നാക്കു‘പിഴ’
text_fields
നിതിൻ ഗഡ്കരിയുടെ ആ നന്മ മനസ്സുണ്ടല്ലോ, ഇനിയും നാം അതു കാണാതെ പോകരുത്. ശുദ്ധ വ ർഗീയവാദി, കച്ചവട രാഷ്ട്രീയക്കാരൻ, ആർ.എസ്.എസിെൻറ മാനസപുത്രൻ തുടങ്ങിയ വിശേഷ ണങ്ങൾ പ്രതിപക്ഷവും അവരുടെ കൂലിയെഴുത്തുകാരും ഇനിയെങ്കിലും അവധിവെക്കണം. കാര്യമൊ ക്കെ ശരിയാണ്. ഗുജറാത്ത് കലാപകാലത്തും അതിനുശേഷവും മോദിപക്ഷത്ത് നിലയുറപ്പിച്ച യാളാണ്. അതിന് തക്ക കാരണവുമുണ്ടായിരുന്നു. അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ന്യൂനപക്ഷങ്ങൾ അവിടെ ആക്രമിക്കപ്പെട്ടുവെങ്കിൽ കണക്കായിപോയി; ഗുജറാത്തിൽ മാത്രമല്ലല്ലോ, യു.പിയിലും ഇതൊക്കെ സംഭവിച്ചതല്ലേ. പിന്നെയെന്തിന് മോദിക്കുനേരെ മാത്രം വിരൽ ചൂണ്ടണം. ഈ ന്യായമൊക്കെ കേട്ട് സാക്ഷാൽ വാജ്പേയി പോലും ഒരു നിമിഷം വായ്പൊത്തി എന്നാണ് കഥ. അതെന്തെങ്കിലുമാകട്ടെ. നരോദയിലും ഹിമത്നഗറിയും മെഹ്സാനയിലുമൊക്കെ ജീവൻ നഷ്ടപ്പെട്ട ന്യൂനപക്ഷങ്ങളെപ്പോലെയല്ല, രാജ്യത്തെ പൊതുനിരത്തുകളിലുണ്ടാകുന്ന ജീവാപായങ്ങൾ. അങ്ങനെയൊന്ന് കണ്ടാൽ മനസ്സ് പിടയും. അങ്ങനെ ജീവൻപൊലിഞ്ഞവരുടെ കണക്കുകൾ പാർലമെൻറിൽ അവതരിപ്പിക്കുേമ്പാൾ ഇത്തിരി കണ്ണീർ പൊഴിക്കാനും പിശുക്ക് കാണിക്കില്ല. തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരേക്കാൾ കൂടുതലാണല്ലോ റോഡപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം. അതിനാൽ, ആൾക്കൂട്ടാക്രമണങ്ങളിലും ഗോഗുണ്ടകളുടെ മർദനത്തിലും ആളുകളെത്ര മരിച്ചാലും ശരി, പൊതുനിരത്തുകളിൽ ഒരാൾപോലും അപകടത്തിൽപെടരുത്. ഇതിനൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന നിയമത്തിൽ അൽപസ്വൽപം മാറ്റങ്ങളൊക്കെ വരുത്തി പിഴയിനത്തിൽ ചെറിയൊരു വർധന വരുത്തുക. അപ്പോൾ പിഴ പേടിച്ച് ആളുകൾ റോഡിലെങ്കിലും നല്ലപിള്ളയാകും. പക്ഷേ, സംഗതി കാര്യത്തോടടുത്തപ്പോഴാണ് കളിമാറിയത്. സ്വന്തം പാർട്ടിക്കാർക്കുപോലും വേണ്ട ഈ ബില്ല്. പാർട്ടി മുഖ്യമന്ത്രിമാർ പോലും ഓഫിസിൽ വിളിച്ച് തെറി പറയുകയാണത്രേ. ആളുകളുടെ ജീവനേക്കാൾ ഇക്കൂട്ടർ വില കൽപിച്ചിരിക്കുന്നത് ആർ.ബി.ഐ നോട്ടുകൾക്കാണെന്ന് പാവം ഗഡ്കരി അറിയാെത പോയി.
