മാണി കളിച്ചത് തമാശയല്ല
text_fieldsമുന്നണി വിട്ടുപോയ മാണിക്കു മുന്നിലും പിന്നിലും പാലും പഴവുമായി നിന്ന കോൺഗ്രസുകാർ ഇനി വേറെവഴി നോക്കേണ്ടിവന്നേക്കാം. മുന്നണിയുടെ സന്തുലനവും സമതുലനവും തകർന്നതിനാൽ മറ്റു പോംവഴി നോക്കാതിരിക്കാൻ ഐക്യജനാധിപത്യ മുന്നണിക്കു പറ്റില്ല. ഐക്യജനാധിപത്യ മുന്നണിയെന്നു പറയുമ്പോൾ കേരള കോൺഗ്രസും മുസ്ലിം ലീഗും കോൺഗ്രസുമാണ്. മറ്റു ഘടകകക്ഷികൾ ഒരുതരം അലങ്കാരസാമഗ്രികൾ മാത്രം. അതിനാൽ കേരള കോൺഗ്രസിെൻറ ഒരു കഷണമെങ്കിലും കൂടിയേ തീരൂ. പിളർത്തിയിട്ടായാലും കോൺഗ്രസ് അതു സാധിക്കാൻ ശ്രമിക്കും.
പിളർത്താതെതന്നെ ഒരു പീസ് സംഘടിപ്പിച്ചുകൂേട എന്നു ചോദ്യം വരാം. അതെ, ഇഷ്ടംപോലെയുണ്ട്, കേരള കോൺഗ്രസ്. ഏതു മുന്നണിക്കും ഏതു പാർട്ടിക്കും സഖ്യമുണ്ടാക്കാൻ പാകത്തിൽ പരുവപ്പെട്ടുനിൽക്കുന്നവ അക്കൂട്ടത്തിലുണ്ട്. യു.ഡി.എഫിൽ ജേക്കബ് ഗ്രൂപ് ഇപ്പോഴേയുണ്ട്. പക്ഷേ അതല്ല, മുന്നണി വിട്ടുപോകുമ്പോൾ അതിൽ ഒരു കഷണത്തെ അടർത്തി നിർത്തിയാലേ യഥാർഥ ചേരുവയുടെ ഗന്ധവും രുചിയുമുണ്ടാകൂ. അതിനാൽ മാണി ഗ്രൂപ്പിെൻറ ഒരു പീസ് വേണം. കരുണാകരൻ മുന്നണിനേതാവായിരുന്ന കാലത്ത് കേരള കോൺഗ്രസ് പലതവണ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്. അപ്പോഴൊക്കെ മുൻകരുതൽ എന്നനിലയിൽ കരുണാകരൻ അതിലെ ഒരു വിഭാഗത്തെ തങ്ങൾക്കനുകൂലമാക്കി നിർത്തിയിട്ടുണ്ട്. പാർട്ടി മുന്നണി വിടുമ്പോൾ അതു പിളർപ്പാക്കുകയും ഒരുപക്ഷം അവശേഷിക്കുകയും ചെയ്തുവന്നതും അവ പല പല കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ പേരിൽ അറിയപ്പെട്ടതും അങ്ങനെയാണ്. കരുണാകരനുമായി പി.സി. ജോർജ് പലകുറി ഇടഞ്ഞിട്ടുണ്ടെങ്കിലും അന്നൊന്നും ജോർജിെൻറ പേരിൽ ഒരു ഗ്രൂപ് ജനിച്ചിട്ടില്ല. പിൽക്കാലത്തുമാത്രമാണ് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ജോർജിനുണ്ടായത്. കരുണാകരെൻറ കാലത്തും പ്രശ്നക്കാരനായിരുന്ന ജോർജിനെ സ്നേഹിച്ചുകൊണ്ടുതന്നെ ലീഡർ ഒതുക്കിയിട്ടുണ്ട്.
