പ്രകോപനകാരി
text_fieldsയു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് യുദ്ധസന്നാഹത്തെക്കുറിച്ച് ഗർജിക്കുേമ്പാൾ, ഉത്സവപ്പറമ്പിൽ എത്തിപ്പെട്ട ഒരു കുട്ടിയുടെ ആഹ്ലാദവും കൗതുകവുമായി ഭരണചക്രം തിരിക്കുന്ന ഒറ്റ ഭരണാധികാരിയേ ലോകത്തുള്ളൂ -ഉത്തര കൊറിയയുടെ പ്രസിഡൻറ് കിം ജോങ് ഉൻ. ലോക നിയമങ്ങൾക്കും ശാസനകൾക്കും വഴങ്ങാതെ, പ്രത്യേകിച്ച് ട്രംപിെൻറ അമേരിക്കയോട് ഏതു സമയവും യുദ്ധത്തിന് തയാറാണെന്ന് വെല്ലുവിളി ഉയർത്തി, പിടിച്ചുനിൽക്കുന്ന ഒറ്റ രാജ്യമേയുള്ളൂ-കമ്യൂണിസ്റ്റ് ഏകാധിപത്യം അഥവാ കുടുംബവാഴ്ച നിലനിൽക്കുന്ന ഉത്തര കൊറിയ. പൂർവേഷ്യയുടെ സ്ഥിരം തലവേദന. ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കരുതെന്ന് അമേരിക്ക ആവശ്യപ്പെടുേമ്പാഴും യു.എൻ പ്രമേയം പാസാക്കുേമ്പാഴും മിസൈലിെൻറ പോർമുനയെക്കുറിച്ച് സംസാരിക്കുകയും പരാജയപ്പെട്ടാലും ഇല്ലെങ്കിലും ഒന്നിന് പിന്നാലെ മറ്റൊന്നായി, എന്തിന് ഇന്നലെ വെളുപ്പാൻകാലത്തുവരെ പരീക്ഷണം നടത്തി, അതിെൻറ ഇരമ്പലും തീയും കേട്ടും കണ്ടും ചിരിക്കുകയാണ് യുവാവായ ഉൻ.
ഹൈഡ്രജൻ ബോംബടക്കം അനേകം പ്രകോപനങ്ങളുമായി ഉൻ ദക്ഷിണ കൊറിയയെയും ജപ്പാനെയും മാത്രമല്ല, സാക്ഷാൽ ട്രംപിെൻറ ശിരസ്സിന് നേരെയും ഭീഷണി മുഴക്കുന്ന സ്ഥിതിയാണിപ്പോൾ. േമഖലയിൽ മാത്രമല്ല, ലോകമാകെ ആ സംഘർഷത്തിലും യുദ്ധഭീതിയിലും ചുട്ടുപൊള്ളുേമ്പാഴും ഉൻ മാത്രം ചിരിക്കുന്നു. മുന്നോട്ടുവെച്ച കാല് ആരു പറഞ്ഞാലും പിന്നോട്ടുവെക്കില്ലെന്ന്, ആണവശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം വെല്ലുവിളിച്ചാൽ ലോകം പിന്നെ എന്തുചെയ്യും? നയതന്ത്രവൃത്തങ്ങൾ അവിടെ മൂക്കത്ത് വിരൽവെച്ചുനിൽക്കുകയാണ്. അവർ ഉത്തര കൊറിയക്ക് മുന്നിൽ വിയർെത്താലിക്കുന്നു. യു.എസുമായുള്ള സംഘർഷം മൂന്നാംലോക യുദ്ധത്തിന് വരെ കാരണമാകുമെന്ന മുന്നറിയിപ്പുകൾ കേൾക്കുേമ്പാഴും ഇൗ ഏകാധിപതിക്ക് ഒരു കുലുക്കവുമില്ല.
യുദ്ധമെന്ന് കേട്ടാൽ ജനം വിറകൊള്ളുേമ്പാൾ, യുദ്ധത്തിന് കോപ്പുകൂട്ടാൻ ഉത്തരവിടുകയാണ് ഉൻ. മിസൈൽ പരീക്ഷണം ആവർത്തിക്കുേമ്പാഴും ആ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ല. ലോകം ഉപരോധിക്കുേമ്പാഴും എന്തിനും ഏതിനും ആശ്രയിക്കുന്ന ചൈനപോലും, അടങ്ങിയിരിക്കാൻ പറയുേമ്പാഴും ഉൻ പിന്നോട്ടില്ല. പത്തുലക്ഷം വരുന്ന സ്വന്തം പട്ടാളവും പടക്കോപ്പുകളും കൺമുന്നിലൂടെ നീങ്ങുേമ്പാൾ, അതെല്ലാം ഒരു സംഗീതംേപാലെ ആസ്വദിക്കുകയാണ് ഉൻ.
