മാധ്യമങ്ങളിലെ വ്യക്തി: ദ ലേഡി മുസോളിനി
text_fieldsഭൂമിയുടെ ചരിവ് ഇടത്തോട്ടാണ്. ലാറ്റിനമേരിക്കയിലും സോവിയറ്റ് നാടുകളിലും ഇടതുപക്ഷം ജ്വലിച്ചുനിന്നപ്പോൾ അതിന്റെ വക്താക്കൾ പറഞ്ഞത്, ഈ ഇടതുവസന്തത്തിനു കാരണം ഭൂഗോളത്തിന്റെ ഇടതുചായ്വാണെന്നാണ്. ഇന്നിപ്പോൾ അങ്ങനെയൊരു വസന്തമില്ല; ചരിത്രത്തിൽ പറഞ്ഞുകേട്ട ആ വസന്തത്തിനാകട്ടെ, ഇടിമുഴക്കത്തിന്റെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും, ഭൂമിയുടെ ചരിവിൽ മാറ്റമൊന്നും സംഭവിച്ചില്ല. പക്ഷേ, രാഷ്ട്രീയ ഭൂപടം പാടേ മാറി. മൊത്തത്തിൽ വലത്തോട്ടാണ് ഒഴുക്ക്. യൂറോപ്പിലെത്തുമ്പോൾ ഒഴുക്കിന് വേഗം കൂടും. തീവ്ര വലതുപക്ഷത്തിന്റെ ഭൂഖണ്ഡമെന്നാണിപ്പോൾ യൂറോപ്പിന്റെ വിശേഷണം. ജർമനിയും സ്വീഡനും ഹംഗറിയും നെതർലൻഡ്സും ഫ്രാൻസും ഫിൻലൻഡും എസ്തോണിയയുമെല്ലാം നവനാസികളുടെ നിയന്ത്രണത്തിലായി. ബ്രിട്ടനിൽ നവനാസികൾ ആഞ്ഞുപിടിച്ചപ്പോഴാണ് 'ബ്രെക്സിറ്റ്' യാഥാർഥ്യമായത്. യൂറോപ് യൂറോപ്യർക്ക് മാത്രം എന്നാണ് ടി കക്ഷികളുടെ മുദ്രാവാക്യം; കുടിയേറ്റക്കാരെയും അഭയാർഥികളെയുമെല്ലാം അടിച്ചോടിക്കണമെന്നാണ് ആഹ്വാനം. ഹിറ്റ്ലറുടെ രണ്ടാം വരവ് എന്നാണ് ഈ 'നവനാസി പ്രതിഭാസം' അറിയപ്പെടുന്നത്. ഹിറ്റ്ലർ മാത്രമല്ല, മുസോളിനിയും തിരിച്ചുവരുന്നുവെന്നാണ് ഇറ്റലിയിൽനിന്നുള്ള പുതിയ വാർത്ത. ഇറ്റലിയിൽ മുസോളിനിയുടെയും ഫാഷിസത്തിന്റെയും അധികാരാരോഹണത്തിന്റെ നൂറാം വാർഷികത്തിൽ, രാജ്യത്ത് ഭരണം പിടിച്ചിരിക്കുന്നത് ഒരു ലേഡി മുസോളിനിയാണ്-പേര് ജോർജിയ മെലോനി. ഇറ്റലിയിൽ ആദ്യമായൊരു വനിത പ്രധാനമന്ത്രി വരാൻപോകുന്നു.
