മെട്രോ പൊളിറ്റിക്സ്
text_fieldsസ്വപ്നങ്ങളെങ്ങാനും മരിച്ചുകഴിഞ്ഞാൽ പിന്നെ, ചിറകറ്റ പക്ഷികളെപ്പോലെയാകും ജീവിതമെന്നാണ് കവിവാക്യം. അതിനാൽ, പ്രകൃതിയുടെ താളക്രമം പരിപാലിക്കാനെങ്കിലും സർവരും നിർബന്ധമായും സ്വപ്നം കണ്ടുകൊള്ളണമെന്നാണ്. ഇൗ പ്രപഞ്ച നിയമത്തിെൻറ പുറത്താണ് 'സ്വപ്നം കാണാനുള്ള അവകാശം' എന്ന പ്രയോഗംതന്നെ ഉരുത്തിരിഞ്ഞുവന്നത്. മെട്രോമാൻ ഇ. ശ്രീധരനും ഇതേ പ്രപഞ്ചനിയമത്തെ പിൻപറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്. പക്ഷേ, ആ പകൽക്കിനാവ് അദ്ദേഹം വിളിച്ചുപറഞ്ഞതോടെ കാലങ്ങളായി ഒളിപ്പിച്ചുവെച്ച കാവിക്കോണകം പുറത്തുചാടി. മെട്രോ പർവത്തിനുശേഷം, ക്ലിഫ് ഹൗസും മുഖ്യമന്ത്രിക്കസേരയുമൊക്കെയാണ് സ്വപ്നത്തിൽ തെളിഞ്ഞുവന്നത്. എണീറ്റുവന്നയുടൻ, ശുദ്ധഹൃദയനായ ശ്രീധരൻ അത് തുറന്നുപറഞ്ഞു: ഇനിയങ്ങോട്ട് കാവിപ്പാർട്ടിക്കൊപ്പം സഞ്ചരിക്കാനാണ് തീരുമാനം. ലക്ഷ്യം കേരള മുഖ്യമന്ത്രി സ്ഥാനവും. അതോടെ, കളിയാകെ മാറി. അതുവരെയും നമ്മുടെ യാത്രാമുഖങ്ങൾ വികസിപ്പിച്ച 'വിപ്ലവ പുരുഷൻ' ഒറ്റയടിക്ക് ഒന്നുമല്ലാതെയായി; നാലു ഭാഗത്തുനിന്നും ട്രോൾ ശരങ്ങളാണ്. അതൊന്നും കൂസുന്ന ഭാവമില്ല. എല്ലാ ശരവർഷങ്ങളെയും അതിജീവിച്ച് കാവിെക്കാടിക്കുകീഴിൽ ഉറച്ചുനിൽക്കാനാണ് തീരുമാനം. നവതിയിലേക്ക് പ്രവേശിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ, പുതിയ നിയോഗം സ്വയം ഏെറ്റടുത്തിരിക്കയാണ്.
