ഉയിർപ്പൂക്കൾ വിരിയുന്ന പെരുന്നാൾ
text_fieldsലോകം മുഴുവൻ ചുറ്റിക്കറങ്ങിക്കാണാമെന്നും അവിടങ്ങളിൽ കണ്ട മനുഷ്യരെക്കുറിച്ച് എമ്പാടുമെഴുതണമെന്നുമെല്ലാമുള്ള ആശകൾ തൽക്കാലത്തേക്ക് മാറ്റിവെക്കുന്നു. പക്ഷേ, ഇപ്പോഴത്തെയീ അവസ്ഥയൊന്നൊതുങ്ങിയാൽ കുറച്ചിടങ്ങളിൽ എന്തായാലും പോകണം, കുറച്ചാളുകളെക്കാണണം. അതിലൊന്ന് തീർച്ചയായും നാഗ്പുർ പട്ടണമാണ്. അവിടെ ട്രെയിനിറങ്ങി സ്റ്റേഷന് പുറത്ത് ഉന്തുവണ്ടിയിൽ ഓറഞ്ചുമായി നിൽക്കുന്ന വഴിക്കച്ചവടക്കാരിൽനിന്ന് മൂന്നാല് ഓറഞ്ചുകൾ വാങ്ങണം. പെരുമയേറിയ നാഗ്പുർ ഓറഞ്ച് കഴിക്കാനുള്ള കൊതികൊണ്ടല്ല. സ്റ്റേഷൻ മുറ്റത്തെ ബെഞ്ചിലിരുന്ന് നഗരത്തിലെ സ്ത്രീപുരുഷാരങ്ങളെക്കണ്ട് തൊലിയടർത്തി മധുരനാരങ്ങ അല്ലികൾ കഴിക്കുേമ്പാൾ തഴുകാനെത്തുന്ന ഒരു കുളിർക്കാറ്റ് ആസ്വദിക്കാനാണ്.
പതിറ്റാണ്ടുകൾ മുമ്പ് ചേരിയിലെ വീട്ടിൽനിന്ന് നടന്നും ആരുടെയെങ്കിലും സൈക്കിളിന് പിറകിൽ ഡബിൾസിരുന്നുമെല്ലാം സ്റ്റേഷനിലെത്തി മധുരനാരങ്ങ വിറ്റ മനുഷ്യൻ ഇന്ന് ആയിരക്കണക്കിന് മനുഷ്യർക്ക് ജീവിതമധുരം പകരുന്ന വഴിദൂരം മനസ്സിൽ കാണണം.
ഒരാണ്ടിലേറെയായി കണ്ടും കേട്ടുമിരുന്ന സങ്കടത്തിന്റെയും നീറ്റലി ന്റെയും കാഴ്ചകൾക്കിടയിൽ കൺതടങ്ങളിൽ ഒരു പുഞ്ചിരിപ്പൊട്ട് വിരിയിച്ചത് ആ മനുഷ്യനാണ്- പ്യാരേ ഖാൻ. ക്ഷാമമുണ്ടെന്നറിഞ്ഞതും സർക്കാർ ആശുപത്രികളിലേക്ക് ടൺകണക്കിന് ഓക്സിജൻ എത്തിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയതാണ് ഒരുപാട് മരണങ്ങളെ തടുത്തുനിർത്താൻ തുണയായത്. അതിന്റെ കൂലി നൽകാൻ അധികാരികൾ തയാറായിരുന്നു, എന്നാൽ പ്രപഞ്ചനാഥനുമായി തുല്യതയില്ലാത്തൊരു ഡീൽ ഉറപ്പിച്ച അയാൾക്കെന്തിന് പണം. അത് എെൻറ 'ഓക്സിജൻ സകാത്താ'ണ് എന്ന് പറഞ്ഞനേരം അദ്ദേഹത്തിെൻറ മുഖം എത്രമാത്രം തിളങ്ങിയിട്ടുണ്ടാവും.
