Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതടവറയോഗം

തടവറയോഗം

text_fields
bookmark_border
തടവറയോഗം
cancel

'ചാരാ ചോർ, ഖജാനാ ചോർ' -കാൽനൂറ്റാണ്ട് മുമ്പ് ബിഹാറിൽ ചൂടപ്പംപോലെ വിറ്റഴിഞ്ഞൊരു പുസ്തകത്തിന്‍റെ പേരാണ്. 'കാലിത്തീറ്റ കള്ളൻ, ഖജനാവ്​ കള്ളൻ' എന്ന് തർജമ ചെയ്യാം. മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന്‍റെ 'ലീലാവിലാസ'ങ്ങളെക്കുറിച്ചാണ് പുസ്തകം. അറിയാമല്ലോ, കലിയുഗകാലത്തെ യാദവനാണ് ലാലു. ദ്വാപരയുഗത്തിലെ യദുകുല ദേവൻ മോഷ്​ടിച്ചിരുന്നത്​ വെണ്ണയായിരുന്നുവെങ്കിൽ ലാലു കുടുങ്ങിയത്​ കാലിത്തീറ്റ മോഷ്​ടിച്ച കേസിലാണ്​. ​വെറും 940 കോടിയുടെ ഏർപ്പാട്! കാലിത്തീറ്റ ഇടപാടിൽ നാലഞ്ച് കേസുകളുണ്ടായിരുന്നു. എല്ലാത്തിലും കുറ്റക്കാരനെന്നാണ് കോടതികളുടെ കണ്ടെത്തൽ. ഏറ്റവും ഒടുവിലത്തെ കേസിലും രക്ഷയില്ല. 139 കോടിയുടെ അഴിമതിയാണ് സി.ബി.​ഐ കോടതി പിടികൂടിയിരിക്കുന്നത്. ഒമ്പതു കൊല്ലമായി രാഷ്​ട്രീയ വനവാസത്തിലുള്ള ലാലുവിന് ഇനി തടവറ യോഗമാണ്.

'കോഴി​യെ മോഷ്ടിച്ചെങ്കിലതേ, അത് പൊരിച്ചുതിന്നാനായിരുന്നല്ലൊ' എന്ന അയ്യപ്പപണിക്കർ യുക്തിയിലാണ് തുടക്കം മുതലേ കാലിത്തീറ്റ ആരോപണങ്ങളെ ലാലു നേരിട്ടത്. പക്ഷേ, അന്ന് യദുകുല ദേവന്‍റെ പരിവേഷമായിരുന്നില്ല; സാക്ഷാൽ യേശുദേവനോടാണ് സ്വയം ഉപമിച്ചത്. 'ചാരാ ചോർ' നാട്ടിൽ വലിയ ചർച്ചയായ സമയമാണ്. പിന്നാക്കക്കാർക്കായി സംസ്ഥാനത്ത് ആരംഭിച്ച 'ചാർവാക' സ്കൂളുകളെക്കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയിൽ പ​ങ്കെടുത്തുകൊണ്ട് ലാലു ഇങ്ങനെ പറഞ്ഞു: ''യേശു ക്രിസ്തുവും ചാർവാകനായിരുന്നു (ഇടയൻ). അ​ദ്ദേഹവും ജനിച്ചത് പുൽക്കൂട്ടിൽ. സാമൂഹികനീതിക്കും സമത്വത്തിനും വേണ്ടി പൊരുതിയതുകൊണ്ട് മാത്രം ക്രൂശിതനായി ക്രിസ്തു. ഞാനും പശുത്തൊഴുത്തിലാണ് ജനിച്ചത്.

സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്നതുകൊണ്ടുമാത്രം ജന്മിത്വം എന്നെയും പീഡിപ്പിക്കുന്നു''. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങൾക്കുനേരെ കാവിപ്പട ആക്രോശത്തോടെ പാഞ്ഞടുത്തപ്പോൾ അതിന് തടയിട്ട് രാജ്യത്തിന്റെ പ്രത്യാശയായി ഉയർന്ന താരകങ്ങളിലൊരാൾ ഇങ്ങ​നെ പറയുമ്പോൾ, അതിന് സ്വീകാര്യത ലഭിക്കുക സ്വാഭാവികം മാത്രം. പക്ഷെ, അധഃസ്ഥിത ജനതയുടെ നായകന്റെ കരങ്ങളിൽ അഴിമതിയുടെ പാപക്കറ പുരണ്ടിരിക്കുന്നുവെന്ന് അന്വേഷണ ഏജൻസികൾ ഓരോന്നായി കണ്ടെത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

