അഡ്മിനിസ്ട്രേറ്റർ പട്ടേലർ
text_fieldsഏതൊരു കാര്യവും അവരുദ്ദേശിച്ചതുപോലെ വെടിപ്പായി നിറവേറ്റാൻ പ്രാപ്തിയുള്ള ആളുകളെത്തന്നെ ആ ചുമതല ഏൽപിക്കണം എന്ന കാര്യത്തിൽ ഏഴു വർഷമായി രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാറിന് നിർബന്ധബുദ്ധിയുണ്ട്. രാജ്യത്തെ സിനിമ പ്രവർത്തകർ ശരാശരിയെക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നുവെന്നും കുറെ കൊള്ളാവുന്ന സിനിമകളിറങ്ങുന്നുവെന്നും കണ്ടപ്പോൾ ആ നിലവാരം ഒന്ന് ക്രമീകരിക്കണം എന്ന് തോന്നി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ തലപ്പത്ത് അതിന് പറ്റിയ ഒരാളെ പ്രതിഷ്ഠിച്ചു. അതോടെ സമരമായി, ചലച്ചിത്ര പ്രവർത്തകർക്കിടയിൽ എതിർപ്പായി, പ്രശ്നങ്ങളായി, കുട്ടിച്ചോറായി. നിർഭയത്വത്തിന് പേരുകേട്ട കാമ്പസിലേക്ക് അപേക്ഷിക്കാൻപോലും വിദ്യാർഥികൾക്ക് പേടിയായി, ഇതുതന്നെയാണ് സർക്കാർ ഉദ്ദേശിച്ചതും.
സാമൂഹിക പിന്നാക്ക സാഹചര്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിച്ചും ചിന്തിച്ചും മുന്നേറുന്നത് സർക്കാർ തുടക്കം മുതലേ ശ്രദ്ധിച്ചുപോരുകയായിരുന്നു. വേദം കേട്ടാൽ ഈയം ഉരുക്കി ചെവിയിലൊഴിക്കപ്പെടേണ്ട ജാതികളും തട്ടക്കാരി പെൺകുട്ടികളുമെല്ലാം ശാസ്ത്രവും തത്ത്വചിന്തയുമൊക്കെ പറഞ്ഞുതുടങ്ങിയാൽ വിചാരധാര വിഭാവനം ചെയ്യുന്ന മഹാരാജ്യം യാഥാർഥ്യമാകാൻ പ്രയാസമാണ്. അവറ്റകൾ പഠിക്കുന്ന പള്ളിക്കൂടങ്ങൾ ഇടിച്ചുനിരത്തലാണ് അതിനൊരു പോംവഴി. ഉടനെ മൗലാനാ അബുൽ കലാം ആസാദും ഹുമയൂൺ കബീറും ഡോ. എം.സി. ചഗ്ലയും ഡോ. കരൺ സിങ്ങുമെല്ലാം ൈകയാളിയിരുന്ന വിദ്യാഭ്യാസത്തിെൻറയും മാനവവിഭവശേഷിയുടെയും ചുമതല സംശയാസ്പദമായ വിദ്യാഭ്യാസ യോഗ്യത കൈമുതലാക്കിയ മുൻ സീരിയൽ നടിയെ ഏൽപിച്ചു. എണ്ണം പറഞ്ഞ കലാലയങ്ങളിലേക്കൊക്കെ നാഗ്പൂർ കാര്യാലയത്തിൽനിന്ന് തലവൻമാരെ നിയോഗിച്ചു. അവരിപ്പോൾ അവിടങ്ങളിൽ കർസേവ നടത്തിവരുന്നു.
