ദീദി
text_fieldsവംഗനാട്ടിൽ തെരഞ്ഞെടുപ്പുത്സവത്തിെൻറ ഒന്നാം നാളിൽതന്നെ, ദീദിയെ വീൽ ചെയറിൽ 'ഇരുത്താനായി' എന്നു വേണമെങ്കിൽ പ്രതിയോഗികൾക്ക് ആശ്വസിക്കാം. തെരഞ്ഞെടുപ്പ് ഗോദയിൽ അതത്ര ചെറിയ കാര്യമല്ല. പത്തു വർഷം മുഖ്യമന്ത്രി കസേരയിലിരുന്ന മമത ബാനർജിയെ, ഒരാൾക്കൂട്ട ഒാപറേഷനിലൂടെ ചക്രക്കേസരയിലേക്ക് മാറ്റിയിരുത്തുക ഒട്ടും മോശമല്ലാത്ത രാഷ്ട്രീയ സൂചകംതന്നെ. വേണമെങ്കിൽ, ദീദിക്കും അവരുടെ തൃണമൂൽ പാർട്ടിക്കും ഇൗ കസേരമാറ്റത്തിൽ ചില ശുഭസൂചനകൾ തിരിച്ചും ദർശിക്കാം. അമിത് ഷായുടെ ചാക്കിട്ടുപിടിത്തത്തിനിടയിലും അവശേഷിക്കുന്ന അണികൾക്കും നേതാക്കൾക്കുമൊപ്പം അവസാനശ്വാസംവരെയും പോരാടുെമന്ന ഉജ്ജ്വല രാഷ്ട്രീയസന്ദേശം നൽകാൻ ആ ചക്രക്കസേരയോളം മികച്ച മറ്റൊരു പ്രതീകമുണ്ടാകുമോ? മഹത്തായ ഇന്ത്യൻ രാഷ്ട്രീയസർക്കസിെൻറ ബംഗാൾ എപിസോഡ് ഇൗ രണ്ടു സൂചകങ്ങൾ തമ്മിലുള്ള മാറ്റുരക്കലായിരിക്കും. ആ പോരാട്ടത്തിന് ദീദി തയാറായിക്കഴിഞ്ഞു. മമത ബാനർജി എന്ന വ്യക്തിയുടെ മാത്രമല്ല, തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയുടെ കൂടി ഭാഗധേയമാണ് ഇൗ തെരഞ്ഞെടുപ്പിലൂടെ നിർണയിക്കപ്പെടുന്നത്.
തൃണമൂൽ എന്നാൽ 'അടിവേര്' എന്നർഥം. വംഗദേശത്തിെൻറ സകലകോണുകളിലും അടിയുറച്ച ആ തൃണവർഗത്തിന് തീപിടിച്ചപ്പോെഴാക്കെ പ്രതിയോഗികൾ കടപുഴകി. പത്തു വർഷം മുമ്പ് ബുദ്ധദേവിെൻറ ഇടതുകോട്ടകൾക്ക് സംഭവിച്ചത് ഒാർമയില്ലേ? മമതയും സംഘവും തൊടുത്തുവിട്ട ആ തീക്കാറ്റിെൻറ അടിവേരറുക്കുകയാണ് ഇൗ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ലക്ഷ്യം. അതിനുള്ള പോർവിളികൾ എന്നേ തുടങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അതിെൻറ ആദ്യഘട്ടം അമിത് ഷാ വിജയിക്കുകയും ചെയ്തു. ഇപ്പോൾ ബംഗാളിൽനിന്ന് തൃണമൂലിനേക്കാൾ ലോക്സഭാംഗങ്ങൾ ബി.ജെ.പിക്കുണ്ട്. ഇനി 294 അസംബ്ലി സീറ്റിൽ 200 പിടിക്കുകയാണ് ലക്ഷ്യം. അതത്ര എളുപ്പമൊന്നുമല്ല. എതിർപക്ഷത്തുള്ളത് ദീദിയാണ്. എത്ര ശക്തനെങ്കിലും ശരി, പ്രതിയോഗിയുടെ മാളത്തിൽപോയി വെല്ലുവിളി സ്വീകരിക്കുകയാണ് ദീദിയുടെ പതിവ്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ഇക്കാലമത്രയും തെൻറ വലംകൈയായി പ്രവർത്തിച്ച സുവേന്ദു അധികാരിക്കെതിരെയാണ് നോമിനേഷൻ കൊടുത്തിരിക്കുന്നത്. ബംഗാളിൽ ഇടതുകോട്ടകളിളക്കിയ നന്ദിഗ്രാമിലാണ് ചരിത്ര പോരാട്ടത്തിന് കളമൊരുങ്ങുന്നത്. നന്ദിഗ്രാമിലെത്തി നോമിനേഷൻ നൽകി തിരിച്ചുവരുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ആൾക്കൂട്ടത്തിെൻറ ഉന്തിലും തള്ളിലും ദീദിയുടെ കാലിന് സാരമായ പരിക്കേറ്റു. അതൊരു ഗൂഢാലോചനയായിരുന്നുവെന്നാണ് ദീദിയും പാർട്ടിയും പറയുന്നത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ദീദിയുടെ കാര്യങ്ങൾ നോക്കാൻ ആ സമയത്ത് കാര്യപ്പെട്ട ആരുമുണ്ടായിരുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ അങ്ങനെ കരുതാൻ ന്യായവുമുണ്ട്. ഏതായാലും, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരിഭവങ്ങൾ നിറച്ച് വിശദമായിതന്നെ എഴുതിയിട്ടുണ്ട്.
