കറിവേപ്പില
text_fieldsഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന് അച്ഛനെ അന്നേ ഒാർമിപ്പിച്ചതാണ്. ഉത്തര^ദക്ഷിണധ്രുവങ്ങൾ തമ്മിലുള്ള സംബന്ധമുണ്ടാക്കി ജമ്മു^കശ്മീരിൽ പുതിയ ചരിത്രം കുറിക്കാൻ അച്ഛൻ തിടുക്കപ്പെട്ടത് മറ്റൊന്നു കൊണ്ടുമല്ല. കേന്ദ്രത്തെ പിണക്കിെയാരു ഗവൺമെൻറിന് രൂപം കൊടുത്താൽ ഡൽഹിയിൽ നിന്നൊന്നും കിട്ടില്ലെന്നല്ല, ശ്രീനഗറിൽ ആർക്കും ഇരിക്കപ്പൊറുതി കൊടുക്കുകയുമില്ല. ന ഖാവൂംഗാ, ന ഖാനാ ദൂംഗാ (താൻ തിന്നില്ല, ആരെയും തീറ്റിക്കുകയുമില്ല) എന്നു നരേന്ദ്ര മോദി പറഞ്ഞുകൊണ്ടിരിക്കുന്നത് അഴിമതിയെ പ്രതിയാണെങ്കിലും, അപരരെ അങ്ങനെയങ്ങ് പൊറുപ്പിക്കുകയില്ല എന്നു കൂടി അതിനർഥമുണ്ട്. അത് മറ്റാരേക്കാളുമറിയുന്നത് കശ്മീരികൾക്കാണ്.
അതിനാൽ, മുഫ്തി മുഹമ്മദ് സഇൗദ് എന്ന വി.പി. സിങ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിക്ക് തെൻറയും കശ്മീരികളുടെയും കണ്ഠകോടാലിയായ ബി.ജെ.പിക്കു കഴുത്തു നീട്ടിക്കൊടുക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. അച്ഛൻ മരിച്ചപ്പോൾ മകൾ നേരിട്ടതും അതേ നിസ്സഹായത തന്നെ. രാഷ്ട്രീയ ആത്മഹത്യയുടെ ആറ്റിലേക്ക് അച്ഛാ ചാടല്ലേ എന്നു ഒരു കൊല്ലം മുമ്പു കരഞ്ഞുപറഞ്ഞ മകൾക്കും പിന്നെ വിധി കണ്ടു െവച്ചത് അതേ പാതാളം തന്നെ. ഒടുവിൽ രണ്ടു കൊല്ലം മുമ്പ് കല്യാണത്തിന് കളമൊരുക്കിയ ആർ.എസ്.എസ് സാരഥി റാം മാധവ് തന്നെ മുത്തലാഖും ചൊല്ലി പിരിച്ചിരിക്കുന്നു. അതും അത്യന്തം അപമാനിച്ചു തന്നെ. രാജ്ഭവനിലേക്ക് ‘തലാഖ്’ ചൊല്ലിയയക്കുകയായിരുന്നു. അവിടെ നിന്നു ഗവർണറാണ് മുഖ്യമന്ത്രിയോട് കുടിയിറങ്ങാൻ പറയുന്നത്. അങ്ങനെ അകാലത്തിൽ മഹ്ബൂബയുടെ ജീവിതത്തിൽ പൊട്ടിവിടർന്ന വിസ്മയം അതുപോലെ തന്നെ കെട്ടുപോയി.
