സ്വന്തം ജ്യോതി
text_fieldsമലയാളിയായ തിരുനെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ. ശേഷനാണ് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമീഷൻ എന്നൊരു ഭരണഘടനാസംവിധാനം പ്രവർത്തിക്കുന്നുെണ്ടന്ന് നാട്ടുകാരെയും ലോകത്തെയും ബോധ്യപ്പെടുത്തിയത്. അത്രയും കാലം രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി തെരഞ്ഞെടുപ്പ് മാമാങ്കങ്ങൾക്കു ചുക്കാൻപിടിക്കുന്ന കാര്യസ്ഥെൻറ റോളിലായിരുന്നു കമീഷനെങ്കിൽ, രാഷ്ട്രീയക്കാരെ നിയമത്തിെൻറ ചൂരൽ കാട്ടി വഴിക്കു കൊണ്ടുവരുകയും പച്ചക്കു പണാധിപത്യം പൂത്തുലഞ്ഞിരുന്ന തെരഞ്ഞെടുപ്പ് രംഗത്തെ ഏറക്കുറെ സംശുദ്ധമാക്കുകയും ചെയ്തത് ശേഷനാണ്.
പതിറ്റാണ്ടു രണ്ടു കഴിഞ്ഞും ആ പദവിയിലേറുന്നവർ മേശപ്പുറത്തെ ശേഷൻ വാധ്യാരുടെ പഴയ ചൂരൽ മറയാക്കിയാണ് പത്രാസിൽ കഴിയുന്നത് എന്നു പറയാം. ആശ്രിതവാത്സല്യത്തിെൻറ അടിസ്ഥാനത്തിൽ അതതു സർക്കാറുകൾ നിയമനം നടത്തിയിടത്തുനിന്ന് തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തേക്ക് യോഗ്യത മുഖ്യമാനദണ്ഡമായി വന്നുവെന്നതുതന്നെ ശേഷൻ പരിഷ്കാരങ്ങളുടെ തിരുശേഷിപ്പിെൻറ ഭാഗമാണ്. അദ്ദേഹം അറിയിച്ചുകൊടുത്ത അധികാരദൂരം ഫലപ്രദമായി ഉപയോഗിക്കാൻ പിൻമുറക്കാർക്കും കഴിഞ്ഞു. അങ്ങനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥാപനമായി കമീഷൻ മാറിക്കഴിഞ്ഞു.
പാർലമെൻറിെൻറ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു മാത്രം സ്ഥാനത്തുനിന്നു നീക്കാൻ കഴിയുന്ന ഇൗ ഉന്നതപദവിയിലേക്ക് പുതുതായെത്തുന്ന അചൽകുമാർ ജ്യോതിയും യോഗ്യതയിൽ ഒട്ടും മോശക്കാരനല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘനാളത്തെ വിശ്വസ്തസേവകനാണ് എന്ന അധികയോഗ്യതയുമുണ്ട്. പഞ്ചാബ് ജലന്ധറിലെ മിട്ടീ ബസാറിൽനിന്നുള്ള ഇൗ സിവിൽ സർവിസ് ഒാഫിസർ ഗുജറാത്ത് കേഡറിലാണ് പുറത്തിറങ്ങിയത്. ഡൽഹിയിൽ മിലിട്ടറി എൻജിനീയറിങ് സർവിസിലായിരുന്നു അച്ഛൻ കിശോർ ചന്ദർ. അതിനാൽ ബിരുദം നേടിയത് ഡൽഹി രാംജസ് കോളജിൽനിന്ന്. 22ാം വയസ്സിൽ ആദ്യശ്രമത്തിൽതന്നെ സിവിൽ സർവിസിൽ വിജയം നേടിയ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ െഎ.എ.എസ് ഒാഫിസറായി. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ചീഫ് സെക്രട്ടറിയായിരുന്നു. സർവിസിൽ ആറുവർഷം അല്ലെങ്കിൽ 65 വയസ്സ് എന്ന കമീഷൻ നിയമനചട്ടമനുസരിച്ച് 1953 ജനുവരി 23ന് ജനിച്ച ജ്യോതിക്ക് ഏഴുമാസത്തെ സർവിസാണ് അവശേഷിക്കുന്നത്. എങ്കിലും ജില്ലാ മജിസ്ട്രേറ്റായി ഒൗദ്യോഗികവൃത്തി ആരംഭിച്ച 1975 ബാച്ച് െഎ.എ.എസുകാരന് രാജ്യത്തെ പരമോന്നത പദവികളിെലാന്നു കൂടി കരിയറിലെ തൊപ്പിയിൽ ചാർത്താനായി എന്നു സന്തോഷിക്കാം.
സുരേന്ദ്രനഗർ, പഞ്ചമഹൽ, ഖേഡ ജില്ലകളിൽ മജിസ്ട്രേറ്റ് പദവി വഹിച്ച അദ്ദേഹം ജില്ല കലക്ടറായും സേവനമനുഷ്ഠിച്ചു. 1999നും 2004നുമിടയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും അധ്യക്ഷപദവിയിലുണ്ടായിരുന്നു. ഗുജറാത്ത് വിജിലൻസ് കമീഷണർ, സർദാർ സരോവർ നർമദ പദ്ധതിയുടെ മാനേജിങ് ഡയറക്ടർ, കണ്ട്ല തുറമുഖ ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. വ്യവസായ, റവന്യൂ, ജലവിതരണ വകുപ്പുകളിൽ സെക്രട്ടറിയായ അനുഭവസമ്പത്തോടെയാണ് ജ്യോതി സംസ്ഥാനത്തെ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.
