നിര്‍ഭാഗ്യകരം ഈ നന്ദികേട്
text_fieldsരാജ്യത്തിെൻറ നൊമ്പരമായി മാറിയ കഠ്വയിലെ എട്ടു വയസ്സുകാരിയുടെ നീതിക്കായി പോരാടിയ ദീപികസിങ് രജാവത് എന്ന ജമ്മു ബാറിലെ അഭിഭാഷക ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും വാര്‍ത്തയിലേക്ക് തിരിച്ചുവന്നിരിക്കുന്നു; അതും വിചിത്രമായൊരു കാരണത്താല്‍. കൂട്ട മാനഭംഗത്തിനും മൃഗീയമായ ക്രൂരതക്കുമിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വിവരം രാജ്യത്തിെൻറ മന$സാക്ഷിക്കു മുമ്പില്‍ കൊണ്ടുവന്നാണ് ദീപികസിങ് രജാവത്ത് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതെങ്കില്‍ ആ നിയമപോരാട്ടത്തോട് നീതിചെയ്തില്ല എന്ന ആരോപണത്തിലെ പ്രതിവേഷത്തിലാണ് ഇപ്പോൾ അവർ വാർത്തകളിലെത്തുന്നത്.
എട്ടുവയസ്സുകാരിയായ നാടോടി പെണ്‍കുട്ടിയോട് ക്രൂരത കാണിച്ചവര്‍ക്കും അവരെ ഏറ്റെടുത്ത സംഘ്പരിവാറിനുമൊപ്പം രജാവത് ഇതുവരെ നിന്നിട്ടില്ല. അക്രമികളെ പിന്തുണച്ച ജമ്മുവിലെ ഭൂരിപക്ഷ വികാരത്തിനൊപ്പവുമല്ല ഈ അഭിഭാഷക. ജീവന് തൃണവത്ഗണിച്ച് അവരെയെല്ലാം എതിരിട്ടാണ് പരമോന്നത കോടതിവരെ നിയമയുദ്ധം നടത്തി നീതിപൂര്‍വകമായ വിചാരണക്ക് ഈ കശ്മീരീ ഹിന്ദു പണ്ഡിറ്റ് വഴിയൊരുക്കിയത്. സ്വന്തം ചെലവില്‍ സുപ്രീംകോടതിവരെ പോയി ചില്ലിക്കാശ് ഫീസ് കൊടുക്കാതെ ഇന്ദിര ജയ്സിങ്ങിനെ പോലൊരു മുതിര്‍ന്ന അഭിഭാഷകയെ ഹാജരാക്കി ജമ്മുവിനു പുറത്ത് പഞ്ചാബിലെ പത്താന് കോട്ടിലെ കോടതിയില്‍ കഠ്വ പെണ്‍കുട്ടിയുടെ കേസില്‍ നീതിപൂര്‍വകമായി വിചാരണ അവർ ഉറപ്പാക്കി.
അതിെൻറ പേരില്‍ മാത്രം സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും സംഘ്പരിവാർ വേട്ടയെ നേരിട്ടുകൊണ്ടിരിക്കുകയാണ് അവര്‍. എപ്പോഴും കൊല്ലപ്പെട്ടേക്കാമെന്ന നിലയിലാണ് താന്‍ എന്ന് അവര്‍ പറഞ്ഞത് ഈയിടെയാണ്. ആരൊക്കെയോ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നലും അവര്‍ പങ്കുവെച്ചിരുന്നു.
രജാവത്തിനെ നീക്കിയ
ഫാറൂഖിയുടെ വക്കാലത്ത്
സംഘ് പരിവാർ ഭീഷണിയെ കുറിച്ച് രജാവത് പറഞ്ഞ് അധികം നാളായില്ല, കഠ്വ കേസിെൻറ വക്കാലത്തില്‍നിന്ന് അവരെ ഒഴിവാക്കി എന്ന അമ്പരപ്പിക്കുന്ന വാര്‍ത്ത അതിനു മുമ്പായി വന്നു. ദിനേന പത്താന്‍കോട്ട് കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ജമ്മുവില്‍നിന്ന് ദീപിക സിങ് രജാവത്വരാത്തതിനാല് അവരുടെ വക്കാലത്ത് ഒഴിവാക്കാന്‍ കഠ്വ പെണ്‍കുട്ടിയുടെ കുടുംബം അപേക്ഷ നല്കി എന്നായിരുന്നു ആ വാര്‍ത്ത. പത്താന്‍കോട്ടില്‍ കേസിനുപോലും വരാത്ത രജാവത്തിന് വധഭീഷണിയുണ്ടായ സ്ഥിതിക്ക് തങ്ങളുടെ പേരില്‍ ഇനി അത്തരമൊരു പ്രയാസം അനുഭവിക്കേണ്ട എന്നൊരു പരിഹാസോക്തിയും പെണ്‍കുട്ടിയുടെ കുടുംബത്തിെൻറ പുതുതായി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകെൻറ ഭാഗത്തുനിന്നുണ്ടായിരുന്നു. അഡ്വ. മുബീന് ഫാറൂഖിയെന്ന പത്താന്‍കോട്ടിലെ വക്കീലിെൻറ പേരിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. സംഘ്പരിവാര്‍ മാധ്യമങ്ങളും സംഘ്പരിവാറിനോട് പലപ്പോഴും അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളും ഈ വാര്‍ത്തയെടുത്ത് രജാവത്തിനെ നന്നായി പ്രഹരിച്ചുതുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ സംഘ് ട്രോളുകളിറങ്ങി. കഠ്വ പെണ്‍കുട്ടിയെ പേരിനും പ്രശസ്തിക്കും പണത്തിനുമായി ദീപിക രജാവത് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നുവരെ നട്ടാല്‍ മുളക്കാത്ത നുണകള്‍ ചൊരിഞ്ഞു.
