പ്രതിസന്ധികളിൽ ഇടറാത്ത മാധ്യമ കുലപതി
text_fieldsഅടിയന്തരാവസ്ഥക്കാലത്ത്, തന്നെ അറസ്റ്റ് ചെയ്യാൻ വന്ന പൊലീസുകാർ വീടിെൻറ വാതിലിൽ മുട്ടിയപ്പോൾ കതക് തുറന്നുകൊടുത്ത കുൽദീപ് നയാർ അവരോട് പറഞ്ഞു: ‘‘ഒന്നുനിൽക്കൂ, ഞാൻ ഉടനെ വരാം.’’ അവർ അനുവദിച്ചുനൽകിയ സമയത്തിെൻറ ഒൗദാര്യത്തിൽ കുൽദീപ് അകത്തുപോയി ഫ്രിഡ്ജിൽനിന്ന് രണ്ടു മാമ്പഴം എടുത്തു കഴിച്ചു. ജയിലിൽ അടക്കപ്പെട്ടുകഴിഞ്ഞാൽ തെൻറ മാമ്പഴക്കമ്പം തീർക്കാൻ ഇനി എന്നായിരിക്കും അവസരം ലഭിക്കുക എന്ന ഉത്കണ്ഠ അങ്ങനെ അദ്ദേഹം പരിഹരിച്ചു.
നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള നിരന്തര സമരത്തിൽ പ്രതിസന്ധികളെ നേരിടുന്നതിൽ അദ്ദേഹം ഒരിക്കലും ചഞ്ചലനായില്ല. ഒരു ഘട്ടത്തിലും അടിയറവ് പറയുകയും ചെയ്തില്ല. ഇന്ത്യയുടെ ഇൗ മഹാനായ മാധ്യമപ്രവർത്തകൻ എന്നും ഒരു പോരാളിയായിരുന്നു. അന്ത്യംവരെയും പേനകൊണ്ടുള്ള പോരാട്ടത്തിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.
ഉത്തരവാദിത്തനിർവഹണത്തിെൻറ ഉദ്ദേശ്യത്തോടെ പ്രമുഖരടങ്ങുന്ന പലരെയും അദ്ദേഹം വിമർശിച്ചു. എന്നാൽ, വിമർശനശരങ്ങളേറ്റവരും അദ്ദേഹത്തെ അതിയായി ആദരിച്ചു. തെൻറ ജോലിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും കുൽദീപ്നയാർ പുലർത്തിയ ആദർശനിഷ്ഠയിൽ അവർക്കെല്ലാം ഉത്തമ വിശ്വാസമുണ്ടായിരുന്നു. തന്നോട് വിയോജിക്കുന്നവരുടെയും ആദരം ഏറ്റുവാങ്ങാനുള്ള ഒൗന്നത്യം ആ വ്യക്തിത്വത്തിൽ അന്തർലീനമായിരുന്നു.
അല്ലെങ്കിലും ഏവർക്കും ആദരണീയനായിരുന്നു കുൽദീപ് നയാർ. അറിവും സംസ്കാരവും സ്നേഹവും ലാളിത്യവുമെല്ലാം മേളിച്ച ധന്യജീവിതമായിരുന്നു അദ്ദേഹത്തിേൻറത്. പത്രപ്രവർത്തക പരിവാരത്തിൽ മാത്രമല്ല, കയറിച്ചെല്ലുന്നിടത്തെല്ലാം ഒരു കാരണവരുടെ തലയെടുപ്പ് അേദ്ദഹത്തിനുണ്ടായിരുന്നു. ജീവിതത്തിെൻറ മഹിതമായ മൂല്യങ്ങളുടെ പ്രയോഗത്തിലൂടെയും സ്വാംശീകരണത്തിലൂടെയും അദ്ദേഹം ആർജിച്ചതായിരുന്നു അത്. അറസ്റ്റ് ചെയ്യുന്ന വേളയിൽ കുൽദീപ് നയാറുടെ പാദം തൊട്ടുവന്ദിച്ചുകൊണ്ട് െഎ.പി.എസ് ഒാഫിസർ പറഞ്ഞു: ‘‘അങ്ങ് എെൻറ ഗുരുവാണ്. ഞാൻ അങ്ങയുടെ പുസ്തകം വായിച്ചിട്ടുണ്ട്. ഇതെെൻറ ഡ്യൂട്ടിയായതുകൊണ്ടു ചെയ്യുകയാണ് സർ.’’