പ്രാണവായു കിട്ടാൻ നാട് നെട്ടോട്ടമോടുന്നുവെന്നറിഞ്ഞ് തന്റെ സമ്പാദ്യവും സന്നാഹങ്ങളുമെല്ലാം ലാഭേച്ഛകളില്ലാതെ വിട്ടുനൽകാൻ തീരുമാനിച്ച രാത്രിയിൽ ബംഗ്ലാവിെല വലിയ മുറിയിൽ ഉറക്കം കിട്ടാതെ കിടക്കുേമ്പാൾ പ്യാരേ ഖാന്റെ മനസ്സിലൂടെയും മിന്നിമാഞ്ഞുപോയിട്ടുണ്ടാവും താൻ താണ്ടിയ വഴിദൂരങ്ങളും സങ്കടങ്ങളും. ലഭിക്കാൻ അർഹമായ ലക്ഷങ്ങൾ സകാത്തായി ദൈവമാർഗത്തിൽ സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ പടച്ച തമ്പുരാനെ സ്തുതിച്ചു- ഇത്രമാത്രം സങ്കടം നിറഞ്ഞ കാലത്തും പ്രതീക്ഷയുടെയും സ്നേഹത്തിെൻറയും പൂക്കൾ വിരിയിച്ചതിന്, അതിന് സാക്ഷിയാകുവാൻ ഈ കാലത്തും ഭൂമിയിൽ ജീവിതം ബാക്കിയാക്കിത്തന്നതിന്.
നഗരത്തിരക്കിൽനിന്ന് വിട്ടകന്ന് ഒരു പീടികമുറിയിൽ ആ ഉമ്മ ഇരിപ്പുണ്ടെങ്കിൽ ഒന്നു ചെന്ന് കാണണം. ഓറഞ്ച് കച്ചവടക്കാരനായിരുന്ന മകന് ഓട്ടോ വാങ്ങാൻ പണം നൽകിയത് ഉമ്മയാണ്, അതിൽ നിന്നുള്ള തുടക്കമാണ് ആയിരക്കണക്കിന് വാഹനങ്ങളുടെ ഉടമയാക്കി മാറ്റിയത്. മനസ്സിൽ വിചാരിച്ചാൽ ഹൈപർമാർക്കറ്റ് തുടങ്ങാനാവുന്ന നിങ്ങൾ ഇപ്പോഴുമെന്തിന് ഈ കൊച്ചുപീടിക തുറന്നിരിക്കുന്നു എന്നു ചോദിച്ചാൽ ആവതുള്ളിടത്തോളം അധ്വാനിച്ചും സഹജീവികളോട് നേരിട്ടിടപഴകിയും ജീവിക്കാനാണ് ആഗ്രഹമെന്നാവും അവർ പറയുക.
പക്ഷേ, നമുക്ക് ചോദിക്കാനുള്ളത് അതല്ല: ജീവെൻറ ഇത്തിരിപ്പോന്നൊരു തുടിപ്പായി കൈകളിലേക്ക് ലഭിച്ചയുടനെ മകൻ ഇത്രമാത്രം സ്നേഹം നിറഞ്ഞവനായി മാറുമെന്ന് എങ്ങനെയീ ദീർഘജ്ഞാനം ലഭിച്ചു എന്നാണ്. അതുകൊണ്ടാകുമല്ലോ പ്യാരേഖാൻ എന്ന് ഉമ്മ മകന് പേര് വിളിച്ചിട്ടുണ്ടാവുക.