ഒരു എൻജിനീയറുടെ മാത്തമാറ്റിക്കൽ യുക്തിയിൽ ആ സ്വപ്നത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. രണ്ടു കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്: ഒന്ന്, വലിയ ജനകീയനായ താൻ ബി.ജെ.പിയിെലത്തിയാൽ പാർട്ടിയുടെ വോട്ട് വിഹിതം ഇരട്ടിയാകും. രണ്ട്, സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പില്ല. നോക്കൂ, നിലവിൽ ബി.ജെ.പിയുടെ വോട്ടുവിഹിതം 15 ശതമാനമാണ്. പാർട്ടി അധ്യക്ഷന് ശ്രീധരെൻറ മിസ് കാൾ ലഭിക്കുന്നതോടെ അത് 30 ശതമാനത്തിെലത്തും. അപ്പോൾ, ഇടതു- വലതു മുന്നണികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടിൽ ഇടിവ് വന്ന് അവരുടെ വിഹിതവും 35 ശതമാനത്തിൽ താഴെയെത്തും. എന്നുവെച്ചാൽ, വോെട്ടണ്ണിത്തീരുേമ്പാൾ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ല. അപ്പോൾ, ബി.ജെ.പിയും ശ്രീധരനും തീരുമാനിക്കും ആര് മുഖ്യമന്ത്രിയാകുമെന്ന്! ആ തീരുമാനമാണ് സ്വപ്നത്തിൽ ദർശിച്ചത്. ദിവസങ്ങൾക്കു മുമ്പ് മോദിജി കൊച്ചിയിലെത്തി പറഞ്ഞില്ലേ, സഭയിലെ അംഗസംഖ്യ ഒന്നിൽനിന്ന് 71ലെത്തിക്കണമെന്ന്; അതിനുള്ള പ്രായോഗികപദ്ധതിയുടെ സ്വപ്നഭാഷ്യമെന്നും വിശദീകരിക്കാം. പക്ഷേ, ഇവിടത്തെ സാധാരണക്കാരായ വോട്ടർമാർക്ക് ഇത്രയുംവലിയ ബുദ്ധിയില്ലാത്തതിനാൽ അത് സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത. എന്നാലും, മെേട്രാമാൻ നിരാശപ്പെടേണ്ടതില്ല. കൃത്യസ്ഥലത്താണ് അദ്ദേഹം എത്തിപ്പെട്ടിരിക്കുന്നത്. അനന്തപുരിയിൽ ഉയർന്നുകൊണ്ടിരിക്കുന്ന പുതിയ പാർട്ടി ആസ്ഥാനത്ത് 'മുഖ്യമന്ത്രി'ക്കായി പ്രത്യേക മുറിയുണ്ടെന്നാണ് പറയുന്നത്. 'നവ മാരാർജി ഭവ'െൻറ പണി അദ്ദേഹത്തിെൻറ വൈഭവത്തിൽ എളുപ്പത്തിൽ പൂർത്തിയാക്കിയാൽ അടുത്ത മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കു മുമ്പുതന്നെ ശ്രീധരന് മുഖ്യമന്ത്രിക്കസേരയിലിരിക്കാം. അതുമല്ലെങ്കിൽ, കുമ്മനം -ശ്രീധരൻപിള്ള മോഡലിൽ ഗവർണറുമാകാം.
