കിടപ്പാടത്തിനുവേണ്ടി തീപ്പന്തമായി മാറുന്ന ഭൂരഹിതർ
text_fieldsനെയ്യാറ്റിൻകര വെൺപകൽ പോങ്ങിൽ നെട്ടതോട്ടം ലക്ഷം വീട് കോളനിയിൽ കിടപ്പാടം നഷ്ടപ്പെടുന്നതിൽ മനംനൊന്ത് ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം കേരളം പല തരത്തിൽ ചർച്ചചെയ്യുന്നുണ്ട്. ഇരുകുടുംബങ്ങൾ തമ്മിൽ നടത്തിയ വ്യവഹാരമാണ് കുടിയിറക്കിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വാർത്തകളിൽ പറയുന്നത്. കോടതി ഉത്തരവിൻെറ ഭാഗമായി കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമീഷനും പൊലീസിനും മുന്നിൽ മറ്റു മാർഗമില്ലാതെ ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് രാജൻ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത് ഇടതുപക്ഷം വാഴ്ത്തിപ്പാടുന്ന കേരളമോഡലിൻെറ ശിരസ്സിലാണ്.
ഇതു രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ഭൂവുടമസ്ഥത തർക്കല്ല. അവർ ഉയർത്തിയത് ഭൂരഹിതരായ കുടുംബങ്ങൾ നേരിടുന്ന പ്രശ്നമാണ്. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണത്. രാജനും അമ്പിളിയും അവർക്കുവേണ്ടിയാണ് തീപ്പന്തമായി മാറിയത്. കോടതിവിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാറും പൊലീസ് സംവിധാനവും ഒരുപോലെയല്ല പ്രവർത്തിക്കാറ്. ഉദാഹരണമായി അട്ടപ്പാടി ആദിവാസി ഭൂമി കൈയേറിയവരെ ഒഴിപ്പിച്ചു ഭൂമി തിരിച്ചുപിടിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും പൊലീസ് നടപ്പാക്കിയിട്ടില്ല. കാരണം, കൈയേറ്റക്കാർ ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്നതാണ്. ദുർബലർക്ക് എതിരായ കോടതിവിധി നടപ്പാക്കുന്നതിൽ പൊലീസ് കാണിക്കുന്ന ജാഗ്രത മറ്റു കേസുകളിൽ ഉണ്ടാവാറില്ല. അത് പൊലീസ് നെയ്യാറ്റിൻകരയിലും ആവർത്തിച്ചു. ഭൂരഹിതരായ കുടുംബത്തെ കുടിയിറക്കാൻ പൊലീസ് വിട്ടുവീഴ്ച കാണിച്ചില്ല. നിസ്സഹായരായ ആ കുടുംബത്തിൻെറ നിലവിളി പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങളും ചെവിക്കൊണ്ടില്ല. അതാണ് ആത്മഹത്യയിലേക്ക് രാജനെയും അമ്പിളിയെയും വലിച്ചെറിഞ്ഞതെന്ന കാര്യത്തിൽ സംശയമില്ല.
സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഏറ്റവും നിർണായകമായ സാമൂഹികമാറ്റമായിരുന്നു ഭൂപരിഷ്കരണം. ആ നിയമനിർമാണത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് ചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു. നിയമത്തിലൂടെ 28 ലക്ഷം കുടിയാന്മാർക്ക് ഉടമാവകാശവും 5.3 ലക്ഷം കുടികിടപ്പുകാർക്ക് കുടികിടപ്പവകാശവും കിട്ടിയെന്നാണ് കണക്ക്. നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്ന ജന്മിത്വത്തിൻെറ വേരറുക്കുന്ന സാമൂഹികമാറ്റത്തിനാണ് തിരികൊളുത്തിയത്. കേരളമോഡൽ വികസനം എന്ന് വിവക്ഷിക്കുന്ന വലിയ മാതൃക ഭൂപരിഷ്കരണത്തിൻെറ നേട്ടമായി വിലയിരുത്തി. എന്നാൽ, ഈ മാതൃക അനുദിനം ഭൂരഹിതരുടെ സംഖ്യ വർധിപ്പിക്കുകയാണ്. ഭരണകൂടം അതിന് പരിഹാരം ഉണ്ടാക്കണമെന്ന നിർദേശമാണ് വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമീഷൻ 2020 ഒക്ടോബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുന്നോട്ടുവെച്ചത്.