മനമില്ലാ മനസ്സോടെയാണ് പദവിയിലേക്കു വന്നത്. അതും ഒരു മന്ത്രിപ്പണിയുടെ പോലും മുൻപരിചയമില്ലാതെ. കാര്യമറിഞ്ഞോ അറിയാതെയോ ആരുമായും കട്ടക്കുനിൽക്കാനുള്ള കരുത്ത്, തേൻറടം^ അതു മാത്രമാണ് കൈമുതൽ. ആ ഇൗഗോയുടെ ബലമാണ് അന്നു തുണയായതും ഇന്നു കെണിയായതും. ഭരണത്തിൽ അച്ഛനും മകളുമായി കഴിഞ്ഞ മൂന്നുവർഷം എന്തുചെയ്തെന്നു ചോദിച്ചാൽ ഫലം നാസ്തി. ജമ്മുവിൽ 25 സീറ്റു നേടി വൻഭൂരിപക്ഷം നേടിയതാണ് ബി.ജെ.പി. അതിനു ഉപകാരസ്മരണ ചെയ്യാൻ കേന്ദ്രം തന്നെ മിനക്കെട്ടിട്ടില്ല. പിന്നെ മഹ്ബൂബ എന്തു ചെയ്യാനാണ്! ആകക്കൂടി ചെയ്തുകൂട്ടിയത് ആശ്രിതനിയമനം. പി.ഡി.പിയിലെ മുഴുവൻ മന്ത്രിമാരും വകുപ്പുകളിൽ ചെയ്ത പരിഷ്കരണപ്രവൃത്തി സ്വന്തക്കാരെ പരമാവധി സർക്കാർ സർവിസിൽ കയറ്റുക എന്നതുതന്നെ. അതൊക്കെ കൈകാര്യം ചെയ്യാൻവേണ്ടി എല്ലാം അഴിച്ചുപണിത് നടുനിവർത്തുന്നതിനിടെയാണ് ബി.ജെ.പിയുടെ പാര കുത്തിവീഴ്ത്തുന്നത്. കുത്ത് പിറകിൽ നിന്നായതുകൊണ്ട് ഇത്തവണ പ്രതിരോധത്തിനായതുമില്ല.
രാഷ്ട്രീയത്തിലെ മുഴുവൻ അടവുകളും പിതാവിൽനിന്നു നേരിട്ടു പഠിച്ചെടുത്തതാണ്. 1969 മേയ് 22ന് കശ്മീരിലെ ബിജ്ബെഹാര ജില്ലയിലുള്ള അഖ്റാൻ നൗപുര ഗ്രാമത്തിൽ മുഫ്തിയുടെയും ഗുൽഷാൻ ആരായുടെയും മൂത്ത മകളായി ജനനം. കശ്മീർ യൂനിവേഴ്സിറ്റിയിൽനിന്നു മാനവികവിഷയത്തിലും നിയമത്തിലും ബിരുദം നേടി. രാഷ്ട്രീയ കുടുംബമായിരുന്നെങ്കിലും അതിലത്ര താൽപര്യമൊന്നും മഹ്ബൂബക്കുണ്ടായിരുന്നില്ലെന്നാണ് അവർ പറയുന്നത്. എന്നല്ല, കുടുംബത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് പിതാവ് മുഫ്തി തന്നെ. തൊണ്ണൂറുകളുടെ തുടക്കത്തിലെ സായുധ തീവ്രവാദം അതിെൻറ എല്ലാ കെടുതികളോടും കത്തിയാളിയമർന്നത് നാലഞ്ചു വർഷം കഴിഞ്ഞ്. തീവ്രവാദം ശക്തിപ്പെട്ടതോടെ േകാൺഗ്രസിെൻറയും നാഷനൽ കോൺഫറൻസിെൻറയുമൊക്കെ നേതാക്കൾ വീടും ഒാഫിസും പൂട്ടി നാടുവിട്ടതാണ്. ഏതാണ്ട് പുകയടങ്ങിയപ്പോൾ എല്ലാവരും താഴ്വരയിലേക്ക് മടങ്ങി. അങ്ങനെ 1996ൽ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രത്തിലെ ദേവഗൗഡ ഗവൺമെൻറ് തീരുമാനിച്ചു. രാഷ്ട്രീയപാർട്ടികൾ മത്സരിക്കാൻ ആളെ കിട്ടാതെ തെണ്ടിയ നാളുകൾ. മുഫ്തിയും ആളെ തേടി കുഴങ്ങി വീട്ടിലെത്തിയപ്പോൾ ഭാര്യയെയും മൂത്ത മകളെയും സ്ഥാനാർഥിയാക്കാമെന്നുവെച്ചു. അന്നോളം അടുക്കളയും വീടും വിട്ടിറങ്ങിയിട്ടില്ലാത്ത ഗുൽഷൻ ആരാ തോറ്റു തുന്നം പാടിയെങ്കിലും 37കാരിയായ മഹ്ബൂബ പാട്ടും പാടി ജയിച്ചു. അങ്ങനെയാണ് മഹ്ബൂബയുടെ രാഷ്ട്രീയരാശി തെളിയുന്നത്.
