ഇരുട്ടിവെളുക്കുേമ്പാൾ അട്ടിമറി
text_fieldsപരീക്ഷയും റാങ്ക് ലിസ്റ്റും നിയമനവും വൈകുെന്നന്ന പരാതികൾ മാത്രമാണ് ഒരുകാലത്ത് പി.എസ്.സിക്കെതിരെ ഉദ്യോഗാർഥികൾക്കുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ സ്ഥാപനത്തെ ആരും സംശയിച്ചിരുന്നില്ല. എന്നാൽ, ഇന്ന് സ്ഥിതിയതല്ല. റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളവരുടെ നിയമനംപോലും ഒറ്റരാത്രികൊണ്ട് അട്ടിമറിക്കപ്പെടുന്നു. ഇതിന് ഉദാഹരണമാണ് ആരോഗ്യവകുപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (എൻ.സി.എ -എസ്.സി) തസ്തികയിലേക്ക് നടന്ന നിയമനം. 2017 ആഗസ്റ്റ് 20നാണ് അപേക്ഷ ക്ഷണിച്ചത്. 2018 ജൂലൈ 12ന് റാങ്ക് ലിസ്റ്റ് വന്നു. ഒരു ഒഴിവ് മാത്രം റിപ്പോർട്ട് ചെയ്ത തസ്തികയിൽ എറണാകുളം സ്വദേശി കെ. സേതുലക്ഷ്മിക്കായിരുന്നു ഒന്നാം റാങ്ക്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും നിയമന ശിപാർശ ലഭിത്താക്കത്തതിനെ തുടർന്ന് പി.എസ്.സിയുമായി ബന്ധപ്പെട്ടപ്പോഴാണ് മറ്റൊരു ഉദ്യോഗാർഥിക്ക് നിയമനം നൽകിയത് അറിയുന്നത്.
തസ്തികയിലേക്ക് എം.എ ഫിലോസഫി, മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജിയിൽ എം.ഫിൽ/ ഡിപ്ലോമ, കേരള മെഡിക്കൽ എജുക്കേഷെൻറ പി.ജി.ഡി.സി.പി എന്നിവയായിരുന്നു യോഗ്യത. ഇതിനെതിരെ ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലുള്ള കോഴിക്കോട് സ്വദേശിനി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. അപേക്ഷയുടെ സ്വീകാര്യത പരിശോധിച്ച് പി.എസ്.സിക്ക് തീരുമാനിക്കാമെന്നായിരുന്നു വിധി. ഇതിെൻറ മറവിലാണ് കമീഷൻ പോലും അറിയാതെ ഒരുവിഭാഗം ഉദ്യോഗസ്ഥർ വിജ്ഞാപനത്തിൽ പറയാത്ത യോഗ്യതയുള്ളയാൾക്കായി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചത്.
1971ലെ ഉത്തരവ് പ്രകാരം, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ പിന്നീട് യോഗ്യതയിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ പോലും ഭാവി നിയമനങ്ങളിലേ പരിഗണിക്കാവൂ എന്നുണ്ട്. കൂടാതെ, റാങ്ക് ലിസ്റ്റിൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ നടത്തണമെങ്കിൽ ഒഴിവാക്കപ്പെടുന്ന റാങ്കുകാർക്ക് നോട്ടീസ് നൽകണം. വിവാദമായ പൊലീസ് പരീക്ഷ ക്രമക്കേടിൽ കുറ്റക്കാരായ മൂന്നുപേരെ ഒഴിവാക്കവെ പി.എസ്.സി ഈ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇവയൊന്നും പാലിക്കാതെയാണ് വീണ്ടും പ്രത്യേകം അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി കമീഷൻ യോഗത്തിൽ അംഗങ്ങൾ ആരോപിച്ചെങ്കിലും ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥർക്ക് വേണ്ടി എല്ലാം മൂടിവെക്കാനായിരുന്നു നിർദേശം.
കണ്ണുരുട്ടി, വിറപ്പിച്ച്
തെറ്റ് പറ്റിയാൽ നാണക്കേട് ഒഴിവാക്കാൻ പുറത്തറിയാതെ ഒതുക്കും. അവ വിളിച്ചുപറയുമ്പോൾ നിയമനടപടിയെന്ന് പറഞ്ഞ് കണ്ണുരുട്ടും. സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ പി.എസ്.സി നടത്തുന്ന പെടാപാടാണിത്. എന്നാൽ, ഇത്തരം നടപടികൾ ക്രമക്കേടുകാരെ സംരക്ഷിക്കുകയാണെന്ന സത്യം കമീഷൻ മനസ്സിലാക്കുന്നില്ലെന്നതാണ് നിരാശജനകം. പി.എസ്.സി പരീക്ഷകളിലെ ചോദ്യപേപ്പർ പലപ്പോഴും സ്വകാര്യ പി.എസ്.സി കോച്ചിങ് സെൻററുകളിലെ ചോദ്യബാങ്കുകളിൽനിന്ന് കോപ്പിയടിക്കുകയാണെന്ന് നിരവധി പരാതികൾ വന്നിട്ടും പരാതി നൽകുന്ന ഉദ്യോഗാർഥികളെ വിരട്ടുന്നതല്ലാതെ തെറ്റ് ചെയ്ത ചോദ്യകർത്താക്കൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകാറില്ല.
