കാത്തിരിപ്പ്
text_fieldsപാകിസ്താെൻറ ഏതോ ഒരു തടവറയിൽ കുൽഭൂഷൺ ജാദവ് എന്ന ഇന്ത്യക്കാരൻ കാത്തിരിക്കുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ജനതയും കാത്തിരിക്കുകയാണ്. പാക് സൈനിക കോടതി വിധിച്ച വധശിക്ഷയുടെ കുരുക്കിൽനിന്ന് ജാദവിന് മോചനം വേണമെന്ന ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുകയും മരണശിക്ഷ തൽക്കാലം തടയുകയും ചെയ്തു. 125 കോടി ജനങ്ങൾക്കും സർക്കാറിനുംവേണ്ടി പ്രശസ്ത അഭിഭാഷകൻ ഹരീഷ് സാൽവേ അന്താരാഷ്ട്ര കോടതിയിലെ 11 അംഗ ബെഞ്ചിന് മുന്നിൽ തുറന്നിട്ട വാദമുഖങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് ബുദ്ധിപരമായ നീക്കങ്ങൾക്ക് ലഭിച്ച വിജയമായിരുന്നു. പാക് സംഘം ഹേഗിൽ നിരാശരാവുകയും ഇന്ത്യൻ പ്രതിനിധിസംഘം ആഹ്ലാദം പങ്കുവെക്കുകയും ചെയ്തപ്പോൾ ഇങ്ങ് മുംബൈയിൽ ജാദവിെൻറ നാട്ടിൽ, പവായിലെ സിൽവർഒാക്ക് അപ്പാർട്മെൻറിലും പരിസരങ്ങളിലും പടക്കംപൊട്ടി. ജനങ്ങൾ മധുരം വിതരണം ചെയ്തു.
2016 മാർച്ച് വരെ തീർച്ചയായും കുൽഭൂഷൺ ജാദവിനെക്കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. 1968ലാണ് ജനനം. മുംബൈയിൽ പൊലീസ് അസി. കമീഷണറായ സുധീർ ജാദവിെൻറ മകൻ പിതാവിനെപ്പോലെ യൂനിഫോമിട്ട ഒരു ജീവിതത്തിലേക്കാണ് കടന്നത്. 1987ൽ നാവികസേനയിൽ ചേർന്നു. സർവിസ് കാലാവധി പൂർത്തിയാക്കുംമുമ്പ്, വിരമിച്ച് ബിസിനസിലേക്ക് പ്രവേശിച്ചു. എന്നാൽ, 2013 മുതൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യിൽ പ്രവർത്തിക്കുകയായിരുന്നുവെന്നാണ് പാകിസ്താെൻറ കണ്ടെത്തൽ. ഇറാനിലെ ചാബഹാർ കേന്ദ്രീകരിച്ച് അല്ലറചില്ലറ ബിസിനസുമായി കഴിഞ്ഞ കുൽഭൂഷൺ പാക് പൊലീസിനും അവരുടെ രഹസ്യാന്വേഷണ സംഘടനയായ െഎ.എസ്.െഎക്കും മുന്നിൽ ഒന്നാന്തരം ചാരനായി. ബലൂചിസ്താനിൽ പ്രത്യേകം നിരീക്ഷണം നടത്തുന്ന പാക് പൊലീസിെൻറയും സൈന്യത്തിെൻറയും ചാരന്മാരാണ് കുൽഭൂഷണിനെ പിടികൂടിയത്. അറസ്റ്റ് നടന്ന സ്ഥലവും പാക് വൃത്തങ്ങൾ പുറത്തുവിട്ട വിവരങ്ങളും സംബന്ധിച്ചും ഏറ്റവുമൊടുവിൽ 2016 മാർച്ചിലുണ്ടായ സൈനിക കോടതിയുടെ നടപടികളിലും ദുരൂഹത നിലനിൽക്കുന്നു.
ധാരാളം സത്യങ്ങളും അതുപോലെ അനവധി അസത്യങ്ങളും ചേർന്നുള്ള ഒരു ലോകത്ത് രണ്ടും വേർതിരിച്ചെടുക്കൽ ശ്രമകരമാണ്. ചാരനെന്ന് മുദ്രകുത്താനും വധശിക്ഷക്ക് വിധിക്കാനും പാകിസ്താന് എളുപ്പമാണ്. എന്നാൽ, കുൽഭൂഷണിെൻറ കാര്യത്തിൽ നിരവധി നയതന്ത്ര നീക്കങ്ങൾ നടത്തിയ ഇന്ത്യ പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോവുകയാണ്. അതിെൻറ ആദ്യഫലമാണ് ഹേഗിലെ കോടതിയിൽനിന്നുണ്ടായ സുപ്രധാന വിധി. ആഗോള ശ്രദ്ധയിൽ കാര്യങ്ങൾ കൊണ്ടെത്തിക്കുന്നതിൽ ഇന്ത്യ നേടിയ വിജയംകൂടിയാണ് ഇത്.പലരുടെയും മുൻവിധികൾ കാറ്റിൽപറത്തിയാണ് അന്താരാഷ്ട്ര കോടതി അധ്യക്ഷൻ റോണി അബ്രഹാം 20 മിനിറ്റുകൊണ്ട് വിധി പ്രസ്താവിച്ചത്. വാസ്തവത്തിൽ ചരിത്രത്തിൽ ഇടംനേടിയ കേസും താൽക്കാലിക വിധിയുമായിരുന്നു അത്.