വിവിധ മേഖലകളിലുള്ളവർ താൽപര്യപൂർവം കുൽദീപ് എഴുതുന്നത് വായിച്ചു. കോളങ്ങൾ മാത്രമല്ല, പുസ്തകങ്ങളും. ബുദ്ധിയെയും വിവേകത്തെയും പിടിച്ചടക്കുന്ന ഒരു ശൈലീവിശേഷം അതിലെല്ലാം അദ്ദേഹം വെച്ചുപുലർത്തി. പലരും കാണാതെ പോകുന്നത് അദ്ദേഹം കണ്ടു. പറയാതെ പോകുന്നത് ധീരമായി പറയുകയും ചെയ്തു. പാർശ്വവത്കരിക്കപ്പെട്ടവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കുംവേണ്ടി ശക്തമായി ശബ്ദിച്ചു. മനുഷ്യാവകാശനിഷേധം ഭരണകൂടത്തിെൻറയോ മറ്റാരുടെയോ പക്ഷത്തുനിന്നായാലും അതിനെ നിർഭയം ചോദ്യംചെയ്തു. ഇന്ത്യയുടെ ദേശീയതയും മതേതരത്വവും സൂക്ഷ്മമായി ഗ്രഹിച്ച കുൽദീപ് നയാർ അതിെൻറ കാവൽദൗത്യമാണ് ജീവിതകാലമത്രയും നിർവഹിക്കുകയുണ്ടായത്.
‘വരികൾക്കിടയിൽ’ എന്ന പുസ്കതകത്തിൽ അദ്ദേഹം യാഥാർഥ്യത്തെ പരതുകയും പരിശോധിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തു. അദ്ദേഹം എഴുതിയ പതിനഞ്ചോളം പുസ്തകങ്ങളിലും ഇൗ സത്യാന്വേഷണ പരിശോധനകൾ പ്രകടമായിരിക്കുന്നു. കൂട്ടത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ച്എഴുതിയ ‘ദ ജഡ്ജ്മെൻറ്’ ഏറെ കോളിളക്കം സൃഷ്ടിച്ചു. ‘ഇന്ത്യ: ക്രിട്ടിക്കൽ ഇയേഴ്സ്’ എന്ന കൃതി ദേശീയ രാഷ്ട്രീയത്തിലെ ഉള്ളറകളിലേക്കും ഇടനാഴികളിലേക്കും വെളിച്ചംവീശുന്നതിനാലും ഏറെ ചർച്ചചെയ്യപ്പെട്ടു. വരികൾക്കിടയിലൂടെ നിരന്തരം സഞ്ചരിച്ച പത്രക്കാരൻ അവസാനം സ്വന്തം ജീവിതം ആത്മകഥയായി പറഞ്ഞപ്പോൾ അത് വരികൾക്കപ്പുറം (ബിയോണ്ട് ദ ലൈൻസ്) എത്തിച്ചേരുകയും ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിെൻറയും ദേശീയ പ്രസ്ഥാനത്തിെൻറയും അന്തർധാരകളെ അനുധാവനം ചെയ്യുന്ന ആർക്കും അവഗണിക്കാനാകാത്ത ഗ്രന്ഥമാണ് കുൽദീപ് നയാറുടെ ആത്മകഥ.
രാജ്യത്തിെൻറ സമുന്നത നേതാക്കളോട് അടുത്ത ബന്ധം കുൽദീപിനുണ്ടായിരുന്നു. ഒരുനൂറ്റാണ്ട് തികക്കാൻ അഞ്ചുവർഷം മാത്രം അവശേഷിക്കവെ, വിടപറഞ്ഞ ആ ജീവിതം ദേശീയ ചരിത്രത്തിലെ ഒേട്ടറെ സന്ദിഗ്ധതകൾക്ക് സാക്ഷിയായി. ചിലതിലൊക്കെ പങ്കാളിയുമായി. ഗാന്ധിജിയുടെ രക്തസാക്ഷിത്വം റിപ്പോർട്ട് ചെയ്തത് അദ്ദേഹത്തിെൻറ പത്രപ്രവർത്തനത്തിെൻറ പ്രാരംഭഘട്ടത്തിലാണ്. രാഷ്ട്രപിതാവിെൻറ ദേഹം ഒരു ഉയർന്ന സ്ഥലത്ത് കിടത്തിയതും ബിർള ഹൗസിലെ അന്നത്തെ പ്രാർഥനാ സമ്മേളനത്തിലേക്ക് നടന്നുവന്നപ്പോൾപുല്ലിൽ പതിഞ്ഞ മഹാത്മാവിെൻറ പാദമുദ്രകളും നേരിൽ കണ്ട് അദ്ദേഹം റിപ്പോർട്ട് ചെയ്തു. സ്വന്തം മനഃസാക്ഷിയും മനോധർമവും പിന്നെ ഗാന്ധിയും ഗാന്ധിയൻ തത്ത്വവിചാരവും കുൽദീപ് നയാറിന് പത്രപ്രവർത്തനത്തിൽ എന്നല്ല ഏതു പ്രവർത്തനത്തിലും മാർഗദർശകമായി.
