അധികാരി
text_fieldsപണ്ട് മലബാറിൽ റവന്യൂഭരണത്തിെൻറ ഘടകമായിരുന്ന അംശത്തിെൻറ ഭരണച്ചുമതലകൾ നിർവഹിച്ചിരുന്നവരായിരുന്നു 'അധികാരി'. കരം പിരിക്കുക, ജാമ്യപത്രം തയാറാക്കുക തുടങ്ങി പണികളുമായി കഴിഞ്ഞ 'അധികാരി'മാർക്ക് സത്യം പറഞ്ഞാൽ കാര്യമായ അധികാരമൊന്നും ഇല്ലായിരുന്നു. മുകളിൽനിന്നുള്ള തീട്ടൂരങ്ങൾ നടപ്പാക്കാനുള്ള നാട്ടുപ്രമാണിമാർ മാത്രമായിരുന്നു അവർ. പിന്നീട്, ഇ.എം.എസ് േകരളത്തിെൻറ അധികാരിയായതോടെ, ആ പണി വില്ലേജ് ഒാഫിസർക്ക് നൽകി അതിന് അന്ത്യംകുറിച്ചുവെന്നാണ് കഥ. പക്ഷേ, മലബാറിലേതുപോലെയല്ല വംഗനാട്ടിലെ അധികാരികൾ. രാജ്യത്ത് ജനാധിപത്യം പൂത്തുലഞ്ഞ് ഏഴര സംവത്സരം പിന്നിട്ടിട്ടും മേദിനിപുരിലും മറ്റും 'അധികാരി'മാർ തന്നെയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. കാലം ആവശ്യപ്പെടുന്ന മാറ്റം ഉൾക്കൊണ്ട് അവർ പാർലെമൻറിലും നിയമസഭയിലുെമല്ലാം ഇരിപ്പിടമുറപ്പിച്ചു എന്നതുമാത്രമാണ് വ്യത്യാസം. അധികാരമെവിടെയാണോ അവിടെയുണ്ട് 'അധികാരി' എന്നും വേണമെങ്കിൽ പറയാം. ഇക്കാര്യം നന്നായി തിരിച്ചറിഞ്ഞതുകൊണ്ടാണ് താമരച്ചാക്കുമായി ബംഗാളിലേക്ക് കുതിച്ച അമിത് ഷാ ആദ്യം 'അധികാരി'മാരെ സന്ദർശിക്കാൻ തീരുമാനിച്ചത്. സന്ദർശനത്തിെൻറ തലേദിവസം തന്നെ അവർ നിലപാട് പ്രഖ്യാപിച്ചു: രാജ്യത്തിെൻറ യഥാർഥ അധികാരികൾ അമിത് ഷായും മോദിയുമൊക്കെ ആയിത്തീർന്ന സ്ഥിതിക്ക് ഇനിയങ്ങോട്ട് തങ്ങളും അവർക്കൊപ്പമാണ്. അതിനാൽ, തൃണമൂല രാഷ്ട്രീയത്തിെൻറ അധികാര കേന്ദ്രങ്ങളോട് തൽക്കാലം വിടപറയുന്നു. അമിത് ഷാ നീട്ടിയ ചാക്കിലേക്ക് ആദ്യം ചാടിയത് മമതയുടെ വിശ്വസ്തനായ സുവേന്ദു അധികാരിയാണ്. പിന്നാലെ, ഇടത്തുനിന്നും വലത്തുനിന്നുമായി വേറെയും ചിലർ. ഇൗ ചാക്കുചാട്ടത്തോടെ, വംഗനാട്ടിലെ തെരഞ്ഞെടുപ്പുത്സവത്തിന് കൊടിയേറുകയായി.
