ചെക്ക്മേറ്റ്
text_fieldsഒടുവിൽ ആ സത്യം പറയാൻ സഖാവ് ഇ.പി തന്നെ വേണ്ടിവന്നു. അല്ലെങ്കിലും അത ങ്ങനെയല്ലേ വരൂ. കാലത്തിെൻറ ഗതിവിഗതികൾക്കനുസരിച്ച് പാർട്ടി പരിപാടികൾ ഞൊടിയിടയിൽ മാറ്റിയെഴുതാനും അത് അണികൾക്ക് നേരാം വിധം വിശദീകരിക്കാനും ഇന്ന് സഖാവ് കഴിഞ്ഞേയുള്ളൂ മറ്റാരും. പരിപ് പുവടയും കട്ടൻചായയും ഭക്ഷണമാക്കി കാലൊടിഞ്ഞ ബെഞ്ചിലിരുന്ന് താടിവെച്ച നേതാക്കളുടെ ചിത്രവും നോക്കി സ്വർഗരാജ്യം സ്വപ്നം കാണുന്ന ആദർശവാദികൾക്ക് ‘നവ മാർക്സിസ’ത്തിെൻറ ബാലപാഠങ്ങൾ പകർന്നുനൽകിയ ആളാണ്. അതിെൻറ അടിസ്ഥാനത്തിൽ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കി കാണിച്ചുകൊടുത്താണ് കാബിനറ്റിൽ രണ്ടാമനായി ഇരിക്കുന്നതെന്നോർക്കണം. തുല്യത, സ്ഥിതി സമത്വം തുടങ്ങിയ ക്ലാസിക്കൽ മാർക്സിയൻ ചിന്തകളിലുമുണ്ട് ഇ.പിക്ക് ‘പരിപ്പുവട മോഡൽ’ നവ സിദ്ധാന്തങ്ങൾ. അതിനും തെറ്റില്ലാത്ത സ്വീകാര്യത പാർട്ടിയിലും സർക്കാറിലുമുണ്ട്. അതുകൊണ്ടുകൂടിയാണ് ആ ചോദ്യമുന്നയിക്കാൻ അദ്ദേഹത്തിനിത്ര ധൈര്യം: ‘‘ഗൾഫ് ജയിലുകളിൽ കിടക്കുന്ന മറ്റു മലയാളികളെേപ്പാലെയാണോ തുഷാർ?’’ സംഗതി ശരിയാണ്. അറബിപ്പൊന്ന് തേടിയുള്ള മലയാളിയുടെ കടൽയാത്ര നടത്തി ജയിലിലകപ്പെട്ട ‘മല്ലൂസി’െൻറ കൃത്യമായ എണ്ണവും വിലാസവുമൊന്നും നമ്മുടെ അധികാരികൾക്ക് അറിയില്ല. അങ്ങനെയല്ലല്ലോ തുഷാർ വെള്ളാപ്പള്ളി. കുടുംബ വകയായിട്ടുള്ള സാമുദായിക സംഘടനയുടെ ഉപാധ്യക്ഷൻ; അതേ വകയിലൊരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ; രാജ്യം ഭരിക്കുന്ന മുന്നണിയുടെ സംസ്ഥാന കൺവീനർ. ഈ മേൽവിലാസമൊന്നും മതിയാകില്ലെങ്കിൽ കേട്ടോളൂ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്വന്തക്കാരനാണ്. എല്ലാവർക്കും അദ്ദേഹം ‘ജി’ ആണെങ്കിൽ തുഷാറിന് മന്ത്രിയദ്ദേഹം ‘അമിത് ഭായ്’ ആണ്. അപ്പോൾ ഈ വി.ഐ.പി പൂർവാശ്രമത്തിലെ ഒരു ഇടപാടിെൻറ പേരിൽ അകത്തുകിടക്കുേമ്പാൾ, പാർട്ടിയും മുന്നണിയുമൊന്നും നോക്കാതെ കേന്ദ്രത്തിന് കത്തെഴുതി അദ്ദേഹത്തെ രക്ഷിക്കാൻ അപേക്ഷിക്കേണ്ടിവരും. ആ അപേക്ഷ ഫലിച്ചുവെന്ന് തോന്നുന്നു. പലവിധ ഇടപെടലിലൂടെ തുഷാറിന് മോചനത്തിന് വഴിയൊരുങ്ങുകയാണ്.
