്സ്യ സമ്പത്തിെൻറ അപ്രത്യക്ഷീകരണവും രൂക്ഷമാണ്. അപ്പോഴും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇപ്പോഴും ഭേദപ്പെട്ട മത്സ്യസമ്പത്തുണ്ടെന്ന് പറയപ്പെടുന്നു. എന്നിട്ടും നമ്മുടെ തീരങ്ങളിൽ പലപ്പോഴും വറുതിയാണ്. വർഷത്തിൽ ഭൂരിഭാഗം സമയത്തും തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ നിരാശയോടെ മടങ്ങുന്നതാണ് സാഹചര്യം. ഇങ്ങനെയൊരു സാഹചര്യത്തിൽ നമ്മുടെ കടലിലെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും മത്സ്യസമ്പത്ത് പെരുകാനുള്ള സാഹചര്യങ്ങൾ ഒരുക്കിയും അതേസമയം മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിയുമാണ് ഫിഷറിസ് നയങ്ങൾ രൂപവത്കരിക്കേണ്ടത്. എന്നാൽ, കുത്തകകൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു സർക്കാറിൽനിന്ന് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം പ്രതീക്ഷിക്കുക മണ്ടത്തമാണ്.
അതേസമയം, കുത്തക മുതലാളിത്തത്തിനെതിരെയും ആഗോളീകരണം ഉണ്ടാക്കിയ രാജ്യാന്തര പ്രതിസന്ധികൾക്കെതിരെയും എപ്പോഴും പ്രതിഷേധിക്കുന്ന ഇടതുസർക്കാർ കേരളത്തിൽ കൊണ്ടുവരാൻ ശ്രമിച്ച അമേരിക്കൻ കരാർ അങ്ങേയറ്റം അമ്പരപ്പിക്കുന്നതാണ്. ഇ.എം.സി.സി എന്ന അമേരിക്കൻ കമ്പനിയുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഉണ്ടാക്കിയ ധാരണ സംസ്ഥാനത്തിെൻറ ഫിഷറീസ് നയത്തിൽ വലിയ വ്യതിയാനമാണ് ഉണ്ടാക്കിയത്. മുമ്പ് കേരളതീരത്തേക്ക് 220 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നിർദേശിച്ച മീനാകുമാരി റിപ്പോർട്ടിനെതിരെ നിയമലംഘന സമരങ്ങൾ അടക്കം നടന്നപ്പോൾ ആ സമരത്തിൽ കൂടിയവർ തന്നെ ഇപ്പോൾ 400 കൂറ്റൻ ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് ധാരണയുണ്ടാക്കി എന്നത് വഞ്ചനപരമാണ്. മൂന്നു വർഷം മുമ്പു നടന്ന ഫിഷറീസ് മന്ത്രിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങി ഇക്കഴിഞ്ഞ നിക്ഷേപക സൗഹൃദ സംഗമമായ 'അസെൻഡ്' വരെ വിവിധ ഘട്ടങ്ങളായി ഈ കെണി സർക്കാറും അമേരിക്കൻ കമ്പനിയും കൂടി നടത്തിവരുകയായിരുന്നു. നമ്മുടെ കടലിലെ മുഴുവൻ മത്സ്യസമ്പത്തും ഈ അമേരിക്കൻ കമ്പനി ഊറ്റിയെടുത്തേനേ. പ്രതിപക്ഷം കൈയോടെ പിടികൂടിയില്ലായിരുന്നെങ്കിൽ വൻ ദുരന്തം നമ്മുടെ മത്സ്യബന്ധന മേഖലയിൽ ഉണ്ടാകുമായിരുന്നു എന്നതിൽ തർക്കമില്ല. കാരണം, കമ്പനിക്ക് മത്സ്യസംസ്കരണ പ്ലാൻറ് തുടങ്ങാൻ ആദ്യഘട്ടമെന്നോണം സർക്കാർ നാല് ഏക്കർ സ്ഥലം നൽകി. പി.ആർ.ഡി ഇത് പരസ്യം ചെയ്തു. 'ഇനിയും മുന്നോട്ട്' പരസ്യങ്ങളുടെ കൂട്ടത്തിൽ വരെ പ്രസ്തുത കരാർ ആവേശപൂർവം സർക്കാർ അവതരിപ്പിച്ചു. സർക്കാറിെൻറ എല്ലാ നീക്കങ്ങളിലും പ്രത്യേക ശ്രദ്ധയും നിയന്ത്രണവും നേതൃത്വവും ഉണ്ടെന്ന് പറയപ്പെടുന്ന മുഖ്യമന്ത്രി അടക്കമുള്ളവർ അറിഞ്ഞുതന്നെയാണ് ഫിഷറീസ് -വ്യവസായമേഖലയിലെ ഈ കൊള്ളക്ക് കളമൊരുങ്ങിയത് എന്ന് ന്യായമായും സംശയിക്കപ്പെടുന്നു.
മത്സ്യബന്ധനത്തിന് നാനൂറ് ട്രോളറുകൾ, അഞ്ച് മദർവെസ്സലുകൾ, ഇരുനൂറോളം മത്സ്യച്ചന്തകൾ, സംസ്കരണകേന്ദ്രങ്ങൾ, കയറ്റുമതി അധികാരം തുടങ്ങി ഹാർബറുകളുടെ നിയന്ത്രണം വരെ അമേരിക്കൻ കമ്പനിക്ക് നൽകുന്ന കരാർ ഇപ്പോൾ സർക്കാർ റദ്ദാക്കുമെന്ന് പറയുന്നു. കണ്ണ് തുറന്നുപിടിച്ച ഒരു പ്രതിപക്ഷം ഇവിടെയുണ്ടായതിനാൽ ഈ കടൽക്കൊള്ള നടന്നില്ല. സമാനമായ കരാർ അനുവദിക്കപ്പെട്ടതിനാൽ ദുരിതത്തിലായ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ നമ്മുടെ കേരളത്തിലും ഉണ്ടാകുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.