ബന്ധുക്കൾ ശത്രുക്കൾ
text_fieldsരാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് പറഞ്ഞാൽ ശരാശരി ഇന്ത്യക്കാരൻ തൻെറ അനുഭവ മണ്ഡലത്തിൽനിന്നും മനസ്സിലാക്കിയെടുത്ത ചില യാഥാർഥ്യങ്ങളുണ്ട്. രാഷ്ട്രീയ ഗോദയിലെ ചാഞ്ചാട്ടങ്ങളുടെയും മറുകണ്ടം ചാടലുകളെയും സാമാന്യവത്രിക്കുന്നതിനുള്ള ന്യായീകരണമാണ് ആ തിയറി. ഉദ്ധവ് താക്കറെക്ക് 'മതേതര' പട്ടം ലഭിക്കുന്നതും 'കോഴ മാണി' വിശുദ്ധനാകുന്നതുമൊക്കെ ആ സിദ്ധാന്തത്തിൻെറ ബലത്തിലാണ്. പക്ഷേ, ശശി തരൂരിനെപ്പോലുള്ള വിശ്വപൗരൻ ഈ തിയറിയെ വായിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തിൻെറ അടിസ്ഥാനത്തിലല്ല; തികച്ചും നിലപാട് തറയിൽനിന്നുകൊണ്ടാണ്. നെഹ്റുവാണ് ഇക്കാര്യത്തിൽ തരൂരിൻെറ മാതൃക. അമേരിക്കൻ നയതന്ത്രജ്ഞനോട് ഒരിക്കൽ നെഹ്റു ഇങ്ങനെ പറയുകയുണ്ടായി: ''നിങ്ങളോടു യോജിക്കുമ്പോൾ ഞാൻ നിങ്ങൾക്കൊപ്പമാണ്, നിങ്ങളോട് വിയോജിക്കുമ്പോൾ നിങ്ങൾക്കെതിരേയും. അതു വിഷയങ്ങൾക്കനുസരിച്ചാണ്''. പിണറായി സർക്കാറിൻെറ കെ-റെയിൽ പദ്ധതി മോശമല്ലെന്ന കമൻറിറക്കിയതും ഇതരസംസ്ഥാനങ്ങളേക്കാൾ നിക്ഷേപ സൗഹദൃമാണ് മലയാളമണ്ണെന്ന് പറഞ്ഞതുമെല്ലാം നെഹ്റൂവിയൻ ശൈലിയെ അനുവർത്തിച്ചായിരുന്നു. പക്ഷേ, നെഹ്റുവിനെ എന്നേ കൈയൊഴിഞ്ഞ മുല്ലപ്പള്ളി-മുരളീധര-സുധാകരാദി നേതാക്കൾക്കുണ്ടോ ഇതു വല്ലതും മനസ്സിലാകുന്നു? മൂന്ന് തവണ പാർലമെൻറിലെത്തിച്ച പാർട്ടിയെ മറന്നു തരൂർ അഭിപ്രായം പറയുന്നുവെന്നായി അവരുടെ പരിഭവം.
വിശ്വപൗരത്വം ഉപേക്ഷിച്ച് കോൺഗ്രസുകാരനായി പണി തുടങ്ങിയ നാളുതൊട്ടേ തരൂരിനെ വിടാതെ പിന്തുടരുന്നൊരു പ്രശ്നമാണിത്. ടിയാൻ പറയുന്നതൊന്നും ആർക്കും വേണ്ടതുപോലെ മനസ്സിലാകുന്നില്ല. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും മുറിയൻ മലയാളവും ഒരുപോലെ പ്രശ്നമാവുകയാണ് പല സന്ദർഭങ്ങളിലും. രണ്ടാം യു.പി.എ കാലത്ത് സഭ നടന്നുകൊണ്ടിരിക്കെ, സ്പീക്കറായിരുന്ന മീരാകുമാർ ഈ പ്രശ്നത്തെ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്: ''ഭാഷാപരമായി ഈ സഭക്ക് രണ്ടു ദൗർബല്യങ്ങളുണ്ട്. ഇംഗ്ലീഷ് വേണ്ടത്ര വഴങ്ങാത്തതുകൊണ്ട് പല അംഗങ്ങൾക്കും സഭയിൽ കൃത്യമായി ഇടെപടാനാകുന്നില്ല. രണ്ട്, ശശി തരൂരിനെപ്പോലുള്ളവർ പറയുന്ന ഇംഗ്ലീഷ് മറ്റാർക്കും മനസ്സിലാകുന്നുമില്ല''. തരൂർജിയുടെ 'കാറ്റിൽ ക്ലാസ്' പ്രയോഗമൊക്കെ വൻ ഹിറ്റായി നിൽക്കുന്ന കാലമാണതെന്നുകൂടി ഓർക്കണം. ഈ 'ഭാഷാ പ്രതിസന്ധി' മനസ്സിലാക്കി അൽപം താഴ്ന്നുകൊടുക്കാൻ തരൂരും തയാറല്ല; പഴയ യു.