നിഷ്കാസിത
text_fieldsവികസിച്ചുകൊണ്ടേയിരിക്കുന്നൊരു പ്രപഞ്ചത്തിലാണ് നമ്മുടെ ജീവിതം. ഈ വികാസത്തിെൻറ ഓരോ നിമിഷത്തിലും പുതിയ താരകങ്ങളും താരാപഥങ്ങളും സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒപ്പം, പഴയ നക്ഷത്രങ്ങൾ മൃതിയടയുകയോ തമോഗർത്തങ്ങളായി പരിണമിക്കുകയോ ചെയ്യുന്നു. ദ്രവ്യത്തിെൻറ ജനന-മൃതികളുടെ ഈ ആവർത്തനംപോലെത്തന്നെയാണ് ലോകത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വികാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിയായാലും പാർട്ടിഭരണമായാലും കാലാനുഗതമായി അവിടെ പുതിയ രാഷ്ട്രീയ താരകങ്ങൾ ഉദയം ചെയ്തേ തീരൂ: അതിനനുസരിച്ച് വഴിമാറിക്കൊടുക്കേണ്ട ബാധ്യത പഴയ നക്ഷത്രങ്ങൾക്കുണ്ട്. കാര്യങ്ങളെ ഇങ്ങനെ മനസ്സിലാക്കിയാൽ പിന്നെ ശൈലജ ടീച്ചർ തഴയപ്പെട്ടെന്ന് ആർക്കും പറയാനാകില്ല. പുതിയ ഭരണവർഗം വന്നേതീരൂ. പാർട്ടിയിലാെണങ്കിൽ പ്രതിഭകൾക്കൊട്ടും പഞ്ഞവുമില്ല. പാർട്ടി സെക്രട്ടറി മുതൽ പോരാളി ഷാജി വരെ സർവം തികഞ്ഞ പ്രതിഭകൾതന്നെ. അപ്പോൾ പിന്നെ ടീച്ചർക്ക് വഴിമാറാതെ തരമില്ല. എന്നിട്ടും വെറും ൈകയോടെ ഇറക്കിവിടാതെ വിപ്പ് നൽകി ആദരിച്ചുവെന്നത് മറക്കരുത്. അതാണ് പാർട്ടിയുടെ ഖ്യാതി.
എന്നിട്ടും, ടീച്ചറെ പുറത്താക്കിയേ എന്നാണ് വിലാപം. കണ്ണീർ പൊഴിക്കുന്നവരുടെ കൂട്ടത്തിൽ വർഗശത്രുക്കളും കുലംകുത്തികളുമൊക്കെയുണ്ട്. ഈ വിലാപകാരികൾക്കുള്ള മറുപടി പിണറായി സഖാവ് പാർട്ടി സെക്രട്ടറിയായ കാലത്തുതന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്: 'ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല'. ബൂർഷ്വാ മാധ്യമങ്ങളും വർഗശത്രുക്കളും പാർട്ടിയെ കുറിച്ചോ പാർട്ടി നേതാക്കളെ കുറിച്ചോ നല്ലത് പറഞ്ഞാൽ അതിലെന്തോ കെണിയുണ്ടെന്ന് ധരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ. പാർട്ടി ആചാര്യെൻറ വിഖ്യാതമായ ഈ ഉപദേശവും ടീച്ചറുടെ കാര്യത്തിൽ സഖാവ് അക്ഷരംപ്രതി അനുസരിച്ചു. കഴിഞ്ഞ സർക്കാറിനെതിരെ ആഞ്ഞടിക്കുമ്പോഴും ഈ ബൂർഷ്വാസികൾ ടീച്ചറോട് അൽപം ദയ കാണിക്കുന്നത് അന്നേ മുഖ്യൻ ശ്രദ്ധിച്ചതാണ്. അതുകൊണ്ടാണ് ആറുമണി വാർത്ത സമ്മേളനങ്ങളിൽ ടീച്ചറെ 'സാമൂഹിക അകല'ത്തിൽ ഇരുത്തി പണിതുടങ്ങിയത്. അന്നേ ചില രാഷ്ട്രീയ പണ്ഡിറ്റുകൾ ടീച്ചറുടെ ഭാവി പ്രവചിച്ചിരുന്നു: ഭരണത്തുടർച്ചയൊന്നുണ്ടെങ്കിൽ ആ ക്യാബിനറ്റിൽ ശൈലജ ടീച്ചർ ഉണ്ടാവില്ല. അതു മാത്രമാണിപ്പോൾ സംഭവിച്ചത്. എന്നാലും ടീച്ചർക്ക് പരിഭവമില്ല. ഒന്നിനെയും വൈകാരികമായി കാണാനില്ലെന്ന് തുറന്നുപ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ സുദീർഘമായ റിപ്പോർട്ട് സോഷ്യൽ മീഡിയയുടെ മേശപ്പുറത്ത് വെച്ചാണ് പടിയിറക്കം.
