കലാപമിശ്രം
text_fieldsവടക്കു കിഴക്കൻ ഡൽഹി കത്തിയെരിയുേമ്പാൾ, ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്ത് വീണ വായനയായിരുെന്നന്ന് ധരിച്ചവരാണ് നാം. ശരിയല്ല അത്. ജാഫറാബാദിെല ഒരു വശത്തുനിന്ന് ആ ഉന്മാദികൾ വീടുകൾക്ക് തിരികൊളുത്തി തുടങ്ങിയപ്പോൾതന്നെ കാവിപ്പടയ്ക്കുള്ളിൽ മറ്റൊരു മത്സരത്തിനും തിരിതെളിഞ്ഞിരുന്നു. ഇൗ വിധം തങ്ങളുടെ പ്രവർത്തകരെയും അനുയായികളെയും ഇളക്കിവിടാൻ മാത്രം ആരുടെ വിഷനാവാണ് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടാവുക എന്നായിരുന്നു ഉയർന്നു കേട്ട പ്രധാന ചോദ്യം. മത്സരരംഗത്ത് പ്രധാനമായും മൂന്നുപേർ: അനുരാഗ് ഠാകൂർ, കപിൽ മിശ്ര, പർവേശ് വർമ. ആദ്യ രണ്ടുപേരെ കണ്ടപ്പോൾതന്നെ പർവേശ് മത്സരരംഗത്തുനിന്നു പിന്മാറി. പിന്നെ അനുരാഗും കപിലും മാത്രമായി ഗോദയിൽ. ജനുവരി അവസാനവാരം ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ നടത്തിയ ‘ദേശ് ഗദ്ദാറോൻ കോ/ഗോലീ മാരോ സാേലാൻ കോ’ പ്രസംഗം അനുരാഗ് എടുത്തിട്ടു. ഇതു താൻ ഡിസംബറിൽ തന്നെ പ്രയോഗിച്ചു കൈയടി നേടിയതാണെന്ന് കപിൽ. വിധികർത്താക്കൾ പരിശോധിച്ചപ്പോൾ സംഗതി ശരിയാണ്. ശാഹീൻ ബാഗിെൻറ ‘പാകിസ്താൻബന്ധം’ ആദ്യമായി തിരിച്ചറിഞ്ഞതു കപിൽതന്നെ. പോരാത്തതിന്, അനുരാഗിനെപോലെതന്നെ കപിൽ മിശ്രയും അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞടുപ്പ് കമീഷെൻറ നടപടിക്കും വിധേയനായിട്ടുണ്ട്. ഇങ്ങനെ മത്സരം സമനിലയിൽ കലാശിക്കുമെന്ന ഘട്ടത്തിലാണ് കപിൽ ജാഫറാബാദ് പ്രസംഗം എടുത്തിട്ടത്. ട്രംപ് മടങ്ങിയാൽ അണികൾക്ക് എന്തുമാകാമെന്നുള്ള ആഹ്വാനം കേരളത്തിലെ അഗളിയിൽ വരെയെത്തിയ കഥ കപിൽ വിവരിച്ചതോടെ ഈ മത്സരത്തിൽ വിജയി ആരെന്ന ചോദ്യത്തിനുതന്നെ പ്രസക്തി ഇല്ലാതായി. യോഗിയുടെയും പ്രജ്ഞയുടെയും ഉമാഭാരതിയുടെയുമൊക്കെ ‘ബ്രാഹ്മണിക്കൽ പരിവേഷ’മില്ലാതെതന്നെ മോദി-ഷാ കൂട്ടുകെട്ടിന് ചെറിയ കലാപമൊക്കെ സംഘടിപ്പിക്കാൻ കപിൽ മിശ്രയെപ്പോലൊരുത്തൻ ധാരാളം. മാത്രവുമല്ല, ആള് പഴയ ആം ആദ്മി പാർട്ടിക്കാരൻ കൂടിയാണ്. എന്നുവെച്ചാൽ, കാവിപക്ഷത്തിെൻറ ശ്രീരാമ രാഷ്ട്രീയവും കെജ്രിവാളിെൻറ ഹനുമാൻ ഡിപ്ലോമസിയും ഒരുപോെല വഴങ്ങുന്നൊരാൾ. ഇങ്ങനെ ഒരാളുള്ളപ്പോൾ ഡൽഹി ഭരിക്കാൻ നിയമസഭയിൽ അധികം സീറ്റൊന്നും വേണ്ട.
