മിന്നും അന്ന
text_fieldsവായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവളല്ല. കടന്നുവന്ന വഴികളൊന്നും മറക്കുന്നവളുമല്ല. എഴുത്തൊരു വരമായി കിട്ട ിയിട്ടും അതിെൻറ പേരിൽ ഹാരവും ആദരവുമേറെ നേടിയിട്ടും അന്ന തന്നെ മറന്നില്ല. വഴികളിൽ കൂട്ടിരുന്നവരെയൊന്നും കൈവിട്ടില്ല. പുരസ്കാരലോകത്തെ അഹങ്കാരമായ മാൻ ബുക്കർ തെൻറ മൂന്നാമത്തെ നോവൽ സ്വന്തമാക്കുേമ്പാഴും അവാർഡു തുകയിൽനിന്നു കടബാധ്യത തീർക്കാനും ജീവിതം മുന്നോട്ടുനീക്കാനുമുള്ള വഴി കണ്ടെത്താമെന്ന ആശ്വാസത്തിലായിരുന്നു അവർ. അതിനാൽ, കർത്താവിെൻറ കടാക്ഷം മാത്രമല്ല, ചുറ്റുമുള്ളവരുടെ സ്നേഹവും സഹകരണവും കൂടി അവർക്കു തണലായിനിന്നു. ആ തണലിൽനിന്നു പതിഞ്ഞ സ്വരത്തിൽ അന്ന പറഞ്ഞു: ഞാനൊന്നും എഴുതുന്നില്ല. അനുഭവങ്ങൾ കഥാപാത്രങ്ങളായി, അവരുടെ വർത്തമാനങ്ങളായി എെൻറ മുന്നിൽ പെയ്തിറങ്ങുേമ്പാൾ അത് വരച്ചിടുക മാത്രമാണ്. അതാണ് അന്ന ബേൺസ്. അർധശതകത്തിെൻറ നിറവിലെത്തുന്ന മാൻ ബുക്കർ ആദ്യമായി നേടുന്ന വടക്കൻ അയർലൻഡുകാരി. അമേരിക്കൻ, ഇംഗ്ലീഷ് സാഹിത്യലോകത്തെ കുലപതികളെയും സെലിബ്രിറ്റികളെയുമൊക്കെ കടത്തിവെട്ടിയാണ് ‘ആരും കാണാത്ത’ അന്ന അമ്പതിനായിരം പൗണ്ടിെൻറ മാൻ ബുക്കർ അടിച്ചെടുത്തത്. അവാർഡിെൻറ ചുരുക്കപ്പട്ടിക തയാറായപ്പോഴും എല്ലാവരും അന്നയെ ഉൗഴത്തിൽ വാലറ്റക്കാരിയായേ കണ്ടുള്ളൂ.
എന്നാൽ, മണ്ണും ചാരിയല്ല, മണ്ണോട് ഒട്ടിനിന്നവൾ എന്ന വിശേഷണമാണ് അന്നക്ക് ചേരുക. വംശവെറിയുടെ തീയും പുകയും നിറഞ്ഞ എഴുപതുകളിലെ അയർലൻഡിലെ കലുഷിതമായ നാളുകളുടെ കഥപറയുന്ന ‘മിൽക് മാൻ’ ആണ് അന്നയെ വിശ്വസാഹിത്യത്തിെൻറ നെറുകയിലേക്കെത്തിക്കുന്നത്. കഥാപാത്രങ്ങളെ പേരുവിളിക്കാത്ത, എഴുത്തിൽ ഖണ്ഡിക തിരിക്കാത്ത തലതിരിഞ്ഞ എഴുത്താണെന്ന് വിമർശിക്കുന്ന കണിശനിരീക്ഷകരും അന്നയുടെ ഉള്ളടക്കത്തെ പ്രതി അവരെ പ്രശംസിക്കാതിരിക്കുന്നില്ല. ബുക്സ്റ്റാളുകളിൽ വിറ്റുപോകുന്ന സംശയമുന്നയിക്കുന്നവരും ബ്രെക്സിെൻറ ബ്രിട്ടീഷ്കാലത്തും ‘മി ടു’ കാമ്പയിെൻറ ആഗോളകാലത്തും ഇൗ നോവൽ അത്യന്തം പ്രസക്തമാണെന്നു തലകുലുക്കി സമ്മതിക്കും. നോവൽ വായിക്കാൻ മടിയുള്ള ബ്രിട്ടീഷ് രാഷ്ട്രീയക്കാർ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതിയെന്ന് പ്രമുഖ ഇംഗ്ലീഷ് വിമർശക ഷാർലെ ഹിഗിൻസ് ‘മിൽക് മാനെ’ കുറിച്ചു പറയുന്നത് ബുക്കർ സമ്മാനിതമാവുന്നതിനു മുമ്പാണ്. അങ്ങനെ ഇരകളായി എന്നും മുഖ്യധാരയുടെ അരികും ഒൗദാര്യവും പറ്റി ജീവിക്കേണ്ടിവരുന്ന ഒരു നൂറു ജന്മങ്ങളുടെ അനിശ്ചിതത്വത്തിെൻറയും ആശയക്കുഴപ്പത്തിെൻറയും ആവലാതി ബോധിപ്പിക്കുന്ന ‘മിൽക്മാൻ’ എല്ലാവർക്കുമുള്ള ഷോക് ട്രീറ്റ്മെൻറാണ് എന്ന് ജൂറിയും ചൂണ്ടിക്കാട്ടുന്നു.
