അയൽവീട്ടിലെ മക്കൾക്ക് പഠിക്കാൻ കഴിയുന്നുണ്ടോ?
text_fieldsകോവിഡിെൻറ പേരിൽ ദേശീയതലത്തിലും സംസ്ഥാന, പ്രാദേശിക തലങ്ങളിലും നിലവിൽവന്ന ലോക്ഡൗണുകളുടെ ഫലമായി നഴ്സറി സ്കൂളുകൾ മുതൽ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ വരെ അടച്ചിടപ്പെട്ടു. ഓൺലൈൻ ക്ലാസുകൾ വഴിയാണ് ഈ കടുത്ത പ്രതിസന്ധിയെ മറികടക്കാൻ നാം ശ്രമിക്കുന്നത്. നമ്മുടെ വീടുകളിലെ കുട്ടികൾ രാവിലെ മൊബൈൽ ഫോണും ടാബ്ലറ്റുകളും ലാപ്ടോപ്പുകളും തുറന്നുവെച്ചും വിക്ടേഴ്സ് ചാനൽ നോക്കിയും പഠനത്തിലേർപ്പെടുന്നത് കാണുന്നുണ്ടാവാം. ഓൺലൈൻ പഠനനടത്തിപ്പിെൻറ സവിശേഷതകളെക്കുറിച്ച് പ്രധാനമന്ത്രി മുതൽപേരുടെ വലിയ അവകാശവാദങ്ങളും സ്ഥിരമായി നാം കേൾക്കുന്നുണ്ട്. ഇവ രണ്ടും അടിസ്ഥാനപ്പെടുത്തി സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും രാജ്യത്ത് കുട്ടികൾക്കെല്ലാം പഠനം മുടക്കമില്ലാതെ തുടരാനാവുന്നുണ്ട് എന്ന നിഗമനത്തിൽ എത്താനാകുമോ? ഇല്ലെന്ന് മാത്രമല്ല, അതിഗുരുതരമാം വിധത്തിൽ വിദ്യാഭ്യാസ വൃത്തത്തിൽനിന്ന് അകറ്റപ്പെട്ടിരിക്കുകയാണ് രാജ്യത്തെ കുട്ടികൾ. അത് കുട്ടികളിലും രക്ഷിതാക്കളിലും കുടുംബങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന ആഘാതവും ഞെട്ടിപ്പിക്കുന്നതാണ്.
ഒന്നരവർഷം പിന്നിട്ട സ്കൂളടപ്പിെൻറ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്നായി രക്ഷകർത്താക്കൾ കാണുന്നത് കുഞ്ഞുങ്ങളുടെ വായനശീലം അതിവേഗം നഷ്ടപ്പെടുന്നതാണ്. ക്ലാസുകളെല്ലാം പഴയതുപോലെ പ്രവർത്തനം പുനരാരംഭിക്കണമെന്നുതന്നെയാണ് രക്ഷകർത്താക്കളും വിദ്യാർഥികളും ആഗ്രഹിക്കുന്നതെന്ന് ഇതുസംബന്ധിച്ച ദേശീയ സർവേഫലങ്ങൾ വെളിവാക്കുന്നു. ഓൺലൈൻ പഠനസൗകര്യങ്ങളുടെ അപര്യാപ്തതയും അഭാവവുംമൂലം വിവിധ സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങൾ വൻതോതിൽ മാനസിക പ്രയാസത്തിൽ അകപ്പെട്ടിട്ടുള്ളതായും സർവേ കണ്ടെത്തി. ഗ്രാമീണമേഖലകളിൽ പാർശ്വവത്കൃത സമൂഹത്തിലെ 48 ശതമാനത്തിലേറെ കുട്ടികൾക്ക് ചുരുക്കംചില വാക്കുകൾ മാത്രമാണ് വായിക്കാൻ കഴിയുന്നത്. നഗരമേഖലയിൽപോലും ഇത് 42 ശതമാനത്തോളമേ വരുന്നുള്ളൂ.