നന്ദിഗ്രാമിെൻറ 'അധികാരി'യാണ് സുവേന്ദു അധികാരി. 2007ൽ, 'മാ, മതി, മാനുഷ്' (മാതാവ്, മാതൃഭൂമി, മാനുഷർ) എന്ന മുദ്രാവാക്യവുമായി നന്ദിഗ്രാമിൽ സമരത്തിന് തുടക്കമിട്ടയാൾ. ആ സമരേത്താടെയാണ് തൃണമൂൽ വംഗനാട്ടിൽ വേരുറച്ചത്. അന്ന് മമതയുടെ വിശ്വസ്തനായിരുന്നു. പക്ഷേ, കുറച്ചുകാലമായി പിണക്കത്തിലാണ്. അധികാരത്തർക്കം തന്നെ കാരണം. ഒടുവിൽ, തൃണമൂലിൽ സർവം ചീഞ്ഞുനാറുന്നുവെന്നു പറഞ്ഞ് പാർട്ടിവിട്ടു; നേരെ അമിത് ഷായുടെ താമരച്ചാക്കിലേക്ക് ചാടി-ഇക്കഴിഞ്ഞ ഡിസംബറിൽ. സുവേന്ദുവിനൊപ്പം ഒരു പടതന്നെ ബി.ജെ.പിയിൽ ചേർന്നു. അന്ന്, മത്സരത്തിന് ദീദിയെ വെല്ലുവിളിക്കുകയും ചെയ്തു. ആ വെല്ലുവിളിയാണ് ദീദി സ്വീകരിച്ചിരിക്കുന്നത്. ഇത് ചില്ലറ ചലഞ്ചൊന്നുമല്ല. ഭവാനിപുരിൽ സുരക്ഷ മണ്ഡലമുണ്ട്. എന്നിട്ടും നന്ദിഗ്രാമിലേക്ക് പോവുകയാണ്. അവിടെ കാര്യങ്ങൾ അത്ര മെച്ചമൊന്നുമല്ല. സുവേന്ദുവിെൻറ പിതാവ് ശിശിർ അധികാരി ഇപ്പോഴും തൃണമൂലിൽതന്നെയാണെങ്കിലും ഇൗ സാഹചര്യത്തിൽ വിശ്വസിക്കാനാവില്ല. നന്ദിഗ്രാമിൽ രാഷ്ട്രീയ സുരക്ഷയൊരുക്കേണ്ട ശിശിർ അടക്കമുള്ളവർ ദീദിയോട് പിന്മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. മുന്നോട്ടുപോയി വിജയിച്ചാൽ, പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. തോറ്റാൽ ഒരു തിരിച്ചുവരവും ഉണ്ടാവില്ല. ചുരുക്കിപ്പറഞ്ഞാൽ, ഇക്കുറി വംഗനാടിെൻറ വിധിയെഴുതുന്നത് നന്ദിഗ്രാമായിരിക്കും.