എന്നാൽ, ഇടതുപക്ഷ ബുദ്ധിജീവികളും ആസൂത്രണവിദഗ്ധന്മാരും ഇക്കാര്യം അംഗീകരിക്കാൻ തയാറല്ല. ഇതാണ് കേരളം ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി. ഭൂപരിഷ്കരണം നടപ്പാക്കുന്ന കാലത്തുതന്നെ മിച്ചഭൂമിയിൽ വലിയ പങ്കും ഭൂസ്വാമിമാർ തിരിമറി നടത്തി. നിയമം പാസാക്കിയ ശേഷവും ഇഷ്ടദാനനിയമം മുതൽ മിച്ചഭൂമി നിയമത്തിൽ വെള്ളം ചേർക്കുന്ന പല ഭേദഗതികളും പാസാക്കി പട്ടികവിഭാഗങ്ങൾക്കും മറ്റു ഭൂരഹിതർക്കും ലഭിക്കേണ്ട മിച്ചഭൂമി ഇല്ലാതാക്കിയെന്ന യാഥാർഥ്യം ഇടതുപക്ഷ ബുദ്ധിജീവികളും അംഗീകരിക്കുന്നുണ്ട്. എന്നാൽ, അതിൻെറ പൂർണ ഉത്തരവാദിത്തം യു.ഡി.എഫിൻെറയും കോൺഗ്രസിൻെറയും തലയിൽവെച്ച് യഥാർഥ പ്രശ്നത്തിൽനിന്ന് ഒളിച്ചോടുകയാണവർ.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിലെ ദലിത് ആദിവാസി പ്രസ്ഥാനങ്ങളും മറ്റു ഭൂരഹിതരും മണ്ണിൽ പണിയെടുക്കുന്നവർക്ക് കൃഷിഭൂമി വിതരണം ചെയ്യുന്നതിന് നിയമനിർമാണം നടത്തണമെന്ന ആവശ്യം ഉയർത്തിയിരുന്നു. ചെങ്ങറ, അരിപ്പ തുടങ്ങിയ ഭൂസമരങ്ങളോടെ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തോമസ് ഐസക്കിനെ പോലെയുള്ള ബുദ്ധിജീവികൾ ചൂണ്ടിക്കാണിച്ചത് ഇത്തരം വാദമുന്നയിക്കുന്നവർ ജനങ്ങളെ പറ്റിക്കുന്നുവെന്നാണ്. കേരളത്തിലെ ഭൂരഹിതരുടെ എണ്ണത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നത് കണക്കുകളാണെന്നും അദ്ദേഹം മറുപടി നൽകി. ഭൂരഹിതരുടെ സമരങ്ങൾ ഉയർന്നുവന്നപ്പോൾ വിതരണം ചെയ്യാൻ കേരളത്തിൽ ഭൂമി എവിടെ എന്നാണ് ഇടതുപക്ഷ ബുദ്ധിജീവികൾ ചോദിച്ച മറ്റൊരു ചോദ്യം.
ഇവർക്കുള്ള മികച്ച മറുപടിയായിരുന്നു റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻെറ റിപ്പോർട്ട്. 1947നു ശേഷം ഇതിന് സമാനമായൊരു റിപ്പോർട്ട് മറ്റൊരു കമീഷനും സർക്കാറിനു മുന്നിൽ െവച്ചിട്ടില്ല. റിപ്പോർട്ട് നടപ്പാക്കുന്നതിന് നിയമനിർമാണം നടത്തണമെന്ന് ജസ്റ്റിസ് എൽ. മനോഹരൻ സർക്കാറിന് നിർദേശം നൽകി. വിദേശ കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നിയമസഭയിൽ നിയമം പാസാക്കിയെടുക്കുക എൽ.ഡി.എഫിന് സാധ്യമാണ്. ഇത്തരമൊരു നിയമ നിർമാണത്തെ എതിർക്കാൻ യു.ഡി.എഫിന് രാഷ്ട്രീയമായി കഴിയില്ല. കാരണം, ഹാരിസൺസ് അനധികൃതമായി കൈവശംെവച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് സ്പെഷൽ ഗവൺമെൻറ് റീഡറായി അഡ്വ. സുശീലഭട്ടിനെ നിയോഗിച്ചത് യു.ഡി.എഫ് സർക്കാറാണ്. എം.ജി. രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയോഗിച്ച് കേരളത്തിലെ വിദേശ തോട്ടംഭൂമിയെ സംബന്ധിച്ച് അന്വേഷണം നടത്തിയത് യു.ഡി.എഫിെൻറ കാലത്താണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗങ്ങളിൽ ഭൂമി തിരിച്ചുപിടിക്കാനുള്ള ഗൗരവമുള്ള ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ, ഈ കഴിഞ്ഞ അഞ്ചു വർഷത്തെ മുഖ്യമന്ത്രി പിണറായി വിജയൻെറ ഭരണത്തിൽ ഇക്കാര്യത്തിൽ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോയ അഡ്വ. സുശീല ഭട്ടിനെ ഗവൺമെൻറ് പ്ലീഡർ സ്ഥാനത്തുനിന്നു നീക്കം ചെയ്തു. അതോടെ ഹൈകോടതിയിലെ കേസിെൻറ താളംതെറ്റി. അഡ്വക്കറ്റ് ജനറലിെൻറ ഓഫിസ് പേരിന് ആ കേസ് നടത്തി. നിയമനിർമാണത്തിലൂടെ ഭൂമി ഏറ്റെടുക്കണമെന്ന എം.ജി. രാജമാണിക്യത്തിൻെറ റിപ്പോർട്ടിലും കത്തുകളിലും നടപടിയുണ്ടായില്ല. സർക്കാർ ഇക്കാര്യത്തിൽ പതിനായിരക്കണക്കിന് ഏക്കർ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന തോട്ടം ഉടമകൾക്കൊപ്പമാണ്.
