രാജരോഗം
text_fieldsഎപ്പോഴെപ്പോൾ ധർമത്തിനു ച്യുതി ഉണ്ടാവുന്നോ അപ്പോഴെല്ലാം ധർമസംരക്ഷണത്തിനായി ഞാ ൻ അവതരിക്കുമെന്നു പറഞ്ഞത് ഭഗവാൻ കൃഷ്ണൻ. ആ അവതാരം അവനവെൻറ ആത്മാവിൽ സംഭവിക്കുന്നതാണെന്ന് ഗീത വ്യാഖ്യാതാക്കൾ. ഗീത സൂക്തത്തിെൻറ പൊരുളറിഞ്ഞോ എന്നറിയില്ല, നീണ്ട വനവാസത്തിനുശേഷം രാഷ്ട്രീയജീവിതത്തിലേക്കുള്ള രണ്ടാം വരവിൽ വലതുപക്ഷ പാർട്ടിയിലേക്ക് വലതുകാൽ വെച്ചു കയറുേമ്പാൾ മുബശ്ശിർ ജാവേദ് അക്ബർ നാലര വർഷം മുമ്പ് മൊഴിഞ്ഞതും ഇതു തന്നെ- ‘മേ രാജനീതി മേം നീതി കേ ലിയേ വാപസ് ആയാ ഹും’ അഥവാ, രാജ്യം പ്രതിസന്ധിയിലായ ഘട്ടത്തിൽ രാഷ്ട്രീയത്തിൽ തത്ത്വാധിഷ്ഠിതമായി പുനരവതരിക്കുകയാണ് താൻ എന്ന്. എന്നാൽ, ദേശീയരാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ അഭ്യുദയം കണ്ട്, പണ്ട് എഴുതിയതും പറഞ്ഞതുമൊക്കെ വിഴുങ്ങി കോൺഗ്രസിൽനിന്നു പാളയം മാറി മോദി ഭരണത്തിൽ ചേക്കേറിയ അക്ബർ അതിെൻറ അസ്തമയനാളുകളിൽ സ്വന്തം ചരമക്കുറിപ്പെഴുതേണ്ട ദുര്യോഗത്തിലാണെന്നു തോന്നുന്നു. തത്ത്വവും മൂല്യവും പറഞ്ഞ് രാജ്യസേവക്കായി കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കയറിപ്പോയയാൾ പുറത്തേക്കു വഴിതിരയുകയാണിപ്പോൾ. അതും തെൻറ കീഴിൽ ജോലി ചെയ്തവരുടെ ‘സ്മാർത്തവിചാര’ത്തിലെ പ്രതിയായി.
റയട്ട് ആഫ്റ്റർ റയട്ട്, ഇന്ത്യ: ദ സീജ് വിത്തിൻ, നെഹ്റു: ദ മേകിങ് ഒാഫ് ഇന്ത്യ തുടങ്ങി കൈയിലെടുത്താൽ പിന്നെ വായിച്ചു തീരാതെ െവക്കാനാവാത്ത എണ്ണം പറഞ്ഞ ഒരു കൂട്ടം ഇംഗ്ലീഷ് കൃതികളുടെ കർത്താവ്. 1971ൽ കൊൽക്കത്തയിൽ ‘ടൈംസ് ഒാഫ് ഇന്ത്യ’യിൽ മാധ്യമപ്രവർത്തന പരിശീലനത്തിനു കയറുന്നത് ഇരുപതാമത്തെ വയസ്സിൽ. രണ്ടു വർഷം കഴിഞ്ഞ് ‘ഒാൺലുക്കർ’ എന്ന ഇംഗ്ലീഷ് പാക്ഷികത്തിെൻറയും പിന്നെയൊരു മൂന്നു കൊല്ലം കഴിഞ്ഞ് ‘സൺഡേ’യുടെയും എഡിറ്ററായി മാറിയയാൾ. 1982ൽ കൊൽക്കത്തയിൽ പ്രശസ്തമായ ‘ദ ടെലഗ്രാഫ്’ തുടങ്ങുേമ്പാൾ 31ാം വയസ്സിൽ അതിെൻറ എഡിറ്ററായി ചുമതലയേറ്റ, ‘ഏഷ്യൻ ഏജ്’, ‘സൺഡേ ഗാർഡിയൻ’ പത്രങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ഇന്ത്യയിലെ ഇരുത്തം വന്ന പത്രാധിപർ. ആഗ്രക്കാരി ഗസാല വഹാബ് മുതൽ ന്യൂയോർക്കിൽ നിന്നെത്തിയ മഴ്ലി ദെ പുകാംപ് വരെ മാധ്യമവൃത്തിയിലേക്ക് കടക്കാനാഗ്രഹിക്കുന്ന ഏതു പുത്തെൻറയും എക്കാലത്തെയും സ്വപ്നമാണ് ഇൗ മാധ്യമവല്ലഭെൻറ കീഴിലെ പരിശീലനം.
