ഹിമാലയം വെറുമൊരു പർവതമല്ല
text_fieldsഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെ 17 ദിവസത്തിനുശേഷം അതിസാഹസികമായി രക്ഷിക്കാൻ സാധിച്ചത് അഭിമാന നേട്ടമാണ്. അസാധ്യമെന്നുകരുതിയത് സാധ്യമാക്കിയ രക്ഷാപ്രവർത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നു. ഒരുഭാഗത്ത് രക്ഷാപ്രവർത്തനത്തിെൻറ വിജയമോർത്ത് ആശ്വസിക്കുമ്പോൾ മനസ്സിെൻറ മറുപാതിയിൽ ചോദ്യമുയരുന്നു; ഇതൊക്കെ എന്തുകൊണ്ട് ആവശ്യമായിവന്നു? മുന്നറിയിപ്പുകൾ ഉണ്ടായിട്ടും വിളിച്ചുവരുത്തിയ ദുരന്തമല്ലേ ഇത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പ്തരുന്നു: ‘ ഇത്ഹിമാലയമാണ്, സൂക്ഷിച്ചുവേണം’. ഭൂമിയിലെ മറ്റു പർവതങ്ങളിൽനിന്ന് വ്യത്യസ്തവും പ്രായംകുറഞ്ഞതുമായ ഹിമാലയം ഒരു ദുർബല മേഖലയാണെന്ന് അവർ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.
വികസനത്തിന്റെ അനിവാര്യത എടുത്തുപറയുന്നവർ മറുവാദങ്ങൾ ഉന്നയിക്കുന്നത് സമാനമായ പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെട്ട, ഹിമാലയത്തോട് ചേർന്നുകിടക്കുന്ന, ആൽപ്സ് പർവതത്തിലെ നിർമാണപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ്. അനവധി ഭൂഗർഭ റെയിൽപാളങ്ങളും റോഡുകളുമൊക്കെ യൂറോപ്യൻ രാജ്യങ്ങൾ ഇവിടെ നിർമിച്ചിട്ടുണ്ട്. ആൽപ്സ് പർവതത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന, 57 കിലോ മീറ്റർ ദൈർഘ്യമുള്ള, ഗോത്താർഡ് ബേസ് ടണൽ(Gotthard Base Tunnel)ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിന് രണ്ടു കിലോ മീറ്റർ താഴെയുള്ള‘ഗോത്താർഡ്’ റെയിൽവേ ടണൽ നിർമിക്കാൻ 17 വർഷം വേണ്ടിവന്നു.
തെക്കുകിഴക്കൻ തിബത്തിലൂടെ അരുണാചൽ പ്രദേശിലെത്തുന്ന ഹൈവേയുടെ ഭാഗമായി രണ്ട് കിലോമീറ്റർ ദൂരമുള്ള ഒരു തുരങ്കം അടുത്തിടെ ചൈന നിർമിക്കുകയുണ്ടായി. ആൽപ്സ് പർവതത്തിലും ചൈനയുടെ പർവതങ്ങളിലുമൊക്കെ അത്തരം നിർമിതികൾ ആകാമെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഹിമാലയത്തിൽ വിലക്ക്?പല ചാനൽ ചർച്ചകളിലും ഉയർന്നുകേൾക്കാറുള്ളതും പലരിലും സംശയമുയർത്തുന്നതുമായ ഈ ചോദ്യത്തിന് മറുപടിയായി ഭൗമശാസ്ത്രജ്ഞർ പറയുന്നത്‘ഹിമാലയം ഒരു സാധാരണ പർവതമല്ല’ എന്നാണ്. ആൽപ്സ് പർവതവും തിബത്തൻ പീഠഭൂമിയുമൊക്കെ ഘടനാപരമായി ഹിമാലയത്തിൽനിന്ന് വ്യത്യസ്തമാണെന്ന് അവർ ഓർമിപ്പിക്കുന്നു.
