സിന്ധുറാണി
text_fieldsകഴിഞ്ഞ വർഷം ആഗസ്റ്റിൽ ബ്രസീലിലെ റിയോയിൽനിന്ന് ഇന്ത്യൻ സംഘം മടങ്ങുേമ്പാൾ 130 കോടി ജനങ്ങളുടെ അഭിമാനത്തിെൻറ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് രണ്ടു മെഡലുകൾ. പുരുഷ കേസരികൾ വീരചരമം പ്രാപിച്ച കളി മൈതാനത്തുനിന്ന് രണ്ട് പെൺകുട്ടികൾ വാരിപ്പിടിച്ച രണ്ടു മെഡലുകൾ. ഒരു വെള്ളിയും ഒരു വെങ്കലവും. അതിൽ തൃപ്തിയടയേണ്ടിവന്നു ജനസംഖ്യയിൽ ലോകത്തിൽ രണ്ടാമതായ ഇന്ത്യക്ക്. സ്വർണത്തോളം തിളക്കമുള്ള ആ വെള്ളി മെഡലുമായി ഒരു വർഷം മുമ്പ് റിയോയിൽനിന്ന് ഇന്ത്യയിൽ വന്നിറങ്ങിയ ആ 179 സെൻറീ മീറ്റർ ഉയരക്കാരി സ്കോട്ലൻഡിലെ ഗ്ലാസ്ഗോവിൽനിന്ന് വീണ്ടും ഒരു വരവുകൂടി വന്നു. പുസർല വെങ്കട്ട സിന്ധു എന്ന പി.വി. സിന്ധു ഇക്കുറിയും കൊണ്ടുവന്നത് സ്വർണപ്പകിട്ടുള്ള വെള്ളി മെഡൽ. ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലെ കടുകട്ടി ഫൈനലിൽ തലനാരിഴക്ക് പൊരുതി വീണെങ്കിലും ഇന്ത്യൻ ബാഡ്മിൻറണിൽ ചരിത്രം കുറിച്ചായിരുന്നു ആ വരവ്.
കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 2.30ന് ഗ്ലാസ്ഗോവിലെ കോർട്ടിൽ 10ാം റാങ്കുകാരി ചൈനയുടെ ചെൻ യു ഫെയിയെ 2-0ന് അനായാസം തോൽപിച്ചായിരുന്നു സിന്ധു ഫൈനലിലേക്ക് മാർച്ച് ചെയ്തത്. വെറും 17 മണിക്കൂറിനു ശേഷം ഫൈനൽ കളിക്കേണ്ടിവന്നെങ്കിലും കരുത്ത് ഒട്ടും കുറയാതെയായിരുന്നു സിന്ധുവിെൻറ േപാരാട്ടം. ലോക റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരിയായ സിന്ധുവിന് എതിരാളി ഒമ്പതാം റാങ്കുകാരി ജപ്പാെൻറ നസോമി ഒകുഹാര. ഒപ്പത്തിനൊപ്പമെന്ന വണ്ണമായിരുന്നു മത്സരം. 150 മിനിട്ട് നീണ്ട ഉശിരൻ പോരാട്ടം. ആദ്യ സെറ്റ് 19-21ന് നഷ്ടമായപ്പോൾ രണ്ടാം സെറ്റ് 22-20ന് സിന്ധു പിടിച്ചെടുക്കുകയായിരുന്നു. നിർണായകമായ മൂന്നാം സെറ്റ് ടൈ ബ്രേക്കറിൽ സിന്ധുവിെന മറികടന്ന് ഒകുഹാര സ്വർണമണിഞ്ഞപ്പോൾ ആദ്യമായി ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണം എന്ന ഇന്ത്യൻ സ്വപ്നമാണ് പൊലിഞ്ഞത്. 70 ഷോട്ടുകൾ വരെ നീണ്ട മാരത്തൺ റാലികൾ അടങ്ങുന്ന ദീർഘമായ മത്സരം എന്നും കായിക ലോകം ഒാർത്തിരിക്കുമെന്നുറപ്പ്.