1986-1987 കരുണാകര ഭരണകാലത്ത് മാണി-ജോസഫ് പോര് രൂക്ഷം. ജോസഫ് പക്ഷത്തായിരുന്ന പി.സി. ജോർജ് മാണിക്കെതിരെയും മാണിയെ േപ്രാത്സാഹിപ്പിച്ച കരുണാകരനെതിരെയും ഒളിയമ്പുകൾ എയ്തുകൊണ്ടേയിരുന്നു. പിന്നീട് 87ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ കരുണാകരെൻറ സഹായം കൂടാതെ പൂഞ്ഞാറിൽ ജയിക്കാനാവില്ലെന്നായി. തെൻറ മണ്ഡലത്തിലേക്ക് കരുണാകരനെ നിരന്തരം ക്ഷണിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം കരുണാകരൻ അവിടെ തെരഞ്ഞെടുപ്പ് യോഗത്തിനെത്തി. തന്നെ വിമർശിക്കുന്ന പി.സി. ജോർജിനെ ശാരീരികമായി നേരിടേണ്ട കാര്യമൊന്നുമില്ലെന്നു പറഞ്ഞ ലീഡർ കോൺഗ്രസ് വോട്ടർമാരോട് ഒരു ചോദ്യംചോദിച്ചു: ‘‘കൊതുകിനെ കൊല്ലാൻ കോടാലി വേണോ?’’ വോട്ടർമാർക്ക് കാര്യം പിടികിട്ടി. അക്കുറി ജോർജ് തോറ്റു. തുടർന്ന് പല സംഭവങ്ങളും അരങ്ങേറി. കരുണാകരൻ പിന്നീട് കേരള കോൺഗ്രസിനെ പിളർത്തുകയും മാണിയെ കൂടെ നിർത്തുകയും ഏറെനാൾ ജോസഫ് ഗ്രൂപ്പിനെ ത്രിശങ്കുവിലാക്കുകയും ചെയ്തു. ഏറെക്കഴിഞ്ഞാണ് ജോസഫിന് ഇടതുമുന്നണിപ്രവേശം ലഭിക്കുന്നത്.
അതു പഴയകഥ. ഇന്ന് ഈവക ഡിസാസ്റ്റർ മാനേജ്മെൻറിനു പറ്റിയ നേതാക്കൾ ആരും കോൺഗ്രസിലില്ല. മാണിഗ്രൂപ്പിനെ പിളർത്താൻ ചില ശ്രമങ്ങൾ നടക്കുന്നു. എന്നാൽ, കരുണാകരനെയോ ആൻറണിയെയോപോലെ രോഗമറിഞ്ഞു ചികിത്സിക്കാൻ കഴിവുള്ള നേതാക്കൾ ഇന്നത്തെ കേരള നേതൃത്വത്തിലില്ല. അതിനാൽ പിളരണമെങ്കിൽ കേരള കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾതന്നെ തീരുമാനിക്കേണ്ടിവരും. പ്രവർത്തിക്കേണ്ട തട്ടകവും അവരാണ് തെരഞ്ഞെടുക്കേണ്ടത്. കാരണം നിലവിൽ പാർട്ടി ഒരു മുന്നണിയിലും ഇല്ലെന്നതും യു.ഡി.എഫിനു നേതൃത്വം നൽകുന്ന കോൺഗ്രസിൽ ഇപ്പോൾ ഒരു ഏകീകൃത നേതൃത്വം ഇല്ലെന്നതുമാണ്. ആനിലക്ക് കോൺഗ്രസിൽനിന്ന് ഒരു ഉറപ്പും ലഭിക്കാനില്ലെന്ന് മാണിക്കറിയാം. ഇടതുപക്ഷത്തേക്കു ചായുന്നതിനെ എതിർക്കുന്ന ജോസഫിനും അതറിയാം. ഒരു പിളർപ്പിനും പിന്നെ പിളർന്ന പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിനും വേണ്ട ആരോഗ്യം ജോസഫിനില്ലെന്നത് മാണിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട്.