ആരെയും വെല്ലുവിളിച്ചു നിൽക്കാനുള്ള സാഹസികത ചെറുപ്പത്തിലേ കൂടപ്പിറപ്പാണെന്ന് സഹപാഠികൾ. തറവാടിെൻറ സമ്പത്ത് നഷ്ടപ്പെടരുതല്ലോ എന്നു കരുതി മുഫ്തി പെങ്ങളുടെ മകളും പരവതാനി കച്ചവടക്കാരനുമായ ജാവേദ് ഇഖ്ബാലിനെ വരനായി തീരുമാനിച്ചു. അതും പിതാവിെൻറ ഇഷ്ടത്തിനു നടത്തി. പക്ഷേ, പണമെണ്ണാൻ മാത്രമറിയുന്ന പുതിയാപ്പിളയുടെ കൂടെ പൊറുക്കാനായില്ലെന്ന് മഹ്ബൂബ. അപ്പോഴേക്കും ഇൽതിജ, ഇർതിഖ എന്നീ രണ്ടു മക്കളുടെ മാതാവായിരുന്നു എന്നതൊന്നും നോക്കിയില്ല. ഭർത്താവിനെ തനിക്കു വേണ്ടെന്നുവെച്ച് അയാളിൽ നിന്ന് ഖുൽഅ് (മുക്തി) പ്രഖ്യാപിച്ചു. മക്കളെ വിഷമിപ്പിക്കാതിരിക്കാൻ അവരെയും കൊണ്ട് ഡൽഹിക്ക് വണ്ടി കയറി. അവരെ അവിടെ പഠിപ്പിച്ചു. മുഫ്തി സഇൗദ് 1986ൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ സിവിൽ വ്യോമയാന, ടൂറിസം മന്ത്രിയായപ്പോൾ മകൾക്ക് ഒരു ഉയർന്ന ട്രാവൽ കമ്പനിയിൽ ജോലിയും വാങ്ങിക്കൊടുത്തു നില ഭദ്രമാക്കി. പിന്നെയും പത്തു കൊല്ലം കഴിഞ്ഞാണ് ബിജ്ബെഹാര സീറ്റിൽ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത്. മൂന്നുകൊല്ലം കഴിഞ്ഞ് പിതാവ് കോൺഗ്രസിൽനിന്നു പിണങ്ങി പി.ഡി.പിക്ക് രൂപം നൽകിയപ്പോൾ ആദ്യം വിലങ്ങി നിന്നെങ്കിലും പിന്നെ പാർട്ടി വൈസ് പ്രസിഡൻറായി.
നാഷനൽ കോൺഫറൻസിൽ പിതാവും പുത്രനുമാണ് കാര്യകർത്താക്കളെങ്കിൽ ഇവിടെ അച്ഛനും മകളും എന്നതായി. അതിൽ പിന്നെ താഴ്വരയിലെ ശ്രദ്ധേയമാെയാരു രാഷ്ട്രീയശബ്ദമാണ്, ദേശീയതലത്തിൽ തന്നെ. അക്കൊല്ലം ഉമർ അബ്ദുല്ലയുമായി നേർക്കുനേർ ശ്രീനഗർ ലോക്സഭ സീറ്റിൽ പൊരുതിയെങ്കിലും തോറ്റു. എന്നാൽ, 2004ലും 2014ലും അനന്തനാഗിൽ നിന്നു ലോക്സഭയിലെത്തി. അങ്ങനെ രാഷ്ട്രീയത്തിെൻറ കയറ്റിറക്കങ്ങളും അടവും ചുവടും പിതാവിൽനിന്നു പഠിച്ചു മഹ്ബൂബ പിടിച്ചുകയറി. ഒടുവിൽ 2016 ജനുവരിയിൽ പിതാവ് മരിച്ചതോടെ പാർട്ടിയുടെയും മൂന്നു മാസം കഴിഞ്ഞ് സർക്കാറിെൻറയും നേതൃത്വമേറ്റെടുത്തു.