ഗ്രേറ്റ് ഇന്ത്യൻ സർക്കസ് എന്നു വിശേഷിപ്പിക്കപ്പെടാറുള്ള നമ്മുടെ രാഷ്ട്രീയ ഗോദയിൽ വമ്പൻ പ്രതീക്ഷയായി നിലയുറപ്പിച്ചയാളാണ് ലാലു. 70കളുടെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകം. 1973ൽ, മുഖ്യമന്ത്രി അബ്ദുൽ ഗഫൂറിന്‍റെ രാജി ആവശ്യപ്പെട്ട് ബിഹാർ തലസ്ഥാനം സ്തംഭിപ്പിച്ച പ്രതിഷേധ സമരത്തിന്‍റെ നായകൻ. പട്ന സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായി സർക്കാർ റദ്ദാക്കിയപ്പോഴാണ് വിദ്യാർഥികൾ ഒന്നടങ്കം തെരുവിലിറങ്ങിയത്. സമരം വിജയിച്ചു; തെരഞ്ഞെടുപ്പും നടന്നു. ലാലു യൂനിയൻ ചെയർമാനുമായി. എന്നിട്ടും കലിയടങ്ങാത്ത ലാലു മുഖ്യമന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശപഥം ചെയ്തു. ആ സമരമാണ് ലോക് നായക് ജയപ്രകാശ് നാരായണൻ ഏറ്റെടുത്ത് സമ്പൂർണ വിപ്ലവമാക്കിയത്. സമ്പൂർണ വിപ്ലവം പിടിവിട്ടപ്പോൾ ലാലു അടക്കമുള്ളവർ മിസ തടവുകാരായി. ജയിലിലിരുന്നാണ് എൽ.എൽ.ബി പരീക്ഷയെഴുതിയത്.

ചുരുക്കിപ്പറഞ്ഞാൽ, ജെ.പിയുടെ സമ്പൂർണ വിപ്ലവത്തിന്റെ നേരവകാശി ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. സമ്പൂർണ വിപ്ലവം പിന്നീട് ജനത പാർട്ടിയിൽ ലയിച്ചപ്പോഴും ശേഷം ജനതാദൾ രൂപംകൊണ്ടപ്പോഴും ബിഹാറിൽ അതിന്റെ കുത്തക ലാലുവിൽ കേന്ദ്രീകരിച്ചു. പിന്നീടങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാർലമെന്‍ററി രാഷ്ട്രീയത്തിലും അരങ്ങേറ്റം കുറിച്ചു. അധഃസ്ഥിതരുടെ വിലാസത്തിലായിരുന്നു അധികാര പ്രവേശമെല്ലാം. ബിഹാർ രാഷ്​ട്രീയത്തിലെ ജാതി സമവാക്യങ്ങളിൽ കാതലായ മാറ്റംവരുത്തിയയാളാണ്. യാദവരടക്കമുള്ള പിന്നാക്കക്കാരുടെ മുന്നേറ്റമായിരുന്നു പ്രഖ്യാപിത ലക്ഷ്യം.

കാര്യത്തോടടുത്തപ്പോൾ അത് യാദവരുടെ അധികാര മുന്നേറ്റം മാ​ത്രമായി പരിണമിച്ചുവെങ്കിലും ചില്ലറ മാറ്റങ്ങളൊക്കെ സാധ്യമായി. പഴയ പിന്നാക്കക്കാർ മുഖ്യധാരയിലെത്തിത്തുടങ്ങി. ഉദ്യോഗസ്ഥതലത്തിലും ചെറുതല്ലാത്ത വിപ്ലവം സാധ്യമാക്കി. ബിഹാറിൽ പതിവായിരുന്ന ന്യൂനപക്ഷ വിരുദ്ധ വർഗീയകലാപങ്ങൾക്ക്​ ഒരു പരിധിവരെ അറുതി വരുത്തി. ഇതൊക്കെ സവർണ ലോബിയെ പ്ര​കോപിപ്പിക്കുക സ്വാഭാവികം. അവർ ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ, അതിനുമുമ്പേ ലാലു സ്വയം കെണിയൊരുക്കി.