അധ്യാപന ജീവിതത്തിൽനിന്ന് വിടുതൽ തേടിയിട്ട് വർഷം പത്തുപതിനേഴായെങ്കിലും രണ്ടു വർഷമായി ടീച്ചർ, ടീച്ചറമ്മ എന്നൊക്കെ കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം കെ.കെ. ശൈലജയുടേതാണ്. ക്ലാസ് മുറികളിൽനിന്നിറങ്ങിയതിനു ശേഷമാണ് ശരിക്കുമൊരു ടീച്ചറായി മാറിയത്. അക്കാദമിക് കരിക്കുലത്തിനപ്പുറം, കേരളീയർക്ക് അത്യാവശ്യം വേണ്ട രാഷ്ട്രീയ വിദ്യാഭ്യാസം നൽകുകയായിരുന്നു അവർ. മുഴുവൻസമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനു മുേമ്പതന്നെയുണ്ടിത്. തൊണ്ണൂറുകളിൽ പാർട്ടിയുടെ പ്രഭാഷണ വേദികളിൽ തിളങ്ങുന്ന സാന്നിധ്യമായിരുന്നു. പുത്തൻ സാമ്പത്തിക നയങ്ങളെ കുറിച്ചും ഗാട്ട് കരാറിനെക്കുറിച്ചുമെല്ലാം.
അക്കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങളാണ് ശൈലജ എന്ന രാഷ്ട്രീയ നേതാവിനെ കേരളത്തിനു സമ്മാനിച്ചത്. 24 വർഷം വിദ്യാർഥികളുമായി ചെലവഴിച്ചതിെൻറ തഴക്കം, അടിസ്ഥാന ജനവിഭാഗങ്ങളുമായുള്ള നിരന്തരസമ്പർക്കം, പരന്ന വായന ഇവയൊക്കെയായിരുന്നു ആ പ്രഭാഷണങ്ങളെ ധന്യമനോഹരമാക്കിയത്. ജനപ്രതിനിധി എന്നനിലയിൽ അസൂയാവഹമായ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാൻ സഹായിച്ചതും അക്കാലത്തെ പാർട്ടി വേദികളിലെ അനുഭവങ്ങൾതന്നെയാണ്. ആ അനുഭവങ്ങളുടെ തുടർച്ചയിലാണ് ടീച്ചർ ടീച്ചറമ്മയായി വളർന്നത്. ടീച്ചറമ്മ എന്നൊക്കെ കേൾക്കാൻ സുഖമുെണ്ടങ്കിലും ആ വിളിയിൽ പാട്രിയാർക്കിയുടെ ഒളിയമ്പുകളുണ്ടെന്നായി ചിലർ. എന്നാലും സാരമില്ല ഭൂരിപക്ഷം മലയാളികൾക്കും റാഡിക്കൽ ഫെമിനിസത്തിെൻറ അടിസ്ഥാനതത്ത്വങ്ങളൊന്നും വലിയ പിടിയില്ലാത്ത സ്ഥിതിക്ക് ആ വിളി നല്ലൊരു സർട്ടിഫിക്കറ്റുതന്നെയാണ്.