മുഫ്തിയുടെ കൂടെ കൂട്ടുേമ്പാൾ ബി.െജ.പി കണ്ണുവെച്ചത് ഭൂപടത്തിലെ കാവിച്ചായം ഇന്ത്യയുടെ അത്യുത്തരത്തിലേക്കുകൂടി പൂശാനാണ്. അതുപോലെ ബാക്കി ഇന്ത്യയിൽ തങ്ങളുടെ മുസ്ലിംകളടക്കം ആരെയും ഉൾക്കൊള്ളാമെന്നൊരു സന്ദേശം നൽകാനും. പിന്നെ ഭരണത്തിൽ പിടിച്ച് കശ്മീർപ്രശ്നത്തിെൻറ മർമത്തിലേക്ക് ചെല്ലാനും. എന്നാൽ, നിൽക്കുന്ന തറയുടെ ചൂടറിയുന്ന മഹ്ബൂബക്ക് കശ്മീരിയത്ത് കൈയൊഴിക്കാനാവില്ല. ഹിന്ദുത്വ തീവ്രവാദികളോടു കൂടിയാലും കശ്മീരികളുടെ വികാരത്തിനൊപ്പമായിരിക്കുമെന്ന് അവർക്കു തെളിയിക്കേണ്ടിയിരുന്നു.
രണ്ടു കൂട്ടരെയും അസ്തിത്വപ്രതിസന്ധിയിലേക്കെടുത്തെറിഞ്ഞ നീക്കം. എന്നാൽ, ലാഭം വമ്പിച്ച തോതിൽ ഇല്ലെങ്കിലും ബി.ജെ.പിക്കു തന്നെ. സൈനിക, ഭരണതലങ്ങളിലൂടെ കശ്മീരിെൻറ ഒാപറേഷൻ പൂർണമായും സംഘ്പരിവാർ നിയന്ത്രണത്തിലായി. പിെന്ന തുടക്കത്തിലെ മുസ്ലിം പി.ഡി.പി പിന്തുണ ഭരണത്തിൽ നിന്നിറങ്ങി അടുത്ത ഉൗഴത്തിനു ശ്രമിക്കുേമ്പാൾ ഭാരമാണെന്നു അവർ കണ്ടു. അതുതന്നെ മഹ്ബൂബക്കും പ്രശ്നം. തെരഞ്ഞെടുപ്പ് വരുേമ്പാൾ ബി.ജെ.പി നുകം കഴുത്തിൽ നിന്നൂരണം. അപ്പോഴേക്കും കശ്മീർ ജനത പി.ഡി.പി എന്ന പാർട്ടിയെ കുടഞ്ഞെറിഞ്ഞു കഴിഞ്ഞു എന്നതു വേറെ. അതിനു നേരം കാത്തിരിക്കുേമ്പാഴാണ് ശുജാഅത് ബുഖാരിയുടെ വധവും റമദാൻ വെടിനിർത്തൽവിരാമത്തിന് അന്ത്യമാവുന്നതും. ഇനി അതിശൈത്യവും അതിനപ്പുറം തെരഞ്ഞെടുപ്പ് ചൂടും വരുംമുമ്പ് തീരുമാനമെടുക്കണം. അങ്ങനെ മഹ്ബൂബ കറിവേപ്പിലയായി പുറത്ത്. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കാണാതെ ആദ്യമായി ഉഴറേണ്ട നിലയാണിപ്പോൾ. അച്ഛനു വെച്ചത് തനിക്കു കൊണ്ടു എന്ന സങ്കടക്കടലിലാണിപ്പോൾ. എന്നാൽ, രാഷ്ട്രീയത്തിൽ ആകസ്മികമായും അസ്വാഭാവികമായും ഒന്നുമില്ലെന്നറിയാം. അതിനാൽ, അടുത്ത അവസരത്തിനു തക്കംപാർക്കാൻ തന്നെയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.