അഡ്വ. മുബീന് ഫാറൂഖിയോട് ഇക്കാര്യം വിളിച്ചു സംസാരിച്ചപ്പോള്‍ കഠ്വ പെണ്‍കുട്ടിയുടെ പിതാവിെൻറ പേരില്‍ ദീപികസിങ് രജാവത്തിെൻറ വക്കാലത്ത് ഒഴിവാക്കാനുള്ള അപേക്ഷ നല്‍കിയത് താനാണെന്ന് പറഞ്ഞു. കാരണമായി കോടതിയിൽ കാണിച്ചത് എന്താണെന്ന ചോദ്യത്തിനു മുബീെൻറ മറുപടി ഇങ്ങനെയായിരുന്നു: ‘‘കേസിെൻറ വിചാരണ ഏെറ നാളായി നടക്കുമ്പോഴും കേവലം രണ്ടു ദിവസം മാത്രമാണ് രജാവത് പത്താന്‍കോട്ട് കോടതിയില്‍ വന്നത്. തെൻറ ജീവന് ഭീഷണിയുണ്ടെന്ന് മാധ്യമങ്ങളിലൂടെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണവര്‍. ഞങ്ങള്‍ക്ക് എന്തായാലും മകളെ നഷ്ടപ്പെട്ടു. ഇനി മറ്റൊരാളുടെ ജീവനുംകൂടി അതിെൻറ പേരില്‍ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. കോടതിയില്‍തന്നെ വരാതെയാണ് അവരിങ്ങനെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നത്. ഈ കാരണങ്ങളാണ് രജാവത്തിനെ വക്കാലത്തില്‍ നിന്ന് ഒഴിവാക്കാനായി പത്താന്‍കോട്ട് കോടതിക്ക് നല്കിയ അപേക്ഷയില്‍ ബോധിപ്പിച്ചത്’’. സുപ്രീംകോടതിവരെ കേസ് നടത്തിയ രജാവത്തിന് കുടുംബം ഫീസ് വല്ലതും നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മുബീന് മറുപടി നല്കി. ഏതെങ്കിലും സന്നദ്ധ സംഘടനകളില്‍നിന്ന് കേസിെൻറ പേരില്‍ അവർ പണം വാങ്ങിയിട്ടില്ലെന്നും മുബീന് തീര്‍ത്തുപറഞ്ഞു.
വക്കാലത്ത് ഇല്ലെങ്കിലും
ഉറച്ചുനിന്ന് രജാവത്
പഞ്ചാബിലെ പത്താന്‍കോട്ടില്‍ കേസ് നടത്തുന്നത് സര്‍ക്കാറായതിനാല്‍ സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക് േപ്രാസിക്യൂട്ടര്മാരാണ് കോടതിയില്‍ ദിനേന വാദം നടത്തുന്നത്. വളരെ പ്രഗൽഭരായ രണ്ട് അഭിഭാഷകരെ സര്‍ക്കാര്‍ േപ്രാസിക്യൂട്ടര്മാരായി നിയോഗിച്ചിട്ടുണ്ട്. അവര്‍ വളരെ നീതിപൂര്‍വം വിചാരണ നടത്തുന്നുമുണ്ട്. അതിനാല്‍ ദിനേന പത്താന്‍കോട്ട് കോടതിയില്‍ പോയി ഒന്നും ചെയ്യാനില്ല. കുടുംബത്തിന് ആവശ്യമായ നിയമസഹായങ്ങളെല്ലാം ജമ്മുവിൽ നിന്നുതന്നെ നല്കിക്കൊണ്ടിരിക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഞാന്‍ ചെയ്ത കാര്യങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വക്കാലത്ത് ഒഴിവാക്കി അപേക്ഷ നല്കിയാലും അവരോടൊപ്പം തുടര്‍ന്നുമുണ്ടാകും. തന്നെ നിരന്തരം വേട്ടയാടിയാലും അവര്‍ക്കുവേണ്ട സഹായങ്ങളിനിയും ചെയ്യുമെന്നും രജാവത് പറഞ്ഞു.