തൃണമൂലിന് സുവേന്ദു കേവലം ഒരു എം.എൽ.എയോ മന്ത്രിയോ അല്ല. മേദിനിപുരിലെ പാർട്ടിയുടെ മുഖം തന്നെയാണ്. ശരിക്കും അധികാരി. മൂന്നു പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തിന് അന്ത്യം കുറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നന്ദിഗ്രാം സമരത്തിെൻറ സൂത്രധാരൻ. ആ അർഥത്തിൽ തൃണമൂലിനും മമതക്കും അധികാരം പിടിച്ചുകൊടുത്ത രാഷ്ട്രീയ ചാണക്യൻ. 2007 ലായിരുന്നു ആ നീക്കത്തിന് തുടക്കമിട്ടത്. 'മാ, മതി, മാനുഷ്' (മാതാവ്, മാതൃഭൂമി, മാനുഷർ) എന്നായിരുന്നു മുദ്രാവാക്യം. നന്ദിഗ്രാമിൽ കമ്യൂണിസ്റ്റ് സർക്കാർ ചിന്തിയ 14 മനുഷ്യരുടെ ചോരയിൽനിന്ന് മമതയും സംഘവും ഉയർത്തിയ മുദ്രാവാക്യമായിരുന്നു അത്. ആ സമരങ്ങൾക്ക് മുന്നിലുണ്ടായിരുന്നു സുവേന്ദു. അന്ന് 37 വയസ്സാണ്. ദക്ഷിണ മേദിനിപുരിൽനിന്നുള്ള നിയമസഭാംഗം. നന്ദിഗ്രാമിൽ കർഷകരുടെ പതിനായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രൂപംകൊണ്ട ഭൂമി ഉച്ഛഡ് പ്രതിരോധ് കമ്മിറ്റിയുടെ അമരക്കാരൻ. അന്നുതൊട്ട്, ജനകീയനായൊരു പോരാളിയുടെ മുഖമാണ്. ആ പോരാട്ടത്തിെൻറ പിൻബലത്തിലാണ് രണ്ട് വർഷം കഴിഞ്ഞ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അംഗബലം അഞ്ചിൽ നിന്ന് 19 ആയി ഉയർന്നത്. ഇടതിെൻറ ഇടർച്ചയുടെ തുടക്കവുമായിരുന്നു അത്. ആ തെരഞ്ഞെടുപ്പിൽ തംലൂക്കിൽനിന്ന് സുവേന്ദുവും ലോക്സഭയിലെത്തി. സി.പി.എമ്മിെൻറ ലക്ഷ്മൺ സേത്തിനെയാണ് തോൽപിച്ചത്. തൊട്ടടുത്ത കാന്തി ദക്ഷിണിൽനിന്ന് പിതാവ് ശിശിർ അധികാരിയും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വീട്ടിൽനിന്ന് രണ്ട് എം.പിമാർ. ശിശിർ കേന്ദ്ര സഹമന്ത്രിയുമായി. രണ്ടുവർഷം കഴിഞ്ഞ് ബംഗാളിലെ ഇടതുഭരണത്തിന് അന്ത്യം കുറിക്കപ്പെടുേമ്പാഴും മമതയുടെ വലംകൈയായി ഇൗ അധികാരി കുടുംബമുണ്ടായിരുന്നു.
2014ൽ, ഒരിക്കൽകൂടി പിതാവും മകനും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ പാർട്ടിയുടെ അംഗബലം 34 ആയി. രണ്ടുവർഷം കഴിഞ്ഞ്, സംസ്ഥാനത്ത് തൃണമൂൽ അധികാരം നിലനിർത്തിയപ്പോൾ സുവേന്ദുവിനെ കൊൽക്കത്തയിലേക്ക് ക്ഷണിച്ചു; ഗതാഗതം ഉൾപ്പെടെയുള്ള വകുപ്പുകൾ നൽകി കാബിനറ്റ് സീറ്റിലിരുത്തി. ലോക്സഭാംഗത്വം രാജിവെപ്പിച്ച് നന്ദിഗ്രാം വഴി വിധാൻസൗധയിലെത്തിച്ചു. കാര്യങ്ങൾ അങ്ങനെ നല്ല രീതിയിൽ പോവുകയായിരുന്നു. ഇതിനിടെ, മുകുൾ റോയ് ഉൾപ്പെടെയുള്ള വിശ്വസ്തർ ബി.ജെ.പിയിലേക്ക് കൂടുമാറിയിട്ടും മമതക്കോ തൃണമൂലിനോ കുലുക്കം സംഭവിച്ചിരുന്നില്ല. സുവേന്ദുവിനെപ്പോലുള്ളവർ പാർട്ടിയിലുണ്ടാവുേമ്പാൾ പിന്നെന്തു പേടിക്കാൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിച്ചത്. ഇതിനിടയിൽ ശാരദ ചിട്ട് ഫണ്ട് പോലുള്ള ഏടാകൂടങ്ങളിൽ ടിയാൻ വന്നു പെട്ടിട്ടും കുടുങ്ങിപ്പോയിട്ടുമില്ല. മമതക്കെതിരായ കേന്ദ്രത്തിെൻറ തുറുപ്പുശീട്ടായിരുന്നല്ലോ അത്. അെതാക്കെ, എന്നേ സുവേന്ദുവിനു മുന്നിൽ ശീട്ടുകൊട്ടാരം പോലെ തകർന്നതുമായിരുന്നു.
ഇക്കഴിഞ്ഞ മേയിൽ ഹൂഗ്ലി റിവർ ബ്രിഡ്ജ് കമീഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് സുവേന്ദു രാജിവെച്ചപ്പോഴാണ് ഉള്ളിലെന്തോ ചീഞ്ഞുനാറുന്നുവെന്ന സൂചന പുറത്തുവന്നത്. കുറച്ചുദിവസം മുമ്പ് മന്ത്രിസ്ഥാനവും അതുകഴിഞ്ഞ് എം.എൽ.എ സ്ഥാനവും രാജിവെച്ചതോടെ കാര്യങ്ങൾക്കൊരു വ്യക്തത വന്നു. ഇനിയും സംശയമുള്ളവർ അമിത് ഷായുടെ റാലിയൊന്ന് ശ്രദ്ധിച്ചാൽ മതി. സുവേന്ദു തെൻറ അധികാരപരിധിയിലുള്ള വലിയാരു പടയുമായിട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാൻ അവിടെ നിൽക്കുന്നത്. ഒരു പാർട്ടിക്കും ഇക്കാര്യത്തിൽ പരസ്പരം പഴിചാരാൻ നിർവാഹമില്ല. കാരണം, എല്ലാവരുടെയും പ്രതിനിധികളുണ്ട് ആ നിരയിൽ.