എഴുപതുകളിലെ കാലുഷ്യത്തിെൻറ സമയത്ത് വടക്കൻ അയർലൻഡിലെ പേരില്ലാ തെരുവിലെ അന്തേവാസിയായ പതിനെട്ടുകാരിയെയും അവളെ എന്നും പ്രണയത്തിെൻറയോ കാമത്തിെൻറയോ എന്നുറപ്പില്ലാത്ത കണ്ണുഴിഞ്ഞു പോരുന്ന പാൽക്കാരെൻറയും കഥപറയുന്ന നോവൽ വടക്കൻ അയർലൻഡിലെ ആഭ്യന്തരകലാപത്തിെൻറ അറുതിക്കു ശേഷവും കെടുതിയിൽതന്നെ ജീവിക്കേണ്ടിവരുന്നവരുടെ അന്തഃസംഘർഷങ്ങളാണ് വിളിച്ചുപറയുന്നത്. എല്ലാ നാളും മഴയത്തും വെയിലത്തും ബോംബും തോക്കും അലറിവിളിക്കുേമ്പാഴും കലാപത്തീയിലും അതണയുേമ്പാഴും 19ാം നൂറ്റാണ്ടിലെ ഏതോ കൃതിയും വായിച്ചു അങ്ങാടിയിലൂടെ നടക്കുന്ന പെൺകുട്ടിക്ക് ഇരുപതാം നൂറ്റാണ്ടിനോടും അതിലെ കൃതികളോടും ചതുർഥിയാണ്. അവളുടെ ജീവിതത്തിലേക്ക് എപ്പോഴും തലനീട്ടുന്ന പാൽക്കാരൻ ആരെന്നോ അയാൾ എന്തിനെന്നോ പെൺകുട്ടിക്ക് വ്യക്തമാവുന്നില്ല. തനിക്ക് അയാളെ ഇഷ്ടമല്ല. എന്നാൽ, അയാൾ തന്നെ പ്രണയിക്കാനും സ്വന്തമാക്കാനും കിണഞ്ഞു നടത്തുന്ന നീക്കങ്ങൾ കുടുംബത്തിലെ നടുപ്പെണ്ണായ പതിനെട്ടുകാരിയെ അസ്വസ്ഥയാക്കുന്നു. ആഭ്യന്തരസംഘർഷങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന രാജ്യങ്ങളിൽ സാമൂഹികശൈഥില്യം ഏതു വിധമെല്ലാം ദുരുപയോഗം ചെയ്യപ്പെടുമെന്നത് ഭംഗിയായി വരച്ചിടുന്നതാണ് അന്നയുടെ നോവലെന്ന് ജൂറി വിലയിരുത്തുന്നു. ക്രൂരതയുടെയും ലൈംഗിക അതിക്രമത്തിെൻറയും ചെറുത്തുനിൽപിെൻറയും കഥയാണ് ദാർശനിക ചേരുവകളോടെ അന്ന പറയുന്നതെന്ന് ജൂറി.