സാമൂഹികനീതിയുടെയും രാഷ്ട്രീയ സത്യസന്ധതയുടെയും പ്രതീകമായി ജെ.പി ചാർത്തിക്കൊടുത്ത മേലങ്കി ലാലുവിന് ചേർന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാൽ വി.പി. സിങ്ങാണ്. 80കളുടെ ഒടുക്കത്തിൽ ലാലുവിന്‍റെ ​പ്രതിച്ഛായയെ സൂചിപ്പിക്കുന്നു ഈ വാക്കുകൾ. പറഞ്ഞിട്ടെന്ത്, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിപ്പോയി. സാധ്യതകളുടെ കലയെന്നപോലെ വൈരുധ്യങ്ങളുടെ കലവറകൂടിയാണ് രാഷ്ട്രീയം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആ കലവറയുടെ സൂക്ഷിപ്പുകാരൻ ലാലുവാണ്. ആ ജീവിതം തന്നെ വൈരുധ്യങ്ങളുടേതായിരുന്നുവല്ലൊ. തര​​ക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും കുചേലനെപ്പോലെ കഴിയാനാണ് ചിലയവസരങ്ങളിൽ താൽപര്യപ്പെട്ടത്. മുഖ്യമന്ത്രിയായിരിക്കുമ്പോഴും, ഔദ്യോഗിക വസതിയായി സ്വീകരിച്ചത് ഉദ്യോഗസ്ഥർക്കായി ഒരുക്കിയ കുഞ്ഞുവീടാണ്.

ഇടുങ്ങിയ രണ്ടു മുറികളുള്ള ആ വീട്ടിലാണ് ഭാര്യക്കും ആറു മക്കൾക്കുമൊപ്പം കഴിച്ചുകൂട്ടിയത്. മകൾ മിസക്ക് പനി വന്നപ്പോൾ നേരെ ​പട്ന മെഡിക്കൽ കോളജിലേക്ക് പോയി, പൊതുജനങ്ങൾക്കിടയിൽ രണ്ടുമണിക്കൂർ ക്യൂ നിന്ന ചരിത്രവുമുണ്ട്. പക്ഷേ, ഇതേ മിസയുടെ വിവാഹം ആർഭാടപൂർവം നടത്തിയ മറ്റൊരു ചരിത്രവുമുണ്ട്. കോടികൾ ഒഴുകിയ ആഘോഷം വിദേശ മാധ്യമങ്ങളിൽവ​രെ വാർത്തയായി. സമ്പൂർണ വിപ്ലവമായിരുന്നു രാഷ്ട്രീയ ലക്ഷ്യമെങ്കിലും ആ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന ശാസ്ത്രീയ യുക്തിയോട് പുറംതിരിഞ്ഞുനിന്നാണ് ജനങ്ങളെ അഭിമുഖീകരിച്ചത്. അതുകൊണ്ടുതന്നെ, ചുറ്റും ജ്യോതിഷികളുടെ കൂട്ടം എല്ലായ്പോഴുമുണ്ടായിരുന്നു. സസ്യാഹാരിയായി മാറിയതുപോലും ഇങ്ങനെയാണ്.

രാഷ്ട്രീയ സഖ്യങ്ങളിലുമുണ്ടായി ഈ വൈരുധ്യം. കോൺഗ്രസിനെ വേരോടെ കളയാനായി തുനിഞ്ഞിറങ്ങിയ വിപ്ലവ നേതാവ് യു.പി.എ ഭരണത്തിൽ കേന്ദ്രമന്ത്രിയായി തിളങ്ങിയത് ആ 'കലവറ'യിലെ മറ്റൊരു ചരിത്രം. ഒരൊറ്റ കാര്യത്തിൽ മാത്രമാണ് വൈരുധ്യങ്ങൾക്കപ്പുറം സ്ഥിരത പുലർത്തിയത്. അത് സവർണ ഫാഷിസത്തിനെതിരായ ഉറച്ച നിലപാടായിരുന്നു. കടന്നുപോയ വഴികളിലെല്ലാം വെറുപ്പി​ന്റെ മുള്ളുവിതറി, നിരപരാധികളുടെ ചോരവീഴിച്ച്​ നീങ്ങിയ അദ്വാനിയുടെ രഥയാത്രക്ക്​ തടയിടാൻ കാണിച്ച ത​ന്റേടം ഇന്ത്യൻ രാഷ്​ട്രീയത്തിലെ മറ്റു മതേതരവാദ പ്രഘോഷകർക്കൊന്നും അവകാശപ്പെടാൻ കഴിയാത്തതാണ്​. പസ്വാനും നിതീഷ്​കുമാറുമടക്കം പഴയ ദോസ്​തുക്കളെല്ലാം ഹിന്ദുത്വരുടെ കാരുണ്യത്തിൽ അധികാരവും ശിക്ഷകളിൽനിന്ന്​ പ്രതിരോധവുമാസ്വദിച്ചപ്പോൾ ഹിന്ദുത്വ ഫാഷിസത്തിനെതിരായ നിലപാടിൽ ഒരിക്കൽപോലും രാജിയായിട്ടില്ല. അതിനുകൂടിയുള്ള ശിക്ഷയായിരിക്കാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

