മുഴങ്ങട്ടെ ജാതിക്കുമ്മി നാടാകെ
text_fieldsഅറബിക്കടലിെൻറ റാണിയെന്ന് പുകൾകേട്ട നമ്മുടെ പ്രിയനഗരത്തെ ഇന്നത്തെ ആധുനിക കൊച്ചിയാക്കി മാറ്റാൻ പണിപ്പെട്ട തദ്ദേശീയരായ സാംസ്കാരിക പോരാളികളുടെ മുൻനിരക്കാരനാണ് പണ്ഡിറ്റ് കെ. പി. കറുപ്പൻ (1885-1938). ഈ അതുല്യ വിപ്ലവകാരിയുടെ ജന്മദിനമാണ് മേയ് 24.
മണിപ്രവാള സാഹിത്യവും സവർണ ഭോഗസംസ്കാരവും തറപറ്റിച്ച കേരളഭാഷയേയും കവിതയേയും പുനരുദ്ധരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ക്രാന്തദർശികളായ എഴുത്തുകാരിൽ പ്രധാനിയാണിദ്ദേഹം. മൂലൂരിനു ശേഷം കടന്നു വന്ന ആദ്യകാല അവർണ കവി. ജാതിക്കുമ്മി, ബാലാകലേശം, ധ്രുവചരിതം, സൗദാമിനി, പഞ്ചവടി, ഉദ്യാനവിരുന്ന്, ഭാഷാനാടകം എന്നിവയാണ് മലയാളത്തെ എക്കാലത്തും പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിെൻറ വിശ്രുത രചനകൾ.
വള്ളുവരുടേയും പാക്കനാരുടേയും പാരമ്പര്യത്തിൽ നാണുഗുരുവിെൻറ ജാതിനിർണയവും ജാതിലക്ഷണവും അയ്യാവൈകുണ്ഠരുടെ അഖിലത്തിരട്ടും ഓർമിപ്പിക്കുന്ന രീതിയിൽ 1912 ലാണ് ജാതിക്കുമ്മി അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നത്. പക്ഷേ അതിനും വർഷങ്ങൾക്കു മുമ്പ് കറുപ്പൻ പുലയ മഹാജനസഭയുടേയും മറ്റും ആദ്യകാല യോഗങ്ങളിൽ 1909 മുതലേ പാടാറുണ്ടായിരുന്നു. ഇക്കാലത്തു തന്നെ ദലിതരുടെ കായൽ സമ്മേളനവും നഗരപ്രവേശനവും അദ്ദേഹം സാധ്യമാക്കി. ജാതിയേയും തീണ്ടലിനേയും വിമർശിക്കുന്ന മലയാളത്തിലെ തന്നെ ആദ്യ കാവ്യങ്ങളിലൊന്നാണിത്. പത്തു വർഷത്തോളം കഴിഞ്ഞാണ് ആശാെൻറ ദുരവസ്ഥ വരുന്നത്. മൂലൂരിെൻറ പദ്യത്തിലുള്ള ഗൗരവമേറിയ ജാതിവിമർശവും ഗുരുവിെൻറ ജാതിനിരാസം കലർന്ന ദാർശനിക രചനകളും മാത്രമാണ് അതിനു മുമ്പ് കേരളത്തിൽ വന്നിട്ടുള്ളത്.
