'കോപ്പിയടി'ച്ച് പി.എസ്.സി; കുഴഞ്ഞുമറിഞ്ഞ് കെ.എ.എസ്
text_fieldsനാട്ടിലെ തൊഴിലന്വേഷകരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് പി.എസ്.സി (പബ്ലിക് സർവിസ് കമീഷൻ). കഷ്ടപ്പെട്ട് പഠിച്ചാൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരു തൊഴിൽ അതുവഴി കിട്ടുമെന്ന് അവർക്ക് ഉറപ്പുണ്ട്. എന്നാൽ, ഏറെനാളായി അവിടെ നിന്നുള്ള വാർത്തകൾ ഒട്ടും ശുഭകരമല്ല. ഒന്നാം റാങ്കുകാരെപ്പോലും ഒറ്റരാത്രികൊണ്ട് നൂറാം റാങ്കിലേക്ക് അട്ടിമറിക്കുന്ന മാഫിയ സംഘം അതിനുപിന്നിൽ സജീവമാണെന്ന് ഉദ്യോഗാർഥികൾ സംശയിക്കുന്നു. എണ്ണമറ്റ ക്രമക്കേടുകളിലൂടെ വിശ്വാസ്യത കളഞ്ഞുകുളിച്ച തൊഴിൽദാതാവിെൻറ ആസ്ഥാനത്തെ അന്തർനാടകങ്ങൾ അനാവരണം ചെയ്യുന്ന പരമ്പര - ഭാഗം മൂന്ന്
സര്‍ക്കാറിന്റെ നയപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും അവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) സംസ്ഥാന സർക്കാർ രൂപവത്കരിച്ചത്. കേരളത്തിന്റെ സ്വന്തം സിവിൽ സർവിസ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിെൻറ സുപ്രധാന ചുവടുവെപ്പുകൂടിയായിരുന്നു ഇത്. ഇന്ത്യൻ അഡ്മിനിട്രേറ്റിവ് സർവിസിന് തൊട്ടുതാഴെ സെക്കൻഡ് ഗസറ്റഡ് റാങ്ക് ഓഫിസർമാരാണ് കെ.എ.എസിലൂടെ നിയമിതരാകുന്നത്.
അതിനാൽതന്നെ, കെ.എ.എസിലൂടെ എത്തുന്നവര്‍ക്ക് എട്ടുവര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കുമ്പോൾ യു.പി.എസ്.സി മാനദണ്ഡപ്രകാരം ഐ.എ.എസ് ലഭിക്കുമെന്നത് ഉദ്യോഗാർഥികളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ ഇതിലേക്ക് ആകർഷിച്ചു. 2019ലെ കേരളപ്പിറവി ദിനത്തിലാണ് കെ.എ.എസ് വിജ്ഞാപനം പുറത്തിറക്കുന്നത്. എന്നാൽ, കെ.എ.എസിെൻറ ഓരോ ഘട്ടത്തിലും പി.എസ്.സിക്ക് പിഴച്ചു. സുതാര്യതയും വിശ്വാസ്യതയും പരീക്ഷയെഴുതിയവരെപ്പോലും ബോധ്യപ്പെടുത്താൻ അവർക്കായില്ല. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അഭിമുഖത്തോടടുക്കുമ്പോൾ നൂറുകണക്കിന് ഉദ്യോഗാർഥികളാണ് പരാതിക്കെട്ടുമായി നീതിതേടി കോടതികളെ സമീപിച്ചിരിക്കുന്നത്.
കോപ്പിയടിയിൽ ഒട്ടും മോശമല്ല
കെ.എ.എസ് പ്രാഥമിക പരീക്ഷയിലെ രണ്ടാം പേപ്പറിൽ 20ഓളം ചോദ്യങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ പരിശീലന കേന്ദ്രത്തിെൻറ ഗൈഡിൽ നിന്ന് അതേപടി പകർത്തിയാണ് കോപ്പിയടിയിൽ തങ്ങളും ഒട്ടും മോശമല്ലെന്ന് പി.എസ്.സി െതളിയിച്ചത്. വെള്ളയമ്പലത്തെ കേന്ദ്രം പുറത്തിറക്കിയ 'ഹാൻഡ് ബുക്ക് ഓൺ ഇക്കണോമിക്സ് ആൻഡ് കേരള ഹിസ്റ്ററി ഫോർ കെ.എ.എസ്' എന്ന പുസ്തകമാണ് രണ്ടാം പേപ്പറിലെ മിക്ക ചോദ്യങ്ങളും തയാറാക്കാൻ ചോദ്യകർത്താവ് അവലംബിച്ചത്. ഗൈഡിലെ പട്ടികകളും അതേപടി ചോദ്യമായി നൽകി.
ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളോ മറ്റു ബുക്ക്ലെറ്റുകളോ ആശ്രയിക്കരുതെന്നാണ് പി.എസ്.സി നിർേദശം. എന്നാൽ, ചോദ്യകർത്താക്കളിൽ നല്ലൊരു ശതമാനവും ഇതു പാലിക്കാറില്ലെന്ന് പി.എസ്.സി അംഗങ്ങൾ തന്നെ തുറന്നുപറയുന്നു. 2012ൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് ഒരു ഗൈഡിലെ 42 ചോദ്യങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി മറ്റൊന്ന് നടത്തിയാണ് അന്നത്തെ കമീഷൻ മാതൃക കാണിച്ചത്. എന്നാൽ, കെ.എ.എസിൽ അത്തരമൊരു നടപടി ഉണ്ടായില്ല. എന്തിനേറെ പി.എസ്.സിയുമായുള്ള ധാരണ / കരാർ തെറ്റിച്ച ചോദ്യകർത്താവിനെ മാറ്റിനിർത്താൻപോലും തയാറായില്ല. ഇടതുപക്ഷ അധ്യാപക സംഘടന നേതാവായിരുന്നു ഇദ്ദേഹം.
50 പൈസയുടെ ലാഭം നോക്കി; ഭാവി പന്താടി
ഒരു ഗുണനിലവാരവുമില്ലാത്ത ഒ.എം.ആർ ഷീറ്റുകളാണ് കെ.എ.എസിെൻറ പ്രാഥമിക പരീക്ഷക്ക് പി.എസ്.സി വിതരണം ചെയ്തത്. ഫലമോ 17,000ത്തോളം ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താനാകാതെ മെഷീൻ പുറംതള്ളി. പി.എസ്.സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉത്തരക്കടലാസുകൾ മെഷീന് പരിശോധിക്കാൻ കഴിയാതെ വന്നത്. സാധാരണഗതിയിൽ മെഷീൻ വാങ്ങിയ കമ്പനിയിൽനിന്നു തന്നെയാണ് ഒ.എം.ആർ ഷീറ്റുകൾ വാങ്ങാറുള്ളത്.
എന്നാൽ, 50 പൈസയുടെ ലാഭം നോക്കി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ നിന്നുവാങ്ങിയ ഷീറ്റുകളാണ് തലവേദനയായത്. കെ.എ.എസിന് പുറമെ മറ്റു പരീക്ഷയുടെ ഉത്തരക്കടലാസുകളും ഇത്തരത്തിൽ മെഷീൻ പുറംതള്ളിയതായി ചെയർമാൻ എം.കെ. സക്കീറിന് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. മെഷീനിന് മാർക്കിടാൻ കഴിയാത്ത പേപ്പറുകൾ പി.എസ്.സിയിലെ ജീവനക്കാരെ ഉപേയാഗിച്ചാണ് മൂല്യനിർണയം നടത്തിയത്. മൂല്യനിർണയം വൻ അട്ടിമറിക്ക് ഇടയാക്കുമെന്ന് അന്നുതന്നെ ആരോപണമുയർന്നിരുന്നു. മൂല്യനിർണയം നടക്കുന്ന വേളയിൽ തന്നെ ഉത്തരക്കടലാസുകൾ പരിശോധിക്കുന്നവരുടെ വിവരങ്ങൾ ഒരു ബി.ജെ.പി നേതാവ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതും മൂല്യനിർണയത്തിലെ വിശ്വാസ്യതയും സുതാര്യതയും ഇല്ലാതാക്കി.
ഇത് ഞങ്ങൾ എഴുതിയതല്ല
പി.എസ്.സി പുറത്തിറക്കിയ ഉത്തരസൂചിക പരിശോധിച്ച് പ്രാഥമിക പരീക്ഷയിൽ മികച്ച വിജയം ഉറപ്പിച്ചിരുന്ന നല്ലൊരു ശതമാനം ഉദ്യോഗാർഥികളും രണ്ടാംഘട്ട പരീക്ഷക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. ഇതോടെ തങ്ങൾക്ക് ലഭിച്ച മാർക്ക് എത്രയെന്ന് അറിയുന്നതിന് ഉത്തരക്കടലാസുകളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇവർ പി.എസ്.സിയെ സമീപിച്ചു. എന്നാൽ, 670 രൂപ അടച്ച് പകർപ്പ് ആവശ്യപ്പെട്ട പലർക്കും നൽകിയതാകട്ടെ മറ്റുപലരുടെയും ഉത്തരക്കടലാസുകളായിരുന്നു. പി.എസ്.സി നൽകിയ ഉത്തരക്കടലാസിലെ 12 ഉത്തരങ്ങൾ താൻ പൂരിപ്പിച്ചവയല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിനി, ചെയർമാനും സെക്രട്ടറിക്കും നേരിട്ട് പരാതി നൽകി.
ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിച്ച കൊട്ടാരക്കര സ്വദേശി അനന്തുവിനാകട്ടെ പി.എസ്.സി നൽകിയത് ഒന്നും എഴുതാത്ത വെള്ളക്കടലാസ് മാത്രം. മറ്റാരുടെയോ ഉത്തരക്കടലാസുകളാണ് തങ്ങൾക്ക് ലഭിച്ചതെന്നും ഉദ്യോഗസ്ഥ മൂല്യനിർണയത്തിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധിപേർ പരാതിയുമായി രംഗത്തെത്തി. ഉത്തരക്കടലാസുകളുടെ തിരിമറിയുമായി ബന്ധപ്പെട്ട് 15 ഓളം പരാതികൾ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിെൻറ പരിഗണനയിലാണ്. കൂടുതൽ പേർ പരാതിയുമായി എത്താതിരിക്കാൻ പലരുടെയും ഉത്തരക്കടലാസിെൻറ പകർപ്പ് മാസങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണ്.
ഒാൺ സ്ക്രീൻ മാർക്കിങ്( ഒ.എസ്.എം) എന്ന പുതിയ സംവിധാനത്തിലൂടെയാണ് കെ.എ.എസ് മുഖ്യപരീക്ഷയുടെ പേപ്പറുകൾ പി.എസ്.സി മൂല്യനിർണയം നടത്തിയത്. എന്നാൽ, മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകളും ഇവയുടെ സ്കാൻ ചെയ്ത ചിത്രങ്ങളും പി.എസ്.സിയുടെ സർവറിൽ നിന്ന് നഷ്ടമായതായാണ് വിവരം. ഇവ തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ സി-ഡിറ്റിെൻറ സഹായത്തോടെ തുടരുകയാണ്. മൂല്യനിർണയം നടത്തിയ ഷീറ്റുകൾ അതിസുരക്ഷയുള്ള സംസ്ഥാന ഡേറ്റ സെൻററിലെ സർവറുകളിലേക്ക് മാറ്റുന്നതിനു പകരം ഒരു സുരക്ഷയും ഇല്ലാത്ത പരീക്ഷവിഭാഗം അഡീഷനൽ സെക്രട്ടറിയുടെ കീഴിലെ സർവറിൽ സൂക്ഷിച്ചതാണ് നഷ്ടപ്പെടാൻ കാരണം. എന്നാൽ, ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് പി.എസ്.സി.
അടികൊടുത്ത് സുപ്രീംകോടതിയും
തലതിരിഞ്ഞ നടപടികൾ മൂലം കെ.എ.എസ് മൂന്നാം സ്ട്രീമിലേക്ക് പി.എസ്.സിക്ക് രണ്ടു പരീക്ഷയാണ് നടത്തേണ്ടിവന്നത്. ഭരണപരിചയമില്ലെന്ന് ചൂണ്ടിക്കാട്ടി സ്ട്രീം മൂന്നിൽ നിന്ന് ഹയർ സെക്കൻഡറി അധ്യാപകരെ ഒഴിവാക്കിയ നടപടി പി.എസ്.സിയെ കോടതി കയറ്റി. സ്ട്രീം രണ്ടിൽ ജൂനിയർ അധ്യാപകരെ ഉൾപ്പെടുത്തുകയും സ്ട്രീം മൂന്നിൽ സീനിയർ അധ്യാപകരെ ഒഴിവാക്കുകയും ചെയ്ത നടപടി ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തൽ.
കോടതിവിധി അംഗീകരിക്കുന്നതിനുപകരം ഉത്തരവ് അടുത്ത വർഷം മുതൽ നടപ്പാക്കിയാൽ മതിയെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ പി.എസ്.സി സ്വീകരിച്ചത്. അപേക്ഷ നല്കിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ട്രീം രണ്ടിൽ വ്യവസ്ഥകള്‍ക്ക് വിധേയമായി പരീക്ഷയെഴുതാന്‍ അനുവദിച്ചിട്ടുണ്ടെന്നും അതിനാല്‍ പുതിയ പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നും ചെയർമാൻ വിശദീകരിച്ചു. എന്നാൽ, വീണ്ടും പരീക്ഷ നടത്താതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഹൈകോടതി ആവർത്തിച്ചതോടെ ഉദ്യോഗാർഥികളെ വെല്ലുവിളിച്ച് പി.എസ്.സി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ഹൈകോടതി വിധി ശരിവെച്ചതോടെ ഡിസംബർ 29ന് മൂന്നാം സ്ട്രീമിേലക്ക് വീണ്ടും പരീക്ഷ നടത്തേണ്ടിവന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.