ശശികലയുടെ അടുക്കളയിലും അമിത് ഷാക്ക് കാര്യമുണ്ട്
text_fieldsഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ശശികലക്ക് ഒരുക്കിയ പ്രത്യേക അടുക്കളക്ക് ദേശീയ രാഷ്്ട്രീയവുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവും തോന്നില്ല. ഇത്രയും കാലം അഗ്രഹാര ജയിലില്‍ ഒരല്ലലുമില്ലാതെ നടന്നുവന്നിരുന്ന അടുക്കള പെട്ടെന്നൊരു നാള് പുറത്തുവന്ന ഒരദ്ഭുത വാര്ത്തയായിട്ടായിരിക്കാം പലരും വായിച്ചുപോയത്. ഓരോ വാര്ത്തയിലുമല്ല, വാര്‍ത്തക്ക് പിന്നിലെ കാരണങ്ങളില്‍ വസ്തുതകളന്വേഷിക്കേണ്ട കാലമാണിതെന്ന തിരിച്ചറിവുണ്ടായാല്‍ മാത്രമാണ് ശശികലയുടെ അടുക്കള വാര്‍ത്തക്ക് പിന്നിലും ഡല്‍ഹിയിലെ ദര്ബാറോളമത്തെുന്ന രാഷ്്ട്രീയമുണ്ടെന്ന് വായിക്കാനാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറകില്‍ വളര്‍ന്നുപന്തലിച്ച അമിത് ഷാ എന്ന അതേ അധികാരകേന്ദ്രം തന്നെയാണ് അഗ്രഹാരയിലെ അടുപ്പിലെ തീയും പുകയും പുറെത്തത്തിച്ചതും.
കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് രാജ്യത്ത് വളര്‍ന്നുവന്ന പുതിയ അധികാരകേന്ദ്രത്തെക്കുറിച്ചും ഭരണകൂടത്തെ ആ കേന്ദ്രം ഉപയോഗിക്കുന്നതിനെക്കുറിച്ചുമുള്ള അറിവില്ലായ്മയില്‍നിന്നാണ് പലപ്പോഴും ഇത്തരം വാര്‍ത്തകളുടെ ഉപരിതലങ്ങളില്മാത്രം നമ്മുടെ വായനയൊതുങ്ങിപ്പോകുന്നത്്്. അഗ്രഹാര ജയിലില്‍ ക്രമക്കേട് നടക്കുന്നുണ്ടെങ്കില്‍ അക്കാര്യം വകുപ്പുതല ഉദ്യോഗസ്ഥരെ അറിയിക്കാതെ ഡി.െഎ.ജി രൂപ എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിച്ചു എന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യപോലും ചോദിച്ചത് സ്വന്തം സംസ്ഥാനത്തെ ബ്യൂറോക്രാറ്റുകളെ ഉപയോഗിച്ച് അമിത് ഷാ എങ്ങനെ സ്വന്തം അജണ്ട നടപ്പാക്കുന്നു എന്ന് ഓര്‍ക്കാതെയാണ്. എന്നെമാത്രം ലക്ഷ്യം വെച്ച് നടപടിയെടുക്കുകയാണെങ്കില്‍ അത് നീതിയല്ലെന്നും നടപടിയെടുക്കുകയാണെങ്കില്‍ എല്ലാവര്ക്കുമെതിരെയാകട്ടെയെന്നും ആരുടെയും പിന്തുണയില്ലാതെ ജയില്‍ ഡി.ഐ.ജി ഡി രൂപക്ക് പറയാന്‍ കഴിയില്ലല്ലോ. അവിടം കൊണ്ട് നിര്‍ത്താതെ തനിക്ക് പിന്തുണയുമായി വന്ന ബി.ജെ.പി നേതാവും പോണ്ടിച്ചേരി ലഫ്റ്റനൻറ് ഗവര്‍ണറുമായ കിരണ്‍ ബേദിയെ ദൈവതുല്യമായിട്ടാണ് താന്‍ കാണുന്നതെന്നുകൂടി ഡി.ഐ.ജി രൂപ പറഞ്ഞുവെച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ ഒരു ജയിലില്‍ വി.ഐ.പികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയെന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏതെങ്കിലും തരത്തില്‍ വോട്ടാക്കാവുന്ന ഒരു വിഷയമല്ല. കര്‍ണാടകയെ വീണ്ടും ധ്രുവീകരിച്ച് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള വര്‍ഗീയ അസ്വസ്ഥതകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി അത്യധ്വാനം നടന്നുകൊണ്ടിരിക്കുമ്പോള്‍ വിശേഷിച്ചും.