സമുദായ-ജന സേവന പർവത്തിലേക്ക് കടക്കുന്നതിനു മുമ്പ് ബിസിനസിലായിരുന്നു താൽപര്യം. സാമൂഹിക പ്രവർത്തനത്തിലേക്കുകൂടി ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചു എന്നു പറയുന്നതാകും കൂടുതൽ ശരി. അതെന്തായാലും പൂർവാശ്രമത്തിൽ നടത്തിയ അല്ലറ ചില്ലറ ഇടപാടുകൾ നേരായ വഴിയായിരുന്നില്ല. അതിലൊരു മാരണമാണിപ്പോൾ വന്നുപെട്ടിരിക്കുന്നത്. പത്തു വർഷം മുമ്പ്, ബോയിങ് എന്ന പേരിൽ നടത്തിവന്ന കൺസ്ട്രക്ഷൻ കമ്പനിക്കുവേണ്ടി സബ് കോൺട്രാക്ട് നടത്തിയ വകയിൽ തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുല്ലക്ക് ഏതാനും കോടികൾ കൊടുക്കാനുണ്ടായിരുന്നു. ബിസിനസ് നഷ്ടത്തിലായതോടെ, തുഷാർ സ്ഥലം വിട്ടു. ആ സമയത്ത് നാസിലിന് നൽകിയത് വണ്ടിച്ചെക്കാണ്. അതിെൻറ പേരിൽ ആ പാവം കുറച്ചുകാലം അഴിയെണ്ണി. ഈ സംഭവമൊക്കെ മറന്ന്, തുഷാർ നാട്ടിൽ പാർട്ടിയും പരിവാരങ്ങളുമായി കത്തിക്കയറുകയായിരുന്നു. അതിനിടയിലാണ് നാസിൽ വീണ്ടും കേസും കൂട്ടവുമായി എത്തുന്നത്. ഒത്തുതീർപ്പ് ചർച്ചക്ക് അജ്മാനിലെത്തിയപ്പോൾ െപാലീസ് കഴുത്തിന് പിടിച്ചു. അതോെടയാണ് ഇ.പിയും പിണറായിയും കേന്ദ്രവും എം.എ. യൂസുഫലിയുമൊക്കെ ഇടപെട്ട് ജാമ്യം തരപ്പെടുത്തിയത്. പുറത്തിറങ്ങിയെങ്കിലും നാട്ടിലേക്ക് വരാൻ നിർവാഹമില്ല. കണിച്ചുകുളങ്ങരയിലേക്കുള്ള വഴിതേടി നാസിലുമായി മധ്യസ്ഥ ചർച്ചക്ക് തയാറെടുക്കുകയാണ്. ആ പാവം പ്രവാസി കനിഞ്ഞാൽ നാടണയാം. അല്ലെങ്കിൽ 19 കോടിക്ക് മറുപടി പറയണം. ഈ സബ് കോൺട്രാക്ട് വകയിൽ വേറെയും ആളുകളെ തുഷാർ പറ്റിച്ചുവെന്നാണ് നാസിൽ ആരോപിക്കുന്നത്. പക്ഷേ, പേടിച്ച് ആരും പുറത്തുപറയില്ല. ബിസിനസിൽ ഇതൊക്കെ സ്വാഭാവികമല്ലേ. മാത്രമോ, ഈ വണ്ടിച്ചെക്കും റെയ്ഡുമൊക്കെ എത്രയോ കണ്ടിട്ടുണ്ട്. 20 വർഷം മുമ്പ്, ഇൻകംടാക്സുകാർ കണിച്ചുകുളങ്ങരയിലെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ നികുതിയിനത്തിൽ കൊടുക്കേണ്ടിവന്നത് രണ്ട് കോടിയോളം രൂപയാണ്. വരുമാനം എണ്ണിനോക്കിയപ്പോൾ തെറ്റിപ്പോയി; അതുകൊണ്ടാണ് നികുതി കൃത്യമായി അടക്കാത്തതെന്നാണ് അന്ന് ന്യായം പറഞ്ഞത്. ആ ഉദ്യോഗസ്ഥർ ശരിക്കും കണക്ക് പഠിപ്പിച്ചുകൊടുത്തു. 5000 കോടിയുടെയും വേറൊരു ഒന്നര േകാടിയുടേതുമായി രണ്ട് കേസുകൾ വേറെയുമുണ്ട് തലയിൽ. പിതാവിനൊപ്പം പയറ്റിനോക്കിയ മൈക്രോഫിനാൻസ് കേസുകളാണവ. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഒന്നുകൂടിയായി. അത്രയേ സംഭവിച്ചിട്ടുള്ളൂ. അതിനിടയിലും ഹോട്ടൽ, റിസോർട്ട് കച്ചവടത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.