എൻ പ്രതാപം അതിനനുവദിക്കുന്നില്ല. 10 വർഷത്തിനപ്പുറം, 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും ' കാറ്റിൽ ക്ലാസ്' ശൈലിയിൽ മറ്റൊരു പ്രയോഗം നടത്തി. മത്സ്യത്തൊഴിലാളികളോട് വോട്ടഭ്യർഥിച്ചതിൻെറ അനുഭവം ട്വിറ്ററിൽ കുറിച്ചതിങ്ങനെ: 'Found a lot of enthusiasm at the fish market even for a squeamishly vegetarian MP!' ചില സൈബർ സഖാക്കൾ ഡിക്ഷനറി നോക്കിയപ്പോൾ squeamishly എന്ന വാക്കിന് 'ഓക്കാനം' എന്നർഥം കണ്ടു. അവരത് കൊണ്ടുപിടിച്ചാഘോഷിച്ചു; തരൂർ മത്സ്യത്തൊഴിലാളികളെ അപമാനിച്ചുവെന്നാരോപിച്ച് പ്രതിഷേധ പ്രകടനംവരെ നടത്തി. മീൻ മണമേറ്റാൽ തനിക്ക് ഓക്കാനം വരുമെന്ന് പറഞ്ഞതായി തരുരിനെ ഉദ്ധരിച്ച് പാർട്ടി പത്രം വാർത്തയും നൽകി. ശുദ്ധ വെജിറ്റേറിയൻ എന്ന അർഥത്തിലേ ആ പദം പ്രയോഗിച്ചുള്ളൂവെന്ന് നിഘണ്ടുനിരത്തി വിശദീകരിച്ചതോടെയാണ് വിഷയം ഏതാണ്ട് കെട്ടടങ്ങിയത്.
അന്ന് ഉറഞ്ഞു തുള്ളിയ സഖാക്കളൊക്കെ ഇന്നിപ്പോൾ തരൂർ പക്ഷത്താണ്. കാരണം, രണ്ടാം പിണറായി സർക്കാറിൻെറ അഭിമാനപദ്ധതിയായ സെമി ഹൈ-സ്പീഡ് റെയിലിൻെറ 'ബ്രാൻഡ് അംബാസഡറാ'യിട്ടാണ് അവരിപ്പോൾ തരൂർജിയെ കാണുന്നത്. പാർട്ടിയുടെ സെമി കേഡർ സംവിധാനമുപയോഗിച്ച് പദ്ധതിക്കെതിരെ സുധാകരനും സതീശനും മുല്ലപ്പള്ളിയുമെല്ലാം നാട്ടുകാരെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിഷത്ത് പൂർണമായും വലതുകമ്യൂണിസ്റ്റുകൾ ഭാഗികമായും ഈ സംഘാടനത്തിനൊപ്പം നിന്നതാണ്. നവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ വലിയ ജനകീയ സമരങ്ങൾ തുടങ്ങിയതുമായിരുന്നു. സമരം നന്നായി മുന്നോട്ടുപോകവെ, കേന്ദ്രവും പദ്ധതിയോട് പുറം തിരിഞ്ഞു. ഇതിനിടയിലാണ് തരൂർ മറുകണ്ടം ചാടിയത്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അനന്തപുരിയെ ബാഴ്സലോണയുടെ ഇരട്ട നഗരമാക്കാൻ തുനിഞ്ഞിറങ്ങിയ ആളാണ് തരൂർ. ആ നിലയിലേക്കൊന്നും വളർന്നില്ലെങ്കിലും ഇതുപോലുള്ള അതിവേഗ തീവണ്ടികളെങ്കിലും നാട്ടിലോടട്ടെയെന്ന് പാവം കരുതിക്കാണും. അതുകൊണ്ടാണ്, കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോൾ അതിലൊപ്പുവെക്കാഞ്ഞത്. അതിൽ കോൺഗ്രസുകാർ പരിഭവപ്പെട്ടിട്ട് കാര്യമില്ല. ചില കോൺഗ്രസുകാരുടെ ഭാഷയിൽ പറഞ്ഞാൽ, തിരുവനന്തപുരം വഴി ഇന്ദ്രപ്രസ്ഥത്തിലേക്ക് ഹൈകമാൻഡ് കെട്ടിയിറക്കിയ സവിശേഷ നേതാവാണ് തരൂർ. അപ്പോൾ, പ്രധാനമന്ത്രിക്കുള്ള കത്തിൽ തരൂർ ഒപ്പിടണമെങ്കിൽ ചിലപ്പോൾ അതിനായി പ്രത്യേക അപേക്ഷ അദ്ദേഹത്തിന് സമർപ്പിക്കേണ്ടി വരും. അതിൽ മറ്റ് എം.പിമാർ ഒപ്പിടുകയുംവേണം.
