ഗ്രെറ്റ ദ ഗ്രേറ്റ്
text_fieldsസങ്കീർണമായ ലോകസാഹചര്യങ്ങളെക്കുറിച്ചോ വികസ്വരരാജ്യങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചോ ഒരു ധാരണയുമില്ലാത്ത പൊട്ടിപ്പെണ്ണെന്ന് പുടിൻ. ശോഭനമായ വിസ്മയ ഭാവിയിലേക്ക് കണ്ണുനട്ട പാവം കൊച്ചു െപൺകുട്ടിയെന്ന് ട്രോളി ഡോണൾഡ് ട്രംപ്. സമൂഹത്തോട് വിരോധം പുലർത്തുന്ന തീവ്രവാദ നിലപാടുകാരിയെന്നു ഫ്രാൻസിെൻറ ഇമ്മാനുവൽ മാക്രോൺ. ഭാവിയിൽ എണ്ണപ്രതിസന്ധിക്കുതന്നെ ഇടയാക്കിയേക്കാവുന്ന ‘അശാസ്ത്രീയ’ചിന്തയുടെ ചെണ്ടകൊട്ടുകാരിയെന്ന് എണ്ണയുൽപാദക രാജ്യങ്ങളുടെ സംഘടന ‘ഒപെകി’െൻറ സെക്രട്ടറി ജനറൽ മുഹമ്മദ് ബാർകിന്ദോ. കോലം കണ്ടിട്ട് നാസി പ്രോപഗണ്ട പോസ്റ്ററിെൻറ ചേലെന്ന് അമേരിക്കയിലെ വലതു പണ്ഡിറ്റുകൾ. മനോനില തെറ്റിയ സ്വീഡിഷ് െപൺകൊച്ചെന്ന് ഫോക്സ് ന്യൂസ് ചാനലിലെ അതിഥി വിദഗ്ധൻ...ഇങ്ങനെ ലോകത്തിെൻറ താക്കോൽ കിലുക്കി നടക്കുന്ന എല്ലാവരെയും ഒരുപോലെ വെകിളിപിടിപ്പിക്കാൻ മാത്രം പാർക്ലാൻഡ് സ്കൂളിലെ പാവാടക്കാരിപ്പെൺകുട്ടി ഗ്രെറ്റ തുൻബെർഗ് എന്തു ചെയ്തു? ഏറെയൊന്നുമില്ല. ഇനി വരുന്ന തങ്ങളുടെ തലമുറക്ക് ഇവിടെ വാസം സാധ്യമാകണമെന്ന് മുതിർന്നവർ നയിക്കുന്ന ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞു. വീടു കത്തുേമ്പാൾ അതിനകത്ത് കുത്തിയിരുന്ന് പുത്തൻവീട് കെട്ടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ലോകത്തിെൻറ മുഴുഭ്രാന്ത് തുറന്നുകാട്ടി. അങ്ങനെ സ്വന്തം സ്കൂളിലെ കുട്ടികളെ വിളിച്ചുണർത്തി, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ തുടങ്ങിയ വെള്ളിയാഴ്ചയിലെ പഠിപ്പുമുടക്കി സമരം രണ്ടുകൊല്ലം കൊണ്ട് ലോകം ഏറ്റെടുത്തു. ലോകത്തെ 137 രാജ്യങ്ങളിലെ അയ്യായിരത്തിലധികം സ്ഥലങ്ങളിലേക്ക് ഇൗ സമരം കത്തിപ്പടർന്നു. രണ്ടായിരത്തിലേറെ ശാസ്ത്രജ്ഞർ പിന്തുണയുമായെത്തി. അതിെൻറ ഉച്ചസ്ഥായിയിലാണ് ന്യൂയോർക്കിലെ കാലാവസ്ഥ ഉച്ചകോടി നടക്കുന്നത്.