മാത്രമല്ല തിരുവിതാംകൂറിൽ നാരായണഗുരുവിെൻറ മതേതര മാനവികതാ പ്രസ്ഥാനം സജീവമായ പരിഷ്കരണങ്ങൾ നടപ്പാക്കി വന്നപ്പോൾ കൊച്ചിയിൽ സമാനമായ ചലനങ്ങൾ ഉയർത്തിവിട്ടത് കേവലം ഇരുപതുപോലും തികയാത്ത കറുപ്പനായിരുന്നു. അരയരുടേയും ഈഴവരുടേയും വിവാഹവേളകളിലും മറ്റും പെണ്ണുങ്ങൾ പാടിയാടിയിരുന്ന ഒരു നാടോടി വഴക്കമായിരുന്ന കുമ്മിശീലുകളെ അദ്ദേഹം ഭാഷയിലെ പരിവർത്തനോർജം വഹിക്കുന്ന കാവ്യവാങ്മയരൂപമായി വികസിപ്പിക്കുകയും ചെയ്തു. അത് ബഹുജനമനസ്സുകളെ ആഴത്തിൽ സ്വാധീനിക്കുകയുമുണ്ടായി. അന്നു ദലിതരുടെ വീടുകളിൽ സന്ധ്യക്കു വിളക്കു തെളിച്ച് ജാതിക്കുമ്മി പാടുന്ന പതിവുണ്ടായിരുന്നതായി ടി.കെ.സി. വടുതല തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി ഒരു പുലയ യുവാവിനെ നാടകവേദിയിലേക്ക് പ്രക്ഷേപിക്കുന്നതായിരുന്നു 1919 ൽ കറുപ്പൻ രചിച്ചവതരിപ്പിച്ച ബാലാകലേശം. ഈ ഐതിഹാസിക രചനയെയാണ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ''വാലകലാശം, മീൻമണം, തണ്ടുചാണ്ടൽ'' തുടങ്ങിയ ജാതിക്ഷുദ്ര പദപ്രയോഗങ്ങളിലൂടെ അവമതിച്ചത്. വക്കം മൗലവിയുടെ പ്രസ് ദുരുപയോഗം ചെയ്ത് ജാതിക്കെറുവും വർണവിഷവും വമിപ്പിച്ച, ആ മാധ്യമ െനടുനായകനെയാണ് ഇന്ന് ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനകീയ ജനായത്ത സർക്കാറുകൾ പോലും അനുസ്മരിക്കുന്നതെന്നതാണ് ചരിത്രം മറക്കുന്ന ജനത എന്ന നിലയിൽ നമ്മുടെ സാംസ്കാരികമായ ദയനീയാവസ്ഥ. സഹോദരനാണ് നിയമസഭയിലും പത്രപ്രവർത്തനത്തിലും കറുപ്പൻമാഷിെൻറ പ്രാതിനിധ്യ പോരാട്ടങ്ങളെ ചരിത്രവത്കരിച്ചതും മുഖപ്രസംഗങ്ങളിലൂടെ രേഖപ്പെടുത്തിയതും.
അധികാര കുത്തകയുടെ ചരിത്രവർത്തമാനങ്ങൾ നാം പലപ്പോഴും മറക്കാൻ നിർബന്ധിതരാകുന്നു. കാസ്റ്റ് ഗേൾസ് പള്ളിക്കൂടത്തിൽ അധ്യാപകനായപ്പോൾ കീഴ്ജാതിക്കാരനായ ''ഒരു വാലെൻറ' കീഴിൽ തങ്ങളുടെ പെൺമക്കളെ പഠിപ്പിക്കേണ്ട എന്നു പറഞ്ഞ് പരാതി കൊടുത്ത് പ്രകടനം നടത്തിയ മലയാള കുലീനരുടെ ചരിത്രം എളുപ്പത്തിൽ മറക്കാവുന്നതാണോ. തൃശൂരും എറണാകുളത്തും പിന്നീട് സ്കൂളുകളിലും കോളജുകളിലും അധ്യാപകനായിരുന്നപ്പോഴും കൊച്ചി നിയമസഭാംഗമായിരുന്നപ്പോഴുമെല്ലാം കറുപ്പൻ നേരിട്ട ജാതിവരേണ്യതയുടെ സംസ്കാര, അധികാര കുത്തകവാദങ്ങൾ പലരീതിയിൽ ഇന്നും നമുക്കു ചുറ്റും ഉയരുന്നു. അടിസ്ഥാന ജനതയുടെ ജനായത്തപരമായ സാമൂഹിക പ്രാതിനിധ്യം തന്നെ സാമ്പത്തിക സങ്കുചിത സവർണ യുക്തികളിലൂടെ, സവർണ സംവരണത്തിലൂടെ അട്ടിമറിക്കപ്പെടുന്ന സന്ദർഭത്തിൽ ജാതിക്കുമ്മികൾ കേരളത്തിലെ ഓരോ കുടികളിലും തെരുവുകളിലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും മുഴങ്ങേണ്ടതുണ്ട്.
(കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.