ഇന്ത്യ പിടിച്ചടക്കി ഭരിച്ച സായിപ്പന്മാര് വെയിലു കാഞ്ഞ് രസിക്കാനും കൊഴുപ്പിളക്കാനുമായി കൊണ്ടുവന്ന പലതരം കളികളിലൊന്നായാണ് ഇന്ത്യയിലും ബാഡ്മിൻറൺ പ്രചാരത്തിലെത്തിയത്. ഏറെക്കാലമായിട്ടും വലിയ പേരുകൾ ഒന്നും കേൾപിക്കാൻ കഴിഞ്ഞിരുന്നില്ല. പണ്ടൊരു പ്രകാശ് പദുക്കോൺ. പിന്നെയൊരു പുല്ലേല ഗോപി ചന്ദ്. അതൊക്കെ പഴയ കഥ. ഇന്ന് ഇന്ത്യക്ക് അഭിമാനത്തോടെ പറയാൻ ഒരുപിടി താരങ്ങളുണ്ട്. പുരുഷ നിരയിൽ എട്ടാം റാങ്കുകാരനായ കിഡംബി ശ്രീകാന്ത്, 16ാമൻ അജയ് ജയറാം, 17ാം റാങ്കിൽ സായി പ്രണീത്, 18ാം റാങ്കിൽ മലയാളി താരം പ്രണോയ് സുനിൽ കുമാർ...
മുൻ ലോക നമ്പർ വൺ ആയ സൈന െനഹ്വാൾ ഇപ്പോഴത്തെ റാങ്കിങ്ങിൽ 12ാമതാണ്. ഇൗ താരങ്ങളിൽ മിക്കവരെയും വളർത്തിയെടുത്തതിെൻറ ക്രഡിറ്റ് പുല്ലേല ഗോപി ചന്ദ് എന്ന ദ്രോണാചാര്യന് അവകാശപ്പെട്ടതാണ്. സൈനയെ സംഭാവന ചെയ്ത ഗോപിചന്ദിന് സൈനക്കു ശേഷം ആരെന്ന േചാദ്യത്തിന് മറുപടിയായിരുന്നു സിന്ധു. ഹൈദരാബാദിലെ ഗോപിചന്ദ് അക്കാദമിയാണ് ഇൗ താരങ്ങളുടെയെല്ലാം കളരിയായി മാറിയത്. കായിക പാരമ്പര്യം അടിയുറച്ച കുടുംബത്തിൽനിന്നാണ് സിന്ധു വരുന്നത്. 90കളിൽ ഇന്ത്യൻ വോളിബോളിൽ പേരുകേട്ട കളിക്കാരനായിരുന്ന പി. െവങ്കട്ട രമണയുടെയും വോളിബാൾ താരമായിരുന്ന പി. വിജയമ്മയുടെയും മകളായി 1995 ജൂലൈ അഞ്ചിന് ഹൈദരാബാദിൽ പി.വി. സിന്ധു ജനിച്ചു. പടിഞ്ഞാറൻ ഗോദാവരി ജില്ലക്കാരനായ വെങ്കട്ട രമണ കൃഷ്ണ ജില്ലക്കാരിയായ വിജയമ്മയെ കളിക്കളത്തിൽ വെച്ചു കണ്ട് പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, മകൾക്ക് പ്രണയം അച്ഛെൻറയും അമ്മയുടെയും വോളിബാളിനോടായിരുന്നില്ല. കുമ്മായവരകളിൽ നിശ്ശബ്ദമായി പറന്നിറങ്ങുന്ന തൂവലുകളോടായിരുന്നു.