ഗുരുവിെൻറ ‘അനുകമ്പാദശക’ത്തോട് അലർജിയാണ്. അനുകമ്പയുടെയും പരസേവനത്തിെൻറയും സന്ദേശമാണ് ശ്രീനാരായണധർമമെന്ന് വിശദീകരിക്കാൻ എഴുതിയ ‘‘സരളാദ്വയഭാഷ്യകാരനാം ഗുരുവോയീയനുകമ്പയാണ്ടവൻ! പുരുഷാകൃതി പൂണ്ട ദൈവമോ? നരദിവ്യാകൃതിപൂണ്ട ധർമമോ? പരമേശപവിത്രപുത്രനോ? കരുണവാൻ നബി മുത്തുരത്നമോ?’’ എന്ന വചനമൊക്കെ കേട്ടാൽ കലി വരും. അതിനാൽ, ചിലപ്പോഴൊക്കെ വിദ്വേഷ പരാമർശങ്ങൾ ആ നാവിൽനിന്ന് വരാറുണ്ട്. ആത്മസുഖത്തിനായി പ്രവർത്തിച്ചും കൈയിട്ടുവാരിയും സായുജ്യമടയുക എന്നതാണ് പൊതുവായ രീതി. ഇങ്ങനെയൊക്കെയാണെങ്കിലും നാരായണഗുരുതന്നെയാണ് തുഷാറിന് തമ്പുരാൻ. ആ പേരിലാണല്ലോ കഴിഞ്ഞുകൂടി പോകുന്നത്. എസ്.എൻ.ഡി.പിയിൽ പിതാവിെൻറ വഴിയേയാണ് സഞ്ചാരം. പാർട്ടിയിൽ വേറിട്ട പാതയാണെന്ന് പറയുെമങ്കിലും പ്രത്യേകിച്ച് വ്യത്യാസമൊന്നും ഇല്ല.
സംസ്ഥാന ജനസംഖ്യയുടെ 27 ശതമാനംവരുന്ന ഒരു സമുദായത്തിെൻറ പേരിൽ ഹിന്ദുത്വരാഷ്ട്രീയം കളിക്കുകയാണിപ്പോൾ. 2015ൽ പാർട്ടി സ്ഥാപിക്കപ്പെടുേമ്പാൾ പ്രത്യേകിച്ച് ആശയങ്ങളൊന്നുമുണ്ടായിരുന്നില്ല. മദ്യക്കച്ചവടമായാലും രാഷ്ട്രീയക്കച്ചവടമായാലും സംഗതി വിജയിക്കണമെന്നേയുള്ളൂ. ആരുമായും കൂട്ടുകൂടാം. പക്ഷേ, ഇടതും വലതും ഒരുപോലെ കൈവിട്ടപ്പോൾ പിന്നെ ആശ്രയം സംഘ്പരിവാർ ആയി. ആ രാഷ്ട്രീയവും നന്നായി വഴങ്ങും. അങ്ങനെയാണ് കാവിപ്പാളയത്തിലെത്തിയത്. ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെന്ന് പറഞ്ഞുനടന്നിരുന്ന തുഷാറിനെ ‘അമിത് ഭായ്’ ഫോണിൽ വിളിച്ചുപറഞ്ഞപ്പോഴാണ് വയനാട്ടിൽ നോമിനേഷൻ െകാടുത്തത്. രാഹുലാണ് എതിരാളി. ജയിച്ചാലും തോറ്റാലും ദേശീയതാരമാകാമെന്നതാണ് മെച്ചം. പെട്ടിതുറന്നപ്പോൾ കെട്ടിവെച്ച കാശ് പോയി. കഴിഞ്ഞതവണ മത്സരിച്ച നാലാളറിയാത്ത ഒരാൾ മത്സരിച്ചപ്പോൾ കിട്ടിയവോട്ടുപോലും എൻ.ഡി.എക്ക് കിട്ടിയതുമില്ല. ഈ വീഴ്ചയിലും പാർട്ടിയോടും മുന്നണിയോടും പരിഭവമില്ല. രാജ്യസഭയിൽ ഒരു സീറ്റ് അമിത് ഭായ് തനിക്ക് നീക്കിവെക്കുമെന്ന് എന്തായാലും ഉറപ്പാണ്. ആ കാത്തിരിപ്പിനിടയിലാണ് അജ്മാനിൽനിന്നൊരു പാര വിമാനം പിടിച്ച് വന്നിരിക്കുന്നത്.
1970ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത കണിച്ചുകുളങ്ങരയിലാണ് ജനനം. പിതാവിെന അറിയാമല്ലോ; വെള്ളാപ്പള്ളി നടേശൻ. മാതാവ് പ്രീതി നടേശൻ. എം.ബി.എ ബിരുദധാരിയാണ്. സംഘടനയിൽ പിതാവിെൻറ നേരവകാശിയാണ്. ആ കാലം കഴിഞ്ഞാൽ മറ്റാര് എന്ന ചോദ്യത്തിനർഥമില്ല. ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിെൻറ ചെയർമാനാണ്. അതുപോലെ സമുദായത്തിെൻറ പേരിൽ ലഭിച്ച പല സ്ഥാപനങ്ങളുടെയും തലപ്പത്തുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡിൽ അംഗമായിരുന്നു; കോൺഗ്രസുമായി അടിയുണ്ടാക്കി രാജിവെച്ചു. ആശയാണ് ജീവിത സഖി. രണ്ട് മക്കൾ: ദേവൻ, ദേവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.