യു.ഡി.എഫിൽ തുടരുന്നതിൽ ഒരലർജി കുറെ നാളായി മാണിഗ്രൂപ്പിൽ രൂപംകൊണ്ടിരുന്നു. കസ്തൂരിരംഗെൻറ പാരിസ്ഥിതിക റിപ്പോർട്ടുമായി ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ടു പോകാൻ തിരുമാനിച്ചപ്പോൾതന്നെ മാണിയെ പിന്തുണച്ചുനിന്ന സഭകൾ കോൺഗ്രസിന് എതിരായിത്തുടങ്ങി. കസ്തൂരിരംഗൻ റിപ്പോർട്ട് മയപ്പെടുത്തിയിട്ടും സഭകളുടെ നീരസം നീങ്ങിയിരുന്നില്ല. ഭരണത്തിലിരിക്കുന്ന ആ കാലത്താണ് മാണി, ഇടതുമുന്നണിയുമായി അടുക്കാനും മുഖ്യമന്ത്രിയാകാനും ശ്രമിക്കുന്നതായ പ്രചാരണം ഉയർന്നത്. തുടർന്ന് മാണിക്കെതിരായ ആരോപണമായി. ബജറ്റുകച്ചവടം മുതൽ നോട്ടെണ്ണൽ യന്ത്രംവരെ നീണ്ട ആരോപണങ്ങൾ. പാരിസ്ഥിതിക പ്രശ്നത്തിൽ ഇടഞ്ഞ സഭകൾ യു.ഡി.എഫിനെ അനുകൂലിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മാണി അറിഞ്ഞിരുന്നു. അതറിഞ്ഞ കോൺഗ്രസുകാർ പാലായിൽ മാണിയെ അട്ടിമറിക്കുമെന്നു മാണി കണക്കുകൂട്ടി. മറ്റുവഴികൾ തേടിയതിനാൽ മാണി പാലായിൽ ജയിച്ചു. മാണിഗ്രൂപ്പിെന സഭകൾ അറിഞ്ഞു പിന്തുണച്ചതിനാൽ അവരുടെ പല സ്ഥാനാർഥികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇനി യു.ഡി.എഫിൽ തിരിച്ചുപോയാൽ കോൺഗ്രസുകാർ കാലുവാരുമെന്ന് മാണിക്കു ഭയമുണ്ട്.
കേന്ദ്രത്തിൽ ബി.ജെ.പിയുടെ ഭരണം നൽകുന്ന അരക്ഷിതബോധം മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽ എന്നതുപോലെ ക്രിസ്തീയ വിഭാഗങ്ങളിലും വളർന്നിരുന്നു. കേരളത്തിൽ ബി.ജെ.പിയെ നേരിടാനുള്ള ത്രാണി യു.ഡി.എഫിനില്ലെന്ന തോന്നലും എന്തുകൊണ്ടോ പ്രചരിച്ചിരുന്നു. ഇത് മുസ്ലിം ലീഗിനു പുറത്ത് മുസ്ലിം ന്യൂനപക്ഷവോട്ടുകൾ ഇടതുപക്ഷത്തേക്ക് മാറാൻ ഇടയാക്കിയതുപോലെ വലിയൊരു വിഭാഗം ക്രിസ്തീയ വോട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമാക്കി. എന്നാൽ, കേരള കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിൽ അതുണ്ടായില്ല. അതുകൊണ്ടാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യു.ഡി.എഫിന് വലിയ പരിക്കേൽക്കാതിരുന്നത്. ഈ മാനസികാവസ്ഥ ഇപ്പോഴും ക്രിസ്തീയ വിഭാഗങ്ങളിലുണ്ട്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും മോദിയെയും നേരിടാനുള്ള ശക്തിയും നേതൃത്വവും കോൺഗ്രസിനും അതിെൻറ മുന്നണിക്കും ഇല്ലെന്ന തോന്നൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ രൂഢമൂലമാണ്.
