Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൊയ്തത്...

കൊയ്തത് വിദ്വേഷരാഷ്ട്രീയം 

text_fields
bookmark_border
കൊയ്തത് വിദ്വേഷരാഷ്ട്രീയം 
cancel

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രീയം അപഗ്രഥിച്ച ചിന്തകനും എഴുത്തുകാരനുമായ പങ്കജ് മിശ്ര ചൂണ്ടിക്കാട്ടിയ ഒരു യാഥാര്‍ഥ്യമുണ്ട്: യഥാര്‍ഥ അമേരിക്കയും ഇന്ത്യയും എന്താണെന്ന് അനാവൃതമാക്കുന്നതില്‍ ഈ രണ്ടു ഭരണകര്‍ത്താക്കളും നന്നായി വിജയിച്ചിരിക്കുന്നു. മതേതരത്വത്തെക്കുറിച്ച് രാജ്യം വെച്ചുപുലര്‍ത്തിയ കാഴ്ചപ്പാടിന്‍െറ സ്ഥാനത്ത് ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന വിഭാഗീയതയിലും ഭൂരിപക്ഷ മേധാവിത്വത്തിലും ഊന്നിയുള്ള സങ്കല്‍പം പ്രയോഗവത്കരിക്കാന്‍ ശ്രമിച്ചാല്‍ വിജയം കൊയ്യാമെന്ന് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് മുമ്പ് വിജയപ്രദമായി പരീക്ഷിച്ച തന്ത്രം ഒരിക്കല്‍കൂടി വിജയിച്ചതിന്‍െറ തെളിവാണ് യു.പിയിലെ ബി.ജെ.പി തരംഗം.

തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ബി.ജെ.പിയുടെ വിജയം വെള്ളം ചേര്‍ക്കാത്ത വര്‍ഗീയതയുടെ വിജയമാണെന്ന് വിലയിരുത്താന്‍ സാധിക്കും. 18 ശതമാനം വരുന്ന മുസ്ലിംകളെ തെരഞ്ഞെടുപ്പ് ഗോദയില്‍നിന്നുതന്നെ മാറ്റിനിര്‍ത്തുന്ന, അത്യന്തം ഹീനമായ തന്ത്രമാണ് മോദിയും കൂട്ടരും പയറ്റിയത്. അങ്ങനെയാണ് 403 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഒരു മുസ്ലിമിനെപോലും ഉള്‍പ്പെടുത്താതിരുന്നത്. മായാവതി 99 സീറ്റുകള്‍ ഈ വിഭാഗത്തിന് നീക്കിവെച്ചതിനോടുള്ള പ്രതികാരമെന്നോണമാണിത്. ആ തീരുമാനം സാമാന്യജനത്തിന്‍െറ മനസ്സിലേക്ക് പകര്‍ന്ന വര്‍ഗീയചിന്ത സാമുദായികധ്രുവീകരണത്തിന് ആക്കംകൂട്ടി. 

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാകിസ്താന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫിന്‍െറ പേരു പറഞ്ഞ് വോട്ട് പിടിച്ച പാരമ്പര്യമുണ്ട് മോദിക്ക്. ഹിന്ദുക്കളോട് യു.പി സര്‍ക്കാര്‍ മതപരമായ വിവേചനം കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗമാണ് യു.പിയിലെ പല റാലികളിലും മോദി നടത്തിയത്. ഫെബ്രുവരി 19ന് ഫത്തേപൂരിലെ റാലിയില്‍ മോദിയുടെ പ്രസംഗം വിവാദമായത് പ്രധാനമന്ത്രിപദവിയില്‍ ഇരിക്കുന്ന ഒരാള്‍ ‘മുസ്ലിം പ്രീണനം’ എന്ന ആര്‍.എസ്.എസിന്‍െറ തുരുമ്പെടുത്ത ആയുധം പൊടിതട്ടിയെടുത്ത് സാമാന്യജനത്തിന്‍െറ മനസ്സില്‍ വര്‍ഗീയതയുടെ വിഷധൂളികള്‍ വിതക്കാന്‍ ശ്രമിച്ചപ്പോഴാണ്. ‘‘ഖബര്‍സ്ഥാനുള്ള ഒരു ഗ്രാമത്തില്‍ ഹിന്ദുക്കള്‍ക്ക് ക്രിമിറ്റേറിയവും വേണം. റമദാനില്‍ വൈദ്യുതി മുടങ്ങാതെ വിതരണം ചെയ്യുന്നുണ്ടെങ്കില്‍ ദീപാവലിക്കും മുടങ്ങാന്‍ പാടില്ല’’ എന്നായിരുന്നു മോദിയുടെ പ്രസംഗം. ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ പല തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആവര്‍ത്തിച്ച നിരുത്തരവാദപരമായ ആരോപണമാണ് മോദിയും എടുത്തുപ്രയോഗിച്ചത്. 22 കോടി വരുന്ന മുസ്ലിംകളുടെ മയ്യിത്ത് ഖബറടക്കാന്‍ ഇവിടെ സ്ഥലമില്ളെന്നും അതുകൊണ്ട് ഹിന്ദുക്കളുടേതുപോലെ ദഹിപ്പിക്കുന്ന രീതി അവര്‍ സ്വീകരിക്കണമെന്നും ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് ഒരു പൊതുയോഗത്തില്‍ ആക്രോശിച്ചപ്പോള്‍ ഉയര്‍ന്ന കൈയടി കടുത്ത വിദ്വേഷത്തിന്‍േറതായിരുന്നു. നാവെടുത്താല്‍ വിഷം മാത്രം വമിക്കുന്ന ഗോരഖ്പുര്‍ എം.പി യോഗി ആദിത്യനാഥിനെ സംഘര്‍ഷഭരിതമായ പടിഞ്ഞാറന്‍ യു.പിയിലേക്ക് വോട്ട് പിടക്കാന്‍ അയച്ചത് വര്‍ഗീയ വിളവെടുപ്പ് ലക്ഷ്യമിട്ടായിരുന്നു. രാമക്ഷേത്രനിര്‍മാണം, മുത്തലാഖ്, ഏകീകൃത സിവില്‍കോഡ് തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ എടുത്തിട്ട് ‘ശത്രുനിഗ്രഹം’ എങ്ങനെ എളുപ്പമാക്കാം എന്ന് അനുയായികളെ പഠിപ്പിക്കുകയായിരുന്നു യോഗി അവിടെ. സ്വന്തം മണ്ഡലമായ വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രം സന്ദര്‍ശിക്കുന്നതും അവിടത്തെ ഗോക്കളെ പുല്ല് തീറ്റിക്കുന്നതും സന്ന്യാസിമാരുടെ ദര്‍ശനം തേടുന്നതുമെല്ലാം ലൈവായി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത് മോദിയുടെ ഭക്തിപാരവശ്യം വോട്ടര്‍മാരിലത്തെിക്കാന്‍ വേണ്ടിയായിരുന്നു.  

