അസ്ഥിര യോഗം
text_fieldsജനാധിപത്യത്തിെൻറ വലിയ രണ്ട് പരീക്ഷണശാലകൾക്കിടയിൽ ഞെരിഞ്ഞമർന്നു നിൽക്കുന്ന നേപ്പാൾ ഇപ്പോഴൂം തികഞ്ഞ ആശയക്കുഴപ്പത്തിൽതന്നെയാണ്. ഇന്ത്യയെപ്പോലെ 'പരിശുദ്ധ' ജനാധിപത്യമാണോ അതോ ചൈനീസ് മോഡലിൽ ജനകീയ ജനാധിപത്യമാണോ അഭികാമ്യം എന്ന ചോദ്യത്തിന് മുന്നിൽ ഹിമാലയൻ ദേശത്തിന് ഇേപ്പാഴും കൃത്യമായ ഉത്തരമില്ല. നേപ്പാൾ ഒരു ജനാധിപത്യ രാജ്യമാണോ എന്നു ചോദിച്ചാൽ 'അതെ' എന്നുതന്നെയാണ് ഉത്തരം. മാത്രവുമല്ല, ഭരണഘടനപ്രകാരം ഒരു വ്യാഴവട്ടക്കാലമായി അതൊരു മതേതര ഫെഡറൽ റിപ്പബ്ലിക്കുമാണ്. കടലാസിൽ അങ്ങനെയൊക്കെയാണെങ്കിലും, ചില സമയങ്ങളിൽ അവിടത്തെ കമ്യൂണിസ്റ്റ് നേതാക്കളിൽ പഴയ സാംസ്കാരിക വിപ്ലവത്തിെൻറ ഗൃഹാതുരത്വമുയരും. അതോടെ, കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയും. അതുകൊണ്ടുതന്നെ, നേപ്പാളിെൻറ രാഷ്ട്രീയ നിഘണ്ടുവിൽ ഇനിയും 'സ്ഥിരത' എന്ന വാക്ക് എഴുതിച്ചേർത്തിട്ടില്ല. അതിനാൽ, കെ.പി. ശർമ ഒലി പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് 'ബാല്യവതാർ' മന്ദിരത്തിൽനിന്ന് കുടിയിറങ്ങിയതിൽ അത്ഭുതെമാട്ടുമില്ല. അല്ലെങ്കിലും, ഇന്ത്യൻ ജനാധിപത്യ മോഡലിലെ ഒാപറേഷൻ താമര പോലെ, എതിർപക്ഷത്തുള്ളവരെ ചാക്കിട്ടുപിടിച്ചല്ല നേപ്പാളിൽ ഭരണം മറിച്ചിടുന്നത്. അതിന് അവിടെ സ്വന്തം കക്ഷികൾതന്നെ ധാരാളം. 25 വർഷം മുമ്പ് പ്രധാനമന്ത്രി പദം രാജിവെച്ച് കൊയ്രാള പറഞ്ഞതുതന്നെയാണ് ഇപ്പോൾ, ഒലിയും മൊഴിഞ്ഞത്: സ്വന്തം കൂട്ടത്തിലുള്ളവർതന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. അതിനാൽ, തെരഞ്ഞെടുപ്പിലൂടെ അഗ്നിശുദ്ധിവരുത്തി അധികാരത്തിൽ തിരിച്ചെത്താനാണ് പദ്ധതി. പാർട്ടിയും സുപ്രീംകോടതിയും കനിയണമെന്നു മാത്രം.