'വിയോജിക്കുന്നവരോട് ഞങ്ങൾ വാദിക്കാറില്ല, പകരം അവരെ ഇല്ലാതാക്കും' എന്നാണ് ഫാഷിസ്റ്റ് ആചാര്യന്റെ മതം. ഒപ്പം, 20ാം ശതകത്തെ ഫാഷിസത്തിന്റെ നൂറ്റാണ്ടെന്നും വിശേഷിപ്പിച്ചു. അവിടെയാണ് മുസോളിനിക്ക് പിഴച്ചത്. അങ്ങനെ ഏതെങ്കിലുമൊരു നൂറ്റാണ്ടിൽ തുടങ്ങി അവസാനിക്കുന്നതൊന്നുമല്ല ഫാഷിസം. തുടങ്ങിവെച്ച ദേശത്തുനിന്നുതന്നെ അതിന് പിന്തുടർച്ചക്കാരുണ്ടാകുമ്പോൾ അതങ്ങനെ അനസ്യൂതമായൊഴുകും. ആ രാഷ്ട്രീയനിയോഗമാണ് മെലോനി ഏറ്റെടുത്തത്. മുസോളിനിയുടെ കടുത്ത ആരാധികയാണ്. മുസോളിനി ഏകാധിപതിയായിരുന്നില്ല, അദ്ദേഹം ചെയ്തതെല്ലാം ഇറ്റലിക്കുവേണ്ടിയായിരുന്നുവെന്ന പ്രഖ്യാപനത്തോടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. അന്നുതൊട്ടേ തീവ്രവലതുപക്ഷക്കാരി എന്ന പേരുണ്ട്. ആ ചീത്തപ്പേരിലാണ് മുഖ്യധാര രാഷ്ട്രീയത്തിന്റെ നെറുകയിലെത്തിയത്. യൂറോപ്പിൽ ഇപ്പോൾ ഇത്തരം വിശേഷണങ്ങൾക്കാണ് മാർക്കറ്റ്; നമ്മുടെ 'ഹിന്ദുത്വ' പോലെ. എന്നുവെച്ച്, അധികാരപദവിയിലെത്തുമ്പോൾ അത്തരം വിശേഷണങ്ങൾ ഗുണം ചെയ്യില്ല. അതുകൊണ്ട് തന്നെയാരും ഇനി അങ്ങനെ വിളിക്കല്ലേ എന്നാണിപ്പോൾ അപേക്ഷ.
മൂന്ന് പതിറ്റാണ്ട് മുമ്പ്, യൂത്ത് ഫ്രണ്ട് എന്ന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ഇറ്റാലിയൻ സോഷ്യൽ മൂവ്മെന്റ് എന്ന രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗമാണ് യൂത്ത് ഫ്രണ്ട്. പേരിലെ സോഷ്യലിസമൊന്നും കണ്ട് ഞെട്ടേണ്ട. മുസോളിനിയുടെ മരണശേഷം, അവശിഷ്ട ഫാഷിസ്റ്റുകൾ കെട്ടിപ്പൊക്കിയ ഒരു പാർട്ടിയാണത്. തുടക്കത്തിൽ മറ്റൊരു പേരായിരുന്നു. ഇറ്റലിയിൽ നവനാസി പ്രസ്ഥാനത്തിന് വിത്തുപാകിയ പ്രസ്ഥാനം. പ്രസ്ഥാനത്തിന്റെ ആശയധാര വിപുലമാക്കാൻ 1995ൽ ഗിയാൻ ഫ്രാങ്കോ ഫിനിയുടെ നാഷനൽ അലയൻസിൽ ലയിച്ചു. അതോടെ, മെലോനി നാഷനൽ അലയൻസിന്റെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ആക്ഷന്റെ ദേശീയ നേതാവായി; പിന്നീട് യുവജന സംഘടനയായ യൂത്ത് ആക്ഷന്റെ അമരക്കാരിയുമായി. ഇതിനിടെ, റോം പ്രവിശ്യ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലം തൊട്ടേ, അഭയാർഥികൾ, കുടിയേറ്റക്കാർ എന്നൊക്കെ കേട്ടാൽ കലിയാണ്; എൽ.ജി.ബി.ടി രാഷ്ട്രീയത്തോടും അമർഷമാണ്. 2006ലാണ് ആദ്യമായി പാർലമെന്റിലെത്തിയത്, അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസ് വഴി. 