ഒരു പർവതം ജനിക്കുന്നു
ഹിമാലയം ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പർവതനിരയാണ്. കിഴക്കൻ തിബത്ത് മുതൽ വടക്കുപടിഞ്ഞാറൻ പാകിസ്താൻവരെ നീണ്ടുകിടക്കുന്ന ഈ പർവതപ്രദേശത്തിന്റെ വിസ്തൃതി ഏതാണ്ട് ആറു ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഹിമാലയ പർവതത്തിന്റെ പിറവി മനസ്സിലാക്കാൻ നാം അനേകം ദശലക്ഷങ്ങൾ പിന്നോട്ട് യാത്രചെയ്യേണ്ടതുണ്ട്. ഭൂഫലകങ്ങളുടെ കൂട്ടിമുട്ടലിലൂടെയാണ് പല പർവതങ്ങളെയും പോലെ ഹിമാലയവും ഉടലെടുത്തതെന്ന പ്ലേറ്റ്ടെക്ടോണിക് സിദ്ധാന്തത്തിന്റെ അടിസ്ഥാന പാഠങ്ങൾ ആ യാത്രയിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. 225 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഇന്ത്യ ‘പാഞ്ചിയ’ (Pangaea) എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയെയും ഏഷ്യൻ ഭൂഖണ്ഡത്തെയും വേർതിരിച്ച് ‘തെത്തിസ്’(Thethys Sea)എന്ന മഹാസമുദ്രമുണ്ടായിരുന്നു. ഏതാണ്ട് 200 ദശലക്ഷം വർഷം മുമ്പ് പാഞ്ചിയ വിഘടിച്ച് ഭൂവിഭാഗങ്ങൾ പല ദിശകളിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെ ‘തെത്തിസ്’ സമുദ്രം ചുരുങ്ങാൻ തുടങ്ങി. ഏതാണ്ട് 80 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് വർഷത്തിൽ ഒമ്പത് സെന്റി മീറ്റർ നിരക്കിലായിരുന്നു ഈ ഭൂവൽക്കപാളി മുന്നോട്ടുനീങ്ങിയത്. അങ്ങനെ സഞ്ചരിച്ച് ഏതാണ്ട് 50 ദശലക്ഷം വർഷം മുമ്പ് ഇന്ത്യ യുറേഷ്യയുമായി കൂട്ടിയിടിച്ചു. അത് സംഭവിക്കുമ്പോൾ, ഇപ്പോൾ ഹിമാലയം നിൽക്കുന്ന പ്രദേശം തെത്തിസ് (Thethys) സമുദ്രത്തിെൻറ അടിത്തട്ടായിരുന്നു. കാലക്രമേണ തെത്തിസ് ഇല്ലാതായി.
തുല്യശക്തികൾ ഏറ്റുമുട്ടുമ്പോൾ സംഘർഷം കൂടുതൽ കാലം നീണ്ടുനിൽക്കുമല്ലോ. തുല്യ സാന്ദ്രതയും ബലവും 100 കിലോ മീറ്ററിനടുത്ത് കട്ടിയുമുള്ള ഇന്ത്യ-യുറേഷ്യ എന്നീ ഭൂവൽക്ക പാളികളാണ് ഏറ്റുമുട്ടിയിരിക്കുന്നത്. ശക്തമായ സമ്മർദത്തിൽ ഇവ തമ്മിലുള്ള ഉരസൽ ഏതാണ്ട് 10 ദശലക്ഷം വർഷങ്ങൾ നീണ്ടുനിന്നു. രണ്ടിൽ ഏതെങ്കിലും ഒരു ഭൂവൽക്കപാളിക്ക് താഴേക്കുനീങ്ങുക സാധ്യമല്ല. മർദം ഉൾക്കൊള്ളാൻ മുകളിലേക്ക് ഉയരുക എന്ന ഒരേയൊരു മാർഗമേയുള്ളൂ. സംഘർഷത്തിന്റെ അവസാനം തെക്കു-പടിഞ്ഞാറ് ദിശയിൽ നീങ്ങിക്കൊണ്ടിരുന്ന യുറേഷ്യ ഇന്ത്യൻ ഭൂവൽക്കത്തിന്റെ മുകളിലേക്ക് ഇടിച്ചുകയറാൻ തുടങ്ങി. അങ്ങനെയാണ്ഹിമാലയം എന്ന മഹാപർവതം ഉയരാൻ തുടങ്ങിയത്. അതോടെ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ വേഗം ഏതാണ്ട് പകുതിയായി കുറഞ്ഞെങ്കിലും മുകളിലേക്കുള്ള വളർച്ചയുടെ തോത് വർധിക്കുകയാണുണ്ടായത്. 50 ദശലക്ഷം വർഷത്തിനിടയിൽ, ഹിമാലയത്തിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റ് കൊടുമുടി ഉയർന്നത് ഒമ്പത് കിലോ മീറ്ററാണ്. വർഷത്തിൽ 10 മില്ലിമീറ്റർ നിരക്കിൽ ഈ കൊടുമുടി ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നു. ഭൂമിയിൽ ഒരു പർവതവും ഇത്ര വേഗത്തിൽ ഉയർന്നില്ല. കൂട്ടിയിടിയിൽ അടഞ്ഞുപോയ തെത്തിസ് സമുദ്രത്തിെൻറ അടിത്തട്ടിൽ നിക്ഷേപിക്കപ്പെട്ടിരുന്ന ചളിയും അവസാദങ്ങളും പല അടുക്കുകളായി ഉയർത്തപ്പെട്ടു. ഉയർന്നുപൊങ്ങിയ അവസാദ ശിലകളുടെ മടക്കുകൾക്കിടയിൽ കാണപ്പെടുന്ന കടൽജീവികളുടെ ഫോസിലുകൾ ഈ പ്രതിഭാസത്തിന്റെ തെളിവായി അവശേഷിക്കുന്നു.
സങ്കീർണമായ ഘടന
ലോകത്തെ ഏറ്റവും കൂടുതൽ ഉയരമുള്ള കൊടുമുടികൾ ഉൾക്കൊള്ളുന്ന പർവതമാണ് ചലനാത്മകമായ ഹിമാലയം. മഞ്ഞുമൂടിയ ശിഖരങ്ങൾ ഈ പർവതത്തിന്റെ പ്രത്യേകതയാണ്. അതുപോലെതന്നെയാണ് മഞ്ഞുപാളികൾ ഉൾപ്പെടുന്ന ഇവിടത്തെ താഴ്വരകൾ. വ്യത്യസ്ത സ്വഭാവമുള്ള പാറകൾ അടുക്കുകളായി ഉയർന്നുവന്നിട്ടുള്ള പർവതപ്രദേശങ്ങളുടെ ഘടന വളരെ സങ്കീർണമായിരിക്കും. ഭൗമശാസ്ത്രജ്ഞർ ഇത്തരം പർവതങ്ങളെ മടക്കുപർവതങ്ങൾ (Folded mountains)എന്ന് വിളിക്കുന്നു. അനവധി അടുക്കുകളുള്ള ഒരു കേക്ക് ഇരുവശങ്ങളിലും അമർത്തിയാൽ അവ പല പാളികളായി മടങ്ങുന്നതിനു സമാനമായ ഒരു പ്രതിഭാസമാണിത്. ഇങ്ങനെയുണ്ടാകുന്ന മടക്കുകൾ ബലഹീനമായതും ഭ്രംശനം സംഭവിക്കാൻ ഏറെ സാധ്യതയുള്ളതുമാണ്.