എല്ലാ വിധിയെഴുത്തുകൾക്കു ശേഷവും അന്നക്ക് ഒന്നേ പറയാനുള്ളൂ. താനായിട്ട് ഒന്നും പറയുന്നില്ല. ഒന്നും എഴുതുന്നില്ല. എല്ലാം കഥാപാത്രങ്ങൾ ഇറങ്ങിവന്ന് നേർക്കുനേർ അനുഭവങ്ങൾ പറയുകയാണ്. വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ 1962ൽ ഒരു സാധാരണ കത്തോലിക്ക കുടുംബത്തിലായിരുന്നു ജനനം. ഏഴംഗ കുടുംബം താമസിച്ചിരുന്നത് ‘കിച്ചൺ ഹൗസ്’ എന്നു പേരിട്ടിരുന്ന കൊച്ചുകൂരകളിൽ. അവിവാഹിതയായ ആൻറിയുടെ കൂടെയായിരുന്നു അന്നയുടെ ജീവിതം. പുസ്തകങ്ങളിൽ തലപൂഴ്ത്തി രാഷ്ട്രീയ സാഹചര്യത്തിൽനിന്നു സമർഥമായി രക്ഷപ്പെടാനുള്ള ശ്രമമാണ് അന്നൊക്കെ നടത്തിയത്. ആർക്കും ഒന്നും അറിയണമെന്നുണ്ടായിരുന്നില്ല. അന്നാട്ടിൽനിന്നു പുറത്തുകടന്ന് കോളജ് വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിലേക്ക് കളം മാറിച്ചവിട്ടി റഷ്യൻ പഠിക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, വ്യക്തിഗതമായ കാരണങ്ങളാൽ അത് മുന്നോട്ടു കൊണ്ടുപോകാനായില്ല. തെൻറ, ജനതയുടെയൊക്കെ കഥ പഠിക്കാൻ തുടങ്ങുന്നത് അവിടെവെച്ചാണ്. ഉത്തര അയർലൻഡിെൻറ ചരിത്രം പഠിച്ചു തുടങ്ങുന്നത് അങ്ങനെ.
അറിവിനു വേണ്ടിയായിരുന്നു വായന. എന്നാൽ, എഴുത്ത് ഒരു വെളിപാടുപോലെയായിരുന്നുവെന്ന് അന്ന. ഒരു സുഹൃത്തിനൊപ്പമുള്ള ഷോപ്പിങ്ങിനിടെ ഒരു ഭംഗിയുള്ള സ്കെച്ച്പാഡ് കണ്ണിൽ പെട്ടു. അതും ഒരു പേനയുമെടുത്തു കിടക്കക്ക് അരികെ വെച്ചു. ഒരു നാൾ എഴുന്നേറ്റപ്പോൾ അന്നത്തെ സ്വപ്നം എഴുതിവെച്ചു. പിന്നെ അന്നാളിനെക്കുറിച്ചും. അത് പിന്നെ ദിനസരിക്കുറിപ്പുകൾപോലെ ആവർത്തിച്ചു. അങ്ങനെയാണ് കഥകൾ പിറന്നത്. 2001 ൽ ‘നോ ബോൺസ്’, 2007ൽ ‘ലിറ്റിൽ കൺസ്ട്രക്ഷൻസ്’, 2014ൽ ‘മോസ്റ്റ്ലി ഹീറോ’-_ എല്ലാം അയർലൻഡിലെ കാലുഷ്യത്തിെൻറ കഥകൾപറയുന്നത്. 2002ലെ ഒാറഞ്ച് പ്രൈസ് പട്ടികയിൽ വന്നശേഷം പിന്നെ അന്നയെ അധികമാരും േകട്ടിട്ടില്ല. ജീവിത ചുറ്റുപാടുകൾതന്നെയാണ് അതിനു കാരണം. സാധാരണക്കാരിയുടെ ജീവിതം മുന്നോട്ടു നീക്കണം. അതിനൊപ്പം ശരീരത്തെ കാർന്നുതിന്ന പുറംവേദനയുടെ ശല്യവും. എല്ലാമായിട്ടും നാലു വർഷം മുമ്പു തുടങ്ങിവെച്ചത് ഒരു വിധം പൂർത്തിയാക്കി. കൈയെഴുത്തു പ്രതിയുമായി ചെന്നപ്പോൾ ആളെ കിട്ടില്ലെന്നു പറഞ്ഞു പ്രസാധകർ മടക്കി. എല്ലാം വെല്ലുവിളിയായി ഏറ്റെടുത്തു ദൗത്യം പൂർത്തീകരിച്ചു. അവാർഡിനു കൊടുത്തപ്പോഴും ഒട്ടുമേ നിനച്ചില്ല. ഒടുവിൽ അത് കൈയിൽ വന്നണഞ്ഞപ്പോഴും സ്വപ്നമാണെന്നു കരുതാനേ കഴിഞ്ഞുള്ളൂ. അപ്പോഴും അന്നയുടെ ആശ്വാസം ഒന്നു മാത്രം. ഇത്തരം സ്വപ്നങ്ങളാണ് തെൻറ മികച്ച രചനകളായി ലോകം ഏറ്റുവാങ്ങിയത്. ആ പ്രതീക്ഷയുടെ ബലത്തിൽ മാൻബുക്കറിെൻറ പണം കൊണ്ട് ഉള്ള കടമൊക്കെ വീട്ടി ‘മിൽക് മാനു’ം മുമ്പു തുടങ്ങിവെച്ച നോവലിലേക്കു കടക്കാനാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.