പാർട്ടിയിൽ സർവം ചീഞ്ഞുനാറുകയാണെന്നും അതിനാൽ താമസംവിനാ കാവിപ്പാളയത്തിൽ അഭയം തേടിക്കൊള്ളുവിൻ എന്നും ആഹ്വാനം ചെയ്യുന്ന കത്ത് വിതരണം ചെയ്താണ് സുവേന്ദുവിെൻറ പുതിയ 'അധികാര' പ്രയാണം. അമിത് ഷാക്ക് തികച്ചും വ്യത്യസ്തമായൊരു 'ഒാപറേഷൻ താമര'യുമാണിത്. ഒരൊറ്റ േനതാവ് ചാക്കിലാകുന്നതോടെ, ഒരു ദേശം തന്നെയും കാവിയണിയുന്ന അപൂർവ പ്രതിഭാസം. കർണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊന്നും കാണാത്ത പുതിയ കാഴ്ചകൂടിയാണ് അമിത് ഷായുടെ റാലി. സംഗതി ശരിയാണ്, ശിശിർ അധികാരി ഇനി തൃണമൂലിൽ തുടരുെമന്ന് കരുതാനാകുമോ? സുവേന്ദുവിെൻറ സഹോദരൻ ദിവ്യേന്തുവുമുണ്ട് തൃണമൂൽ ടിക്കറ്റിൽ പാർലമെൻറിൽ. മറ്റൊരു സഹോദരൻ സൗമേന്തു കോൺഡായ് മുനിസിപ്പാലിറ്റി ചെയർമാനാണ്. ഇൗ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് മേദിനിപുരിൽ തൃണമൂൽ നിലനിൽക്കുന്നത്. അവർ പറയുന്നിടത്തേക്കാണ് ജനമൊഴുകുക. അതിനാൽ, വരുന്ന തെരഞ്ഞെടുപ്പിൽ 294 സീറ്റിൽ 200 പിടിക്കുക എന്ന അമിത് ഷായുടെ മോഹം അസാധ്യമൊന്നുമല്ല. ഒരു വ്യാഴവട്ടം മുമ്പ്, നന്ദിഗ്രാമിലൂടെ വംഗനാടിെൻറ അധികാരം മാറ്റിയെഴുതിയ 'അധികാരി'കൾ പുതിയൊരു ചരിത്രനീക്കത്തിലേക്ക് കടന്നിരിക്കുന്നു. ബംഗാളിൽ സംഘ്പരിവാറിന് ഇതിലും മികച്ചൊരു എൻട്രി ഇനി വേറെ കിട്ടാനില്ല.
1970 ഡിസംബർ 15ന് പൂർവ മേദിനിപുരിലെ കോൺഡായിൽ ജനനം. ഗായത്രി അധികാരിയാണ് മാതാവ്. ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച കുടുംബമാണ്. സ്വാതന്ത്ര്യ സമരകാലത്ത്, മൂന്നുതവണ തറവാട്ടുവീട് ബ്രിട്ടീഷ് പട്ടാളം അഗ്നിക്കിരയാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് പാർട്ടിയോടൊപ്പമായിരുന്നു. ശിശിർ അധികാരി കാൽ നൂറ്റാണ്ട് കാലം പാർട്ടി ടിക്കറ്റിൽ കോൺഡായ് മുനിസിപ്പാലിറ്റിയുടെ ചെയർമാനുമായി. 95ൽ, സുവേന്ദുവും ഇതേ സീറ്റിലിരുന്നു. 1998ൽ കോൺഗ്രസ് വിട്ട് മമത തൃണമൂൽ രൂപവത്കരിച്ചതോടെ 'അധികാരി' ഒന്നാകെ ദീദിക്കൊപ്പം നിന്നു. അന്നുതൊേട്ട ശിശിർ പാർട്ടിയുടെ തലപ്പത്തുണ്ട്. ആറുവർഷം കഴിഞ്ഞ് സുവേന്ദുവുമെത്തിയതോടെ, മേദിനിപുരിെൻറയും അവിടത്തെ തൃണമൂലിെൻറയും പര്യായമായി 'അധികാരി' കുടുംബം മാറി. അധികാര മാറ്റത്തിെൻറ മറ്റൊരു ദശയിൽ അവരിപ്പോൾ ഹിന്ദുത്വയുടെ പാളയത്തിെലത്തിനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.