നിരന്തരമായ സമ്മർദത്തിൽ ഉയർന്നുപൊങ്ങുന്ന പർവതശിഖരങ്ങൾക്കിടയിൽ രൂപപ്പെടുന്ന താഴ്വരകളിലൂടെയാണ് ഹിമാലയത്തിലെ നിരവധിയായ നദികൾ ഒഴുകുന്നത്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണ് ഇവയിൽ പ്രധാനം. ഇവിടത്തെ ബലഹീനമായ ശിലകൾക്ക് മണ്ണൊലിപ്പിനുള്ള സാധ്യത കൂടുതലായതിനാൽ ഊർജസ്വലമായ ഈ നദികളുടെ തടങ്ങൾ കുത്തനെയുള്ള താഴ്വരകളായി രൂപപ്പെടുന്നു. ഇത്തരം അഗാധമായ മലയിടുക്കുകളിലൂടെയുള്ള പാതകളിലൂടെയാണ് ഗംഗോത്രി, യമുനോത്രി തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര. അതുകൊണ്ടുതന്നെ അവിടേക്കുള്ള യാത്രകൾ ദുഷ്കരവും അപകടമേറിയതുമാണ്. വർധിച്ച ടെക്റ്റോണിക് സമ്മർദത്തിൽപെട്ട് രൂപപ്പെട്ടിട്ടുള്ള ഭ്രംശനമേഖലകളും ഇടക്കിടെയുണ്ടാകുന്ന ഭൂകമ്പങ്ങളും ഈ പ്രദേശത്തെ കൂടുതൽ ദുർബലമാക്കിക്കൊണ്ടിരിക്കുന്നു. ഈ പർവതത്തിൽ അനേകം ഭ്രംശനമേഖലകളുണ്ട്. അവയിൽ പലതും ഭൂകമ്പസാധ്യതയുള്ളവയാണ്. കഴിഞ്ഞ നൂറു വർഷങ്ങൾക്കുള്ളിൽ തീവ്രത എട്ടിനോടടുത്ത നാല് ഭൂകമ്പങ്ങൾ ഇന്ത്യൻ ഹിമാലയത്തിലുണ്ടായിട്ടുണ്ട്.
ആൽപ്സ് പർവതം,തിബത്തൻ പീഠഭൂമി
1,200 കിലോ മീറ്ററിലധികം നീളമുള്ള ആൽപ്സ് പർവതനിരകൾ ഹിമാലയത്തോടൊപ്പം രൂപപ്പെട്ടതെങ്കിലും അതിനു ഭൂമിശാസ്ത്രപരമായി ഹിമാലയവുമായി ബന്ധമില്ല. ആഫ്രിക്ക ഉൾപ്പെടുന്ന ഭൂവൽക്കപാളി യുറേഷ്യൻപാളിയുമായി കൂട്ടിയിടിച്ചാണ് ആൽപ്സ് പർവതം രൂപപ്പെട്ടത്. ആഫ്രിക്കൻ ഭൂവൽക്കപാളിയുടെ ഏറ്റവുംകൂടിയ വേഗം വർഷത്തിൽ 10 സെന്റി മീറ്ററിൽ താഴെയായിരുന്നു. സഞ്ചാരവും വളർച്ചയും അവസാനിച്ച ആൽപ്സ് പർവതം ഇപ്പോൾ ശാന്തമാണ്. ഹിമാലയത്തിൽ സംഭവിക്കുന്നതുപോലെ ആൽപ്സ് പർവതത്തിൽ വലിയ ഭൂകമ്പങ്ങളുണ്ടാകുന്നില്ല എന്നതുതന്നെ ഈ ശാന്തതയുടെ തെളിവാണ്. ഹിമാലയത്തിന്റെ കാര്യം വ്യത്യസ്തമാണ്. തുടക്കത്തിൽ ഇന്ത്യയുൾപ്പെടുന്ന ഭൂവൽക്കപാളി വർഷത്തിൽ 18 സെന്റി മീറ്റർ വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോഴും വർഷത്തിൽ 6 സെന്റി മീറ്റർ എന്നനിരക്കിൽ ഈ സഞ്ചാരം തുടരുന്നു. അതിന്റെ ഫലമായി പർവതനിരകൾ വർഷത്തിൽ ഒരു സെന്റി മീറ്റർ എന്നനിരക്കിൽ ഉയർന്നുകൊണ്ടിരിക്കുന്നു. അപ്പോൾ ചൈനയുടെ ഭാഗമായ തിബത്തൻ പീഠഭൂമിയുടെ കാര്യമോ? ഏഷ്യൻ ഭൂവൽക്കത്തിന്റെ തെക്കുഭാഗത്തേക്കുള്ള നീക്കത്തിൽ ഹിമാലയം ഉയരുമ്പോൾ താരതമ്യേന പ്രായംകുറഞ്ഞതും ബലഹീനമായതുമായ പുതിയ പർവതനിരകൾ രൂപപ്പെടുന്നത് ഇന്ത്യയുടെ ഭാഗത്താണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭാഗത്തുള്ള പർവതനിരകളേക്കാൾ പ്രായമുള്ളതും ബലമേറിയതുമാണ് ചൈനയുടെ ഭാഗത്തുള്ളത്. പർവതങ്ങളുടെ ഘടനയിലുള്ള ഈ പ്രത്യേകതകൾ മനസ്സിലാക്കിയാൽ എന്തുകൊണ്ട് ആൽപ്സും ഹിമാലയവും തിബത്തൻപർവതങ്ങളും വ്യത്യസ്തമാകുന്നു എന്ന് മനസ്സിലാകും.