ആദ്യമായൊന്നുമല്ല ഇതുപോലുള്ള പടുകുഴികളിൽ വന്നുചാടുന്നത്. പണ്ടും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെ ചില്ലറ പ്രസ്താവനകളുടെ പേരിലായിരുന്നു. ഇടംവലം നോക്കാതെ എന്തെങ്കിലുമൊക്കെ പറയും. പിന്നെ അത് തിരുത്തിപ്പറയാനുള്ള യജ്ഞമാകും. അങ്ങനെ എത്രയോ നാക്കുപിഴകളെ അതിജയിച്ചാണ് ഗതാതഗ നിയമലംഘനത്തിന് പിഴ ചുമത്താനുള്ള അധികാരസ്ഥാനത്തുവരെ എത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗഡ്കരി നാക്കുപിഴയുടെ മാലപ്പടക്കംതന്നെ പൊട്ടിച്ചു. ‘‘കുടുംബം പോറ്റാൻ കഴിയാത്തവർക്ക് നാടുനന്നാക്കാനാകില്ല’’ എന്നായിരുന്നു അതിലൊന്ന്. നാഗ്പൂരിൽ എ.ബി.വി.പിയുടെ പരിപാടിയിൽ നടത്തിയ ഈ പ്രസംഗശകലം ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഗഡ്കരി ഉന്നംവെച്ചത് മോദിയെ എന്ന് മാധ്യമങ്ങളും പറഞ്ഞുനടന്നു. ഒടുവിൽ, ഗഡ്കരി പ്രസ്താവന തിരുത്തി. തിരുത്ത് വന്ന് ഒരാഴ്ച തികഞ്ഞില്ല, ദേ വരുന്നു, അടുത്തത്. ‘‘ഞാൻ ജാതിയിൽ വിശ്വസിക്കുന്നില്ല, അതിനാൽ ആരെങ്കിലും ജാതിയെക്കുറിച്ച് പറഞ്ഞാൽ അടികൊള്ളും.’’ ഹനുമാെൻറ ജാതിയേതെന്ന തർക്കം പാർട്ടിയിൽ െകാടുമ്പിരികൊള്ളുേമ്പാഴാണ് ഈ മഹദ്വചനം. അത് പാർട്ടിയിൽ മറ്റൊരു ജാതികലഹത്തിന് തിരികൊളുത്തി. വാഗ്ദാനങ്ങൾ പാലിക്കാത്ത നേതാക്കളെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നായിരുന്നു മോദിയെ ലക്ഷ്യംവെച്ചുള്ള അടുത്ത അടി. പക്ഷേ, ഇതുകൊണ്ടൊന്നും ഗഡ്കരി മോദിക്ക് പകരക്കാരനായില്ല. മോദിയുടെ കീഴിൽ ഒരു കാബിനറ്റ് മന്ത്രിയുടെ റോളിൽ കഴിഞ്ഞുകൂടാനാണ് യോഗം. പക്ഷേ, ഗുജറാത്തിലെന്ന പോലെ പാർട്ടി-ഭരണ നയങ്ങളിൽ മോദിക്ക് പൂർണ പിന്തുണയാണ്. നാഗ്പൂരിൽനിന്നുള്ള ഇറക്കുമതിയുടെ ഗുണമെന്നു പറഞ്ഞാൽ മതി. അടുത്തകാലത്ത്, കേന്ദ്രസർക്കാറിെൻറ ശാസ്ത്രനയം പൂർണാർഥത്തിൽ പിന്തുടരുന്ന കർഷകൻകൂടിയാണ്. തെൻറ അടുക്കളത്തോട്ടത്തിലെ അനുഭവം പറയുന്നതു കേൾക്കുക: ‘‘മൂത്രമൊഴിക്കുന്നത് ഒരു പ്ലാസ്റ്റിക് കന്നാസിൽ സൂക്ഷിച്ചുവെച്ചു. 50 ലിറ്ററായപ്പോൾ തോട്ടക്കാരനെ വിളിച്ച് കുറേ പച്ചക്കറികളുടെ ചുവട്ടിലൊഴിക്കാൻ പറഞ്ഞു. എന്തൊരു മാറ്റം! മറ്റു പച്ചക്കറികളേക്കാൾ ഒന്നര ഇരട്ടി വലുപ്പത്തിൽ വിളഞ്ഞു.’’ ഈ പച്ചക്കറി വിളകളിൽ കുറച്ച്, രാഷ്ട്രീയാഭിപ്രായം മാറ്റിവെച്ച് സോണിയക്ക് സമർപ്പിച്ചുവെന്നും ശേഷം പറയുന്നുണ്ട്.