തൂക്കിലേറ്റാൻ വിധിച്ച പാക് സൈനിക കോടതി, കുൽഭൂഷണിന് ദയാഹരജിക്ക് സമയം നൽകിയിട്ടുണ്ടെന്നാണ് പാക് വിശദീകരണം. 2017 ആഗസ്റ്റിനുമുമ്പ് ശിക്ഷ നടപ്പാക്കില്ലെന്ന് ഉറെപ്പാന്നുമില്ലെങ്കിലും അന്താരാഷ്ട്ര കോടതിക്കു മുന്നിൽ പാകിസ്താന് പിടിച്ചുനിൽക്കാൻ ഏറെ പണിപ്പെടണം എന്ന അവസ്ഥയാണ്. അന്താരാഷ്ട്ര കോടതിയുടെ ഇത്തരം സ്റ്റേകൾ അതിനുമുമ്പ് യു.എസും ചൈനയും ചവറ്റുകൊട്ടയിലെന്നോണം അവഗണിച്ച ചരിത്രം മുന്നിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഏതു നിമിഷവും എന്തും സംഭവിക്കാം. സർക്കാറിനെപ്പോലും പലപ്പോഴും സമ്മർദത്തിലാക്കി മുന്നോട്ടുപോകുന്ന പാക് പട്ടാളത്തിന് അന്താരാഷ്ട്ര കോടതിയെ ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ ധിക്കരിക്കാനാവുമെന്ന് ലോകം കരുതുന്നില്ല. അമേരിക്കക്കും ചൈനക്കും വിധി അവഗണിച്ച ചരിത്രമുണ്ടെന്നും വാദത്തിനുവേണ്ടി ഉന്നയിക്കാമെന്നുമാത്രം. എന്നാൽ, വധശിക്ഷയുമായി തിരക്കിട്ട് മുന്നോട്ടുപോകാൻ പാകിസ്താൻ തുനിയില്ലെന്നാണ് ഇന്ത്യ-പാക് സംഘർഷാത്മക ബന്ധങ്ങൾ വിലയിരുത്തുന്നവർ നൽകുന്ന സൂചന.
വാദപ്രതിവാദങ്ങൾ ഇനിയും നടക്കാനിരിക്കുന്നു, വിധി അംഗീകരിക്കില്ല, പുനർവിചാരണ വേണം തുടങ്ങിയ പ്രസ്താവനകൾ പാക് വൃത്തങ്ങൾ പുറത്തുവിടുന്നുണ്ട്. ഏതായാലും കുൽഭൂഷൺ ജാദവ് കാത്തിരിക്കുകയാണ്. എവിടെയാണ് ആ തടവറ. പാകിസ്താൻ അതീവ രഹസ്യമായാണ് ജാദവിനെ പാർപ്പിച്ചിരിക്കുന്നത്. അമ്മയും ബന്ധുക്കളും ഒരു നോക്കുകാണാൻ അനുമതിക്കായി കാത്തിരിക്കുകയാണ്.
കുൽഭൂഷണിെൻറ കാര്യത്തിൽ കുറ്റപത്രമടക്കം പുറത്തുവിട്ട പാകിസ്താൻ കോൺസുലാർ സഹായം നിഷേധിച്ചതും വിവാദത്തിലാണ്.
നയതന്ത്രതലത്തിൽ ഇന്ത്യയും പാകിസ്താനും അയവുള്ള സമീപനങ്ങളിലേക്ക് നീങ്ങുേമ്പാൾ ‘ഒരു രൂക്ഷ തർക്കം’ എവിടെ നിന്നെങ്കിലും വന്നുവീഴുന്നത് നയതന്ത്രവൃത്തങ്ങളെ കുഴക്കുന്ന ഘടകമാണ്. സംഘർഷത്തെ ആളിക്കത്തിച്ചുകൊണ്ടാണ് കുൽഭൂഷണിന് പാക് സൈന്യം ഏകപക്ഷീയമായി വധശിക്ഷ വിധിച്ചത്. വിദേശ പൗരന്മാർക്ക് അറസ്റ്റിെൻറ കാര്യത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും അതുപോലും ഇക്കാര്യത്തിൽ പാലിക്കപ്പെടാത്തതും ദുരൂഹമാണ്.
ചരിത്രത്തിനും കാലത്തിനും മുന്നിൽ ഇങ്ങനെയൊരു ഇന്ത്യക്കാരൻ കാത്തുനിൽക്കുന്നത് അപൂർവ സംഭവമാണ്. സരബ്ജിത്തിനെ പിടികൂടിയ പാകിസ്താൻ ജയിലിലിട്ട് അദ്ദേഹത്തെ വകവരുത്തിയതുകൂടി ഒാർക്കുേമ്പാൾ, ജാദവിെൻറയും രാജ്യത്തിെൻറയും കാത്തിരിപ്പിന് മുന്നിൽ കടമ്പകളും ആശങ്കകളും കൂടിവരുകയാണ്. എങ്കിലും അന്താരാഷ്ട്ര കോടതിയുടെ അന്തിമവിധി ഇനി വരാനുണ്ട്.ചാരപ്പണിയും ഭീകരവൃത്തിയും ആരോപിച്ച് കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാൻ പാകിസ്താന് മുന്നിലും കടമ്പകളുണ്ട്. അപ്പോഴും കൂടുതൽ കാത്തിരിപ്പുതന്നെയാകും വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.