പർവതത്തിന്റെ മർമരങ്ങൾ
പർവതങ്ങൾക്ക് മർമരമുണ്ടോ? ഉണ്ടെന്നാണ് അവിടെ ജീവിക്കുന്നവർ പറയുന്നത്. അരിസോണ യൂനിവേഴ്സിറ്റിയിലെ പ്രസിദ്ധ ഭൗമശാസ്ത്രജ്ഞൻ കെ.വി. ഹോഡ്ജ്സ് (K.V.Hodges)പറയുന്നത് അവിടെ ജീവിക്കുന്ന മൃഗങ്ങൾക്കുപോലും ആ മർമരം തിരിച്ചറിയാനാകുമെന്നാണ്. ഒരിക്കൽ ഒരു കഴുതയുടെ സഹായത്താൽ ഹിമാലയത്തിലെ മഞ്ഞുമൂടിയ താഴ്വാരത്തിൽ സഞ്ചരിച്ചിരുന്ന ഹോഡ്ജ്സിനുണ്ടായ അനുഭവം പർവതങ്ങളും കാലാവസ്ഥയും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്ന ഒരു ഗവേഷണ പ്രബന്ധത്തിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. യാത്രക്കിടയിൽ ഒരു ചെറു കാറ്റ് തന്നെ തഴുകിയത് അദ്ദേഹം ശ്രദ്ധിച്ചില്ലെങ്കിലും സഹയാത്രികനായ കഴുത അസ്വസ്ഥനായി; മുന്നോട്ടുള്ള നടത്തം അവസാനിപ്പിച്ചു. എത്ര ശ്രമിച്ചിട്ടും മുന്നോട്ടു നയിക്കുവാൻ സാധിക്കാതെവന്നതിനാൽ അദ്ദേഹം യാത്ര അവസാനിപ്പിച്ച് തന്റെ കൂടാരത്തിലേക്കു മടങ്ങി. അടുത്ത ദിവസം ലഭിച്ച വിവരം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കടുത്ത ഹിമപാതമുണ്ടായി ഏതാനും യാത്രികർ കുടുങ്ങിപ്പോയ പ്രദേശത്തിനടുത്താണ് കഴുത യാത്ര അവസാനിപ്പിച്ചത്. മുന്നിൽ അപകടമുണ്ട്, ഇനി മുന്നോട്ടുപോകരുതെന്നായിരുന്നുവോ കഴുത തിരിച്ചറിഞ്ഞ പർവതത്തിന്റെ മർമരം? ഹിമാലയത്തിൽ ജീവിക്കുന്ന മനുഷ്യരും മൃഗങ്ങളുമെല്ലാം പർവതത്തിന്റെ മർമരങ്ങൾ തിരിച്ചറിയുന്നുണ്ടാവാം. എത്രയോ ദശലക്ഷം വർഷങ്ങളായി പ്രകൃതിയിലെ മഹാത്ഭുതമായി, ഭൂമിയുടെ വരദാനമായി നിലകൊള്ളുന്ന ഹിമാലയത്തെ കീറിമുറിക്കുമ്പോൾ ആ മർമരം ഒരു ആത്മരോദനമായി മാറിയിരിക്കുന്നു. അത് കേൾക്കാതെ പോകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.