1976ൽ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. രണ്ട് വർഷത്തിനുശേഷം വിദർഭ മേഖലയുടെ സെക്രട്ടറി. അതുകഴിഞ്ഞ് യുവമോർച്ചയുടെ നേതൃത്വത്തിൽ 10 വർഷം. 90ൽ ആദ്യമായി മഹാരാഷ്ട്ര ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2013 വരെയും അവിടെ സംഘ്പരിവാറിെൻറ ശബ്ദമായി. 95-99 കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2004ൽ ബി.ജെ.പിയുടെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻറ്. 2009ൽ ജനഹിതം മൻമോഹന് രണ്ടാമൂഴം സമ്മാനിച്ചപ്പോഴാണ് ദേശീയ നേതൃപദവിയിലെത്തുന്നത്. രാജ്നാഥ് സിങ്ങിനെ മാറ്റിയാണ് നിർണായക പരീക്ഷണത്തിന് സംഘ്രാഷ്ട്രീയം ഒരുങ്ങിയത്. അവിടുന്നങ്ങോട്ട് ഹിന്ദുത്വ രാഷ്ട്രീയം തീവ്രത കൈവരിക്കുകയായിരുന്നു. 2014ൽ, മോദിയുടെ അധികാര പ്രവേശനത്തിനുള്ള മണ്ണൊരുക്കം ആരംഭിക്കുന്നത് ഇവിടം മുതലാണ്. പക്ഷേ, തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് ദേശീയ അധ്യക്ഷസ്ഥാനം അമിത് ഷാക്ക് കൈമാറി, പാർലമെൻററി രാഷ്ട്രീയത്തിലേക്ക് ഗഡ്കരി കച്ചമുറുക്കി. രണ്ടു തവണ മത്സരിച്ചതും നാഗ്പൂരിൽനിന്നാണ്. ആദ്യമൂഴത്തിൽ ഗതാഗത വകുപ്പാണ് കിട്ടിയത്. കുറച്ചുകഴിഞ്ഞപ്പോൾ ജലവിഭവ വകുപ്പും ഗംഗ ശുചീകരണ വകുപ്പും നൽകി. 2019ലും ഗതാഗത വകുപ്പിെൻറ അമരത്താണ് മോദി-അമിത് ഷാ സഖ്യം പ്രതിഷ്ഠിച്ചത്. അവിടെയിരുന്ന് സ്വന്തമായൊരു മേൽവിലാസമുണ്ടാക്കാനുള്ള ശ്രമമാണ് പാളയത്തിലെ പടയിൽ കലാശിച്ചിരിക്കുന്നത്. അൽപം നീക്കുപോക്കുകളോടെ തൽക്കാലം മാനം രക്ഷിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
1957 മേയ് 27ന് നാഗ്പൂരിൽ ഒരു മറാത്തി കുടുംബത്തിൽ ജനനം. ജയ്റാം ഗഡ്കരിയുടെയും ഭാനുതായിയുടെയും മകൻ. കോമേഴ്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. നാഗ്പൂർ സർവകലാശാലയിൽനിന്ന് നിയമബിരുദവും പാസായിട്ടുണ്ട്. ഇതിനുപുറെമ, ബിസിനസ് മാനേജ്മെൻറിൽ ഡിപ്ലോമയുമുണ്ട്. സ്വന്തമായുള്ള ബിസിനസ് സാമ്രാജ്യവും അതിനൊപ്പം കെട്ടിപ്പൊക്കിയ രാഷ്ട്രീയ ജീവിതവും ഒന്നിച്ചുകൊണ്ടുപോകാൻ ഇതിലും മികച്ചൊരു വിദ്യാഭ്യാസ ചേരുവയുണ്ടോ? അതുകൊണ്ടുതന്നെ ഈ മിഥുനരാശിക്കാരന് വെച്ചടി കയറ്റമാണ്. പോളിസാക്ക് ഇൻഡസ്ട്രിയൽ സൊസൈറ്റി, നിഖിൽ ഫർണിച്ചർ ആൻഡ് അപ്ലയൻസസ്, പൂർത്തി പവർ ആൻഡ് ഷുഗർ ലിമിറ്റഡ് തുടങ്ങിയ ഭീമൻ വ്യവസായ സ്ഥാപനങ്ങളുടെ അധിപനാണ്. പക്ഷേ, ആദായ നികുതി രേഖകളിലെല്ലാം തൊഴിൽ കൃഷിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഏതായാലും ഈ ‘കൃഷിപ്പണി’കളുടെ പുരോഗതിക്കുവേണ്ടി മന്ത്രാലയം കാര്യമായി വിയർപ്പൊഴുക്കുന്നുണ്ടെന്നാണ് സംസാരം. അത് അന്വേഷിക്കണമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ ആരും ചെവികൊടുത്തില്ല. പണ്ട്, ഇദ്ദേഹത്തിെൻറ കാറിൽനിന്ന് വേലക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽപോലും അന്വേഷണം നടന്നിട്ടില്ല. പിന്നെയാണോ ഇത്. ഔദ്യോഗിക തിരക്കുകൾക്കിടയിലും ഭാര്യയുടെയും മൂന്ന് മക്കളുടെയും കാര്യങ്ങൾ നോക്കാൻ മറക്കാറില്ല. സ്വന്തം മകളുടെ വിവാഹത്തിന് അതിഥികൾക്കായി 50 വിമാനമാണ് ചാർട്ടർ ചെയ്തത്. അതാണ് കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള പ്രതിബദ്ധത. ആ മനുഷ്യനെയാണിപ്പോൾ വളഞ്ഞിട്ടുതല്ലുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.