അധികാരത്തിൽനിന്നുള്ള പടിയിറക്കം ഇതാദ്യത്തേതല്ല. അഞ്ചാറ് വർഷം മുമ്പ്, രാജ്യത്ത് തരക്കേടില്ലാത്തൊരു ഭരണഘടന നിലവിൽവന്നേപ്പാൾ അതിൽതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി കസേരയിലിരിക്കാൻ ആദ്യം ഭാഗ്യം ചെയ്ത വ്യക്തിയാണ്. പക്ഷേ, ആ ഭാഗ്യത്തിന് ഒരു വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അന്ന്, കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് മാവോയിസ്റ്റ് സെൻററിെൻറ തലപ്പത്തുണ്ടായിരുന്ന പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡയുടെ കളിയിൽ ഒലി വീണുപോയി. ഒലിയുടെ പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ (യു.എം.എൽ) പിന്നീട് പ്രചണ്ഡയുടെയും മറ്റും കക്ഷികളുമായി ചേർന്ന് രണ്ടുവർഷം മുമ്പ് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചാണ് ഇപ്പോൾ ഭരണം നടത്തിപ്പോന്നിരുന്നത്. അഥവാ, കമ്യൂണിസ്റ്റ് പക്ഷത്തുള്ള സകല അധികാരമോഹികളും ഉൾക്കൊള്ളുന്നൊരു വിചിത്ര സഖ്യം. ഏതാനും വർഷം മുമ്പുവരെ ശത്രുവിനെതിരെ ഗറില മുറ സ്വീകരിച്ചവർവരെയുണ്ട് ഇക്കൂട്ടത്തിൽ. പിന്നെ അധികാരത്തിനുള്ള പോര് പറയണോ? അതുതന്നെ സംഭവിച്ചുവെന്ന് ഒലിയും തുറന്നുപറഞ്ഞു. പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരിയെ ഇംപീച്ച് ചെയ്യാനും തനിക്കെതിരെ പാർലമെൻറിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ഗൂഢനീക്കം നടന്നപ്പോഴാണ് മന്ത്രിസഭ പിരിച്ചുവിട്ടതെന്നാണ് രാജിക്കുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ആരാണ് ഗൂഢാലോചകർ എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ: പ്രചണ്ഡ. പാർലമെൻറ് പിരിച്ചുവിടാനാണ് പ്രസിഡൻറിനോട് ശിപാർശ ചെയ്തത്. പ്രസിഡൻറ് അത് അപ്പടി സ്വീകരിച്ചുവെന്നു മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പിനുള്ള കുറിയടിക്കുകയും ചെയ്തു. ഇവിടെയാണ് മറ്റൊരു പ്രശ്നം: പാർലെമൻറ് അങ്ങനെയൊന്നും പിരിച്ചുവിടാൻ പ്രധാനമന്ത്രിക്കും പ്രസിഡൻറിനും അധികാരമില്ല. അതിന് വേറെയാണ് ചട്ടവും വകുപ്പും. അതിനാൽ, വിഷയം കൂടുതൽ സങ്കീർണമായിരിക്കയാണ്. ഇൗ പുകമറക്കുള്ളിൽ പാർട്ടിക്കുള്ളിലെ അപ്രമാദിത്വം നിലനിർത്തുക എന്നതാണ് അടുത്ത 'ഒലി തന്ത്രം'. അതിെൻറ പ്രഖ്യാപനമായിരിക്കും അടുത്ത ദിവസങ്ങളിൽ നടക്കാൻപോകുന്ന മഹാറാലി. മറുപക്ഷവും മോശമാവില്ല. പ്രചണ്ഡ പക്ഷവും അരങ്ങുണർത്തിക്കഴിഞ്ഞു.
നേവർ, ചാലൂക്യ ഭരണകാലങ്ങൾക്കുശേഷം ശിഥിലമായിരുന്ന നേപ്പാളിനെ ഒരൊറ്റ ദേശീയതക്കുകീഴിൽ കൊണ്ടുവന്നത് പൃഥ്വി നാരായൺ ഷാ എന്ന ഗൂർഖ രാജാവാണെന്നാണല്ലോ ചരിത്രം. നേപ്പാളിന് ഇന്നു കാണുംവിധമൊരു ഭൂപടം തയാറാക്കിയത് അദ്ദേഹമാണെന്ന് പറയേണ്ടിവരും. രണ്ടര നൂറ്റാണ്ടിനിപ്പുറം, ആ ഭൂപടം പിന്നെയും മാറ്റിവരക്കാൻ ധൈര്യം കാണിച്ചത് ഒലിയാണ്. ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന ഏതാണ്ട് കുറച്ചു പ്രദേശങ്ങൾ നേപ്പാളിനോട് കൂട്ടിച്ചേർത്ത് രാജ്യം 'വിപുല'മാക്കിയത് നയതന്ത്രയുദ്ധത്തിെൻറ വക്കോളമെത്തി. ആ പ്രശ്നം ഇപ്പോഴൂം പൂർണമായും പരിഹരിച്ചുവെന്ന് പറയാറായിട്ടില്ല. അന്താരാഷ്ട്ര തലത്തിൽതന്നെ വലിയ വാർത്തയായ ഇൗ സംഭവത്തിൽ ഒലിക്ക് പ്രത്യേകിച്ച് ഖേദമൊന്നും തോന്നിയിട്ടില്ല. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിെൻറ ഉപരോധം നേരിടാനും തയാർ എന്നാണ് ഇക്കാര്യത്തിലുള്ള സുചിന്തിതമായ നിലപാട്. ഇൗ ഭൂപട നിർമാണമൊക്കെ ഇന്ത്യയോടുള്ള വിരോധംകൊണ്ടൊന്നുമല്ല. ഇന്ത്യ -ചൈന വിഷയത്തിൽ നേപ്പാളും ഒലിയും അദ്ദേഹത്തിെൻറ പ്രസ്ഥാനവും ഏത് ഭാഗത്താണെന്ന് പ്രഖ്യാപിക്കുക മാത്രമായിരുന്നു അദ്ദേഹം. ചൈനയോട് അത്രക്കുണ്ട് മമത. ഇൗ മമതയുടെ പുറത്ത്, എവറസ്റ്റിെൻറ ഉയരംവരെ കൂട്ടിയെഴുതിയിട്ടുണ്ട്. ഇരുകൂട്ടരും ഒന്നിച്ചു നടത്തിയ അളവെടുപ്പിൽ നിലവിലുള്ളതിനേക്കാൾ 86 സെൻറിമീറ്റർ അധികം ഉയരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യൗവനം പോരാട്ടത്തിേൻറതായിരുന്നു. ബ്രിട്ടീഷ് രാജിനുശേഷവും രാജ്യം ഏകാധിപത്യത്തിെൻറ തടവറയിൽ ശ്വാസംമുട്ടി ഞെരുങ്ങിയമരുന്നതു കണ്ടപ്പോൾ പഠനമുപേക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ ചെറുപ്പക്കാരുടെ മുൻനിരയിലുണ്ടായിരുന്നു. 1950കളുടെ അവസാനം, പ്രധാനമന്ത്രിയായിരുന്ന ബി.പി. കൊയ്രാളയുടെ അധികാരം വെട്ടിച്ചുരുക്കാൻ മഹേന്ദ്ര രാജാവ് കണ്ടെത്തിയ ആയുധമായിരുന്നു 'പഞ്ചായത്ത്'. ഇൗ ചുതുർതല 'പഞ്ചായത്തി'ലൂടെയാണ് രാജാവ് അധികാരം നിലനിർത്തിയിരുന്നത്. 'ഒരു രാജാവ്, ഒരു വേഷം, ഒരു ഭാഷ, ഒരു രാജ്യം' എന്നായിരുന്നു അദ്ദേഹത്തിെൻറ മുദ്രാവാക്യം. വേറൊരുതരത്തിൽ പറഞ്ഞാൽ, നല്ല ശുദ്ധമായ ഹിന്ദുദേശീയതതന്നെ. ഇങ്ങനെയൊരു ആശയത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ അന്നത്തെ കോൺഗ്രസ് ഗവൺമെൻറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും ഇടയാക്കി. അഴിമതിയേക്കാൾ വലിയ പാപമാണ് ഇൗ ഏകാധിപത്യമെന്ന് തിരിച്ചറിഞ്ഞ് ഗോദയിലിറങ്ങിയ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ എന്ന സംഘത്തിൽ ഒലിയുമുണ്ടായിരുന്നു. അന്ന് പ്രായം 21. രാജാവിനെതിരെ സമരം ചെയ്തതിന് 14 വർഷമാണ് ജയിലിൽ കഴിയേണ്ടിവന്നത്. ജയിലിൽ പോകുേമ്പാൾ പാർട്ടിയുടെ ജില്ല കമ്മിറ്റി അംഗവും, ത്സാപ്പ മേഖലയിലെ സമരങ്ങളുടെ മുഖ്യസംഘാടകനുമായിരുന്നു. 87ൽ ജയിൽ മോചിതനായി. അപ്പോഴേക്കും പാർട്ടി പലതായി പിളർന്നിരുന്നു. ഒലി, യു.എം.എല്ലിെൻറ ഭാഗമായി; കേന്ദ്ര കമ്മിറ്റി അംഗവുമായി.
91ൽ, 'പഞ്ചായത്ത്' ഭരണം അവസാനിച്ചു. പതിയെപ്പതിയെ രാജ്യം, ജനാധിപത്യത്തിലേക്ക് കാലെടുത്തുവെച്ചു തുടങ്ങി. ആ രാഷ്ട്രീയ പരീക്ഷണത്തിൽ ഒലിയും ഭാഗമായി. 91 മുതൽ പലതവണ പാർലമെൻറിലെത്തി. ഗിരിജ പ്രസാദ് കൊയ്രാളയുടെ മന്ത്രിസഭക്കു കീഴിൽ ഉപപ്രധാനമന്ത്രിപദം വരെ അലങ്കരിച്ചു. 2015 ഒക്ടോബർ 11നാണ് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയത്. കമ്യൂണിസ്റ്റ് െഎക്യം തകർന്നതോടെ ഒരു വർഷത്തിനുള്ളിൽ പടിയിറങ്ങി. രണ്ടാമൂഴത്തിലും ചരിത്രം ആവർത്തിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ. ഇപ്പോൾ 68 വയസ്സായി. അധികാരം പോയെങ്കിലും ഇപ്പോഴും പാർട്ടിയുടെ തലപ്പത്തുണ്ട്. അതിനാൽ, ഒരു മടങ്ങിവരവ് അസാധ്യമൊന്നുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.