അതേസമയം, കുടുംബത്തിനായി കേസ് വാദിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരായ േപ്രാസിക്യൂട്ടര്മാര്ക്ക് പണം കൊടുക്കണം എന്ന് ഒരു ആവശ്യമുയര്ന്നിട്ടുണ്ടല്ലോ, അത് സത്യമാണോ എന്ന് തിരിച്ചുചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്കാന് മുബീന് തയാറായതുമില്ല. പത്താന് കോട്ടിലെ കേസിനായി ജമ്മുവില്‍നിന്ന് സാക്ഷികളെയും പെണ്‍കുട്ടിയുടെ കുടുംബത്തെയും കൊണ്ടുപോകേണ്ടത് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ സ്വന്തം ചെലവിലാണെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതാണ്. കേസ് നടത്തിപ്പില്‍ കാര്യമായ സാമ്പത്തിക ചെലവ് കുടുംബത്തിന് വരില്ലെന്നതാണ് സത്യം.
ഇരക്കൊപ്പമുള്ളവരെ വേട്ടയാടുമ്പോള്‍
തങ്ങളുടെ ഇംഗിതത്തിനെതിരായി കഠ്വ കേസ് ഏറ്റെടുത്തതു മുതല്‍ ജമ്മുബാറിലെ അഭിഭാഷകരുടെ കണ്ണിലെ കരടാണ് രജാവത്. കഠ്വ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് കോടതിയില്‍ തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചയച്ചവരാണവര്. ജമ്മുവില്‍ നിന്ന് കേസ് മറ്റൊരിടത്തേക്ക് മാറ്റുന്നതിനെ എതിര്‍ത്തവരാണവര്‍. കഠ്വ കേസ് പരാജയപ്പെടുത്താന്‍ പണിയെടുത്ത ജമ്മുവിലെ ആ അഭിഭാഷകരെ നിസ്സഹായരാക്കിയാണ് വിചാരണ ജമ്മു-കശ്മീരിനു പുറത്ത് പഞ്ചാബിലേക്ക് മാറ്റാനുള്ള വിധി ഇന്ദിര ജയ്സിങ്ങിെൻറ സഹായത്തോടെ രജാവത് നേടിയെടുത്തത്. ആ പകയിനിയും അടങ്ങിയിട്ടില്ല. ഗവര്‍ണര്‍ ഭരണമായതോടെ സംഘ് പരിവാറിെൻറ നിയന്ത്രണത്തിലായ ജമ്മു-കശ്മീരില്‍ കഠ്വയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ഭരണകൂടവേട്ടയും ആരംഭിച്ചിരിക്കുന്നു.
രാജ്യത്തെ സുമനസ്സുകളില്‍ നിെന്നത്തിച്ചേര്ന്ന സഹായധനം കോടി കവിഞ്ഞിട്ടും അതിൽ നിന്ന് ഒരു രൂപ എടുക്കാന്‍ കഴിയാത്ത തരത്തില്‍ ജമ്മു-കശ്മീര്‍ ബാങ്കില്‍ പിതാവിെൻറയും വളര്ത്തുപിതാവിെൻറയും പേരിലുള്ള സംയുക്ത അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. നിസ്സഹായരായ കുടുംബം ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചെങ്കിലും അതില്‍ അനുകൂലമായ നീക്കമൊന്നും ജമ്മു-കശ്മീര്‍ ബാങ്കിെൻറ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. ആ കുടുംബത്തിനൊപ്പം നില്ക്കുന്നവര് അതിനുള്ള നിയമയുദ്ധം നടത്തേണ്ട നേരത്താണ് അഭിഭാഷകര്‍ക്കിടയിലെ അസൂയയും കുശുമ്പും തീര്‍ക്കാനായി മാത്രം ഒരു വിഭാഗം ഊര്‍ജവും സമയവും ചെലവഴിക്കുന്നത്.
കഠ്വ കേസില്‍ വക്കാലത്ത് ഏറ്റെടുത്തതിന് രജാവത്തിനെ വേട്ടയാടിയ സംഘ്പരിവാര്‍ തന്നെയാണ് വക്കാലത്ത് ഒഴിവാക്കിയത് ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ അതിനുപിന്നിലെ ആസൂത്രണം ആരുെടതായിരിക്കുമെന്നും ആത്യന്തികമായി ഗുണഫലം ആര്‍ക്കായിരിക്കുമെന്നും അറിയാന്‍ അതിബുദ്ധിയൊന്നും വേണ്ട. പെണ്‍കുട്ടിയുടെ സമുദായത്തെ അതിന് കരുവാക്കി എന്നുമാത്രം. സ്ഥാപിതതാല്പര്യക്കാരുടെ നന്ദികേടുകള്‍ക്ക് വിലയൊടുക്കേണ്ടിവരിക കഠ്വ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലെതന്നെ ഇരകളായിരിക്കുമെന്നതാണ് ഏറെ നിര്‍ഭാഗ്യകരം. ഇനിയൊരു ഇരക്കുവേണ്ടി ഒരു മനുഷ്യനുമിറങ്ങാന് തോന്നാത്ത വേട്ടയായിപ്പോയി ഇത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.