ഇന്ദ്രപ്രസ്ഥത്തിെൻറ ഹൃദയത്തുടിപ്പുകൾ നന്നായറിയുന്ന ആളാണ്. അതുകൊണ്ടാണ് പൗരത്വ പ്രക്ഷോഭത്തെ തുടക്കം മുതലേ എതിർത്തത്. ശാഹീൻബാഗിൽ ആദ്യ സമരപ്പന്തലുയർന്നപ്പോൾതന്നെ കരുതിയിരിക്കണമെന്ന് പാർട്ടിയെ ഓർമിപ്പിച്ചതാണ്. യു.പിയിൽനിന്നും ഗുജറാത്തിൽനിന്നുമൊക്കെ ഇവിടെയെത്തിയ നേതാക്കൾക്കുണ്ടോ ഡൽഹിയിലെ വിദ്യാർഥിക്കൂട്ടങ്ങളുടെയും ശാഹീൻബാഗിലെ സ്ത്രീകളുടെയും സമരവീര്യം അറിയുന്നു. നേതൃത്വം മിശ്രയുടെ വാക്കുകൾ കാര്യമായി എടുത്തില്ല. എന്നിട്ടും മിശ്ര സ്വന്തംനിലയിൽ അത്യാവശ്യം ചില കൈക്രിയകളൊക്കെ നടത്തിനോക്കി. അപ്പോഴും തലസ്ഥാനത്ത് മിനി ശാഹീൻബാഗുകൾ ഉയരുകയായിരുന്നു. ഇനിയും സഹിക്കാനാകിെല്ലന്ന് മനസ്സിലാക്കിയപ്പോഴാണ് ജാഫറാബാദ് ഓപറേഷൻ പ്ലാൻ ചെയ്തത്. പ്ലാനിങ്ങിന് രഹസ്യ സ്വഭാവമൊന്നുമില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥെൻറ മുന്നിൽവെച്ചാണ് കത്തിക്കേണ്ട വീടുകളുടെ ലിസ്റ്റ് ടിയാൻ അണികൾക്ക് കൈമാറിയത്. ഇനിയാരെങ്കിലും ഇക്കാര്യത്തിൽ തെറ്റിദ്ധരിക്കാതിരിക്കാൻ ആഹ്വാനത്തിെൻറ വിഡിയോ ട്വിറ്ററിലിടുകയും ചെയ്തു: ‘‘ജാഫറാബാദിന് ചുട്ട മറുപടി കൊടുക്കുക; ഇനിയൊരു ശാഹീൻ ബാഗ് ഇവിടെ ഉണ്ടാകരുത്’’. ആളുകളെ ചുട്ടുകൊന്നും മറ്റും അണികൾ ആ ആഹ്വാനം ശിരസാവഹിച്ചപ്പോൾ കാവിപ്പാർട്ടി ലക്ഷണമൊത്തൊരു നേതാവിെന കണ്ടെത്തുകയായിരുന്നു. കണ്ടില്ലേ, ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ പതാകവാഹകരായ ആ ആൾക്കൂട്ടം ഇപ്പോഴും ‘ഗോലി മാരോ...’ അലറി െമട്രോ സ്റ്റേഷനുകളിൽ വരെ വിരാജിക്കുകയാണ്!
ഇതാദ്യമായൊന്നുമല്ല കപിൽ ഇങ്ങനെ സംസാരിക്കുന്നത്. മനീഷ് തീവാരിയെപ്പോലുള്ളവരെയൊക്കെ എേന്നാ ഈ കലയിൽ കടത്തിവെട്ടിയിട്ടുണ്ട്. എന്തിന്, സാക്ഷാൽ മോദിയെ ഐ.എസ്.ഐ ഏജൻറ് എന്ന് വിളിച്ചയാളാണ്. അന്ന് ആം ആദ്മി പാർട്ടിയുടെ നാവായിരുന്നു. 2016ലെ പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലായിരുന്നു അത്. പിന്നീടും മോദിക്ക് കണക്കിന് കിട്ടിയിട്ടുണ്ട്. മോദി ഇന്ത്യവിരുദ്ധ ശക്തികൾക്ക് കീഴ്പ്പെടുന്നുവെന്നും പാക് പ്രധാനമന്ത്രിയുമായി മോദി രഹസ്യക്കരാർ ഉണ്ടാക്കിയെന്നും വരെ പറഞ്ഞിട്ടുണ്ട്. ഇതു പറയുേമ്പാൾ, കെജ്രിവാളുമായി അത്ര നല്ല ബന്ധത്തിലായിരുെന്നന്ന് കരുതരുത്. അന്നേ ഉൾപാർട്ടിപ്പോര് ‘ആപ്പി’ൽ തുടങ്ങിയിട്ടുണ്ട്. കെജ്രിവാളിന് കീഴിൽ ജലസേചന വകുപ്പായിരുന്നു കപിൽ മിശ്ര കൈകാര്യം ചെയ്തത്. വകുപ്പിൽ സർവത്ര അഴിമതിയാണെന്ന് പറഞ്ഞ് മിശ്രയെ മുഖ്യൻ പുറത്താക്കി. ഇതോടെ മിശ്രയും തിരിച്ചടിച്ചു. കെജ്രിവാൾ കൊടും അഴിമതിക്കാരനാണെന്ന് തട്ടിവിട്ടു. ആരോപണത്തിന് ബലം കിട്ടാൻ സത്യേന്ദ്ര ജെയ്നിെൻറ പേരും വലിച്ചിട്ടു. പക്ഷേ, അന്വേഷണത്തിനൊടുവിൽ കെജ്രിവാളിന് ക്ലീൻചിറ്റ് ലഭിച്ചതോെട പാർട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. അപ്പോഴേക്കും ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരുന്നു. നേരെ ബി.ജെ.പി ആപ്പിസിലേക്കൊരു മിസ് കാൾ. അതോടെ കാവിപക്ഷത്തിെൻറ നാവായി മാറി. തെരഞ്ഞെടുപ്പ് ഗോദയിൽ ആപ്പിനെതിരെ ബി.ജെ.പിക്കുവേണ്ടി ആപ്പിെൻറ എം.എൽ.എ പ്രസംഗിക്കുന്ന അപൂർവ കാഴ്ചക്കാണ് ആ സമയം ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിച്ചത്. 2019 ആഗസ്റ്റിൽ പാർട്ടിയിൽനിന്ന് പുറത്താക്കി; എം.എൽ.എ സ്ഥാനവും പോയി; സ്പീക്കർ അയോഗ്യത കൽപിച്ചു. അതും കഴിഞ്ഞാണ് ഔപചാരികമായി ബി.ജെ.പിയിൽ ചേർന്നത്.