അങ്ങനെ കർമമണ്ഡലത്തിൽ അസൂയക്കുമേൽ പ്രതിഷ്ഠിക്കപ്പെട്ട ഉടയാവിഗ്രഹമാണിപ്പോൾ പളുങ്കുപാത്രം പോലെ താഴെ വീണു പൊട്ടിച്ചിതറിയിരിക്കുന്നത്. മാധ്യമലോകത്തെ അക്ബർ ചക്രവർത്തിയുടെ ഗുരുത്വം സ്വപ്നം കണ്ടെത്തിയവർക്ക് ഒരായിരം പേക്കിനാവുകൾ പകരം നൽകിയ പാതകിയായി പ്രതിക്കൂട്ടിൽ കയറാനായി യോഗം. ഒടുവിലെഴുതിയ കൃതി പാകിസ്താനെപ്പറ്റി. ടിൻഡർ ബോക്സ് അഥവാ വെടിമരുന്നുപെട്ടി എന്ന ആ പേരു ഇങ്ങനെ അറംപറ്റുമെന്നു അക്ബർപോലും നിരൂപിച്ചിട്ടുണ്ടാവില്ല. ഗാന്ധികുടുംബത്തിനും മോദിയുടെ സംഘ്പരിവാർ കുലത്തിനും ഒരു പോലെ വേണ്ടപ്പെട്ടവനായി പനപോലെയുള്ള വളർച്ചയുടെ അകത്ത് ഒളിപ്പിച്ചത് ഇത്രമേൽ അപായകരമായ ടിൻഡർ ബോക്സാണെന്ന് മീ ടൂ കൊള്ളിയുരസിയ പ്രിയ രമണിപോലും ഒാർത്തോ ആവോ. ഏതായാലും പ്രിയ തുടങ്ങിവെച്ച അപ്രിയ കഥകൾ അറ്റമില്ലാതെ തുടരുകയാണ്. ഒടുവിൽ മീ ടൂ തുറന്നുപറച്ചിലിനെ വൈറലാക്കാനിടയാക്കിയ പാതകി ഹോളിവുഡിലെ പ്രമുഖ സിനിമക്കാരൻ ഹാർവി വിൻസ്റ്റീനെയും കടത്തിവെട്ടുന്ന തരത്തിലാണ് ആദ്യം കടിച്ചതിനേക്കാൾ വലിയ ഇരകൾ കൂടുതൽ അപസർപ്പകകഥകളുമായി എത്തുന്നത്.