​പ്രായമി​പ്പോൾ 73. ബിഹാറിലെ ഫൂൽവാരിയയാണ് ജന്മദേശം. നിയമത്തിൽ ബിരുദവും രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. 77ൽ ഛപ്ര മണ്ഡലത്തിൽനിന്ന് ആദ്യമായി പാർലമെന്റിലെത്തുമ്പോൾ പ്രായം 29. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടു. ശേഷം, സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി; നിയമസഭയി​ലെത്തി. 89ൽ, പ്രതിപക്ഷ നേതാവായി. തൊട്ടടുത്ത വർഷം സംസ്ഥാന മുഖ്യമന്ത്രിയുമായി. വലിയ വിപ്ലവം പറഞ്ഞാണ് അധികാരത്തിലെത്തിയതെങ്കിലും അഞ്ചുവർഷം സാധാരണപോലെ കടന്നുപോയി. എന്നിട്ടും 95ൽ ബിഹാർ ജനത ലാലുവിന് രണ്ടാമൂഴം അനുവദിച്ചു. ലാലു മണ്ഡൽ മാജിക്കിൽ കരകയറിയെന്ന് അക്കാലത്ത് രാഷ്ട്രീയ പണ്ഡിറ്റുകൾ നിരീക്ഷിച്ചു. അതിനിടെ, ദളിന്‍റെ അധ്യക്ഷ സ്ഥാനത്തുമെത്തി. ഇക്കാലത്താണ് 'കാലിത്തീറ്റ' കഴുത്തിൽ പിടിച്ചത്. കുറ്റപത്രത്തിൽ പേരുവന്നതോടെ രാജിയല്ലാതെ മാർഗമില്ലാതായി.

ബാറ്റൺ ഭാര്യ റബ്റിക്ക് കൈമാറി. തുടർന്ന് പിൻസീറ്റ് ഭരണമായി. ഒന്നാം യു.പി.എ കാലത്ത് റെയിൽവേ മന്ത്രിയായിരുന്നു. ലാലു മാജിക്കിന്‍റെ മറ്റൊരു കാലംകൂടിയായിരുന്നു. ഇക്കാലങ്ങളിലാണ് കോടതിവിധികൾ ഓരോന്നായി വന്നുതുടങ്ങിയത്. 2013ൽ, അയോഗ്യത കൽപിക്കപ്പെട്ടതോടെ രാഷ്ട്രീയജീവിതത്തിന് പൂർണവിരാമം. 2015ൽ നിതീഷുമായി ചേർന്ന്​ മഹാസഖ്യമുണ്ടാക്കി മോദി-ഷാ സഖ്യത്തെ തോൽപിച്ചെങ്കിലും വൈകാതെ ലാലുവിനെ അഴിമതിക്കാരനെന്നു​ വിളിച്ച്​ നിതീഷ്​ മോദിക്കൊപ്പം പോയി. 2020ൽ മകൻ തേജസ്വി യാദവ്​ അതിനു പകരം വീട്ടുമെന്ന പ്രതീതി സൃഷ്​ടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. അധികാരത്തി​ന്റെ വയ്ക്കോൽക്കൊടി പോലും അരികിലില്ലാത്തൊരു കാലത്താണ്​ അടുത്ത ജയിലിലേക്കുള്ള വാഹനം കാത്തുനിൽക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad Yadav
News Summary - article about lalu prasad yadav
Next Story