മോദിയും സംഘ്പരിവാറും ബി.ജെ.പിയുമൊന്നും പെെട്ടന്നൊരുനാൾ മനസ്സിലേക്ക് കടന്നുവന്നതല്ല. പണ്ടേ ആ ചിന്തയുമായിട്ടായിരുന്നു നടപ്പ്. പാമ്പൻ പാലം മുതൽ പാലാരിവട്ടം പാലംവരെയുള്ള മരാമത്തുകൾക്കിടയിൽ വേണ്ടത്ര സമയം കിട്ടാത്തതുകൊണ്ടുമാത്രം മാറിനടന്നു. എത്ര മെയ്വഴക്കത്തോടെയാണ് അദ്ദേഹം സംഘ്പരിവാർ രാഷ്ട്രീയം പറയുന്നതെന്ന് നോക്കൂ. ലവ് ജിഹാദിൽതന്നെയാണ് ആദ്യം പിടിച്ചത്. കേരളത്തിൽ ഇപ്പോൾ അതിന് പ്രത്യേക മാർക്കറ്റുണ്ടല്ലോ. കേരളത്തിലടക്കം പല ലവ് ജിഹാദ് സംഭവങ്ങൾക്കും ടിയാൻ സാക്ഷ്യംവഹിച്ചിട്ടുണ്ടെന്നാണ് ദേശീയ ചാനലിനോട് പറഞ്ഞത്. ഗോവധ നിരോധനത്തെക്കുറിച്ച് നേരിട്ട് പറഞ്ഞില്ലെങ്കിലും, നോൺ വെജ് കഴിക്കുന്നവരോടുള്ള അസഹിഷ്ണുതക്ക് ഒരു മറയുമില്ല. മെംബർഷിപ് എടുക്കുന്നതിനു മുമ്പ് ഇതാണ് അവസ്ഥയെങ്കിൽ, തെരഞ്ഞടുപ്പ് ഗോദയിലെത്തുേമ്പാഴത്തെ സ്ഥിതി എന്തായിരിക്കും? ഒരു കാര്യത്തിൽ സംശയമില്ല, ശോഭ സുരേന്ദ്രനെപ്പോലെ ഇടഞ്ഞുനിൽക്കുന്നവരുടെ എണ്ണം ഇനിയും പാർട്ടിയിൽ ഏറും. ശശികല ടീച്ചർ അടക്കമുള്ളവർ വീട്ടിലിരിക്കേണ്ടിവരും. കാവിപ്പാർട്ടിയുടെ പ്രചാരണത്തിന് 'മെട്രോ' വേഗമായിരിക്കും; തീപ്പൊരി ഡയലോഗുകളൊക്കെ വരാനിരിക്കുന്നതേയുള്ളൂ. മുമ്പ്, 'മെട്രോമാൻ' പദവിയിലിരിക്കുേമ്പാഴും ഇൗ പരകായ പ്രവേശനത്തിെൻറ സൂചനകൾ ശ്രീധരനിൽനിന്നുണ്ടായിരുന്നു. പൗരത്വ നിയമത്തിനെതിരായ സമരത്തെയൊക്കെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അന്ന് ഡൽഹിയിലും മറ്റും വിദ്യാർഥികൾ തെരുവിലിറങ്ങിയേപ്പാൾ, കലാലയങ്ങൾ രാഷ്ട്രീയ മുക്തമാക്കണമെന്നായിരുന്നു നിർദേശിച്ചത്. അതൊക്കെ, ടിയാെൻറ അരാഷ്ട്രീയ പ്രസ്താവനയായിക്കണ്ട് തള്ളിയവർ ഇപ്പോൾ കണ്ണ് തള്ളിയിരിക്കണം. അന്നും സംസാരിച്ചത് ബി.ജെ.പിക്കും മോദിക്കും വേണ്ടിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരിക്കണം അവരൊക്കെ.
ഇബ്രാഹിംകുഞ്ഞിെൻറ അഭിമാന പദ്ധതിയായ പാലാരിവട്ടം പാലം പൊളിച്ചുമാറ്റിപ്പണിയാൻ പിണറായിയാണ് ശ്രീധരനെ ക്ഷണിച്ചത്. പതിവുപോലെ പറഞ്ഞസമയത്തിനും മുമ്പ് പണിതീർത്തതിനു ശേഷമാണ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു സന്ദർഭത്തിൽ അൽപസ്വൽപം വികസനത്തെക്കുറിച്ചും പറയണമല്ലോ. രണ്ട് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും കേരളത്തിൽ വികസനമേ വന്നിട്ടില്ല എന്നാണ് കണ്ടെത്തൽ. അപ്പോൾ ടിയാൻതന്നെ മേൽനോട്ടം വഹിച്ച് നിർമിച്ച കൊച്ചി മെട്രോ? അത്തരം വികസനങ്ങളിൽ വലിയ കാര്യമില്ലെന്നാണ് പുതിയ തിയറി. എല്ലാം കടം വാങ്ങിക്കൂട്ടി