പിന്നെ പോകേണ്ടത് ഭോപാലിലേക്ക്. തിരക്കൊഴിഞ്ഞ സമയമാണെങ്കിൽ നഗരത്തിലോടുന്ന ആ ചെറുപ്പക്കാരെൻറ ഓട്ടോയിൽ കയറി അൽപനേരമിരിക്കണം. നൂറുകണക്കിന് മനുഷ്യരെ മരണ മുനമ്പിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ നിമിത്തമായ ആ വാഹനത്തിൽ. മരുന്നിനും മാസ്കിനുമെല്ലാം ക്ഷാമമായിരുന്ന കാലത്ത് മറ്റു പലരെയും പോലെ അവ സംഭരിച്ചുവെച്ച് വിറ്റിരുന്നുവെങ്കിൽ അയാൾക്ക് ഒാട്ടോ ഡ്രൈവർ പണി മതിയാക്കി മറ്റെന്തെങ്കിലുമൊരു എളുപ്പമുള്ള ജോലിയിലേക്ക് കടക്കാമായിരുന്നു. പക്ഷേ, ജാവേദ് ഖാന് വേണ്ടത് എളുപ്പമോ പണമോ ആയിരുന്നില്ല. അതു കൊണ്ടാണല്ലോ അയാൾ തെൻറ ജീവിതമാർഗമായ ഓട്ടോറിക്ഷയിൽ ഓക്സിജൻ സിലണ്ടർ ഘടിപ്പിച്ച് ആശുപത്രിയിലേക്ക് പോകനുള്ളവരെ സൗജന്യമായി എത്തിച്ചുകൊണ്ടിരുന്നത്. ഈ ആവശ്യങ്ങൾക്കായി ഭാര്യ കിശ്വർ തെൻറ ആഭരണങ്ങളെല്ലാം ഊരി നൽകിയത്. അവരോട് സംസാരിക്കണമെന്നുണ്ട്, വക്കുപൊട്ടിയ ഹിന്ദിയിൽ ഞാൻ പറയുന്നത് അവർക്ക് മനസ്സിലാകുമോ എന്നറിയില്ല. പക്ഷേ, അളക്കാനാവാത്ത സ്നേഹത്തിെൻറ ഭാഷയിൽ അവരിരുവരും പുഞ്ചിരിക്കുന്നത് നമുക്കേവർക്കും മനസ്സിലാവുമെന്നുറപ്പാണ്.
തലസ്ഥാന നഗരിയിലെ ഒരു സന്നദ്ധസംഘടനയുടെ സൗകര്യങ്ങളധികമില്ലാത്ത ഓഫിസിലേക്കുമൊന്ന് പോകണം. കലാപം കത്തിയെരിഞ്ഞ ഡൽഹിയിലെ മുസ്തഫാബാദിൽ മുറിവേറ്റവർക്ക് ചികിത്സ ഒരുക്കാൻ ഓടിനടന്ന ഒരു ചെറു കൂട്ടം. കലാപത്തിൽ കരിഞ്ഞുപോയ കുരുന്നു ജീവിതങ്ങളിൽ പുഞ്ചിരി വീണ്ടെടുക്കാൻ, പുസ്തകങ്ങളും പഠന സഞ്ചിയുമെല്ലാം എത്തിച്ചുകൊടുക്കാൻ 'മൈൽസ്2സ്മൈൽ' എന്ന പേരിൽ അവർ ഒത്തുചേർന്നു. മഹാമാരിക്കാലത്ത് ആവശ്യക്കാർക്ക് മരുന്നും ഓക്സിജനും ഭക്ഷണവുമെല്ലാം കൊണ്ടുക്കൊടുക്കാൻ രാപ്പകൽ അവരുണ്ടായിരുന്നു. എത്ര സൂക്ഷ്മത പാലിച്ചാലും കുഞ്ഞൻ വൈറസ് ഏതുവഴിയാണ് പറ്റിക്കൂടുക എന്ന് പറയാനാവില്ലല്ലോ. സേവനം കഴിഞ്ഞ് എത്തിയ ഒരു വളണ്ടിയർക്കാണ് ആദ്യം ലക്ഷണങ്ങൾ കണ്ടത്. പിന്നെയത് സംഘത്തിലെ മറ്റു ചിലർക്ക് കൂടിയായി. ഓക്സിൻ എത്തിച്ചുകൊടുക്കുന്നതിനിടെ രോഗം പിടിച്ചതാണെന്നത് ആർത്തിയുടെ മഹാനഗരത്തിൽ ഒരു ഓക്സിജൻ ബെഡ് കിട്ടാൻ തക്ക കാരണമല്ലല്ലോ. ഓരോ ദിവസത്തെയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ജീവനഷ്ടങ്ങളിൽ ആ മൂന്നു പേരുകൾ കൂടി ചേർക്കപ്പെട്ടു. 20കളുടെ തുടക്കത്തിലായിരുന്നു അതിൽ രണ്ടുപേർ. അപരെൻറ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം നൽകി പൊരുതിയവർ. ഇത്തവണത്തെ നോമ്പുകാലം അത്തരം ഒരുപാട് രക്തസാക്ഷികളുടേത് കൂടിയായിരുന്നു.