2008ൽ ബെർലുസ്കോനി മന്ത്രിസഭയിൽ അംഗമായി; യുവജനക്ഷേമമായിരുന്നു വകുപ്പ്. ബെർലുസ്കോനിയും സംഘവും അമ്പേ പരാജയമായിരുന്നു. മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും രാജ്യം മൂക്കുംകുത്തി താഴെ വീണു. സാമ്പത്തിക മാന്ദ്യത്തിന്റെ പടുകുഴിയിലേക്ക് ഒരു ജനതയെ മുഴുവൻ തള്ളിവിട്ട് ബെർലുസ്കോനി പദവി ഒഴിഞ്ഞു; മന്ത്രിസഭ പിരിച്ചുവിട്ടു. ഇതിനിടെ, മറ്റു ചില കക്ഷികളെക്കൂടി ചേർത്ത് പാർട്ടി 'ദ പീപ്ൾ ഓഫ് ഫ്രീഡം' എന്ന പേരിൽ വിപുലീകരിച്ചത് മാത്രമാണ് എടുത്തുപറയേണ്ട നേട്ടം. ബെർലുസ്കോനി വീണപ്പോൾ പാർട്ടി പിടിക്കാനായി പിന്നെ അടി. ആ പോരാട്ടത്തിന്റെ ഒരുവശത്ത് മെലോനിയുണ്ടായിരുന്നു. അതിൽ പരാജയപ്പെട്ടപ്പോഴാണ് 2012ൽ 'ബ്രദേഴ്സ് ഓഫ് ഇറ്റലി' എന്ന പേരിൽ സ്വന്തമായൊരു പാർട്ടിക്ക് രൂപം നൽകിയത്.
പാർട്ടിയുടെ പത്താം ജന്മവാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മെലോനിയുടെ ചരിത്ര നിയോഗം. സെപ്റ്റംബർ 25ന് നടന്ന തെരഞ്ഞെടുപ്പിൽ 26 ശതമാനം വോട്ടാണ് പാർട്ടി നേടിയിരിക്കുന്നത്. 400 അംഗ അധോസഭയിൽ 119ഉം 200 അംഗ സെനറ്റിൽ 65ഉം പേർ മെലോനിയുടെ ആളുകളാണ്. ഒക്ടോബർ 13ന് മെലോനിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ല. വംശീയതയുടെയും അപരവിദ്വേഷത്തിന്റെയും മുദ്രാവാക്യങ്ങളുയർത്തുന്ന പ്രസ്ഥാനങ്ങൾ റോക്കറ്റ് വേഗത്തിലാണ് യൂറോപ്പിൽ വളരുന്നത്. നവനാസി ആശയങ്ങൾക്ക് അത്രമേൽ സ്വീകാര്യതയുണ്ട് അവിടെ. 'ബ്രദേഴ്സ് ഓഫ് ഇറ്റലി'യിലൂടെ മെലോനി സാധിച്ചെടുത്തതും അതാണ്. ഒരിക്കൽ അവർ ഇങ്ങനെ പ്രസംഗിക്കുകയുണ്ടായി: ''ഞാൻ ജോർജിയ മെലോനി, സ്ത്രീയാണ്, അമ്മയാണ്, ഇറ്റലിക്കാരിയാണ്; പിന്നെ ക്രിസ്ത്യാനിയും''. കേൾക്കുമ്പോൾ എന്തു മനോഹരമാണ് വരികൾ. പക്ഷേ, മുസോളിനിയുടെ 'ദൈവം, പിതൃഭൂമി, കുടുംബം' എന്ന വിദ്വേഷ മുദ്രാവാക്യത്തെ മറ്റൊരു രീതിയിൽ പരാവർത്തനം ചെയ്യുകയായിരുന്നു അവർ. ഇറ്റലിക്കാരിയാണെന്ന് മെലോനി പറയുമ്പോൾ അതിനർഥം, രാജ്യത്ത് ഇറ്റലിക്കാർ മാത്രം മതിയെന്നാണ്; യൂറോപ്യൻ യൂനിയൻ എന്ന വിശാല സങ്കൽപത്തെപ്പോലും കീറിമുറിക്കുകയാണവർ. യൂറോപ്പിന്റെ സർവനാശത്തിനും കാരണം മുസ്ലിംകളായ കുടിയേറ്റക്കാരും അഭയാർഥികളുമാണെന്ന് പറയാതെ പറയുന്നു. മുസോളിനിയുടെ 'പിതൃഭൂമി' സങ്കൽപം തന്നെയാണിത്. മെലോനിയുടെ 'ക്രിസ്ത്യാനി'യും മുസോളിനിയുടെ 'ദൈവ'വും സംഗമിക്കുന്നത് കത്തോലിക്ക മൗലികചിന്തകളിലും അതിന്റെ രാഷ്ട്രീയ രൂപങ്ങളിലുമാണ്. ഈ ആശയങ്ങളൊന്നും ഇന്ന് യൂറോപ്പിന് അചിന്ത്യമല്ല. സാർവത്രികമാണ്. ഈ ചിന്തകളാണിപ്പോൾ അവിടെ വോട്ടായി മാറുന്നത്.
ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തേക്കാൾ കഷ്ടമാണ് സാമ്പത്തിക സ്ഥിതി. പക്ഷേ, മെലോനിക്ക് ഇതിനെക്കാൾ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾ ഉടൻ ചെയ്തു തീർക്കാനുണ്ട്. അതിലാദ്യത്തേത്, കുടിയേറ്റ നിയമത്തിൽ ഭേദഗതി വരുത്തി ഇറ്റലിക്കാരല്ലാത്തവരെയെല്ലാം പുറത്താക്കുക തന്നെ. എന്നുവെച്ചാൽ, രണ്ട് ശതമാനത്തിൽതാഴെ വരുന്ന മുസ്ലിംകൾ മെഡിറ്ററേനിയൻ കടലിലേക്കുതന്നെ തള്ളപ്പെടും. കൂട്ടത്തിൽ ലൈംഗികന്യൂനപക്ഷങ്ങളും ഒഴിവാക്കപ്പെടും. ഇറ്റലിയുടെ സ്വാതന്ത്ര്യദിനം (ലിബറേഷൻ ഡേ) ഏപ്രിൽ 25ൽ നിന്ന് നവംബർ നാലിലേക്ക് മാറ്റാനും പരിപാടിയുണ്ട്. നാസിസത്തിന്റെയും ഫാഷിസത്തിന്റെയും കെടുതികളിൽനിന്ന് രാജ്യം മുക്തമായതിന്റെ ഓർമകളാണ് ഏപ്രിൽ 25നുള്ളത്; ഹിറ്റ്ലറും മുസോളിനിയുമെല്ലാം രാഷ്ട്രീയമായി അപ്രത്യക്ഷമായതിന്റെ ആഘോഷമാണത്. ഒരു നവനാസിക്ക് അതെങ്ങനെ സഹിക്കാനാകും. നവംബർ സ്മരണയാകട്ടെ, ഒന്നാം ലോകയുദ്ധ വിജയത്തിന്റെതാണ്; ഫാഷിസത്തിന് വഴിയൊരുക്കിയ വിജയത്തിന്റെ ഓർമ. യൂറോപ്യൻ യൂനിയനിൽനിന്ന് ഇറ്റലിയെ പുറത്തുകടത്താനുള്ള പരിപാടികളും പ്രതീക്ഷിക്കണം. ഈ പരിവർത്തനങ്ങൾക്കെല്ലാം ശേഷം സമയമുണ്ടെങ്കിൽ സാമ്പത്തിക പ്രശ്നങ്ങളിലൊക്കെ ഇടപെട്ടേക്കാം. അത്രതന്നെ, പ്രായം 45. മാധ്യമ പ്രവർത്തകനായ ആന്ദ്രേ ഗിയാൻ ബ്രൂണോയാണ് ജീവിത സുഹൃത്ത്. ഒരു മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.