അച്ഛനും അമ്മയും പരിശീലിക്കുന്ന മൈതാനത്ത് വെറുതെ സമയം പോക്കാനായിട്ടായിരുന്നു ഷട്ടിൽ ബാറ്റ് കൈയിലെടുത്തത്. അന്ന് അവൾക്ക് പ്രായം വെറും ആറു വയസ്സ്. പ്രായത്തെക്കാൾ കവിഞ്ഞ ഉയരം ആ കളിയിൽ അവൾക്ക് മികവിെൻറ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ആരും അവളെ നയിച്ചതല്ല, അവൾ സ്വയം കണ്ടെത്തിയ വഴിയാണ് ബാഡ്മിൻറണെന്ന് വെങ്കട്ട രമണ പറയുന്നു. രമണ ജോലിചെയ്യുന്ന സെക്കന്ദരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകൻ മെഹബൂബ് അലിയാണ് സിന്ധുവിെൻറ ഉയരവും പ്രതിഭയും അവൾക്ക് ഭാവിയിൽ ഗുണകരമാകുമെന്ന് കണ്ടെത്തിയത്. പിന്നെ തമാശ മതിയാക്കി ബാഡ്മിൻറൺ ഗൗരവത്തിലെടുത്തു. സ്ഥിരമായി കോർട്ടിലെത്തി പരിശീലിക്കാനും തുടങ്ങി. ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ മലയാളി പരിശീലകൻ ടോം ജോണായിരുന്നു സിന്ധുവിെൻറ കരിയറിലെ മറ്റൊരു വഴിത്തിരിവായത്. പ്രായത്തിൽ കവിഞ്ഞ മിടുക്കും സാേങ്കതിക തികവും സിന്ധുവിനെ മികച്ചൊരു താരമാക്കി മാറ്റുമെന്ന് ടോം ഉറപ്പിച്ചു പറഞ്ഞപ്പോൾ രമണ തീരുമാനിച്ചു ഇതുതന്നെ മകളുടെ പാത. പിന്നീട് ഗോപിചന്ദിനെ കണ്ടെത്തുന്നതോടെ സിന്ധു പ്രഫഷണൽ ബാഡ്മിൻെൻറ വഴിയിലേക്ക് എത്തിെപ്പട്ടു. പ്രകാശ് പദുക്കോണിനു ശേഷം ആൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടമെന്ന അപൂർവ നേട്ടവുമായി 2001ൽ ഇന്ത്യയിലെത്തിയ ഗോപിചന്ദ് തനിക്കു പിൻഗാമികളെ കണ്ടെത്താൻ അക്കാദമി തുടങ്ങിയതിെൻറ നേട്ടമാണ് ഇന്ന് സിന്ധുവടക്കമുള്ള ഒരുപിടി താരങ്ങളുടെ പിറവി. അണ്ടർ-10, അണ്ടർ-13, 14 വിഭാഗങ്ങളിലും റാങ്കിങ് ടൂർണമെൻറിലും കിരീടമണിഞ്ഞ് തുടങ്ങിയ സിന്ധുവിൽ ഭാവി താരത്തെ ഗോപിചന്ദ് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പിന്നെ ഉയർച്ചയുടെ നാളുകളായിരുന്നു. 2011 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ശ്രദ്ധനേടുേമ്പാൾ പ്രായം 16. അടുത്തവർഷം ഏഷ്യൻ ജൂനിയർ സ്വർണം. പിന്നാലെ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത്, ഏഷ്യൻ ചാമ്പ്യൻഷിപ്, സാഫ് ഗെയിംസ്, ലോക ചാമ്പ്യൻഷിപ് എന്നിവയിൽ വെങ്കലവും നേടി.