15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 'സ്കൂൾ ചിൽഡ്രൻസ് ഓൺലൈൻ ആൻഡ് ഓഫ്ലൈൻ ലേണിങ്' (സ്കൂൾ) എന്നപേരിൽ ഇവ്വിധമൊരു അവലോകനം നടന്നത് 2021 ആഗസ്റ്റ് 15നായിരുന്നു. സർവേ സ്വാഭാവികമായും ശ്രദ്ധ കേന്ദ്രീകരിച്ചത്, പൊതുസമൂഹത്തിൽനിന്ന് പുറംതള്ളപ്പെട്ട വാസസ്ഥലങ്ങളിലും ചേരികളിലും കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ട കുട്ടികളിലായിരുന്നു. അവരെല്ലാം ആശ്രയിക്കുക പൊതുവിൽ സർക്കാർ പള്ളിക്കൂടങ്ങളെ ആയിരിക്കുമല്ലോ. ഇത്തരത്തിൽ അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ പകുതിയിലേറെ ഡൽഹി, ഝാർഖണ്ഡ്, മഹാരാഷ്ട്ര, യു.പി എന്നീ നാലു സംസ്ഥാനങ്ങളിലേതുമായിരുന്നു. 2021 സെപ്റ്റംബർ ഒന്നു മുതൽ 15 സംസ്ഥാനങ്ങളെങ്കിലും നടന്നത് പരിമിതമായ തോതിൽ ഏതാനും ചില ബാച്ചുകളിൽ ഒതുക്കിനിർത്തിക്കൊണ്ടുള്ള ഓൺലൈൻ ക്ലാസുകളായിരുന്നു. അതേ അവസരത്തിൽതന്നെ ഇത്തരമൊരു പരീക്ഷണത്തിന് കോവിഡിെൻറ മൂന്നാം തരംഗത്തിെൻറ സാധ്യതയെ ഭയന്ന രക്ഷകർത്താക്കളിൽനിന്ന് ശക്തമായ എതിർപ്പും അഭിമുഖീകരിക്കേണ്ടിവരുകയുണ്ടായി. അങ്ങനെ നിരവധി ക്ലാസുകൾ നിർത്തിവെക്കുകയും ചെയ്തു.
കഴിഞ്ഞമാസം ഏതാനും ധനശാസ്ത്രകാരന്മാർ നടത്തിയ സർവേ വെളിവാക്കിയത് ഗ്രാമീണമേഖലയിൽ വെറും എട്ടു ശതമാനം കുട്ടികൾ മാത്രമാണ് റെഗുലർ ക്ലാസുകളിൽ പഠനം നടത്തിയിരുന്നതെങ്കിൽ 37 ശതമാനം പേർക്ക് ഒരുവിധ പഠനവും ലഭിക്കുന്നില്ലെന്നാണ്.
മഹാമാരിയുടെ മൂന്നാം തരംഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ.ഐ.ഐ.എം.എസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും മറ്റും ആവർത്തിച്ച് വ്യക്തമാക്കിയശേഷവും സ്ഥിതിഗതി മാറ്റമില്ലാതെതന്നെ തുടരുകയാണ്. ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഇന്ത്യയടക്കം ഏതാനും ചില രാജ്യങ്ങളിൽ മാത്രമാണ് സ്കൂളുകൾ തുറന്ന് പ്രവർത്തനം നടത്താതിരിക്കുന്നത്. മുഴുവൻ സ്കൂളുകളും ഒറ്റയടിക്ക് തുറക്കണമെന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഏതാനും ബാച്ചുകൾ തിരിച്ച് നേരിട്ടുള്ള ക്ലാസ്റൂം അധ്യാപനമാകാം -ഇതാണ് സർവേ സംഘാടകരിലൊരാളും മുൻ യു.പി.എ സർക്കാറിെൻറ ദേശീയ ഉപദേശകസമിതി അംഗവുമായ പ്രമുഖ ധനശാസ്ത്രജ്ഞൻ ഴാങ് ദ്രസിെൻറ വിദഗ്ധാഭിപ്രായം.
ഇത്തരമൊരു മാറ്റം അടിയന്തരവും അനിവാര്യവുമാക്കുന്നത് ഓൺലൈൻ ക്ലാസുകൾ നേരിടുന്ന ഗുരുതര പരിമിതികളാണ്. ഇത്തരം ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കുന്നവർ നഗരമേഖലയിൽതന്നെ 24 ശതമാനം മാത്രമാണ്. ഗ്രാമീണമേഖലയിൽ വെറും എട്ടു ശതമാനവും ഡോ. ഴാങ് ദ്രസ് പറയുന്നത്, ഈ അവസ്ഥാവിശേഷത്തിനിടയാക്കിയ പ്രധാന കാരണം കുടുംബങ്ങൾ നേരിടുന്ന സ്മാർട്ട് ഫോൺ ദൗർലഭ്യമാണ്. പകുതിയോളം ഗ്രാമീണമേഖലയിലെ അനുഭവം ഇതാണ്. സ്മാർട്ട് ഫോണുകൾ കൈവശമുള്ള കുടുംബങ്ങളിലും അവ ലഭ്യമാകുകയും കൃത്യമായി പ്രയോജനപ്പെടുകയും ചെയ്യുന്നത് നഗരമേഖലയിൽതന്നെ 31 ശതമാനം കുട്ടികൾക്കും ഗ്രാമീണമേഖലയിൽ വെറും 15 ശതമാനം കുട്ടികൾക്കുമാണത്രെ! ഇതിനുള്ള പ്രധാന കാരണം കുടുംബങ്ങൾക്കായി നൽകപ്പെടുന്ന സ്മാർട്ട് ഫോണുകളിലേറെയും കൈവശപ്പെടുത്തി ഉപയോഗിച്ചുവരുന്നത് മുതിർന്ന അംഗങ്ങളാണെന്നതുതന്നെ. സ്വന്തമായി സ്മാർട്ട് ഫോണുകളുള്ളതോ? വെറും ഒമ്പത് ശതമാനം കുട്ടികൾക്കുമാത്രവും. ഇതിനുപുറമെ മോശം കണക്ടിവിറ്റി-സമ്പർക്ക സൗകര്യം- മറ്റൊരു പ്രധാന പ്രശ്നമാണ്.
ഇവിടംകൊണ്ടും തീരുന്നില്ല. ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളിലെ പഠിതാക്കൾക്ക് സ്കൂളുകളിൽനിന്ന് കൃത്യമായ പഠനോപാധികൾ കിട്ടാത്തതും ഒരു പ്രതിബന്ധമാണ്. കേരളത്തിൽപോലും ആറു ലക്ഷത്തോളം കുടുംബങ്ങൾക്ക് സ്മാർട്ട് ഫോൺ സൗകര്യം ലഭ്യമല്ല എന്നുമാത്രമല്ല, ട്രൈബൽ മേഖലയിൽ കണക്ടിവിറ്റിയും വലിയ പ്രശ്നമാണ്. തീരെ പ്രായംകുറഞ്ഞ കുട്ടികളാണെങ്കിൽ, ഓൺലൈൻ പഠനത്തെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതിനാൽ, പഠനത്തിൽ ശ്രദ്ധചെലുത്താൻ കഴിയാത്ത അവസ്ഥയിലകപ്പെടുകയുമാണ്.
നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും പഠനം നടക്കുന്നുണ്ടെങ്കിൽ, വിശിഷ്യാ നഗരമേഖലകളിൽ അത് സ്വകാര്യ ട്യൂഷൻ വഴിയാണ്. ചിലപ്പോൾ ഈ പ്രക്രിയയിൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സഹായവും കൂടി ഒരളവോളം ഉണ്ടാകാം. സർവേയിലൂടെ വെളിപ്പെട്ട മറ്റൊരു പ്രധാനകാര്യം 26 ശതമാനം കുടുംബങ്ങളും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും സർക്കാർ സ്കൂളുകളിലേക്ക് കുട്ടികളുടെ പഠനം മാറ്റാൻ നിർബന്ധിതമായിരിക്കുന്നു എന്നും, ഇതിനുള്ള കാരണം വർധിച്ചുവരുന്ന പഠനാവശ്യങ്ങളുടെ ചെലവുമാണെന്നുമാണ്. കേരളത്തിലാണെങ്കിൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി അധികാരത്തിലെത്തുന്ന ഭരണകർത്താക്കൾ മുന്നണിഭേദമില്ലാതെ പൊതുവിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകിവരുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. തന്മൂലം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടുതൽ വിദ്യാർഥികൾ വന്നെത്തുന്നതായും അനുഭവപ്പെടുന്നുണ്ട്.
അവരുടെ പഠനത്തിന് നൽകിയ പണമെവിടെ?