കാർബൺ നിർഗമനത്തിലൂടെ ചുട്ടുപൊള്ളുന്ന ഭൂമിക്ക് ശമനം നൽകാൻ, ആഗോളതാപനം കുറക്കാൻ ലോകനേതാക്കൾ മുൻകൈയെടുക്കണമെന്ന ആഹ്വാനവുമായി ഗ്രെറ്റ ന്യൂയോർക്കിലെത്തി. വണ്ടി കയറിയും വിമാനത്തിൽ പറന്നുമല്ല, ബ്രിട്ടനിലെ പ്ലിമൗത്തിൽനിന്ന് അറുപതടി നീളമുള്ള സോളാർ പാനലും അന്തർവാഹിനി ടർബൈനുകളും ഘടിപ്പിച്ച നൗക തുഴഞ്ഞ്. കാർബൺ നിർഗമനത്തിനു വാദിക്കുന്ന തനിക്ക് കാർബൺ ന്യൂട്രൽ സംവിധാനത്തിലൂടെ അറ്റ്ലാൻറിക് മുറിച്ചുകടന്നും അമേരിക്ക പിടിക്കാൻ കഴിയുമെന്ന് കാണിച്ചു െകാടുക്കാനുള്ള വാശിയായിരുന്നു അത്. 15 ദിവസം നീണ്ട യാത്രക്കു ശേഷം അമേരിക്കയിലെത്തിയ അവർ ലോകത്തിനുനേർക്കെയ്ത ചാട്ടുളി ചോദ്യങ്ങളിലൂടെ പ്രശസ്തിയുടെ നെറുകയിലെത്തി. ഇക്കൊല്ലം ലോകത്തെ സ്വാധീനിച്ച നൂറുപേരിലൊരാളായി അവളെ അമേരിക്കയിലെ ‘ടൈം’ മാഗസിൻ തെരഞ്ഞെടുത്തു. ‘വരും തലമുറ നേതാവ്’ ആക്കി അവർ കവർസ്റ്റോറിയും കാച്ചി. റോയൽ സ്കോട്ടിഷ് ജിയോഗ്രഫിക്കൽ സൊസൈറ്റിയുടെ ഫെലോഷിപ് അടക്കമുള്ള അംഗീകാരങ്ങൾ നിരവധി തേടിയെത്തി. ഒടുവിൽ നൊബേൽ പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നു. മാധ്യമങ്ങൾ അവരുടെ സ്വാധീനത്തെ ’ഗ്രെറ്റ ഇഫക്ട്’ ആയാണ് കൊണ്ടാടുന്നത്.
എല്ലാംകൂടി ഭൂഗോളമൊന്നാകെ ഒരു ടീനേജുകാരിയുടെ പിന്നാലെ പോകുന്നതിലല്ല ലോകമുതലാളി ചമയുന്ന രാജ്യനേതാക്കൾക്ക് കലിപ്പ്. ‘നിങ്ങൾ മുതിർന്നവർ എെൻറ ഭാവിക്കുമേൽവിസർജിക്കുന്നതുകൊണ്ടാണ് എനിക്ക് ഒച്ചവെക്കേണ്ടി വരുന്നത്’ എന്ന അവളുടെ തുറന്നടിച്ച നിലപാട് വരുംതലമുറയെയൊന്നായി ‘വഴി തെറ്റിച്ചാൽ’ തങ്ങളുടെ ഭാവി ഗുണം പിടിക്കില്ലെന്ന ഉറച്ച ബോധ്യമാണ് കൊച്ചുപെണ്ണിന് മറുപടി പറയാൻ അവരെ പ്രേരിപ്പിച്ചത്. ഗ്രെറ്റയും വിട്ടുകൊടുക്കുന്നില്ല. ട്രംപിെൻറ കളിയാക്കൽ കാര്യത്തിലെടുത്ത് അതേ വാചകം തെൻറ ട്വിറ്റർ ബയോ ആക്കി