ഈ രാഷ്ട്രീയ പകർന്നാട്ടത്തിൽ പ്രത്യേകിച്ച് അത്ഭുതെമാന്നുമില്ല. മിശ്ര സ്വന്തം തറവാട്ടിലേക്ക് മടങ്ങിയെന്ന് കരുതിയാൽ മതി. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷെൻറ പ്രഥമ മേയറും അറിയപ്പെടുന്ന ബി.ജെ.പി നേതാവുമായ അന്നപൂർണ മിശ്രയുടെ മകനാണ് കപിൽ. ചെറുതല്ലാത്തൊരു ആർ.എസ്.എസ് പാരമ്പര്യവുമുണ്ട്. അതുകൊണ്ടുതന്നെ, കപിലിെൻറ രാഷ്ട്രീയ പ്രത്യയശാസ്ത്രമേത് എന്ന് ചോദിക്കുന്നതിൽ അർഥമില്ല. സവിശേഷമായ ജീവിതസാഹചര്യത്തിൽ ആംനസ്റ്റി ഇൻറർനാഷനലിലും ഗ്രീൻ പീസിലുമൊക്കെ പ്രവർത്തിച്ചതുകൊണ്ടായിരിക്കാം, പ്രത്യക്ഷമായ കാവി രാഷ്ട്രീയം തുടക്കത്തിൽ സ്വീകരിച്ചില്ല. അതിലേക്കുള്ള കുറുക്കുവഴിയായി ആദ്യമൊരു എൻ.ജി.ഒയിലൂടെയാണ് വന്നത്. പിതാവ് രാമേശ്വറും എൻ.ജി.ഒ ആക്ടിവിസ്റ്റായിരുന്നു. പിന്നെ, അണ്ണാ ഹസാരെയുടെയും കെജ്രിവാളിെൻറയും ശിഷ്യത്വം സ്വീകരിച്ചു. ജസീക്ക ലാൽ വധക്കേസ്, കോമൺവെൽത്ത് ഗെയിംസ് അഴിമതി, 2 ജി കേസ് തുടങ്ങി രണ്ടാം യു.പി.എ കാലത്ത് രാജ്യത്തെ കലുഷിതമാക്കിയ പല സംഭവങ്ങളിലും കാര്യമായി ഇടപെട്ടു. അതു ഫലം ചെയ്തു. 2015ൽ ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ 44,000ത്തിലധികം വോട്ടിനാണ് ജയിച്ചത്. അക്കാലത്ത് യമുന നദിക്കരയിലുണ്ടായ കൈയേറ്റങ്ങൾക്കെതിരെ പോരാടിയ ആൾ എന്ന നിലയിലാണ് ജലസേചന വകുപ്പ് കെജ്രിവാൾ വിട്ടു നൽകിയത്. അതു പൊല്ലാപ്പായത് മറ്റൊരു ചരിത്രം. ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽനിന്ന് മാസ്റ്റർ ബിരുദം നേടിയശേഷമാണ് ഇപ്പണിക്കൊക്കെ പുറപ്പെട്ടത്. നാവിെൻറ ഗുണവിശേഷം കൊണ്ടാകാം, പഴയ സഹപാഠികളെല്ലാം തള്ളിപ്പറയുകയാണ്. അവരും ‘ദേശ് കീ ഗദ്ദാറോൻ’ ആെണന്നാണ് മിശ്ര ഭാഷ്യം. 39 വയുസ്സുണ്ടിപ്പോൾ. ഭാര്യ: പ്രീതി മിശ്ര. രണ്ടുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.