ജോലിയോടും മോദിയോടും കാണിച്ച കൂറിെൻറ ഫലമായിരുന്നു പദവിയിലെ അടിവെച്ച കയറ്റങ്ങൾ. മോദിയുടെ പരിഷ്കരണങ്ങൾ വള്ളിപുള്ളി വിടാതെ നിറവേറ്റിയാണ് അദ്ദേഹം യജമാനപ്രീതി നേടിയത്. ജോലിയിലെ കണിശതയിലും കാര്യക്ഷമതയിലും മോദി ജ്യോതിക്കോ ജ്യോതി മോദിക്കോ വഴികാട്ടിയത് എന്ന കാര്യത്തിൽ രാഷ്ട്രീയനിരീക്ഷകർക്ക് തീർപ്പില്ല. പദ്ധതി നിർവഹണത്തിെൻറ ഭാഗമായി വിദൂരഗ്രാമങ്ങളിൽ രാവേറെ ചെല്ലുന്തോറും കർമനിരതനായിരിക്കുക ആവേശമാണ് അദ്ദേഹത്തിന്. ചീഫ് സെക്രട്ടറിയായിരിക്കെ തിരുവാക്കെതിർവാ ഇല്ലാതെ പ്രതിബദ്ധത തെളിയിച്ചയാളാണ്. ഒരിക്കൽ മുഖ്യമന്ത്രി മോദി ജീവനക്കാർക്ക് ആർക്കും അവധി കൊടുക്കരുതെന്നു പറഞ്ഞപ്പോൾ അത് അക്ഷരം പ്രതി നിറവേറ്റിയതാണ് മോദിസ്തുതി പാടുന്ന മാധ്യമങ്ങളുടെ വാഴ്ത്തൽ. ഗോൾഡൻ ഗുജറാത്ത് ഫെസ്റ്റിവൽ സമയത്തായിരുന്നു ഇത്. അങ്ങനെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അഭിപ്രായത്തിനോ പിന്തുണക്കോ കാത്തുനിൽക്കാതെ പരിഷ്കരണസംരംഭങ്ങളുമായി മുന്നോട്ടുപോകുക എന്നതാണ് ലൈൻ. ധനകാര്യവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ ഇ-െപ്രാക്യുർമെൻറ് സമ്പ്രദായം കൊണ്ടുവന്നപ്പോൾ ജീവനക്കാരിൽനിന്നു കടുത്ത ചെറുത്തുനിൽപുണ്ടായി. എന്നാൽ, മന്ത്രിസഭയുടെ പിന്തുണയോടെ അത് ജില്ലയിലും താലൂക്കിലും വരെ വ്യാപിപ്പിച്ച് വിജയിപ്പിച്ചെടുത്തേ ജ്യോതി അടങ്ങിയുള്ളൂ.
ചീഫ് സെക്രട്ടറിയായിരിക്കെ നിരവധി ക്ഷേമപദ്ധതികൾ സർക്കാറിനുവേണ്ടി വിജയകരമായി നടപ്പാക്കി. ‘വൈബ്രൻറ് ഗുജറാത്ത്’ എന്ന മോദിയുടെ സ്വപ്നപദ്ധതിയുടെ മുഖ്യകർമിയായിരുന്നു. അതേസമയം, മാധ്യമങ്ങളിൽ നിന്നും അതുവഴി വിവാദങ്ങളിൽനിന്നും എന്നും അകന്നുനിൽക്കാൻ പ്രത്യേകം ശ്രദ്ധിച്ചു പോന്നയാളാണ്. 2013ൽ വിരമിച്ച അദ്ദേഹത്തെ കേന്ദ്രത്തിൽ അധികാരമേറിയപ്പോൾ മോദി കണ്ടുവെച്ചിരുന്നുവെന്നു വേണം കരുതാൻ. അതിനാൽ 2015ൽ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ പാനലിൽ ഒഴിവു വന്നപ്പോൾ മോദിക്ക് സംശയമൊന്നുമുണ്ടായില്ല, അചൽകുമാർ ജ്യോതിയെ നിയമിക്കാൻ. ഇന്നിപ്പോൾ കണിശക്കാരനെന്നു കരുതിയ നസീം അഹ്മദ് സൈദിയുടെ പിൻഗാമിയായി അദ്ദേഹം മുഖ്യകമീഷണറായി എത്തുകയാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രമെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ സംരംഭം തന്നെ വിവാദത്തിലകപ്പെടുകയും രാഷ്ട്രീയപാർട്ടികൾക്കുമേൽ കൂടുതൽ നിയന്ത്രണത്തിനു കമീഷൻ അവകാശമുന്നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ രണ്ടു വർഷത്തെ ഒാഫിസ് അനുഭവത്തിൽനിന്ന് എന്തൊക്കെ കരുക്കളാണ് ജ്യോതി കരുതിവെച്ചിരിക്കുന്നതെന്ന് വരുംനാളുകളിൽ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.