പി.എസ്.സിക്ക് മാത്രമായി ചോദ്യം തയാറാക്കി നൽകാമെന്നും ബന്ധുക്കളോ സുഹൃത്തുകളോ പരീക്ഷ എഴുതുന്നില്ലെന്നും ചോദ്യങ്ങൾ മറ്റാർക്കും നൽകുന്നില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ചോദ്യകർത്താവിനെ പാനലിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, ഈ നിബന്ധന തെറ്റിച്ചാൽ കുറ്റക്കാർക്കെതിരെ വിശ്വാസവഞ്ചനക്ക് കേസെടുക്കാം. വീണ്ടും പരീക്ഷ നടത്തുന്നതടക്കമുള്ള ബാധ്യതകൾ ഇവരിൽനിന്ന് ഈടാക്കാം. എന്നാൽ, ഇതിനൊന്നും മുതിരാതെ ചോദ്യകർത്താക്കളുടെ പാനലിൽനിന്ന് ഒഴിവാക്കുകമാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. പാനലിൽനിന്ന് ഒഴിവാക്കിയവരുടെ പേരുവിവരങ്ങൾ പോലും പുറത്തുവിടാറില്ല. വകുപ്പുതല അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യുന്നുണ്ടെങ്കിലും അതും ഫലപ്രദമല്ല. സംഘടനാ സ്വാധീനത്തിെൻറ മറവിൽ രക്ഷപ്പെടുകയാണ് പതിവ്.
കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള ഒഴിവുകൾ പി.എസ്.സി പൂഴ്ത്തിവെെച്ചന്ന് ചാനലുകളിലൂടെ ആരോപിച്ച ഉദ്യോഗാർഥികളെ വിലക്കാൻ കഴിഞ്ഞ ആഗസ്റ്റ് 25ന് ചെയർമാൻ എം.കെ. സക്കീർ തീരുമാനിച്ചു. പി.എസ്.സിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെ ചട്ടം 22 പ്രകാരം ഈ നീക്കം. ബന്ധപ്പെട്ട തസ്തികയിലെ 38 ഒഴിവുകൾ സുപ്രീംകോടതി ഉത്തരവനുസരിച്ച് മാറ്റിവെച്ചതാണെന്നും വസ്തുതകൾ അറിയാമായിരുന്നിട്ടും ഉദ്യോഗാർഥികൾ പി.എസ്.സിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നുമാണ് ഇതുസംബന്ധിച്ച് പി.എസ്.സി പത്രക്കുറിപ്പിറക്കിയത്.
പി.എസ്.സിയുടെ നടപടികൾക്കുനേരെ ഉന്നയിച്ച വിമർശനം തെറ്റാണെങ്കിൽപോലും അത്തരം ആക്ഷേപമുന്നയിച്ച ഉദ്യോഗാർഥികളെ ഒഴിവാക്കാനോ അവർക്കുനേരെ ശിക്ഷാനടപടി സ്വീകരിക്കാനോ ഉള്ള നിയമപരമായ അധികാരം കമീഷനില്ലെന്ന ബോധം പോലും പത്രക്കുറിപ്പ് ഇറക്കിയവർക്കുണ്ടായില്ല. സ്വയം കോടതിയായും പൊലീസായും സങ്കൽപിച്ച് തങ്ങൾക്കുനേരെ സംസാരിച്ചവരെ കൈകാര്യംചെയ്യാമെന്ന മോഹം പി.എസ്.സിക്ക് വേണ്ടെന്നും ഇല്ലാത്ത അധികാരം ഭാവിച്ച് 'ആക്രമണോത്സുകത' കാണിക്കേണ്ട കാര്യം കമീഷനില്ലെന്നും പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ കാളീശ്വരം രാജ് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം പുലിവാലാകുമെന്ന് കണ്ടതോടെ ശിക്ഷാനടപടി, പി.എസ്.സി വിജിലൻസ് അന്വേഷണത്തിന് ശേഷമായിരിക്കുമെന്ന് പറഞ്ഞ് ചെയർമാൻ തടിയൂരുകയായിരുന്നു.
തിരിച്ചുപിടിക്കണം വിശ്വാസ്യത
മറ്റെല്ലാ ഭരണഘടനാസ്ഥാപനങ്ങളെയുംപോലെ പി.എസ്.സിയും ജനകീയ വിമർശനങ്ങൾക്കും പരിശോധനകൾക്കും വിധേയമാകണമെന്നത് ഉദ്യോഗാർഥികളുടെ മാത്രമല്ല പൊതുസമൂഹത്തിെൻറ കൂടി ആവശ്യമാണ്. പി.എസ്.സിയിൽ ഇന്നും ഉദ്യോഗാർഥികൾക്ക് വിശ്വാസമുണ്ട്. പഴയതലമുറ ഉണ്ടാക്കിെവച്ചതിൽ കുറച്ചെങ്കിലും അവിടെ ബാക്കിയുള്ളതുകൊണ്ടാണിത്. ആ വിശ്വാസ്യത ഒന്നുമാത്രമാണ് കോടതികളിൽ നിന്നുള്ള 'പിന്തുണ' പലഘട്ടങ്ങളിലും പി.എസ്.സിക്ക് ലഭിക്കാൻ കാരണം. അതിനെയും നശിപ്പിച്ച് ഈ സ്ഥാപനത്തിെൻറ പവിത്രത കളഞ്ഞുകുളിക്കാതിരിക്കാനാണ് തലപ്പത്തിരിക്കുന്നവർ ശ്രമിക്കേണ്ടത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.