സൂത്രശാലി
text_fieldsസാധ്യതയുടെ കലയാണ് രാഷ്ട്രീയം എന്ന കാര്യത്തിൽ ഇന്നാർക്കും സംശയത്തിന് വകയില്ല. കലയുടെ കുലപതിയാണ് പാലായിലെ മരങ്ങാട്ടുപ്പള്ളി കരിങ്ങോഴക്കൽ തൊമ്മൻ മാണി മകൻ മാണിയെന്ന് എഴുതിവെച്ചാൽ അത് ശിലയിൽ കൊത്തിയതുപോലെ ഇരിക്കും. മായ്ച്ചുകളയാൻ ഭൂമിമലയാളത്തിൽ ആരും പിറന്നതായി അറിവില്ല. ഇടെക്കാക്കെ, രോഷംപൂണ്ട് തോക്കു ചൂണ്ടുന്ന പി.സി. ജോർജുപോലും മാണിയെ കണ്ടാൽ അത് അരയിൽ തിരുകും. കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും ചേർന്ന അഖില കേരള ‘കുഞ്ഞന്മാർ’ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആറ്റുനോറ്റു വന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതെന്ന സത്യം നേരേചൊേവ്വ പറഞ്ഞത് ജോർജാണ്.
ഇടതുകൈ നെഞ്ചിൽപിടിച്ച് വലതുകൈകൊണ്ട് കണ്ണീര് മറച്ച് പിണങ്ങിപ്പോയ മാണി ഒന്നരവർഷത്തിനുശേഷം പൊട്ടിച്ചിരിച്ചും കൈപിടിച്ചും യു.ഡി.എഫിലേക്ക് തിരിച്ചുകയറി. ഇങ്ങനെയൊരു രാഷ്ട്രീയ മുഹൂർത്തത്തിൽ വി.എം. സുധീരനെപ്പോലുള്ള ആദർശധീരന്മാർക്കേ മുഖംതിരിക്കാൻ കഴിയൂ. ശുദ്ധാത്മാക്കൾക്ക് രാഷ്ട്രീയം മനസ്സിലാക്കാൻ ഒരുപക്ഷേ, തപസ്സിരുന്നാലും കഴിഞ്ഞെന്നുവരില്ല. രാജ്യസഭ സീറ്റ് പുറത്താർക്കും നൽകിയിട്ടില്ലല്ലോ എന്നാണ് മാണിയുടെ പക്ഷം. യു.ഡി.എഫിെൻറ പടികയറിയെത്തിയ മാണി പറഞ്ഞത് മുന്നണിക്കാർക്ക് മറക്കാനാവില്ല. ‘ഇത്രത്തോളം സ്നേഹമോ? ഇത്ര സന്തോഷമോ? ഞാൻ അത് ഇതുവരെ അറിഞ്ഞിരുന്നില്ല.’
പാലാ എന്ന് പറഞ്ഞാൽ വെറുമൊരു മണ്ഡലമല്ല, മാണി സ്ഥാപിച്ച രാഷ്ട്രീയ സർവകലാശാലയാണ്. കോൺഗ്രസിലെ യുവ എം.എൽ.എമാർക്കും കെ.എസ്.യുക്കാർക്കും പാലാ യൂനിവേഴ്സിറ്റിയിൽനിന്ന് അൽപം വിദൂര വിദ്യാഭ്യാസമെങ്കിലും നേടാൻ കഴിഞ്ഞെങ്കിൽ.കരുനീക്കങ്ങളില്ലാത്ത ഒരു രാവോ പകലോ ജീവിതത്തിൽ കടന്നുപോയിട്ടില്ല. അതുകൊണ്ടുതന്നെ മുകളിലോട്ട് എറിഞ്ഞ പൂച്ചയെപ്പോലെയാണ് വീഴുക. പഴയ ബാർബർഷോപ്പിലെ കത്തിക്കല്ലുപോലെ പാർട്ടി ശോഷിക്കുന്നുണ്ടെങ്കിലും മൂർച്ച കൂടുതലാണ്. ഇപ്പോൾ നിയമസഭയിൽ ആറ് അംഗങ്ങളേയുള്ളൂ. അതിനെ മൂന്നും നാലും ഇരട്ടിയായി കാണാനുള്ള സൗഭാഗ്യമാണ് ഉമ്മൻ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കണ്ണുകൾക്കുള്ളത്. രമേശ് ചെന്നിത്തലക്കും അങ്ങനെ കാണാനാണ് ഇഷ്ടം. കോൺഗ്രസിെൻറയും ലീഗിെൻറയും ഹൈകമാൻഡ് മാത്രമല്ല, സി.പി.എം, സി.പി.െഎ പരമാധികാര കമ്മിറ്റികൾ വരെ കുഞ്ഞുമാണിയെക്കുറിച്ച് ചർച്ച നടത്തുകയും കലഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരുവേളയല്ല, പലതവണ മുഖ്യമന്ത്രിയാകാൻ പാലായിൽനിന്ന് കുഞ്ഞുമാണി മികച്ച ഡൈ അടിച്ച് മുണ്ട് മുറുക്കിയുടുത്ത് ജുബ്ബയണിഞ്ഞ് റോസ് പൗഡറിട്ട് പുറപ്പെട്ടിട്ടുണ്ട്.