അതുപോലെ ഓരോ മേഖലയെയും അർഹിച്ച കരങ്ങളിൽ ഏൽപിച്ചുപോരുന്ന തിരക്കിനിടയിലാണ് ശാന്തി സമാധാനം നിറഞ്ഞ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ 'വികസനം' കൊണ്ടുവരണം എന്ന് തോന്നിയത്. പിന്നെ ഒട്ടും വൈകിച്ചില്ല, അതിന് പറ്റിയ ഒരാളെതന്നെ അഡ്മിനിസ്ട്രേറ്ററായി അങ്ങോട്ടയച്ചു -പ്രഫുൽ ഖോദ പട്ടേലിനെ. സംഘ്പരിവാർ മാധ്യമങ്ങളിലെ ബൗദ്ധിക് പ്രമുഖൻമാർപോലും തെറിയോ ചീത്തവിളിയോ മറ്റോ ആണെന്ന് ധരിച്ചുവെച്ചിരുന്ന ആ പേരിപ്പോൾ രാജ്യമൊട്ടുക്ക് പരിചിതമാണ്.
അരങ്ങേറ്റംതന്നെ അവിസ്മരണീയമാക്കി പട്ടേൽ
കെടുകാര്യസ്ഥത കാണിച്ചും മേളയും റാലിയുമെല്ലാം നടത്തിയും ഭരണാധിപൻമാർ കോവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്തേക്ക് രാജ്യത്തെ നയിക്കുകയും ഗംഗാനദിയിൽ മത്സ്യങ്ങൾ കണക്കെ കോവിഡ് മൃതദേഹങ്ങൾ ഒഴുകി നടക്കുകയും ചെയ്യുേമ്പാൾ ഒരു കേസുപോലുമില്ലാതെ ലക്ഷദ്വീപ് ഒറ്റപ്പെട്ട് നിൽക്കുന്നത് ശരിയാണെന്ന് തോന്നിയില്ല. എന്തൊക്കെ കാരണംകൊണ്ടാണോ കോവിഡ് ദ്വീപിൽ കടന്നുകയറാഞ്ഞത് അതെല്ലാം പൊളിച്ചടുക്കി വൈറസിന് ദ്വീപിൽ പാറിനടക്കാൻ അവസരങ്ങൾ ഒരുക്കി. ഇപ്പോൾ ജനസംഖ്യയുടെ പത്തു ശതമാനം പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഈ നിലക്കു പോയാൽ ഇനിയും ഉയരും. പിന്നാക്കമായി നിൽക്കുന്ന ദേശത്തെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നത് കേന്ദ്രത്തിെൻറ പ്രഖ്യാപിതനയമാണ് -സബ് കാ സാഥ് സബ്കാ വികാസ് എന്നൊക്കെ പറയുന്നത് പിന്നെ ചുമ്മാതെയാ? കോവിഡിൽ മാത്രമല്ല, മറ്റു ക്രമസമാധാന കേസുകളുടെ കാര്യത്തിലും അതുതന്നെ നിലപാട്.
പൊലീസ് സ്റ്റേഷനും ജയിലുമെല്ലാം പണിതിട്ടിട്ടും പേരിനുപോലും കേസുകൾ ഇല്ലാത്തത് നിയമത്തിെൻറ കുഴപ്പമാണെന്നു തോന്നി, ഉടനെ പരിഹാരമായി ഗുണ്ടാനിയമം മുന്നോട്ടുവെച്ചു. അടിയും പിടിയുമൊന്നുമില്ലാത്തത് മദ്യസേവ ഇല്ലാത്തതുകൊണ്ടാണെങ്കിലോ എന്നോർത്ത് അതിനും സംവിധാനങ്ങളാക്കി. അധ്യാപകരെ പിരിച്ചുവിട്ടു, കുട്ടികൾ പഠിച്ചുവളർന്ന് ഭീകരവാദികളായി മാറാതിരിക്കാൻ അംഗൻവാടികൾ അടച്ചുപൂട്ടി. ഉച്ചഭക്ഷണ മെനുവിൽനിന്ന് മാംസം വിലക്കി, മത്സ്യത്തൊഴിലാളി ഷെഡുകൾ പൊളിച്ചുവാരി, അവരുടെ താമസ ഇടങ്ങളിലേക്കാണ് അടുത്തതായി