മാറ്റിയാണ് പ്രതികരിച്ചത്. പുടിൻ ശകാരിച്ചപ്പോഴും അതുതന്നെ പ്രയോഗിച്ചു. രണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി. വിമർശനങ്ങൾ ശകാരങ്ങളിൽനിന്നു വ്യക്തിഹത്യ വരെയെത്തി. ഇടക്ക് തീറ്റയും കുടിയും മിണ്ടാട്ടവും മുട്ടിപ്പോകുന്ന ആസ്പർജർ രോഗം അലട്ടിയിരുന്നു. അവളുടെ ആക്ടിവിസത്തെ രോഗത്തിെൻറ ഭാഗമായി ചിലർ ചിത്രീകരിച്ചു. അതിനും കിട്ടി ചുട്ട മറുപടി: ‘‘ചില സന്ദർഭങ്ങളിൽ മൗനിയായിപ്പോകുന്ന ആസ്പർജർ സിൻഡ്രോം എനിക്കുണ്ട്. അതിനർഥം അത്യാവശ്യം വന്നു മുട്ടുേമ്പാൾ മാത്രമേ താൻ സംസാരിക്കൂ എന്നാണ്. അത്തരമൊരു നിമിഷത്തിലാണ് താനിപ്പോൾ’’. ലോകം മുഴുവൻ നാശത്തിലേക്കു കുതിക്കുേമ്പാൾ പണത്തിെൻറയും വികസനത്തിെൻറ യക്ഷിക്കഥകളുടെയും പിറകെപ്പോകാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നുവെന്ന ഗ്രെറ്റയുടെ വികാരവിക്ഷുബ്ധമായ ഒരൊറ്റ ചോദ്യം മതിയായിരുന്നു ലോകനായകന്മാരെ വെകിളി പിടിപ്പിക്കാൻ.
2003 ജനുവരി മൂന്നിന് സ്റ്റോക്ഹോമിൽ ജനിച്ച ഗ്രെറ്റയുടെ അച്ഛൻ സ്വെന്ത തുൻെബർഗ് നടനും അമ്മ മലീന എൻമാൻ ഒാപറ ഗായികയുമായിരുന്നു. അനിയത്തി ബീറ്റയടക്കം കുടുംബം ആമോദത്തോടെ യൂറോപ്പെങ്ങും സഞ്ചാരം നടത്തി സന്തോഷപൂർവം ജീവിക്കുന്നതിനിടെയാണ് അഞ്ചാം ഗ്രേഡിൽ വെച്ച് പെെട്ടന്നൊരു നാൾ അന്നം മുട്ടിപ്പോയ നില കണ്ടത്. അതോടെ, സംസാരവും നിർത്തി അന്തർമുഖിയായി. അന്നത്തെ ആ ഞെട്ടലും തളർച്ചയുമൊക്കെ ‘ഹൃദയദൃശ്യങ്ങൾ’ എന്ന ഉടൻ പുറത്തിറങ്ങുന്ന കൃതിയിലുണ്ട്. അതിൽനിന്നു കുടുംബം കരകയറിയത് ശാപം ഉപകാരമാക്കി മാറ്റുമെന്ന ദൃഢനിശ്ചയത്തിലാണ്. അങ്ങനെ ആസ്പർജർ രോഗം ഇല്ലായിരുന്നെങ്കിൽ താൻ ഇക്കണ്ട തലത്തിലെത്തില്ലായിരുന്നു എന്ന ആത്മധൈര്യത്തിലേക്കാണ് ഗ്രെറ്റ മാറിയത്. അതൊരു വൈകല്യമല്ല, തെൻറ സൂപ്പർ പവറാണ് എന്നു തന്നെ വിശ്വസിച്ചു, അത് തെളിയിക്കുകയും ചെയ്തു.