ലോക്ഡൗൺ മൂലം ഈ പെരുന്നാളിന് നാട്ടിലേക്ക് പോകാനാവില്ലെന്നോ വർഷങ്ങളായി നടത്തുന്ന സഞ്ചാരങ്ങളുടെ പതിവു തെറ്റുമെന്നോ സങ്കടം പറയുന്നവർ ഓർമിക്കണം: ഒരു വർഷത്തിലേറെയായി പെരുന്നാളുകൾ, ഓണം, ക്രിസ്മസ്, വിഷു എന്നിങ്ങനെ ഒരു ആഘോഷനാളുകളിലും വീട്ടിലേക്ക് പോകുവാനോ ഉറ്റവരുമായി അൽപനേരമെങ്കിലും ഇരിക്കുവാനോ കുഞ്ഞുങ്ങളെ ഒന്ന് ചേർത്തുപിടിക്കാനോ കഴിയാതെ അനന്തമായ ലോക്ഡൗണിലാണ് ആരോഗ്യ പ്രവർത്തകരും മറ്റ് മുന്നണിപ്പോരാളികളുമെന്ന്. ഓണത്തിനായാലും പെരുന്നാളിനായാലും കഷ്ടിച്ച് ശ്വാസം കഴിക്കാനാവുന്ന പി.പി.ഇ കിറ്റാണ് അവരുടെ പുതുവസ്ത്രങ്ങളെന്ന്.
നമ്മുടേതു പോലെ ശരാശരി മാത്രം കരുത്തുള്ള ഹൃദയങ്ങൾ നുറുങ്ങി നിലച്ചുപോകാൻ തക്ക സങ്കടങ്ങൾ ചുറ്റിലും നിറഞ്ഞിട്ടും അതു സംഭവിക്കാതെ ഇതു കുറിക്കാനും വായിക്കാനും നമ്മളിരുവരും അവശേഷിക്കുന്നതെങ്ങനെയെന്ന് ചോദിച്ചാൽ ഒരുപാട് ഹൃദയങ്ങൾ ഒരുമിച്ച് നമുക്കായി മിടിച്ച് ആ സങ്കടാഘാതങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തുകയായിരുന്നുവെന്ന് പറയേണ്ടി വരും.
ആയിരം മടങ്ങ് അനുഗ്രഹങ്ങൾ വർഷിക്കുന്ന രാത്രിയിൽ ഭൂമി സന്ദർശനത്തിനെത്തിയ മാലാഖമാർ ഇപ്പോഴും പറഞ്ഞു തീർന്നിട്ടുണ്ടാവില്ല ഇവിടത്തെ വിശേഷങ്ങൾ. പോയ വർഷങ്ങളിൽ വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞിരുന്ന പള്ളികൾ ആയിരങ്ങളുടെ ജീവൻ നിലനിർത്താൻ ആശുപത്രികളായി പരിണമിച്ചതിെൻറ വർത്തമാനങ്ങൾ... നമുക്കിടയിലെ നല്ല മനുഷ്യരുടെ പ്രയത്നങ്ങളെക്കുറിച്ച് അവർ കാരുണ്യനിധിയായ പടച്ചവനോട് വാതോരാതെ പറഞ്ഞുകൊണ്ടേയിരിക്കും, ഭൂമി കാണാൻ ഇനിയുമിനിയും അവസരം നൽകണമെന്നവർ അപേക്ഷിക്കും. അതിെൻറ ഫലമായിക്കൂടിയാവും അന്തിമ കാഹളം മുഴങ്ങുന്ന നാളെത്താൻ കാലതാമസമുണ്ടാവുക!.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.