ഭരണകൂടവിരുദ്ധവികാരം അലയടിക്കുന്നത് തടഞ്ഞുനിര്‍ത്താന്‍ മാത്രം ശക്തമല്ല മോദിയുടെ പ്രതിച്ഛായമഹത്ത്വം എന്ന് മറ്റു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ അഖിലേഷ് സര്‍ക്കാറിനെതിരായ ജനവികാരം സ്വാഭാവികമായും മുതലെടുക്കേണ്ടിയിരുന്ന മായാവതിയുടെ ബി.എസ്.പിയുടെ തട്ടകത്തില്‍ കയറി അമിത് ഷായും കൂട്ടരും നടത്തിയ ജാതിക്കളി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചിട്ടുണ്ട്. മുമ്പ് ബിഹാറില്‍ നരേന്ദ്ര മോദി പയറ്റിയ അടവാണിത്. ‘ഏറ്റവും പിന്നാക്ക വിഭാഗത്തിനു’ സംവരണം ചെയ്ത സീറ്റുകള്‍ ചില പ്രത്യേക മതവിഭാഗങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് പറഞ്ഞ് ഒ.ബി.സിയില്‍ വിടവ് ഉണ്ടാക്കാനാണ് പ്രധാനമന്ത്രി അന്ന് കുതന്ത്രം മെനഞ്ഞത്. പക്ഷേ,  അത് വിജയിച്ചില്ല. അമിത് ഷായാവട്ടെ, ബി.എസ്.പിയുടെയും സമാജ്വാദി പാര്‍ട്ടിയുടെയും ജാതിതട്ടകങ്ങളില്‍ നുഴഞ്ഞുകയറി ഇതുവരെ നിലനിന്ന രാഷ്ട്രീയ സമവാക്യം അട്ടിമറിക്കാന്‍ സകല തന്ത്രങ്ങളും പുറത്തെടുത്തു. യാദവ ഇതര പിന്നാക്കവിഭാഗത്തെ തങ്ങളോടൊപ്പം നിര്‍ത്താന്‍ യാദവവിരുദ്ധ വികാരം വളര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1990കളില്‍ കല്യാണ്‍ സിങ് എന്ന ഒ.ബി.സി നേതാവിനെ അധികാരത്തിലത്തെിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജാതികൂട്ടുകെട്ട് തിരിച്ചുപിടിക്കാന്‍ സാധിച്ചതാണ് ബി.ജെ.പിക്ക് എതിരാളികളെ ഞെട്ടിക്കുന്ന വിജയം കൊയ്യാന്‍ അവസരമൊരുക്കിക്കൊടുത്തത്.

അതേസമയം, ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായകസ്വാധീനമുള്ള മണ്ഡലങ്ങളില്‍ ത്രികോണമത്സരത്തിന്‍െറ കുതൂഹലങ്ങള്‍ക്കിടയില്‍ മുസ്ലിം വോട്ട് ഭിന്നിച്ചതോടെ അതിനിടയിലൂടെ ബി.ജെ.പി ജയിച്ചുകയറുകയായിരുന്നു. ദലിതുകളുടെയും ബ്രാഹ്മണരുടെയും ഒരു വിഭാഗം മുസ്ലിം വോട്ടര്‍മാരുടെയും കരുത്തില്‍ മുന്നേറാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലുകള്‍ അപ്പടി തെറ്റിയപ്പോഴാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരം മായാവതി ഏറ്റുവാങ്ങേണ്ടിവന്നത്. പിതാവുമായി പോരാട്ടത്തിനിറങ്ങിയ അഖിലേഷ്, രാഹുലിന്‍െറ കോണ്‍ഗ്രസുമായി ചേര്‍ന്ന് അദ്ഭുതം സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടിയവര്‍ക്ക് കടുത്ത ഭരണവിരുദ്ധ വികാരം താഴേതട്ടില്‍ അലയടിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം കാണാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിലയിരുത്തുന്നതോടെ, ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ട്വിഹിതം ഇപ്പോഴത്തെ ‘തരംഗ’ത്തിനു പിന്നിലെ നിജസ്ഥിതി തൊട്ടുകാണിക്കാനാവും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiAkhileshmayawati
News Summary - article about up elections
Next Story