നാവുനീട്ടാനൊരുങ്ങുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് നിയോഗിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയക്കാരനാണ് പ്രഫുൽ. വെറുമൊരു രാഷ്ട്രീയക്കാരൻ എന്നു കരുതിയാൽ തെറ്റി. അമിത് ഷാ ഗുജറാത്ത് അഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് സൊഹ്റാബുദ്ദീൻ ശൈഖിനെയും ഭാര്യ കൗസർബിയെയും വ്യാജ ഏറ്റുമുട്ടലിൽ കൊന്നുതള്ളിയ കേസിൽ കുറച്ചു നാളത്തേക്ക് ജയിലിൽ പോകേണ്ടിവന്നപ്പോൾ പേരുദോഷം വരുത്താതെ കാര്യങ്ങൾ നോക്കാൻ അത്രമേൽ വിശ്വസ്തതയോടെ കസേര ഏൽപിച്ചത് ഇദ്ദേഹത്തെയാണ്. മലയാളിയായ പ്രാണേഷ് കുമാർ, ഇശ്റത് ജഹാൻ തുടങ്ങിയവരെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസിൽ ആരോപിതരായ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് ഉപദേശിച്ച് അഭ്യന്തര മന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റി. മോദിക്ക് ഉപദേശനിർദേശങ്ങൾ നൽകിയിരുന്നയാളാണ് പിതാവ്. 1957 ആഗസ്റ്റ് 28ന് ഉന്നാവിൽ ജനനം. സിവിൽ എൻജിനീയറിങ് ഡിപ്ലോമയെടുത്ത് സബർ കൺസ്ട്രക്ഷൻസ് എന്നൊരു കമ്പനി തുടങ്ങി. ഗുജറാത്തിലെ വൻകിട നിർമാണ കരാറുകളെല്ലാം സ്വന്തമാക്കി. 2007ൽ ഹിമ്മത്ത് നഗറിൽനിന്ന് നിയമസഭയിലെത്തിയ ആദ്യ ഊഴത്തിലാണ് അമിത് ഭായിക്ക് പകരക്കാരനായി എട്ട് സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തത്. ഭരണാധികാരിയുടെ കണ്ണിലുണ്ണിയാണെന്നൊന്നും ജനങ്ങൾ നോക്കിയില്ല, 2012ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ കടുത്ത കാവിത്തരംഗത്തിനിടയിലും തോൽപിച്ചുവിട്ടു.
അൽപവർഷം കഴിഞ്ഞ് രാജ്യത്തിെൻറ ഭരണം കൈവെള്ളയിൽ വന്ന ഘട്ടത്തിൽ മോദിയും ഷായും പഴയ കൂട്ടുകാരനെ മറന്നില്ല. 2016ൽ ദാമൻ-ദിയുവിനെയും ദാദ്രനഗർ ഹവേലിയെയും നന്നാക്കിയെടുക്കാനുള്ള കരാർ ഏൽപിച്ചുകൊടുത്തു. പ്രവർത്തനങ്ങളിൽ സംപ്രീതരായി 2020ൽ ലക്ഷദ്വീപിെൻറയും.
തദ്ദേശവാസികൾ കൈതൊട്ടുപോലും കളങ്കപ്പെടുത്താത്ത ദാമൻ-ദിയുവിെൻറ ഭൂപ്രകൃതി കണ്ടപ്പോൾ പട്ടേലിലെ നിർമാണ കരാറുകാരൻ ഉണർന്നെണീറ്റു. കലക്ടർ രാകേഷ് മിൻഹാസിനെ കൂട്ടുപിടിച്ച് അവിടത്തെ ആദിവാസികളെയും മത്സ്യത്തൊഴിലാളികളെയും കുടിയിറക്കി, വീടുകൾ തകർത്തു, സ്കൂൾ കെട്ടിടം ജയിലാക്കി പ്രതിഷേധക്കാരെ അതിലടച്ചു. കൊല്ലുന്ന രാജാവിെൻറ തിന്നുന്ന മന്ത്രിയാണ് താനെന്ന് വീണ്ടും തെളിയിച്ചു.