ഒരിക്കൽ മുടി ബോബ് ചെയ്ത ശ്രീമതി ഇന്ദിര ഗാന്ധി കുൽദീപ് നയാറെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തോട് ചോദിച്ചു: ‘‘കുൽദീപ്, എന്നെ കാണാൻ എങ്ങനെയുണ്ട്?’’ ‘‘നിങ്ങൾ നേരേത്തയും ഏറെ സുന്ദരിയാണ്, ഇപ്പോഴും അങ്ങനെത്തന്നെ’’ എന്നു മറുപടി പറഞ്ഞ കുൽദീപ് നയാർ 1971ൽ ബംഗ്ലാദേശ് വിമോചനത്തിനായി നടന്ന ഇന്ത്യ-പാക് യുദ്ധത്തിൽ ശ്രീമതി ഗാന്ധിക്ക് ഉറച്ച പിന്തുണ നൽകി. അടിയന്തരാവസ്ഥയുടെ പേരിൽ പിൽക്കാലത്ത് അവരെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
എന്നാൽ, എപ്പോഴും സമാധാനത്തിനുവേണ്ടി നിലകൊണ്ട കുൽദീപ് നയാർ ഇന്ത്യ-പാക് സൗഹൃദത്തിെൻറ ശക്തനായ വക്താവായിരുന്നു.
ഇരു രാജ്യങ്ങളുടെ ഭരണാധികാരികൾ ഒന്നിച്ചിരുന്ന് ഒരു മണിക്കൂർ സംസാരിച്ചാൽ തീരുന്നതേയുള്ളൂ പരസ്പരമുള്ള പ്രശ്നങ്ങൾ എന്ന തെൻറ അഭിപ്രായം അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചു. വർഷംതോറും രണ്ടു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനങ്ങളിൽ (ആഗസ്റ്റ്14, 15) നേതാക്കളെയും സാംസ്കാരികപ്രവർത്തകരെയും കൂടെക്കൊണ്ടുപോയി അമൃത്സറിനടുത്ത വാഗാ അതിർത്തിയിൽ അദ്ദേഹം മെഴുകുതിരികൾ കത്തിച്ചു. വിഭജനത്തോടെ പാകിസ്താനിലകപ്പെട്ട തെൻറ ജന്മദേശമായ ലാഹോറിലേക്ക് എ.ബി. വാജ്പേയി ഏർപ്പെടുത്തിയ ചരിത്രപ്രധാനമായ ബസ്യാത്രയിൽ പ്രധാനമന്ത്രിയെ അനുഗമിച്ച പ്രമുഖരുടെ സംഘത്തിൽ കുൽദീപും ഉണ്ടായിരുന്നു. യാത്രാമധ്യേ അദ്ദേഹം വാജ്പേയിയോട് ചോദിച്ചു: ‘‘ഇത് നീണ്ടുനിൽക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?’’ അതിനോട് പ്രതികരിച്ച പ്രധാനമന്ത്രി തെൻറ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുവെങ്കിലും ബസ് സർവിസ് അധികം വൈകാതെ നിലച്ചു.
കുൽദീപ് സ്നേഹസമ്പന്നനായിരുന്നു. ഇൗ ലേഖകൻ രാജ്യസഭയിൽ ചെന്നപ്പോൾ അവിടെക്കണ്ട മഹനീയ സാന്നിധ്യങ്ങളിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. പിൽക്കാലത്ത് അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്താൻ കൈവന്ന അവസരങ്ങളുടെ തുടക്കമായിരുന്നു അത്. പരിപാടികൾക്ക് ക്ഷണിച്ചപ്പോഴെല്ലാം അദ്ദേഹം വന്നു. ചിലപ്പോൾ അദ്ദേഹത്തിെൻറ ഉർദു പ്രസംഗം പരിഭാഷപ്പെടുത്തി.
മലയാളികളെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. തെൻറ പേരിലും ഒരു ‘നായർ’ ഉണ്ടെന്ന് ഒരിക്കൽ അദ്ദേഹം നർമം പറഞ്ഞത് ഒാർക്കുന്നു.