താന്‍ ആഗ്രഹിക്കുന്ന ഭക്ഷണം ശശികലപോലൊരു വി.ഐ.പിക്ക് ജയിലില്‍ കിട്ടുന്നതും കുറച്ച് കാലമെങ്കിലും ജയിലില്‍ കിടന്ന ബി.ജെ.പി അധ്യക്ഷനെ അലോസരപ്പെടുത്തുന്നതുമല്ല. മോദിയുടെയും കേന്ദ്രത്തിെൻറയും നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഇതിലും വലിയ അടുക്കളകളും വി.ഐ.പി പരിചരണവും പല കുറ്റവാളികള്‍ക്കും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് താനും. എന്നിട്ടും ഉദ്യോഗസ്ഥരിലെ ആർ.എസ്.എസ് കേന്ദ്രങ്ങളെ ഉപയോഗിച്ച് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത് സിദ്ധാരാമയ്യയെയും കര്‍ണാടകയെയും വരുതിയിലാക്കാനായിരുന്നില്ല. മറിച്ച് തങ്ങളോടൊപ്പം നില്ക്കുന്ന ശശികലയെ പേടിപ്പിച്ച് സ്വന്തം കാല്ക്കല് വീഴ്ത്താനായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇരു വിഭാഗവും പരസ്യമായി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം അണ്ണാ ഡി.എം.കെയുടെ വോട്ടില്‍ ഒരു ഭാഗം പ്രതിപക്ഷത്തിന് പോകുമെന്നും അതിന് വഴിയൊരുക്കുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവാണെന്നും മണത്തറിഞ്ഞപ്പോഴാണ് അങ്ങനെയെങ്കില്‍ അഗ്രഹാര ജയിലില്‍ സിദ്ധാരാമയ്യ ഒരുക്കിക്കൊടുത്ത അടുപ്പില്‍ ശശികല വെള്ളം തിളപ്പിക്കുന്നത് ഒന്ന് കാണട്ടെ എന്ന് അമിത് ഷാ തീരുമാനിച്ചത്.
അടുപ്പ് പൂട്ടിയതോടെ എല്ലാം വഴിക്കുവന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. പ്രതിപക്ഷത്തേക്ക് പോകുമെന്ന് ഭയന്ന രണ്ട് ഡസനോളം സാമാജികരുടെ വോട്ട് ഇനിയിപ്പോള്‍ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കുതന്നെ വീഴുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. അണ്ണാ ഡി.എം.കെയുടെ ഏതാനും വോട്ട് മറിയുന്നതുകൊണ്ട് കോവിന്ദ് തോല്ക്കുകയില്ല. എന്നാല്‍, തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് ഇതിനകം എണ്ണിയുറപ്പിച്ചുവെച്ച വോട്ടുകളില്‍ കുറവ് വരുന്നത് മോദിക്കും അമിത് ഷാക്കുമുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. അതിനാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിെൻറ അടുപ്പില്‍ സ്വന്തം കലം കയറ്റിവെക്കേണ്ടെന്നാണ് അമിത് ഷാ പറഞ്ഞത് എന്ന് ശശികലയും ഗ്രഹിക്കാതിരിക്കില്ല. സി.ബി.ഐ, എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ ഭരണ സംവിധാനങ്ങൾ ഉപാധികളുപയോഗിച്ച് തമിഴ്നാട്ടില്‍ ദിനകരനെയും കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനില്ക്കുന്ന ഡി.എം.കെയെയും ബിഹാറില്‍ ലാലുവിനെയും വരുതിയില്‍ വരുത്തുന്നതെങ്ങനെയെന്ന് അവര്‍ കാണുന്നുണ്ടല്ലോ. എതിരാളികളെ അമിത്ഷായെ കാണിച്ച് ബി.ജെ.പി പേടിപ്പിക്കുന്നതെങ്ങനെയെന്ന് എന്‍.ഡി.ടി.വിയിലെ റെയ്ഡിനെതിരെ ഡല്‍ഹി പ്രസ്ക്ലബിൽ നടന്ന പ്രതിഷേധസംഗമത്തില്‍ അരുണ്‍ ഷൂരി പറഞ്ഞത് ആരും മറന്നുകാണില്ല.