സ്വന്തം രോഗത്തേക്കാൾ കുഞ്ഞു ഗ്രെറ്റയെ ഞെട്ടിച്ചത് പരിസ്ഥിതി പ്രതിസന്ധിയുടെ അപകടഭീഷണിയാണ്. രോഗം വെളിപ്പെടുന്നതിനും മൂന്നുകൊല്ലം മുമ്പ് എട്ടുവയസ്സിൽ അതേക്കുറിച്ച് കേട്ടപ്പോൾ ഒന്നും മനസ്സിലായില്ല. പിന്നെ വളർച്ചയിൽ കൂടുതൽ പഠിച്ചപ്പോൾ കാർബൺ നിർഗമനനിയന്ത്രണത്തിന് വല്ലതും ചെയ്യണമെന്നായി. ആദ്യം വാശിപിടിച്ചത് ഗായികയായി വിമാനത്തിൽ പരിപാടിക്കു പോകുന്ന അമ്മയുടെ യാത്രക്കെതിരെ. അതിനുമുന്നിൽ മുട്ടുമടക്കിയ അമ്മ വലിച്ചെറിഞ്ഞത് സ്വന്തം കരിയർതന്നെയായിരുന്നു. ആ ജയത്തിൽ പിടിച്ചാണ് പിന്നെ വിദ്യാർഥികൾക്കിടയിലേക്ക് കടക്കുന്നത്.
2018 ഫെബ്രുവരിയിൽ സ്കൂൾ വെടിവെപ്പ് സംഭവത്തിനുശേഷം കുട്ടികൾ സ്കൂളിൽ പോകാനറച്ചുനിന്നപ്പോൾ തോക്ക് നിയന്ത്രണത്തിനുവേണ്ടി ‘ജീവൻ മാർച്ച്’ സംഘടിപ്പിച്ചായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ മേയിൽ സ്വീഡിഷ് പത്രം നടത്തിയ പ്രബന്ധ മത്സരത്തിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചെഴുതി സമ്മാനിതയായി. ‘മാനവചരിത്രം പ്രതിസന്ധിയിലായിരിക്കെ ഞാൻ എങ്ങനെ സുരക്ഷിതയാകും’ എന്ന ചോദ്യം ശീർഷകമാക്കിയ അവരുടെ എഴുത്ത് വായനസമൂഹം ഏറ്റുപിടിച്ചു. അതിൽനിന്നാണ് വെള്ളിയാഴ്ച പഠിപ്പുമുടക്കി കാലാവസ്ഥക്കുവേണ്ടി സമരം എന്ന ആശയമുദിച്ചത്. അതിെൻറ പ്രചാരവേലകളുമായുള്ള പ്രയാണത്തിലാണ് ഗ്രെറ്റ െഎക്യരാഷ്ട്ര സഭയും കടന്ന് നൊബേൽ പുരസ്കാരപ്പടിയിൽ വന്നുനിൽക്കുന്നത്. ഇതുകൊണ്ട് എല്ലാമായി എന്നോ, ലോകം കീഴടക്കിക്കളയാമെന്നോ ഒന്നും ഗ്രെറ്റ കരുതുന്നേയില്ല. ആരും മുന്നറിയിപ്പുകൊടുക്കാനില്ലാത്ത ദുരന്തത്തിെൻറ വക്കിൽ താൻ ലോകത്തെ വിളിച്ചുണർത്തുക മാത്രമാണ് എന്നേ അവൾ പറയുന്നുള്ളൂ. എന്നാൽ, ആ ഗ്രെറ്റ ഇഫക്ട് ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു. അതിൽ ഉണർന്നവരെ ചേർത്തുപിടിച്ച് ഉശിരുള്ള സമരത്തിലൂടെ സമാധാനത്തിെൻറ, സുരക്ഷിതത്വത്തിെൻറ ലോകം വരെ സഞ്ചാരം എന്നു മുന്നോട്ടുതന്നെയാണ് ഗ്രെറ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.