നിയമസഭയിലേക്ക് ഇത് നാലാമൂഴമാണ്. സഭയിലെത്തിയപ്പോഴെല്ലാം ഭരണപക്ഷത്തിരിക്കാനായിരുന്നു യോഗം. 1996ൽ കൂത്തുപറമ്പിൽ നിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2006ൽ പേരാവൂരിൽനിന്നും 2016ൽ കൂത്തുപറമ്പിൽനിന്നും സഭയിലെത്തി. ഇക്കുറി മട്ടന്നൂരിൽനിന്ന്. അതും റെക്കോഡ് ഭൂരിപക്ഷത്തിൽ. ഒന്നാം പിണറായി സർക്കാറിൽ അംഗമാകുമ്പോൾ ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. സുപ്രധാനമായ ആരോഗ്യ വകുപ്പിൽനിന്ന് മാറ്റി ലഘുവായ വല്ലതും തന്നാൽ മതിയെന്ന് അക്കാലത്ത് പാർട്ടി നേതൃത്വത്തോട് ടീച്ചർ അപേക്ഷിച്ചിരുന്നുവത്രെ. പേക്ഷ, പാർട്ടി അത് ചെവിക്കൊണ്ടില്ല. ആരോഗ്യ മന്ത്രിയെന്ന നിലയിൽ ആദ്യ പരീക്ഷണം നേരിട്ടത് നിപയുടെ കാലത്താണ്
17 മലയാളികളുടെ ജീവൻ എടുത്ത നിപ കാലം മലയാളിക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. നിപയുടെ ഒന്നാം ഇര സാബിത്ത് എന്ന ചെറുപ്പക്കാരെൻറ മരണവാർത്ത എത്തുമ്പോൾ ടീച്ചർ നിപ എന്ന പേരുതന്നെ കേട്ടിട്ടുണ്ടായിരുന്നില്ല. ആ സമയം അവർ കണ്ണൂരിലായിരുന്നു. അവിടെനിന്ന് കോഴിക്കോട്ടേക്കുള്ള കാർ യാത്രക്കിടയിലാണ് വൈറസിനെ കുറിച്ച് ഇൻറർനെറ്റിൽ പരതിയത്. ലഭ്യമായ കുറച്ച് വിവരങ്ങൾ വായിച്ചറിഞ്ഞശേഷമാണ് അന്ന് കലക്ടറേറ്റിൽ ആരോഗ്യ വിദഗ്ധരുമായി ടീച്ചർ ചർച്ചക്ക് എത്തിയത്. പിന്നീട് നടന്നതെല്ലാം ചരിത്രം. 21 ദിവസംകൊണ്ട് മാരക വൈറസിനെ കെട്ടുകെട്ടിച്ച് കേരള ആരോഗ്യ മോഡലിൽ പുതിയ അധ്യായം കൂട്ടിച്ചേർത്തു ടീച്ചറും സംഘവും.
നിപയുടെ രണ്ടാം വരവിനെയും ഇതുപോലെ നേരിട്ടു. ആ മിടുക്കിലാണ് നമ്മുടെ ആരോഗ്യ മോഡലിെൻറ ലെഗസി അങ്ങ് ബാൾട്ടിമോറിലെ ഗവേഷണകേന്ദ്രത്തിൽ വരെ എത്തിയത്. കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതും അങ്ങനെയാണ്. സമാനമായിരുന്നു കോവിഡ് കാലവും. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരുക്കാത്തവിധം ആരോഗ്യരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച് മറ്റൊരു മാതൃകകൂടി സൃഷ്ടിച്ച് കോവിഡിെൻറ ഒന്നാം തരംഗത്തെ കാര്യമായ അപകടങ്ങളില്ലാതെ പിടിച്ചുകെട്ടിയത് ആ സംവിധാനങ്ങളിലൂടെയാണ്. എങ്ങനെയാണ് അത്ഭുതകരമാം വിധം ഇതെല്ലാം സാധ്യമാവുന്നതെന്ന് ചോദിച്ചാൽ ടീച്ചർക്ക് അതിന് കൃത്യമായ ഒരുത്തരമുണ്ട്. ഒരിക്കൽ ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അവർ ഇങ്ങനെ പറഞ്ഞു: ''സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നുവെച്ചാൽ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. കോവിഡിനെ കുറിച്ചെല്ലാം എത്രയോ ലേഖനങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണല്ലോ. സമയം കിട്ടുമ്പോഴെല്ലാം അത്വായിക്കാൻ ശ്രമിക്കും. അല്ലാതെ, ഹിന്ദുത്വർ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളുടെ പിറകെ പോകില്ല.''
എന്തുചെയ്യാം, ഈ ദീർഘവീക്ഷണത്തിനും ശാസ്ത്രബോധത്തിനും ഒന്നുമല്ല ഭരണത്തുടർച്ചയിൽ മാർക്ക്. ചിട്ടപ്പെടുത്തിയ പാർട്ടി നയങ്ങൾക്കനുസരിച്ച് മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോകൂ എന്നാണെങ്കിൽ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം.
1956 നവംബർ 20ന് ജനനം. കണ്ണൂർ പായം പഞ്ചായത്തിലെ മാടത്തിയിൽ കുണ്ടെൻറയും ശാന്തയുടെയും ഏകമകൾ. മട്ടന്നൂർ പഴശ്ശി കോളജിൽനിന്ന് ബി.എസ്സി ബിരുദം. തുടർന്ന് അധ്യാപന ബിരുദവും. ഇപ്പോൾ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ്. 'സ്ത്രീശബ്ദം' മാസികയുടെ എഡിറ്ററായിരുന്നു. ഏതാനും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മാൾഡോവയിലെ ഒരു ആരോഗ്യ സർവകലാശാല വിസിറ്റിങ് പ്രഫസർ പദവി നൽകി ആദരിച്ചിട്ടുണ്ട്. മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ. ഭാസ്കരനാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.