2016 റിയോ ഒളിമ്പിക്സിന് ഇന്ത്യ ഇറങ്ങുേമ്പാൾ എല്ലാ കണ്ണുകളും സൈന നെഹ്വാളിലായിരുന്നു. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈനയിലൂടെ വീണ്ടും ഒളിമ്പിക്സ് മെഡൽ സ്വപ്നം കണ്ടായിരുന്നു ഇന്ത്യൻ സംഘം റിയോയിൽ ഇറങ്ങിയത്. പക്ഷേ, പരിക്കും ഫോമില്ലായ്മയും തിരിച്ചടിച്ചപ്പോൾ സൈന നിറംമങ്ങി. പക്ഷേ, സിന്ധു അപ്പോൾ ഇന്ത്യയുടെ കരുത്തായി കോർട്ടുകളിൽ നിറയുകയായിരുന്നു. എതിരാളികളെ നിഷ്പ്രഭമാക്കിയ കരുത്തുറ്റ പ്രകടനം. സൈനയിൽ രാജ്യം സ്വർണം പ്രതീക്ഷയർപ്പിച്ചപ്പോഴാണ് സിന്ധു ഇന്ത്യയുടെ സിന്ദൂരമായി പിറന്നത്. ഫൈനലിൽ മരിൻ കരോലിനയോട് തോറ്റെങ്കിലും വെള്ളിയോടെ രാജ്യത്തിെൻറ അഭിമാനമായി.
ഒളിമ്പിക്സ് ക്ഷീണത്തിന് ഇന്ത്യൻ ഒാപണിൽ കരോലിനയെ വീഴ്ത്തിയാണ് സിന്ധു തിരിച്ചടിച്ചത്. വർഷാദ്യം കരിയറിലെ റാങ്കിങ്ങിൽ ഏറ്റവും മികച്ച രണ്ടാം നമ്പറിലുമെത്തി. റാങ്കിങ്ങിൽ നാലാം നമ്പറുകാരിയായി ലോക ചാമ്പ്യൻഷിപ്പിനെത്തിയ സിന്ധു മെഡൽ തിളക്കവുമായി സ്കോട്ലൻഡിൽനിന്നും മടങ്ങുേമ്പാൾ അടുത്ത ലക്ഷ്യം ബാഡ്മിൻറണിലെ തിലകക്കുറിയായ ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്. സെമി ജയിച്ചതോടെ വെള്ളി ഉറപ്പാക്കിയിരുന്നെങ്കിലും അതു സ്വർണമാകാനുള്ള പ്രാർഥനയിലായിരുന്നു രാജ്യം. ഫൈനലിൽ ഒന്നാം നമ്പർ താരം സ്പെയിനിെൻറ മരിൻ കരോലിനയോട് തോറ്റെങ്കിലും ആ വെള്ളി മെഡലിന് രാജ്യം സ്വർണത്തെക്കാൾ വില കൽപിച്ചു. 2017 ഏപ്രിലിൽ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ രണ്ടാം നമ്പറിലുമെത്തി ഇൗ 22 വയസ്സുകാരി.
2013ൽ അർജുന അവാർഡ് നൽകി ആദരിച്ച രാജ്യം 2015ൽ പത്മശ്രീയും 2016ൽ രാജീവ് ഗാന്ധി ഖേൽരത്നയും നൽകി സിന്ധുവിനെ അംഗീകരിച്ചു. രാജ്യം ജി.എസ്.ടിയിലേക്ക് പ്രേവശിച്ചപ്പോൾ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തത് പി.വി. സിന്ധുവിനെ. സൗമ്യമായാണ് സിന്ധു കളി തുടങ്ങുന്നത്. പോര് മുറുകുേമ്പാൾ ആക്രമണത്തിന് മൂർച്ചകൂട്ടി എതിരാളികളെ നിഷ്പ്രഭമാക്കുന്നതാണ് േകളീ ശൈലി. ഇപ്പോൾ 22 വയസ്സേ ആയിട്ടുള്ളു. കരിയറിലെ തങ്കത്തിളക്കമുള്ള നാളുകളാണ് ഇൗ പ്രതിഭക്കു മുന്നിൽ ഇനിയുള്ളത്. ഇന്ത്യൻ കായിക ലോകത്തിെൻറ റാണിയായി മാറാൻ ഇനിയും സിന്ധുവിനു മുന്നിൽ സമയമുണ്ട്. ഇന്ത്യ കൊതിക്കുന്ന സുവർണ േനട്ടങ്ങൾ ആ ബാറ്റിൽനിന്ന് പിറക്കുമെന്ന് കോടാനുകോടി ഇന്ത്യക്കാർ കൊതിക്കുന്നതിൽ തെറ്റില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.