ജീവിതത്തിലെ ഉയർച്ചകളെയും താഴ്ചകളെയും അവസരമാക്കി മാറ്റിയെടുത്ത കഥയാണ് അക്ബറിേൻറത്. മാധ്യമപ്രവർത്തനമെന്ന സ്വന്തം നൈപുണിയെ വളർത്തി ഉന്നതിയുടെ പടവുകൾ ചവിട്ടിക്കയറുേമ്പാൾ വിജയം മാത്രം രേഖപ്പെടുത്തിയ അക്ബറിന് പക്ഷേ, രാഷ്ട്രീയത്തിൽ ഇതേ ഭാഗ്യപരീക്ഷണം അങ്ങനെയങ്ങ് വിജയിപ്പിക്കാനൊത്തില്ല. എന്നല്ല, സ്വതസിദ്ധമായ കഴിവിനെ രാഷ്ട്രീയത്തിനുവേണ്ടി മുതൽക്കൂട്ടാൻ മുതിർന്നപ്പോൾ അക്ബർ സ്വയം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നത് അവസാനത്തെ അവമതിയുടെ അനുഭവം വരെ സാക്ഷ്യപ്പെടുത്തുന്നു. 1951 ജനുവരി 11ന് പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലെ തെലിനിപാറ എന്ന ചണമിൽ ഫാക്ടറികളുടെ പട്ടണത്തിലായിരുന്നു ജനനമെങ്കിലും ബംഗാളിയായിരുന്നില്ല അക്ബർ. ബിഹാറിൽനിന്ന് കുടിയേറിയെത്തിയ പ്രയാഗ് എന്ന ഹിന്ദുവാണ് പിതാമഹൻ എന്ന് അക്ബർ. കുപ്രസിദ്ധമായ കൊൽക്കത്തയിലെ ക്ഷാമത്തിെൻറ കാലത്ത് സ്വന്തക്കാർ മുഴുവൻ നഷ്ടപ്പെട്ട അയാളെ സമീപത്തെ ഒരു മുസ്ലിം ചായക്കടക്കാരൻ എടുത്തുവളർത്തി. പിന്നീട് ഇസ്ലാമിലേക്ക് മാറിയ അയാൾ റഹ്മത്ത് എന്ന പേര് സ്വീകരിച്ചു. വിഭജനത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബത്തെ പിതാവ് പതുക്കെ കരകയറ്റി. കോൺഗ്രസുകാരനും മുനിസിപ്പൽ കൗൺസിൽ അംഗവുമായിരുന്ന പിതാവിനെ 1965 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് അറസ്റ്റു ചെയ്തു. അക്കാലത്തെ മുസ്ലിം ദുരിതം കൊൽക്കത്തയിലെ പ്രശസ്തമായ ‘സ്റ്റേറ്റ്സ്മാൻ’ പത്രം വാർത്തയാക്കിയതാണ് മാധ്യമപ്രവർത്തനത്തിലേക്ക് തിരിയാൻ അക്ബറിന് പ്രചോദനമായത്. 1971ൽ ടൈംസ് ഒാഫ് ഇന്ത്യയിെലത്തിച്ചു.