യുദ്ധത്തിനുള്ള പ്രകോപനമോ അയൽരാജ്യങ്ങൾക്കുള്ള തലവേദനയോ മാത്രമല്ല പ്രശ്നം. ഖജനാവിലുള്ള മുതൽ മുഴുവൻ പട്ടാളത്തിനും വെടിക്കോപ്പുകൾക്കും പരാജയപ്പെടുന്ന പരീക്ഷണങ്ങൾക്കും ചെലവഴിക്കുേമ്പാൾ, ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ എന്തായിരിക്കുമെന്ന വേവലാതിയും ആർക്കും തള്ളിക്കളയാനാവില്ല. അതും ഒരു പ്രശ്നമല്ലെന്ന് തൽക്കാലം സമാധാനിക്കാം!
ഉത്തര കൊറിയയിൽനിന്ന് കുടുംബവാഴ്ചയുടെ നിരവധി കഥകൾ ചോർന്നുകിട്ടിയിട്ടുണ്ട്. രണ്ടു-മൂന്ന് വർഷത്തിനിടയിൽ ഉൻ യുഗത്തിൽ, പുറത്തുവന്ന വാർത്തകൾ പലതും പുറംലോകം അമ്പരപ്പോടെയാണ് കേട്ടത്. പലപ്പോഴും ലോകം അതിന് മുന്നിൽ നടുങ്ങി. ‘ഉത്തര കൊറിയയുടെ ആദ്യ ഭരണാധികാരിയുടെ മരുമകനും രണ്ടാമത്തെ ഭരണാധികാരിയുെട സഹോദരി ഭർത്താവും ഇപ്പോഴത്തെ ഭരണാധികാരിയുടെ അമ്മാവനുമായ ചാങ് സോങ് തേയിയെ തൂക്കിക്കൊന്നു.’
‘അമ്മാവെൻറ കുടുംബാംഗങ്ങളെ മുഴുവൻ കിം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഉത്തര കൊറിയയുടെ ക്യൂബ, മലേഷ്യ അംബാസഡർമാരുംഉൾപ്പെടുന്നു.’ ‘സോഷ്യലിസ്റ്റ് ഗാനം ആലപിച്ചപ്പോൾ തെറ്റിച്ച പട്ടാള ഉദ്യോഗസ്ഥന് കിം നൽകിയത് വധശിക്ഷ.’ ‘വ്യോമസേന കമാൻഡിങ് ഒാഫിസർ, വാർത്താവിനിമയ മന്ത്രി എന്നിവർ ഉൾെപ്പടെ ആറുേപരെ കൊന്നുതള്ളി.’ ‘ചടങ്ങിൽ ഉറക്കം തൂങ്ങിയ സൈനിക വകുപ്പുമേധാവിയെ വെടിവെച്ചുകൊന്നു.’ ‘നാലുമാസത്തിനിടെ കിം വധിക്കാൻ ഉത്തരവിട്ടത് 15 പേരെ.’ ...ഇങ്ങനെ പോകുന്നു തലക്കെട്ടുകൾ. ഏറ്റവുമൊടുവിൽ, അർധ സഹോദരൻ കിങ് ജോങ് നാം ക്വാലാലംപുരിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഉത്തര കൊറിയൻ പ്രസിഡൻറ് കിം ഉന്നിെൻറ അദൃശ്യ കരങ്ങളെന്നും വാർത്ത വന്നു.
പുറത്തുവരാതെ, ഇരുമ്പുമറക്കുള്ളിൽ നടക്കുന്ന കൊലപാതകങ്ങളും നിലവിളികളും അനവധിയായിരിക്കും. അതാണ് ഒരു സമഗ്രാധിപത്യ ഭരണകൂടത്തിെൻറ രീതിശാസ്ത്രം.