യു.പി.എ കാലത്ത് പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് നിരന്തരം വിമര്‍ശിച്ച് അധികാരത്തിലെത്തിയ ബി.ജെ.പി മോദി ഭരണകൂടത്തിെൻറ അധികാരമത്രയും ഉപയോഗിക്കാനുള്ള അവകാശം അതിെൻറ അഖിലേന്ത്യ അധ്യക്ഷന്‍ പകുത്തുനല്‍കിയതാണ് കാണുന്നത്. വിരോധാഭാസങ്ങളില്മാത്രം നിലനില്‍ക്കുന്ന ഒരു സര്‍ക്കാറിന് സ്വന്തം വാക്കുകള്‍ വിഴുങ്ങുന്നതിലും കുറ്റബോധമില്ല. മോദിക്ക് പിറകിലിരുന്ന് യഥാര്‍ഥത്തില്‍ അധികാരം കൈയാളുന്നത് അമിത് ഷാ ആണെന്നത് വ്യക്തമായി തുടങ്ങിയതോടെ സംഘ് പരിവാറിനുള്ളില്തന്നെ അസ്വസ്ഥതയുണ്ടായിത്തുടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള അസ്വസ്ഥതകള്‍ പല നേതാക്കളില്‍നിന്നും അറിയാതെ പുറത്തുചാടുന്നുമുണ്ട്. വംശഹത്യയിലും തേൻറതായ പങ്കുവഹിച്ച് ഗുജറാത്തില്‍നിന്നുള്ള വിശ്വഹിന്ദു പരിഷത്ത് നേതാവ് തന്നെ തെൻറ ധര്‍മസങ്കടം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ തുറന്നുവെച്ചത് ഈയിടെയാണ്. ഒരു കാലത്ത് സന്ദര്‍ശനത്തിനായി ഗുജറാത്തിലെ തെൻറ വീട്ടിന് മുമ്പില്‍ കാത്തുകെട്ടിക്കിടന്നിരുന്ന അമിത് ഷാ ഇപ്പോള്‍ കണ്ട മേനി നടിക്കാത്ത തരത്തില്‍ വളര്‍ന്നിരിക്കുന്നുവെന്നതാണ് സംഘ് പരിവാര്‍ തീപ്പൊരി നേതാവിെൻറ ധര്‍മസങ്കടം. പക്ഷേ, ഇവയൊന്നും വാര്‍ത്തകളായി വരാതിരിക്കാനുള്ള വഴികളും അടച്ചിട്ടുണ്ട് എന്നതുതന്നെയാണ് അമിത് ഷായുടെ ആശ്വാസം. സി.ബി.ഐ, എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയെ മാത്രമല്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെപ്പോലും വിശ്വസ്തനായ അമിത് ഷായുടെ പാട്ടിന് വിട്ടുകൊടുത്തിരിക്കുകയാണ് നരേന്ദ്ര മോദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.