കേരളസർക്കാറിന് കീഴിൽ പ്രവർത്തനം നടത്തിവരുന്ന സാക്ഷരതാ മിഷെൻറ മേൽനോട്ടത്തിലും ചുമതലയിലുമാണ് സാക്ഷരത മുതൽ ഹയർസെക്കൻഡറി വരെയുള്ള പഠനപ്രക്രിയ നടന്നുവരുന്നത്. കോഴ്സ് നടത്തിപ്പിെൻറ ഉത്തരവാദിത്തവും സ്വാഭാവികമായും സാക്ഷരതാ മിഷനുതന്നെയായിരിക്കുമല്ലോ. ഈ സ്ഥാപനത്തിന് ഒരു ഡയറക്ടറും അനുബന്ധ ഓഫിസും ജീവനക്കാരും മറ്റു സൗകര്യങ്ങളുമുണ്ട്. എന്നാൽ, വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണങ്ങളിൽ അറിയാൻ കഴിഞ്ഞത് 2016നുശേഷം സാക്ഷരത, നാല്, ഏഴ്, 10, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത പഠിതാക്കളുടെ വിവരങ്ങളും മറ്റു ബന്ധപ്പെട്ട വിശദാംശങ്ങളും ശേഖരിച്ചിട്ടില്ലെന്നും അവ ലഭ്യമാക്കാനാവില്ലെന്നും ആയിരുന്നു. ഇതിനിടെ വിവിധ പദ്ധതികളുടെ നടത്തിപ്പിലേക്ക് നിരവധി വകുപ്പുകളിൽനിന്ന് ലഭ്യമായ കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായം വിനിയോഗിക്കപ്പെട്ടതുമായി ആരോപണങ്ങൾ ഉയർന്നുവരുകയും ചെയ്തിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ, ഗുണഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന സ്ഥിതിവിശേഷം ഒട്ടുംതന്നെ നിസ്സാരമായി കാണരുത്.
സാക്ഷരതാമിഷെൻറ പ്രവർത്തനങ്ങൾ വെളിവാക്കുന്ന പിഴവുകൾ, കൂടുതൽ ആശങ്ക ഉളവാക്കുന്നത് മറ്റൊരു പശ്ചാത്തലത്തിൽ കൂടിയാണ്. 2016നുശേഷം സാക്ഷരതാമിഷന് ലഭ്യമായ 40 കോടി രൂപയോളം രൂപയുടെ േസ്രാതസ്സുകൾ പരിഗണിക്കുേമ്പാളാണ്. പട്ടികജാതി-വർഗ ക്ഷേമം, സാമൂഹികനീതി, നിയമവകുപ്പ്, ഫിഷറീസ്-പുരാവസ്തു വകുപ്പുകൾ തുടങ്ങിയവയിൽനിന്നാണ് ഇത്രയും വലിയൊരു തുക ലഭ്യമായത്.
സ്വാഭാവികമായും ഈ തുകയുടെ ഗുണഭോക്താക്കളുടെ തരംതിരിച്ചുള്ള -എസ്.സി-എസ്.ടി, സ്ത്രീപുരുഷ; ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾ- വിവരങ്ങളും കണക്കുകളും ലഭ്യമാക്കാനുള്ള ബാധ്യത മിഷൻ അധികൃതർക്കുണ്ട്. മിഷൻ ഡയറക്ടർ അടക്കമുള്ള അധികൃതർ സാമ്പത്തിക ക്രമക്കേടുകൾ നടത്തി എന്ന ആരോപണമുയരുേമ്പാൾ അതിെൻറ നിജസ്ഥിതി വ്യക്തമാക്കാൻ സർക്കാർ സന്നദ്ധമാവണം. വിദ്യാഭ്യാസ വികസനം ലക്ഷ്യംവെച്ച് വകയിരുത്തപ്പെട്ട കോടിക്കണക്കിന് രൂപ വകമാറ്റപ്പെടുകയും ലക്ഷക്കണക്കിന് കുട്ടികളും പഠിതാക്കളും പഠനസൗകര്യങ്ങൾ ലഭ്യമല്ലാതെ പുറത്തുനിൽക്കുകയും ചെയ്യുന്നതിനേക്കാൾ വലിയ അനീതി മറ്റെന്തുണ്ട്?
(ധനതത്ത്വ ശാസ്ത്രജ്ഞനും മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പലുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.