എന്നാൽ, പത്രലോകത്തെ ഉയർച്ചയെ രാഷ്ട്രീയത്തിലേക്കു മുതൽക്കൂട്ടാൻ തുടങ്ങിയതോടെ അക്ബറിലെ മഹാൻ മരിച്ചുതുടങ്ങിയെന്ന് 1978 ൽ ആദ്യമായി അദ്ദേഹത്തിന് രാജീവ്ഗാന്ധിയുടെ അഭിമുഖത്തിന് വഴിയൊരുക്കിയ തവ്ലീൻ സിങ് പറയുന്നു. പയ്യപ്പയ്യെ വളർന്ന ബന്ധം പിന്നെ അദ്ദേഹം തൊഴിലെടുത്ത പത്രങ്ങളുടെ സ്വഭാവം മാത്രമല്ല, അക്ബറിനെ തന്നെ മാറ്റിയെടുത്തു. അങ്ങനെ രാഷ്ട്രീയക്കാരിലും അധികാരമുള്ളവരെയായി ഇഷ്ടം. അതിൽ ആശയപ്പൊരുത്തമോ ഭേദമോ പ്രശ്നമല്ലാതായി. ചന്ദ്രശേഖറിെൻറയും രാജീവിെൻറയും നരസിംഹറാവുവിെൻറയും ആരാധകൻ ബി.െജ.പിയുടെ ഉയർച്ചയോടെ അദ്വാനിയുടെ നിത്യവിരുന്നുകാരനായി. കാര്യങ്ങൾ അവിടെ പന്തിയല്ലെന്നു കണ്ടപ്പോൾ, ജയിച്ചാൽ ഇന്ത്യയെയും കൊണ്ടുപോകുന്ന ഹിറ്റ്ലറായിരിക്കും മോദി എന്നു പറഞ്ഞയാൾ പിന്നെ അദ്ദേഹത്തിെൻറ വാഴ്ത്തുകാരനും സ്വന്തക്കാരനുമായി. മോദിയുടെ നാൾ തെളിഞ്ഞു കണ്ടപ്പോൾ പഴയ കോൺഗ്രസ് വക്താവ് ബി.ജെ.പിയുടെ കുഴലൂത്തുകാരനായി, മന്ത്രിയായി. തൊഴിലിടത്തിൽനിന്നു കണ്ടെത്തിയ മല്ലിക ജോസഫ് ആണ് ഭാര്യ. മക്കൾ പ്രയാഗും മുകുളികയും. എന്നും എവിടെയും ഏതുവിധവും മതേതരമുഖം ഉയർത്തിപ്പിടിച്ചെന്നു സ്വയം കരുതുേമ്പാഴും അക്ബർ പൂർണമായും പരിവർത്തിതനായി എന്നു ബി.ജെ.പി വിശ്വസിച്ചിട്ടില്ല എന്നു ബി.ജെ.പിക്കാർ അകമേ പറയുന്നുണ്ട്. അങ്ങനെ എല്ലാം പണയപ്പെടുത്തി അധികാരത്തിൽ ഒരു വിധം പിടിച്ചിരിക്കുന്ന സന്ദർഭത്തിലാണ് പുതിയ തിരിച്ചടി. തുറന്നുപറച്ചിലിെൻറ പുതിയ മീ ടൂ കാലത്ത് പഴയ ലാവണത്തിലെ പെണ്ണുങ്ങൾ പറയുന്ന കഥകേട്ട് യൂ ടൂ എന്നു മൂക്കത്തു വിരൽ വെക്കാനേ കഴിയൂ.
ഇൗ പുകയും പുക്കാറുമൊന്നും കടന്നുചെല്ലാത്ത ‘ഇരുണ്ട’ വൻകരയിലെങ്ങാൻ സഞ്ചാരിയാണിപ്പോൾ മന്ത്രി. സോഷ്യൽമീഡിയയിലെ സ്വന്തം അക്കൗണ്ടുകൾ തുറന്നാലുള്ള മഴവെള്ളപ്പാച്ചിൽ ഒാർത്തോ എന്നറിയില്ല എല്ലാ വിനിമയബന്ധങ്ങളും അടച്ചുവെച്ചിരിക്കുകയാണ്. ഇത്രമേൽ സ്ത്രീജന്മങ്ങളെ കണ്ണീരു കുടിപ്പിച്ചയാളെ വെറുതെ വിടരുതെന്ന് ഭരണത്തിലും പാർട്ടിയിലുമുള്ളവർ മുഴുക്കെ പറയുന്നു. ഭാരത സ്ത്രീയുടെ ഭാവശുദ്ധി കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഭരണകക്ഷിയുടെ അധ്യക്ഷൻ അന്വേഷിക്കാതെ നിവൃത്തിയില്ലെന്ന മട്ടിലാണ്. അതുകൊണ്ട്, ആറ്റുനോറ്റു നേടിയ മന്ത്രിപദം കൈയൊഴിയേണ്ട ശനിദശയാണ് തെളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.