ഈ തർക്കമൊക്കെ കണ്ട്, തരൂർ കോൺഗ്രസ് വിടുമോ എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കരുണ്ടിവിടെ. അക്കൂട്ടത്തിൽ ഇടതുപക്ഷത്തുള്ളവരുമുണ്ട്. ധൈര്യമുണ്ടെങ്കിൽ, തരൂരിനെ കോൺഗ്രസ് പുറത്താക്കട്ടെ എന്നൊക്കെയാണ് ഇവരുടെ വെല്ലുവിളി. തരൂരിനെ കൃത്യമായി മനസ്സിലാക്കാത്തതുകൊണ്ടാണിതെന്ന് തോന്നുന്നു. മുമ്പും കോൺഗ്രസിനകത്തെ കലഹപ്രിയരിലൊരാളാണ് തരൂർ. അദ്ദേഹത്തിൻെറ പച്ച പരിഷ്കാരങ്ങളുടെ പേരിൽ പാർട്ടിയുമായി എത്രയോ തവണ ഉടക്കിയിരിക്കുന്നു. അന്നു മറുചേരിയിൽ ബി.ജെ.പിയും സംഘ്പരിവാറുമൊക്കെയായിരുന്നു. മോദിയുടെ ഇസ്രായേൽ ബന്ധമടക്കമുള്ള വിദേശ നയങ്ങളെ പിന്തുണച്ചപ്പോൾ തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് പ്രവചിച്ചവർ വരെയുണ്ട്. 'ദേ, തരൂരിപ്പോൾ ബി.ജെ.പിയിലെത്തു'മെന്ന് അക്കാലത്ത് പറഞ്ഞവർ നിരവധിയാണ്. തരൂർ എങ്ങുംപോയില്ലെന്നു മാത്രമല്ല, സംഘ്പരിവാറിൻെറ ഒന്നാം നമ്പർ ശത്രുവാകുകകൂടി ചെയ്തു. നോട്ട് നിരോധനത്തെയൊക്കെ തരൂരിനോളം കളിയാക്കിയ നേതാക്കളുണ്ടാകുമോ? ഒരാളുടെ രക്തമൂറ്റിയ ശേഷം അയാളോട് നൃത്തംചെയ്യാൻ പറയുന്നതുപോലെയാണ് മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങളെന്നായിരുന്നു നിരീക്ഷണം. നിതി ആയോഗ് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ 'കേരളം നമ്പർ വൺ' എന്ന് ട്വീറ്റ് ചെയ്തത് പിണറായി സ്തുതിയായിട്ടാണ് സുധാകരനെപ്പോലെ സഖാക്കളും ധരിച്ചിരിക്കുന്നത്. സൂക്ഷ്മവിശകലനത്തിൽ, അതുപോലും യോഗിക്കും മോദിക്കുമുള്ള അടിയാണ്.
തരൂർ ഇങ്ങനെയാണ്: വാക്കുകൾക്കും പ്രയോഗങ്ങൾക്കും അർഥങ്ങൾ പലതായിരിക്കും. അത് മനസ്സിലായില്ലെങ്കിൽ വരികൾക്കിടയിൽ കിടന്ന് വട്ടം കറങ്ങുകയേയുള്ളൂ. ഈ ഭാഷാപ്രതിസന്ധി മറികടക്കാൻ വഴിയൊന്നേയുള്ളൂ: ഇരുകൂട്ടരും അൽപസ്വൽപം വിട്ടുവീഴ്ച ചെയ്യുക. 'വിശ്വപൗരൻ' എന്ന നിലയിൽ തരൂരിന് ചില്ലറ പ്രിവിലേജുകൾ നൽകുന്നത് പാർട്ടിക്ക് ഗുണമേ ചെയ്യൂ. ഭാഷയും പ്രയോഗവുമൊക്കെ മയപ്പെടുത്താൻ ശ്രമിക്കുന്നത് തരൂരിനും നല്ലതാണ്. പരമ്പരാഗത കോൺഗ്രസ് നേതാക്കളുടെ വാക്കുകളുടെയും പ്രയോഗങ്ങളുടെയും അർഥതലങ്ങൾ തരൂരും മനസ്സിലാക്കണം. അതിനും വലിയ സാധ്യതയാണ്. 'അടുത്ത തവണ ശശി തരൂർ തിരുവനന്തപുരത്ത് മത്സരിച്ചാൽ ഒരു കോൺഗ്രസുകാരനും പ്രചാരണത്തിനിറങ്ങില്ല' എന്ന ഉണ്ണിത്താൻ വചനംതന്നെയെടുക്കുക. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ എന്നാണപ്പറഞ്ഞതിനർഥം. പണ്ട്, ശംഖുംമുഖം തീരത്തുനിന്നും ഒരു ബക്കറ്റ് കടൽവെള്ളം കോരിയെടുത്ത് അതിലെ തിരകളെണ്ണി കാണിച്ചുകൊടുത്താണ് സഖാവ് വി.എസിന് ഈ തത്ത്വം പിണറായി വിജയൻ മനസ്സിലാക്കിക്കൊടുത്തത്. ഈ മധ്യമ മാർഗം ഒരേ സമയം നിലപാടും നയതന്ത്രവുമാണ്. പാർട്ടിക്കകത്തെയും പുറത്തെയും തിരുത്തൽവാദത്തിന് ഏറ്റവും നല്ലതും അതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.