എല്ലുമുറിയെ അധ്വാനിച്ച്, വിയർപ്പിൽനിന്ന് സ്വർണം വിളയിച്ചവരുടെ നാടായ പാലായുടെ സ്വന്തം ഛായയാണ് സാക്ഷാൽ മാണിക്ക് കിട്ടിയത്. ഇദ്ദേഹം വരുന്നതിനുമുമ്പ് പാലാ എന്നൊരു നിയോജകമണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂർ എന്നും പേരുണ്ടായിരുന്ന മണ്ഡലം, പിന്നെ പാലാ ആയി പിറവികൊള്ളുകയായിരുന്നു 1965ൽ. സ്ഥാനാർഥിക്കുപ്പായം കിട്ടിയതും മത്സരിച്ചതും ജയിച്ചതും അതേ വർഷമാണ്. കോൺഗ്രസിൽ പി.ടി. ചാക്കോയുടെ ശിഷ്യനാവുക എന്നുവെച്ചാൽ ആനക്കാര്യം. പോരാത്തതിന് വക്കീൽ പയ്യനെന്ന ഖ്യാതിയും. മരങ്ങാട്ടുപള്ളിക്കാരൻ എന്ന് പറഞ്ഞാലും അന്നും ഇന്നും ശക്തിയാണ്. ആ തെരഞ്ഞെടുപ്പിൽ ജയിെച്ചങ്കിലും നിയമസഭ ചേർന്നില്ല. രണ്ടുവർഷത്തിനുശേഷം ഇലക്ഷനിൽ കുഞ്ഞുമാണിതന്നെ സ്ഥാനാർഥി. അന്നുമുതൽ ഇന്നോളം മാണിയെ തോൽപിക്കാൻ ശ്രമിച്ചവരൊക്കെ തോറ്റിട്ടുണ്ട്.
തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകൻ എല്ലാം വെട്ടിപ്പിടിച്ചതുതന്നെയാണ്. വിജയങ്ങൾ ഒന്നിന് പിന്നാലെ മറ്റൊന്ന്. മന്ത്രിസ്ഥാനങ്ങൾ. ബാർ കോഴയിലാണ് ഒന്ന് നടുങ്ങിയത്. വീട്ടിൽ നോെട്ടണ്ണുന്ന മെഷീൻ വെച്ചാണ് പണം വാങ്ങുന്നതെന്നുവരെ ശത്രുക്കൾ പറഞ്ഞുപരത്തി.
മികച്ച വിദ്യാഭ്യാസമാണ് ലഭിച്ചത്. മരങ്ങാട്ടുപള്ളി സെൻറ് തോമസ്, കടപ്ലാമറ്റം സെൻറ് ആൻറണീസ്, കുറുവിലങ്ങാട് സെൻറ് മേരീസ്, പാലാ സെൻറ് തോമസ്, തിരുച്ചിറപ്പള്ളി സെൻറ് ജോസഫ്സ്, തേവര സേക്രഡ് ഹാർട്സ്. 1955ൽ മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം. ഹൈകോടതി ജഡ്ജിയായിരുന്ന പി. ഗോവിന്ദ മേനോനെപ്പോലുള്ള പ്രഗല്ഭർക്ക് കീഴിൽ വക്കീൽ. പാലായിൽനിന്നല്ല കോഴിക്കോെട്ട നഗരസഭ വാർഡുകളിൽനിന്നാണ് മാണി പ്രസംഗം പഠിച്ചത്. അങ്ങനെയും ഒരു കാലം!