ഇതുപോലുള്ള ഒേട്ടറെ ചലഞ്ചുകളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയത്. പണ്ട് ഭവാനിപുർ ഗ്രാമത്തിേലക്ക് സായുധരായ നക്സലുകൾ വന്നുകേറിയപ്പോൾ അവരെ ഒറ്റക്കു നേരിട്ട ചരിത്രമാണ് ദീദിയുടേത്. അന്ന് പ്രായം 15. അടിയന്തരാവസ്ഥകാലത്ത്, ജയപ്രകാശ് നാരായണെൻറ കാറിെൻറ മുകളിൽ കയറി പ്രതിഷേധ നൃത്തം ചവിട്ടയതും മറ്റൊരു ചലഞ്ചായിരുന്നു. ആ വീര്യം പിന്നെയും കൂടുകയായിരുന്നു. '90കളിൽ പി.വി. നരസിംഹ റാവു അടക്കമുള്ള നേതാക്കളെ വരെ വെല്ലുവിളിച്ചു. പിന്നീട് സ്വന്തം പാർട്ടിയുമുണ്ടാക്കി. തെൻറ അധികാരദേശത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവെരയെല്ലാം പരാജയപ്പെടുത്തി മടക്കിയയക്കുക എന്നതിൽ കുറഞ്ഞൊരു പരിപാടിയുമില്ല. യോഗി ആദിത്യനാഥ് വരെയുണ്ട് അക്കൂട്ടത്തിൽ. റോഡ് ഷോയുമായി എത്തിയ അമിത് ഷായെ മടക്കി അയച്ചാൽ പ്രോേട്ടാകോൾ ലംഘനമാകുമെന്നതിനാൽ, ബദൽ റോഡ് ഷോ നടത്തി തോൽപിച്ചിട്ടുണ്ട്. അമിത് ഷായുടെ ഷോയുടെ അണികൾ ഇൗശ്വര ചന്ദ്രവിദ്യാസാഗറിെൻറ പ്രതിമ തകർത്തപ്പോൾ അതിൽപിടിച്ചാണ് അന്ന് ആ ചലഞ്ചിനെ അതിജയിച്ചത്. പ്രതിസന്ധികളിലെല്ലാം ജയിച്ചുകയറിയ ചരിത്രമുള്ള ദീദി പിന്നെയെന്തിന് ഭയക്കണം. ചക്രകസേരയിലിരിക്കുേമ്പാഴും ആത്മവിശ്വാസം ആ മുഖത്ത് നിഴലിക്കുന്നത് അതുകൊണ്ടാകാം.
1955 ജനുവരി അഞ്ചിന് ബാനർജി -ഗായത്രിദേവി ദമ്പതികളുടെ മകളായി കൊൽക്കത്തയിൽ ജനനം. ഇസ്ലാമിക് ഹിസ്റ്ററിയിലും നിയമത്തിലും ബിരുദം. കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. ഇന്ദിരയുടെ കടുത്ത ആരാധകയായിരുന്നു. അതിെൻറ പുറത്താണ് അടിയന്തരാവസ്ഥ കാലത്തുപോലും 'ഉരുക്കുവനിത'ക്കൊപ്പം നിലയുറപ്പിച്ചത്. യൂത്ത് കോൺഗ്രസിലായിരുന്നു അക്കാലത്ത്. മഹിളാ കോൺഗ്രസിെൻറ ജനറൽ സെക്രട്ടറിയുമായിരുന്നു. 1984ൽ, സി.പി.എമ്മിെൻറ സോമനാഥ് ചാറ്റർജിയെ തോൽപിച്ച് ആദ്യമായി പാർലമെൻറിലെത്തി. '89ൽ േതാറ്റു; '91ൽ വീണ്ടും വിജയിച്ച് റാവു മന്ത്രിസഭയിൽ മാനവശേഷി, യുവജന ക്ഷേമ, കായിക വകുപ്പുകളുടെ സഹമന്ത്രിയായി. കായിക മേഖലയിൽ ബംഗാളിനെ തഴഞ്ഞുവെന്നാരോപിച്ച് റാവുവുമായുണ്ടായ ഉടക്കാണ് പിന്നീട് പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്. കേന്ദ്രസർക്കാറിന് ബംഗാളിലെ സി.പി.എം സർക്കാറിനോട് മൃദുസമീപനമാണെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് '97ൽ പാർട്ടിവിട്ടത്. തൊട്ടടുത്ത വർഷം തൃണമൂൽ കോൺഗ്രസിന് രൂപം നൽകി. '99, 2004,2009 തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചു. 2011ൽ, ഭവാനിപുരിൽനിന്നാണ് നിയമസഭയിലേക്ക് എത്തിയതും മുഖ്യമന്ത്രിയായതും. 2016ലും വിജയം ആവർത്തിച്ചു. ഇതിനിടെ, ഒന്നാം എൻ.ഡി.എയിലും യു.പി.എയിലും മന്ത്രിയായി. കോൺഗ്രസ് വിടുേമ്പാൾ മമതയോടൊപ്പമുണ്ടായിരുന്ന മുകുൾ റോയ് അടക്കമുള്ളവർ ഇപ്പോൾ ബി.ജെ.പി പാളയത്തിലാണ്. ഇൗ നേതാക്കളെവെച്ച് അമിത് ഷാ ഹിന്ദുത്വ രാഷ്ട്രീയം പയറ്റുേമ്പാൾ ദീദി പറയുന്നതിങ്ങനെ: 'ആ കളി ഇങ്ങോട്ടുവേണ്ട, ഞാനുമൊരു ബ്രാഹ്മണയാണ്!' ഏതറ്റംവരെയും പോകുമെന്നർഥം. കാതോർക്കുക, നന്ദിഗ്രാം പോരാട്ടത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.