അതേസമയം, ഹാരിസൺസ് അടക്കമുള്ള വിദേശ തോട്ടം ഉടമകളെ സഹായിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചതായി സർക്കാർ ഫയലുകൾ വ്യക്തമാക്കുന്നു. വിദേശ തോട്ടമുടമകൾ അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി മുഖ്യമന്ത്രിക്കാണ് കത്തുകൾ നൽകിയത്. തോട്ടങ്ങളിലെ റബർ മരങ്ങൾ (റീ പ്ലാൻറ് ചെയ്യുന്നതിനായി) മുറിക്കുമ്പോൾ സർക്കാറിന് അടേണ്ട സീനിയറേജ് തുക(2500) പൂർണമായും ഇളവുനൽകാൻ തീരുമാനമെടുത്തത് മന്ത്രിസഭായോഗമാണ്. പൂർണമായും ഇളവുനൽകണമെന്ന് ഉന്നതതല സമിതിപോലും ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും മന്ത്രിസഭായോഗം വിദേശകമ്പനികളുടെ തോട്ടത്തിെൻറ ഉടമകൾക്കുവേണ്ടി ഇളവ് നൽകി.
ഭൂരാഹിത്യം പരിഹരിക്കണമെങ്കിൽ നിയമനിർമാണത്തിലൂടെ വിദേശകമ്പനികൾ നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന അഞ്ചു ലക്ഷത്തോളം ഏക്കർ ഭൂമി സർക്കാർ തിരിച്ചെടുക്കണം. അതിൽ വാസയോഗ്യമായ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണം. ഇച്ഛാശക്തിയുള്ള സർക്കാറിനു മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ. അത് നടപ്പാക്കിയില്ലെങ്കിൽ നെയ്യാറ്റിൻകരയിലെ ആത്മഹത്യകൾ ആവർത്തിക്കും. സംഭവത്തിൽ പൊലീസിൻെറ പിഴവും കോടതി വ്യവഹാരത്തിലെ സാങ്കേതികത്വവും ചൂണ്ടിക്കാണിക്കുന്നവർ കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നമാണ് മൂടിവെക്കുന്നത്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വ്യവഹാരമല്ല ഇവിടെ വിഷയം. ഭൂരഹിതരായി പുറമ്പോക്കുകളിൽ അഭയം തേടുന്ന കുടുംബങ്ങളുടെ പ്രശ്നം സർക്കാറിൻെറ പരിഗണനയിലില്ല. അവരെ ഭൂരഹിതരാക്കി മാറ്റുന്നത് സർക്കാറിെൻറ നെറികെട്ട സമീപനവും പിഴച്ച ഭൂനയവുമാണ്.
മാതാപിതാക്കളുടെ മൃതദേഹം കുഴിച്ചിടാൻ മൺവെട്ടിയുമായി നിൽക്കുന്ന മകൻ ചൂണ്ടുന്ന വിരൽ ഭരണകൂടത്തിനുനേരെയാണ്. ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നവർക്കെതിരെയാണ് ആ കുട്ടികൾ വിരൽചൂണ്ടുന്നത്. അത് കേരളമോഡൽ എന്ന് കൊട്ടിഘോഷിക്കുന്ന വികസനമാതൃകക്കെതിരെയാണ്. ഭൂപരിഷ്കരണ നിയമം പാസാക്കിയതിൻെറ അമ്പതാം വാർഷികം സി.പി.ഐ ആഘോഷിക്കുമ്പോഴാണ് നെയ്യാറ്റിൻകരയിൽ ആത്മഹത്യ നടന്നത്. ഭൂരഹിത സമൂഹങ്ങളിൽനിന്നുണ്ടാകുന്ന ആത്മഹത്യകൾ ഭരണകൂട കൊലപാതകങ്ങളാണ്. ജനിച്ച മണ്ണിൽ ജീവിക്കാനുഉള്ള അവകാശം നഷ്ടപ്പെടുമ്പോൾ കുടുംബങ്ങളും വ്യക്തികളും നടത്തുന്ന പ്രതിരോധസമരങ്ങളാണിത്. കോടതി ഉത്തരവുമായി എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു തിരിച്ചയച്ച ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. അവർ ഭൂരഹിതരുടെ പക്ഷത്തുനിന്ന കാലത്ത് കുടിയിറക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ, ഇന്നവർ ഭരണകൂടത്തിൻെറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.