ഉണ്ടാക്കുന്ന വികസനമൊക്കെ പൊള്ളയാണ്; കിഫ്ബിയൊക്കെ ശുദ്ധ തട്ടിപ്പാണ്. കടത്തിൽ കെട്ടിപ്പൊക്കിയ വികസന പ്രവർത്തനങ്ങൾക്ക് ഇത്രയുംനാൾ ചുക്കാൻപിടിച്ച ആളാണീ പറയുന്നതെന്നോർക്കണം. ഇൗ വികസന കാഴ്ചപ്പാടിന് ജനങ്ങൾ എങ്ങനെ മാർക്കിടുമെന്നതിെൻറ തെളിവാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ട്രോളുകൾ. പണ്ട്, 'പാമ്പൻ ശ്രീധരൻ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു. തകർന്നടിഞ്ഞ പാമ്പൻ പാലം പറഞ്ഞതിലും നേരത്തേ പുനർനിർമിച്ചതിെൻറ പേരിലാണ് ആ വിശേഷണം കിട്ടിയത്. ആ കൃത്യത പിന്നീട് ഏറ്റെടുത്ത പ്രവൃത്തികളിലെല്ലാം കണ്ടിട്ടുണ്ട്. എന്നുവെച്ച്, അതൊരു മേന്മയായി കാണാനും കഴിയില്ല. 2009ൽ, ഡൽഹി മെട്രോയുടെ പണി നടക്കുേമ്പാൾ മേൽപാലം വീണ് ആറുപേർ മരിച്ചത് ഇൗ വിശേഷണം നിലനിർത്താൻ ധിറുതി കാണിച്ചതിെൻറ പുറത്താണ്. ആ സംഭവത്തിെൻറ ഏതാനും ദിവസങ്ങൾക്കു മുമ്പും ഇതേ അപകടം ആവർത്തിച്ചതാണ്. അഥവാ, ക്രെഡിറ്റ് നിലനിർത്താൻ പലപ്പോഴൂം പലയിടത്തും 'പാലാരിവട്ടം പാല'ങ്ങളും പണിതിട്ടുണ്ടെന്നർഥം. അതിെൻറ പേരിൽ നല്ല പഴി കേട്ടിട്ടുണ്ട്. അന്ന് ബി.ജെ.പിയാണ് ഡൽഹി നിയമസഭയിൽ ശ്രീധരനെതിരെ ഉറഞ്ഞുതുള്ളിയത്. ഒടുവിൽ മെട്രോ കോർപറേഷനിൽനിന്ന് രാജിവെക്കേണ്ടിവന്നു. കോൺഗ്രസും ഷീലാ ദീക്ഷിതും രക്ഷക്കെത്തിയതുകൊണ്ടുമാത്രമാണ് പിടിച്ചുനിന്നത്. അന്നത്തെ ശത്രുക്കളാണിപ്പോൾ ആത്മമിത്രങ്ങൾ.
1932 ജൂലൈ 12നാണ് പാലക്കാട് ജില്ലയിലെ കറുകപ്പുത്തൂർ ഇളാട്ടുവളപ്പിൽ ശ്രീധരെൻറ ജനനം. ഇളാട്ടുവളപ്പിൽ അമ്മയുടെ തറവാടാണ്. ബ്രാഹ്മണനായ അച്ഛൻ അമ്മയെ സംബന്ധം ചെയ്യുകയായിരുന്നു. ചെറുപ്പത്തിൽ അതിെൻറ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് പലപ്പോഴൂം പറഞ്ഞിട്ടുണ്ട്. അത്തരം, ആർഷ ഭാരത സംസ്കാരത്തെ തിരിച്ചുപിടിക്കാൻ ഇറങ്ങിത്തിരിച്ചവർക്കൊപ്പമാണ് ഇപ്പോഴത്തെ സഞ്ചാരമെന്നത് യാദൃച്ഛികമാകാം. തികഞ്ഞ ഭക്തനാണ്. ദിവസവും ഭാഗവതം വായിക്കും; യോഗയും ചെയ്യും. സ്വാമി ഭൂമാനന്ദ തീർഥയാണ് ആത്മീയഗുരു. ശബരിമലയിൽ യുവതികൾ പ്രവേശിക്കെട്ട എന്ന അഭിപ്രായക്കാരനായ ഗുരുവിനെ അഭിമുഖീകരിക്കുന്നതും പുതിയ സാഹചര്യത്തിൽ വെല്ലുവിളിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.