ആനിലക്കുതന്നെ മാണിയുടെ ഇടതുപക്ഷചായ്വ് പ്രതീക്ഷിക്കാവുന്നതുമായിരുന്നു. അതിനാൽ മാണിയുടെ മുന്നണിവിടലിന് കോൺഗ്രസിൽ നിന്നുണ്ടായ അപമാനം മാത്രമല്ല കാരണമെന്നു വ്യക്തം. മുന്നണിയിൽനിന്നു മാറിനിന്ന മാണി മുന്നണികളെ പ്രലോഭിപ്പിച്ചുകൊണ്ട് തെൻറ വിലപേശൽസാധ്യതകൾക്ക് വലുപ്പംകൂട്ടി. ഈ പശ്ചാത്തലത്തിലാണ്, മാണി മലപ്പുറത്ത് മുസ്ലിം ലീഗിനു പിന്തുണ നൽകിയതെന്നു കണക്കാക്കുന്നതിലും അസ്വാഭാവികതയില്ല. ലീഗിനു നൽകിയ പിന്തുണ, യു.ഡി.എഫിലേക്കു തിരിച്ചുവരാനുള്ള താൽപര്യമായി കോൺഗ്രസ് നേതാക്കൾ തെറ്റിദ്ധരിക്കുകയും ചെയ്തു.
കാര്യങ്ങൾ കൈവിട്ടുപോകുന്നത് തിരിച്ചറിയാൻപോലും കഴിവില്ലായിരുന്ന കോൺഗ്രസ് നേതാക്കൾ മാണിയുടെ പിന്നാലെ നടന്നുകൊണ്ടേയിരുന്നു. അപ്പോഴെല്ലാം മാണി വിദഗ്ധമായി തെന്നിമാറി. ചില നേതാക്കൾ മാണിയെ തുടർച്ചയായി പാടിപ്പുകഴ്ത്തിക്കൊണ്ടിരുന്നത് കോൺഗ്രസ് നേതൃയോഗങ്ങളിൽ വിമർശനത്തിനും ഇടയാക്കി. അർഥഗർഭമായ മൗനത്തിന് മറുപടിവന്നത് കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലാണ്. പണ്ടേ ദുർബലമായി നിൽക്കുന്ന കോൺഗ്രസിന് അത് താങ്ങാവുന്നതായിരുന്നില്ല. മാത്രമല്ല, മുന്നണി വിട്ടിട്ടും തദ്ദേശസ്ഥാപനങ്ങളിൽ കേരള കോൺഗ്രസ് യു.ഡി.എഫിൽനിന്നു മാറിനിന്നിരുന്നില്ല. ഇപ്പോഴുണ്ടായ സംഭവവികാസങ്ങൾ ആവക ധാരണകളിലും മാറ്റം വരുത്തും. അപ്പോൾ തദ്ദേശതലത്തിൽ പലയിടത്തും യു.ഡി.എഫിന് ഭരണവും പോകാം.
എന്തായാലും മാണിയുടെ മനസ്സിൽ ഇടതുമുന്നണിയല്ലെന്നു പറയാനുള്ള ഒരു സാഹചര്യവും ഇല്ല. കേരള കോൺഗ്രസിെൻറ നിലപാട് അയഞ്ഞുവെന്ന പ്രചാരണം ആത്മസംതൃപ്തിക്കായി കോൺഗ്രസ് നേതാക്കൾ നടത്തുന്നുവെന്നു മാത്രം. ഇക്കാര്യത്തിൽ കൂടിയാലോചനയുണ്ടായില്ലെന്നത് കേരള കോൺഗ്രസിൽ അഭിപ്രായഭിന്നതയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, അത് വലിയൊരു പിളർപ്പിലേക്കു നയിക്കുമെന്നു കരുതാനാകില്ല.സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ സംഭവവികാസങ്ങൾ വലിയൊരു ആശ്വാസമാണ്. സി.പി.ഐയുടെ വെല്ലുവിളിയും വിമർശനവും സി.പി.എമ്മിനെ പൊറുതിമുട്ടിക്കുന്നുണ്ട്. മാണി വരുമെന്ന തോന്നലുണ്ടാക്കിയാൽ സി.പി.ഐ അടങ്ങുമെന്ന പ്രതീക്ഷ സി.പി.എം നേതാക്കളിലുണ്ട്്. അതിനാൽ കേരള രാഷ്ട്രീയത്തിൽ മാണി ഉണ്ടാക്കിയ ഓളം വെറുമൊരു തമാശയായി ആരും കാണുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.