അടിമുടി പഞ്ചാബിയായിരുന്നു കുൽദീപ് നയാർ; ഉർദു അദ്ദേഹത്തിന് പ്രിയപ്പെട്ട ഭാഷയും. ‘അൻജാം’ എന്ന ഉർദു ദിനപത്രത്തിൽ ജോലിയിൽ പ്രവേശിച്ചുകൊണ്ടാണ് അദ്ദേഹം പത്രക്കാരെൻറ പേന കൈയിലേന്തിയത്. അവസാനം വരെയും ഇംഗ്ലീഷിനോടൊപ്പം ഉർദുവിലും പഞ്ചാബിയിലും അദ്ദേഹം കോളങ്ങൾ ചെയ്തു.
ഡൽഹിയിലും കേരളത്തിലും ഒന്നിച്ചിരുന്നപ്പോഴെല്ലാം ഞങ്ങൾ ധാരാളം ഉർദു കവിതകൾ പങ്കുവെച്ചു. കേരളത്തിലെ യാത്രകളിൽ കാപ്പാട്ടും വയനാട്ടിലും മറ്റും അദ്ദേഹത്തെയും പത്നിയെയും കൊണ്ടുപോയപ്പോൾ കാറിൽ ഗസലും ഖവാലിയും കേൾക്കുന്നത് അദ്ദേഹത്തെ അതിരറ്റ് സന്തോഷിപ്പിച്ചു. കവിതകൾ കേട്ട് അത് ആസ്വദിച്ചുവിശദീകരിക്കുമായിരുന്ന കുൽദീപിെൻറ ഹൃദയം കാവ്യനിർഭരമായിരുന്നു.
അദ്ദേഹത്തിെൻറ ജീവിതംതന്നെ കാവ്യാത്മകമായിരുന്നു. ഗാലിബ്, ഇഖ്ബാൽ, മീർ, മോമിൻ, ഫിറാഖ്, ജോഷ്, ഫൈസ്... തുടങ്ങിയവരുടെ നിരവധി കവിതകൾ അദ്ദേഹത്തിന് മനഃപാഠമായിരുന്നു. ഒരിക്കൽ ഒരു കേരളയാത്രയിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്താൻ ഒരു പഞ്ചാബി കവിത കേൾപ്പിച്ചു. ഒരു പ്രശസ്ത ഗായകെൻറ സ്വരത്തിലുള്ള പഞ്ചാബിവരികൾ കേൾക്കാൻ തുടങ്ങിയപ്പോഴേക്ക് കുൽദീപ് എന്നെ ആശ്ലേഷിച്ച് തുള്ളിച്ചാടിയത് ഇപ്പോൾ സങ്കടത്തോടെ സ്മരിക്കുന്നു. ‘‘കേരളത്തിലും എെൻറ പഞ്ചാബിയോ?’’ അദ്ദേഹം വിസ്മയംകൊണ്ടു. ‘അൻജാമി’ൽ ജോലിചെയ്തിരുന്ന കാലത്ത് ഗാന്ധിവധം നടന്ന രാത്രിയിലെ ചില കലാപശ്രമങ്ങൾ കുൽദീപ് റിപ്പോർട്ട് ചെയ്യുകയുണ്ടായില്ല. അതിെൻറ കാരണം അന്വേഷിച്ച എഡിറ്റർ യാസീനിനോട് അനിഷ്ടകരമായ സംഭവങ്ങളുണ്ടായതുകൊണ്ടാണ് റിപ്പോർട്ടിങ് വേണ്ടെന്നുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിന് മറുപടിയായി അന്ന് യാസീൻ പത്രപ്രവർത്തനത്തിൽ പിച്ചവെക്കാൻ തുടങ്ങുന്ന ചെറുപ്പക്കാരനായ കുൽദീപിനോട് പറഞ്ഞു: ‘‘നാം പത്രക്കാർ വായനക്കാരെൻറ കണ്ണുകളാണ്. നല്ലതും ചീത്തയും നോക്കാതെ വാർത്ത നാം റിപ്പോർട്ട് ചെയ്യണം.’’ ആ സംഭാഷണം തെൻറ കണ്ണുതുറപ്പിച്ചതായി കുൽദീപ് നയാർ പിൽക്കാലത്ത് പറയുകയുണ്ടായി. ഇപ്പോൾ ഇന്ത്യൻ ജനതക്ക്, അവർക്ക് കാഴ്ച നൽകിയ ഒരു കണ്ണുതന്നെയാണ് നഷ്ടമായിരിക്കുന്നത്.
•
(മുൻ രാജ്യസഭാംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.