ദാദ്ര നഗർ ഹവേലി കലക്ടറായിരുന്ന മലയാളി കണ്ണൻ ഗോപിനാഥൻ പ്രളയം വിഴുങ്ങിയ കേരളത്തിൽ സന്നദ്ധപ്രവർത്തനം നടത്താൻ വന്നത് വലിയ കുറ്റമാണെന്ന് കൊട്ടിഘോഷിച്ചു, അനുസരണകെട്ടവനാണെന്ന് മുദ്രകുത്തി കാരണംകാണിക്കൽ നോട്ടീസ് കൊടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ട് നോട്ടീസ് പിൻവലിപ്പിച്ചെങ്കിലും കണ്ണനെ പുകച്ചുപുറത്തുചാടിക്കാൻ വേണ്ടതെല്ലാം ചെയ്തുവെച്ചു. ഏറെ വൈകാതെ അദ്ദേഹം രാജിവെച്ചു.
ദാദ്ര നഗർ ഹവേലിയിൽനിന്ന് ഏഴുതവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന മോഹൻ ദേൽഖർ ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ച സംഭവങ്ങളിലും പട്ടേലിെൻറ പേര് പറഞ്ഞുകേൾക്കുന്നു. ആത്മഹത്യാകുറിപ്പിൽ നിന്നുള്ള സൂചനകൾ പ്രകാരം മഹാരാഷ്ട്ര പൊലീസ് കേസന്വേഷിച്ചു വരുന്നതിനിടയിലാണ് ലക്ഷദ്വീപിെൻറ ചുമതല കൂടി നൽകിയതും ദാമൻ-ദിയു മോഡൽ വികസന പ്രക്രിയ അവിടേക്ക് കൂടി വ്യാപിപ്പിക്കാൻ ഒരുെമ്പടുന്നതും. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ മറവിൽ നാഷനൽ മ്യൂസിയം ഉൾപ്പെടെ തലസ്ഥാനത്തെ സാംസ്കാരിക കേന്ദ്രങ്ങൾ പൊളിക്കാൻ ഒരുെമ്പടുന്ന മോദിക്ക് സമാനമായി നൂറ്റാണ്ട് പഴക്കമുള്ള നിർമിതികൾപോലും പൊളിക്കാനുള്ള പുറപ്പാടിലാണ്.
ഭാസ്കര പേട്ടലർ ചെയ്യുന്ന അരുതായ്മകൾക്കെല്ലാം അരുനിന്ന് കൊടുക്കുന്ന സക്കറിയ കഥാപാത്രത്തെപ്പോലെ വിധേയരായി ദ്വീപിലെ ശാന്തരൂപികളായ മനുഷ്യർ കൂടെ നടക്കും എന്നാണ് കരുതിയത്, പേക്ഷ തെറ്റിപ്പോയി. അബ്ദുല്ലക്കുട്ടിയെപ്പോലെ ചുരുക്കം ചില തൊമ്മിമാർ ന്യായീകരിക്കുേമ്പാൾ ദ്വീപിലെ ബി.ജെ.പിക്കാർപോലും ഇയാൾ ചെയ്യുന്നത് അബദ്ധങ്ങളാണെന്ന് തുറന്നുപറയുന്നു. ലക്ഷദ്വീപിെൻറ സ്നേഹവും മധുരവുമറിഞ്ഞവർ ഒറ്റക്കെട്ടായി അവർക്കൊപ്പം നിൽക്കുന്നു. വൈദേശിക ആധിപത്യത്തെ പൊരുതി തോൽപിച്ച, കടലിെൻറ മടിത്തട്ടിലുറങ്ങുന്ന ദ്വീപുകാരെ മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു പട്ടേലർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.