രാഷ്ട്രം സ്ഥാപിതമായത് 1948ൽ. അന്നുമുതൽ 1994 വരെ കിം ഉൽ സൂങ് ആയിരുന്നു ഭരണത്തലപ്പത്ത്. സോവിയറ്റ് യൂനിയനിൽ ജോസഫ് സ്റ്റാലിനും ചൈനയിൽ മാവോ സെ തൂങ്ങും ‘സ്വർഗരാജ്യം’ സൃഷ്ടിച്ചതിെൻറ ത്യാഗങ്ങൾ ലോക കമ്യൂണിസ്റ്റുകൾ, എന്തിന് ഇന്ത്യയിൽ വരെ ആഘോഷിച്ച കാലത്ത്, കിം ഉൽ സൂങ്ങും ഒരു രക്തതാരകമായി തിളങ്ങി. ലോകമെമ്പാടും പാർട്ടി ക്ലാസുകളിൽ മുതിർന്ന സഖാക്കൾ കിമ്മിനെ വാനോളം ഉയർത്തിപ്പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വത്തിെൻറ പിണിയാളുകളായ ദക്ഷിണ കൊറിയയെ അവർ ചരിത്രത്തിെൻറ ചവറ്റുകൊട്ടയിൽ സ്ഥാപിച്ചു. ആജീവനാന്തം ഒരു പ്രസിഡൻറ് മാത്രം. കിങ് ഇൽ സൂങ്ങിെൻറ മരണശേഷമാണ് പുത്രൻ കിം ജോങ് ഇൽ അധികാരത്തിലേറിയത്. 1994 മുതൽ2011 വരെ ആ വാഴ്ച നീണ്ടു. അദ്ദേഹം മരണത്തിന് കീഴടങ്ങിയപ്പോഴാണ് മകൻ കിം ജോങ് ഉൻ ആ സിംഹാസനത്തിൽ ഇരുന്നത്. പിൻഗാമികളെന്ന് പാർട്ടിയും ജനങ്ങളും കരുതിയ പലരും ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നുതന്നെ സംശയമാണ്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിലൂടെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് അധികാരത്തിൽ രണ്ടാമനായിരുന്ന സ്വന്തം അമ്മാവനെ അടക്കം കൊന്നുതള്ളിയത്.
പലപ്പോഴും ദഷിണ കൊറിയ വഴിയാണ്, ഉത്തര കൊറിയയിലെ വർത്തമാനങ്ങൾ പുറത്തുവരുന്നത്. ഒന്നാന്തരം കശാപ്പുകാരനായി ഉന്നിനെ താറടിക്കാൻ അവർ വെമ്പൽകൊള്ളുന്നുണ്ട് എന്ന കാര്യംവേറെ. പാശ്ചാത്യ മാധ്യമങ്ങൾക്കും ഇങ്ങനെയൊരു ദുഷ്ടലാക്കുണ്ടെന്നാണ് ഉത്തര കൊറിയയുടെ ആരോപണം.
അണുബോംബ്, ബാലിസ്റ്റിക് മിസൈൽ, ഹൈഡ്രജൻ ബോംബ്, അമേരിക്കൻ പടക്കപ്പലുകളെ മുക്കാനുള്ള അന്തർവാഹിനി എന്നൊക്കെ ഉത്തര കൊറിയ പറയുേമ്പാൾ അതിൽ പലതും വീമ്പിളക്കലാണെന്ന് തിരിച്ചടിച്ചിരുന്ന അമേരിക്കയും ജപ്പാനും എല്ലാം ഇപ്പോൾ അതിജാഗ്രതയിലാണ്. പതിവ് ഗിമ്മിക്കുകൾക്കപ്പുറം യു.എസും ഉത്തര കൊറിയയെ ആശങ്കയോടെയാണ് നോക്കുന്നത്. സ്വന്തം ഹൈഡ്രജൻ ബോംബിെൻറ മുഴക്കംകേട്ടാൽ കോരിത്തരിക്കാൻ ഒരു ജനതയോട് ആഹ്വാനം ചെയ്യുന്ന ഭരണാധികാരിക്ക് മുന്നിൽ ട്രംപു പോലും ചകിതനാണ്.യുദ്ധത്തിെൻറയും ആയുധപ്പന്തയത്തിെൻറയും കാര്യത്തിൽ സ്വന്തം ഭ്രാന്തിനെക്കാൾ വലിയൊരു ഭ്രാന്തോ? അതിനുമുന്നിൽ ആരും പതറും.
അധികാരമേറ്റ ശേഷം, 2014ൽ നടത്തിയ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 100 ശതമാനം വോട്ട് നേടിയ ചരിത്രമാണ് കിം ജോങ് ഉൻ തലയിൽ ചൂടുന്നത്. ഉൻ മത്സരിച്ച മണ്ഡലത്തിൽ ഒരു ഇൗച്ച പോലും മറിച്ച് വോട്ട് രേഖപ്പെടുത്തിയില്ല. ആജന്മശത്രുവായ ദക്ഷിണ കൊറിയയോടുള്ള പോര്. അവരുടെ കാവലാളായ അമേരിക്കയോടുള്ള പക. ഇതെല്ലാം ചേർന്നതാണ് കിമ്മിെൻറ ഭരണതന്ത്രം. ഒരു കാര്യംതീർച്ച, അമേരിക്കൻ വിരുദ്ധത കിമ്മിന് ഭരണംപോലെതന്നെ പാരമ്പര്യമായി ലഭിച്ചതാണ്. മനസ്സിൽ നിറയെ അമേരിക്കയോടുള്ള യുദ്ധമാണ് എന്നും. അതിനായി രക്തം ഒഴുക്കാനും തയാറാണ്. എന്നാൽ, ആ വാശി നാശമാകുമോ എന്നാണ് ലോകത്തിെൻറ ചിന്ത. ഒരു തീപ്പൊരി മതിയാവും എല്ലാ ചാമ്പലാകാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.