മണ്ഡലം പ്രസിഡൻറ് മുതൽ കോൺഗ്രസിെൻറ പി.സി.സി അംഗമായി കുഞ്ഞു മാണി പിച്ചവെച്ചു. 1959 മുതൽ കേരള കോൺഗ്രസിെൻറ പിറവിവരെ ഒന്നാന്തരം കോൺഗ്രസുകാരൻ. 1964ൽ കോട്ടയം ഡി.സി.സി സെക്രട്ടറി. ആ കൊല്ലമാണ് പി.ടി. ചാക്കോയുടെ നിര്യാണം. ചാക്കോയോട് കോൺഗ്രസ് കാണിച്ച അനീതിക്കെതിരെ കെ.എം. ജോർജിെൻറ നേതൃത്വത്തിൽ 15 എം.എൽ.എമാർ പാർട്ടി വിട്ടു. തിരുനക്കര മൈതാനത്ത് മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസിന് ദീപം തെളിച്ചപ്പോൾ മാണി സാക്ഷിയായി. കോട്ടയം കോൺഗ്രസ് കമ്മിറ്റി കേരള കോൺഗ്രസിെൻറ ജില്ല കമ്മിറ്റിയായി. 1975 ഡിസംബർ 21ന് മന്ത്രിയായ മാണി പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ധനകാര്യത്തിൽ തുടങ്ങി, അടിയന്തരാവസ്ഥയെ തുടർന്ന് ആഭ്യന്തര മന്ത്രിയായി. റവന്യൂ, ജലസേചനം, വൈദ്യുതി, നിയമം... അങ്ങനെ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തു. ധനമന്ത്രിയെന്ന നിലയിൽ 13 തവണ ബജറ്റ് അവതരിപ്പിച്ചു. സംഘർഷത്തിെൻറയും ഗുസ്തിയുടെയും നടുവിൽനിന്ന് ബജറ്റ് പ്രഖ്യാപിച്ച ചരിത്രവും മാണിയുടെ പേരിലാണ്. തനിക്കെതിരെ കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2015ൽ ബാർക്കോഴ വന്നപ്പോൾ കോടതി പരാമർശം ഉണ്ടായപ്പോഴും വാളെടുത്തു തുള്ളിയവരുണ്ട്. ചിലർക്ക് ഇപ്പോഴും കലിയടങ്ങിയിട്ടില്ല. തൊഴിലാളി വർഗ സിദ്ധാന്തമല്ല, അധ്വാനവർഗ സിദ്ധാന്തമാണ് ലോകത്തെ നയിക്കുന്നതെന്ന് കണ്ടുപിടിച്ച മഹാനാണ് മാണി. പ്രബന്ധമല്ല, പുസ്തകംതന്നെ രചിച്ചു.
1930 മേയ് 30നാണ് ജനനം. ഭാര്യ: കുട്ടിയമ്മ. മക്കൾ: എൽസമ്മ, സാലി, ആനി, ജോസ് കെ. മാണി, ടെസി, സ്മിത.
രാഷ്ട്രീയ ജീവിതത്തിൽ കുഞ്ഞിന് ഇനി ഒറ്റ മോഹമേ ബാക്കിയുള്ളൂ- മുഖ്യമന്ത്രി കസേരയിൽ ഒന്നിരിക്കണം. സി.എച്ച്. മുഹമ്മദ് കോയ 54 ദിവസം മുഖ്യമന്ത്രിയായി. ഒരിടവേളയിൽ ഇരുവരും ഇടതുപക്ഷത്തും ചേർന്നിട്ടുണ്ട്. ജനാധിപത്യ ചേരിയിലേക്ക് തിരിഞ്ഞും നടന്നിട്ടുണ്ട്. സി.എച്ചിെൻറ ഭാഗ്യം കുഞ്ഞു മാണിക്ക് എന്തുകൊണ്ട് ഉണ്ടാവുന്നില്ല. പി.ടി. ചാക്കോ മുഖ്യമന്ത്രിയാകാനിരിക്കെ ഒരു ആരോപണത്തിൽ തട്ടിയാണ് തെറിച്ചത്. മാണിയോ? ബാർ കോഴ വിവാദം വന്നില്ലെങ്കിൽ അതു സംഭവിക്കുമായിരുന്നു. മണംപിടിച്ച കുഞ്ഞന്മാരിൽ ഒരാൾ കോഴ കുപ്പി തുറന്നുവിട്ടുവെന്ന് വേണം കരുതാൻ. കോടിയേരി മാണിയുടെ പിന്നാലെ ഉണ്ടായിരുന്നു. വിവാദം മണത്തപ്പോൾ പിൻവാങ്ങിയതാണ്. കുഞ്ഞു മാണിയും കുഞ്ഞാപ്പയും സ്വപ്നം കാണുന്നതിൽ തുല്യരാണേത്ര-ഇന്നല്ലെങ്കിൽ നാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.